Editorial

സൈബര്‍ ഇടങ്ങളിലെ അസഹിഷ്‌ണുക്കള്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ സിപിഎമ്മും ബിജെപിയുമാണ്‌. ഇരുപാര്‍ട്ടികളുടെയും കേഡര്‍ സ്വഭാവമാണ്‌ സൈബര്‍ ലോകത്ത്‌ അവര്‍ നടത്തുന്ന സംഘടിതമായ പ്രചാരണത്തിലും പ്രതിഫലിക്കുന്നത്‌. ഈ കേഡര്‍ സ്വഭാവം പലപ്പോഴും എതിരാളികള്‍ക്കെതിരെ കൂട്ടായതും അസഹിഷ്‌ണുത നിറഞ്ഞതുമായ സൈബര്‍ ആക്രമണത്തിന്‌ വഴിവെക്കാറുണ്ട്‌. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയാ സംഘം തിരിഞ്ഞത്‌ ആസൂത്രിതമായ രാഷ്‌ട്രീയ സൈബര്‍ ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടാ വാക്‌തര്‍ക്കമാണ്‌ സൈബര്‍ ആക്രമണത്തിന്‌ കാരണമായത്‌. സ്വര്‍ണ കടത്തു കേസിലെ പ്രധാനപ്രതി സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന്‌ എന്‍ഐഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ഒരു കാര്‍ട്ടൂണുമാണ്‌ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്‌. സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നത്‌ ഒരു വസ്‌തുതയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്നാല്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ്‌ കൂടിയാണ്‌. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സ്വപ്‌നയുമായി ചേര്‍ന്ന്‌ ബാങ്ക്‌ ലോക്കര്‍ തുറക്കുകയും ഒരു കോടി രൂപ അതില്‍ സൂക്ഷിക്കുകയും ചെയ്‌തതായാണ്‌ വെളിപ്പെടുത്തല്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ സ്വപ്‌നയുമായി ഇത്രയേറെ അടുത്ത ബന്ധമുണ്ടെങ്കില്‍ ആ ബന്ധം അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടപഴകുമ്പോള്‍ എത്രത്തോളം ഉപയോഗിച്ചിരിക്കാമെന്ന്‌ അവരുടെ മുന്‍കാല പ്രൊഫഷണല്‍ ജീവിതത്തിലെ രീതികളുടെ അടിസ്ഥാനത്തില്‍ ഊഹിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണകടത്ത്‌ കേസിലെ പ്രതിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ ഗൗരവമായ വിഷയമാണെന്നിരിക്കെ അതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മതിയായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്‌ത മാധ്യമങ്ങളുടെ പ്രതിനിധികളോട്‌ പ്രകോപിതനായി സംസാരിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌.

ഒരു പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയുടെ അമര്‍ഷത്തിന്റെ അളവ്‌ കൂട്ടുകയും ചെയ്‌തു. കാര്‍ട്ടൂണ്‍ വാര്‍ത്തയല്ല, അത്‌ വാര്‍ത്തക്കപ്പുറം കണ്ണോടിക്കാന്‍ ശ്രമിക്കുന്ന ഒരു കലാരൂപമാണ്‌. വാര്‍ത്തകളിലെ വസ്‌തുതാ വിവരണത്തിന്റെ വിരസതയില്‍ നിന്നും മുക്തമായി ആക്ഷേപഹാസ്യത്തിന്റെ കണ്ണോടെ അതിനെ കാണാന്‍ ശ്രമിക്കുന്നവരാണ്‌ കാര്‍ട്ടൂണിസ്റ്റുകള്‍. നേതാക്കളും അവരുടെ ചെയ്‌തികളും അവരുടെ വരകളില്‍ ആക്ഷേപഹാസ്യത്തിന്‌ പാത്രമാകുന്നത്‌ പതിവാണ്‌.

രാഷ്‌ട്രശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്‌റു തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ ഇഷ്‌ടപ്പെട്ടിരുന്ന ആളാണ്‌. അദ്ദേഹവും കാര്‍ട്ടൂണിസ്റ്റ്‌ ശങ്കറും തമ്മിലുള്ള സൗഹൃദം പ്രശസ്‌തമാണ്‌. ശങ്കേഴ്സ് വീക്കിലി 1948 ൽ ഡൽഹിയിലെ കോൺസ്റിറ്റ്യൂ ക്ലബ്ബിൽ പ്രകാശനം ചെയ്ത് നെഹ്റു പറഞ്ഞ വാക്ക് ഇന്നും പ്രശസ്തമാണല്ലോ. “ഡോൺസ് സ്പെയർ മി ശങ്കർ ” . ഒ.വി.വിജയന്‍ വരച്ച കാര്‍ട്ടൂണുകള്‍ ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ മനം പിളര്‍ക്കുന്നതായിരുന്നെങ്കിലും ഏതെങ്കിലും കാര്‍ട്ടൂണുകളെ അവര്‍ വിമര്‍ശിച്ചതായി കേട്ടിട്ടില്ല. എന്തിന്‌, സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ഏറ്റവും നിശിതമായി നോക്കിക്കാണുന്ന ഉണ്ണിയുടെ കാര്‍ട്ടൂണുകള്‍ ബിജെപിയുടെ നിലപാടുകള്‍ക്കു പിന്നിലെ കുത്സിതലക്ഷ്യങ്ങളെ തുണിയുരിഞ്ഞു കാണിക്കുന്ന അസ്‌ത്രങ്ങളായി മാറാറുണ്ട്‌. സതീശ് ആചാര്യയുടെ കാർട്ടൂണുകൾ എത്രയോ തവണയാണ് ബി ജെ പി നേതൃത്ത്വത്തിന് പ്രകോപനം ഉണ്ടാക്കിയത്. സുധീർ നാഥ് വരച്ച പല കാർട്ടൂണുകളും സമാനമായി പല രാഷ്ട്രീയ മത നേതാക്കളെ പ്രകോപനം സൃഷ്ടിക്കുകയും, അവരുടെ അണികളുടെ സൈബർ ആക്രമണം നേരിടുകയും ഉണ്ടായിട്ടുണ്ട്. അഴിമതിക്കെതിരെ വരച്ച അസിം ത്രിവേദിയെ ജയിലിലാക്കിയത് കോൺഗ്രസ് സർക്കാരായിരുന്നു. എന്തിനേറെ പറയുന്നു ഇന്ത്യൻ കാർട്ടൂണിന്റെ പിതാവായ ശങ്കർ അംബദ്ക്കർ ജീവിച്ചിരിക്കെ വരച്ച ഒച്ചിന്റെ കാർട്ടൂൺ എൻസിആർടി പാഠപുസ്തകത്തിൽ ചേർത്തതിന് പാർലമെന്റിൽ മാപ്പ് ചോദിച്ചത് കോൺഗ്രസിന്റെ നേതാവും കേന്ദ്ര മന്ത്രിയുമായ കപിൽ സിബലാണ്. ഒടുവിൽ കാർട്ടൂൺ തന്നെ പുസ്തകത്തിൽ നിന്ന് ഒഴിവാക്കി.

മലയാള കാർട്ടൂൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രകോപന കാർട്ടൂണുകൾ വരച്ചത് മന്ത്രിയാണ്. അക്കാലത്ത് പല പ്രതികാര നടപടികളും ഉണ്ടായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ 2018 ലെ കാർട്ടൂൺ അവാർഡിന് തിരഞ്ഞെടുത്തത് ബലാത്സംഗ പ്രതിയായ ഫ്രാങ്കോ കാർട്ടൂണാണ്. അംശവടിയിൽ അടിവസ്ത്രം എന്നത് വിവാദമായി. അവാർഡ് ഇപ്പോഴും കൊടുത്തിട്ടില്ല എന്ന് മാത്രമല്ല, പിന്നീട് അവാർഡിന് കാർട്ടൂണുകളും ക്ഷണിച്ചില്ല. കേരളത്തിൽ ശക്തമായി കാർട്ടൂൺ വരയ്ക്കുകയും പ്രതിഷേധവും, സൈബർ അക്രമണവും നേരിടുന്ന ഒട്ടേറെ കാർട്ടൂണിസ്റ്റുകളുണ്ട്. ചിലർ സൈബർ അക്രമണം വിളിച്ച് വരുത്താൻ കാർട്ടൂണുകൾ വരയ്ക്കുന്നതും കാണാം. അതും കൂട്ടത്തിൽ പറയണമല്ലോ.

മുഖ്യമന്ത്രിയുടെ വാക്‌ധോരണിയുടെ അരിക്‌ പിടിച്ചാണ്‌ പിന്നീട്‌ പാര്‍ട്ടിയുടെ സൈബര്‍ സേന ആക്രമണം ആരംഭിച്ചത്‌. ഇതിനോട്‌ മാധ്യമപ്രവര്‍ത്തകരും പ്രതികരണങ്ങളുമായി മുന്നോട്ടുവന്നു. സ്‌ത്രീകളെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോള്‍ അതിന്‌ ഇരയായ മനോരമ ന്യൂസിലെ വാര്‍ത്താ അവതാരക നിഷ പുരുഷോത്തമന്‍ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു: “ഹേറ്റേഴ്‌സ്‌ ആര്‍ ലൈക്ക്‌ സ്‌ട്രീറ്റ്‌ ഡോഗ്‌സ്‌. ലെറ്റ്‌ ദെം ബാര്‍ക്‌”. വെറുപ്പ്‌ പരത്തുന്നവര്‍ തെരുവുപട്ടികളെ പോലെയാണ്‌ എന്ന വാചകം സൈബര്‍ ഇടങ്ങളെ ശബ്‌ദായമാനമാക്കുകയും മലീമസമാക്കുകയും ചെയ്യുന്ന സൈബര്‍ ഗുണ്ടകള്‍ക്കുള്ള പൊതുവായ വിശേഷണമാണ്‌. ഏത്‌ പാര്‍ട്ടിയുടെ സൈബര്‍ ഗുണ്ടകള്‍ക്കും ആ വിശേഷണം ചേരും. തെരുവില്‍ കുരച്ചുചാടുന്ന പട്ടികളുടെ പ്രകൃതമാണ്‌ അത്തരക്കാര്‍ പലപ്പോഴും പ്രകടിപ്പിക്കാറുള്ളത്‌. അതേ സമയം ഒരു മൂന്നാം കിട സിനിമയിലെ മാധ്യമപ്രവര്‍ത്തകരെ അവഹേളിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ ഡയലോഗ്‌ ഷെയര്‍ ചെയ്‌താണ്‌ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി തന്റെ അമര്‍ഷം തീര്‍ത്തത്‌. സ്‌ത്രീകളെ അധിക്ഷേപിക്കുന്നതിരായ വിമര്‍ശനത്തെയും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പരിഹസിച്ചു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തനം നിലവാരതകര്‍ച്ച നേരിടുന്ന ഒരു മേഖലയാണെന്ന ആരോപണം ഏറെക്കുറെ ശരിയാണ്‌. ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസം മിക്കവാറും മാധ്യമരംഗത്തു നിന്ന്‌ ഇല്ലാതായ മട്ടാണ്‌. പ്രമാദമായ അഴിമതി കേസുകള്‍ പുറത്തുകൊണ്ടുവന്ന മുന്‍കാലങ്ങളിലെ പ്രഗത്ഭരായ ജേര്‍ണലിസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രൊഫഷണലിസത്തില്‍ ഏറെ പിന്നിലാണെന്ന്‌ പറയേണ്ടിവരും. പ്രൊഫഷണലിസമാണെന്ന്‌ അവര്‍ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്‌ ജേര്‍ണലിസ ബാഹ്യമായ മറ്റ്‌ പലതുമായി ബന്ധപ്പെട്ട കാര്യങ്ങളെയാണ്‌. വാര്‍ത്തകളെ പിന്തുടരുന്നതിന്‌ പകരം മുന്‍കാലങ്ങളിലെ പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരെ പോലെ വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നവരായി മാറാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല. വാര്‍ത്തകളുടെ പൈങ്കിളിവല്‍ക്കരണം അവര്‍ ഒരു ശീലമാക്കിയിരിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയെ അവര്‍ പലപ്പോഴും മാനിക്കുന്നില്ല എന്നതും വസ്‌തുതയാണ്‌.

ഇത്തരം ന്യൂനതകള്‍ കേരളത്തിലെ സമകാലീന മാധ്യമപ്രവര്‍ത്തനത്തിന്‌ പൊതുവായുള്ളതാണ്‌. പക്ഷേ അതുകൊണ്ട്‌ ഒരു റിപ്പോര്‍ട്ടോ കാര്‍ട്ടൂണോ പ്രസിദ്ധീകരിച്ചതിന്റെയോ മുഖ്യമന്ത്രിയോട്‌ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെയോ പേരില്‍ സംഘടിതമായ സൈബര്‍ ആക്രമണത്തിനും വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള അധിക്ഷേപത്തിനും അവരെ ഇരകളാക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലെ നിലവാര തകര്‍ച്ചയുടെയും അസഹിഷ്‌ണുതയുടെയും തോത്‌ എത്രത്തോളം ഉയര്‍ന്നതാണെന്ന്‌ കാണിക്കുന്നതാണ്‌ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.