അബുദാബി/ ദുബായ് : ശൈത്യകാല അവധി ആഘോഷമാക്കാൻ കുടുംബസമേതം ഇറങ്ങിയതോടെ യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. എല്ലാ ദിവസങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് ജനപ്രവാഹമാണ്.വിദേശ ടൂറിസ്റ്റുകൾക്കൊപ്പം പ്രാദേശിക സഞ്ചാരികളും കൂടിയായതോടെയാണ് തിരക്കേറിയത്. പരിസരങ്ങളിലെ ഹോട്ടൽ, റസ്റ്ററന്റുകളിലും ഷോപ്പിങ് മാളുകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. ഇൻഡോർ, ഔട്ഡോർ വിനോദ കേന്ദ്രങ്ങളിലെല്ലാം തിരക്കാണെങ്കിലും പ്രവേശന ഫീസില്ലാത്ത പാർക്കിലും ബീച്ചിലും മറ്റു തുറസ്സായ കേന്ദ്രങ്ങളുമാണ് സാധാരണക്കാർ തിരഞ്ഞെടുത്തത്.
∙ മിറക്കിൾ ഗാർഡൻ
120 ഇനത്തിൽപെട്ട 15 കോടി പൂക്കൾ വിരിയിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായിലെ മിറക്കിൾ ഗാർഡൻ ആസ്വദിക്കാൻ വിവിധ രാജ്യക്കാരുടെ ഒഴുക്കായിരുന്നു. പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച വിമാനം, ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ തുടങ്ങി പൂന്തോട്ടത്തിന്റെ ഓരോ കോണും സന്ദർശകരുടെ ഇഷ്ട ഫ്രെയിമായി. അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളാണ് കുട്ടികളെ ആകർഷിച്ചത്.
∙ ഗ്ലോബൽ വില്ലേജ്
വിസ്മയ കാഴ്ചകളുടെ കലവറയൊരുക്കിയ ഗ്ലോബൽ വില്ലേജിലേക്ക് ദിവസേന എത്തുന്നത് പതിനായിരങ്ങൾ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലൂടെ കറങ്ങിയിറങ്ങി കലാസാംസ്കാരിക പൈതൃകം ആസ്വദിക്കുകയാണ് സന്ദർശകർ. രാജ്യാന്തര രുചിയും കലാവിരുന്നും ആസ്വദിക്കുന്നതോടൊപ്പം ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വാങ്ങിയാണ് മടക്കം. താരതമ്യേന കുറഞ്ഞ പ്രവേശന ടിക്കറ്റും സാധാരണക്കാരെയും ഇവിടേക്ക് ആകർഷിക്കുന്നു.
∙ ബിഎപിഎസ് ഹിന്ദു മന്ദിർ
മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറാണ് അബുദാബിയിലെ ഏറ്റവും പുതിയ ആകർഷണം. ക്ഷേത്രത്തിന്റെ വാസ്തുശിൽപ കലയും ചരിത്രവും പുരാണവുമെല്ലാം അറിയാൻ ജാതിമതഭേദമന്യെ തിരക്കാണ്. പ്രവേശനം സൗജന്യം. മുൻകൂട്ടി ബുക്ക് ചെയ്യണം.
∙ ഏബ്രഹാമിക് ഫാമിലി ഹൗസ്
അബുദാബിയിൽ മതമൈത്രിയുടെ പ്രതീകമായ ഏബ്രഹാമിക് ഫാമിലി ഹൗസിലെത്തിയാൽ 3 മതങ്ങളെയും ആരാധനാലയങ്ങളെയും അടുത്തറിയാം. ഇവിടെ മുസ്‌ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങളായ ഇമാം അൽ ത്വയ്യിബ് മോസ്ക്, ഫ്രാൻസിസ് ചർച്ച്, മോസസ് ബിൻ മൈമൂൻ സിനഗോഗ് എന്നിവ ഒരു കുടക്കീഴിൽ ഒരുക്കിയത് വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു.
∙ ഗ്രാൻഡ് മോസ്ക്
തലസ്ഥാന നഗരിയുടെ പ്രധാന അടയാളങ്ങളിലൊന്നായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശകരുടെയും രാഷ്ട്രത്തലവൻമാരുടെയും ഇഷ്ട കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ്. അറേബ്യൻ വാസ്തു ശിൽപകലയിൽ തീർത്ത പള്ളിയിൽ ലോകത്തെ ഏറ്റവും വലിയ പരവതാനിയും ഏറ്റവും വലിയ തൂക്കുവിളക്കും കാണാം. ഏതാനും ലോക റെക്കോർഡുകളും ഈ ആരാധനാലയം സ്വന്തമാക്കിയിട്ടുണ്ട്.
∙ സ്നോ പാർക്ക് അബുദാബി റീം മാളിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്കാണ് മറ്റൊരു ആകർഷണം. മഞ്ഞുപാളികളുടെ മാന്ത്രിക ലോകത്തേക്കു തിമിർത്തുല്ലസിക്കാൻ തണുപ്പു വകവയ്ക്കാതെ ദിവസേന സന്ദർശകർ എത്തുന്നു. മഞ്ഞുപെയ്യുന്ന പർവതങ്ങൾ, താഴ്‌വാരം, പാർക്ക്, തീവണ്ടി, തണുത്തുറഞ്ഞ തടാകം, വിപണി, കളിക്കളം എന്നിവയെല്ലാം സന്ദർശകരെ കോരിത്തരിപ്പിക്കും. മൈനസ് 2 ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിച്ച പാർക്കിനകത്തെ മഞ്ഞുവീഴ്ച കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നു.
∙ തീം പാർക്കുകൾ
സീ വേൾഡ് , അഡ്രിനാൾ അഡ്വഞ്ചർ, നാഷനൽ അക്വേറിയം, യാസ് ഐലൻഡിലെ വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർ വേൾഡ്, ക്ലൈംമ്പ് തുടങ്ങി അബുദാബിയിലെ തീം പാർക്കുകളും തിരക്കിലായി. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പുകളിലൊന്നായ സൂപ്പർ സ്നേക്കിനൊപ്പം കടൽ ജീവികളുടെ വലിയ ലോകമാണ് നാഷനൽ അക്വേറിയത്തെ സവിശേഷമാക്കുന്നത്. ആഴക്കടലിന്റെ ചെറുമാതൃക കെട്ടിടത്തിനകത്തു സൃഷ്ടിച്ച സീ വേൾഡും സന്ദർശകർക്ക് കൗതുകമാണ്.
∙ ഔട്ഡോർ കാഴ്ചകൾ
കണ്ടൽകാടുകൾ, ഫോസിൽ ഡ്യൂൺസ്, അൽവത്ബ ലേക്ക്, യുഎഇയിലെ ഏറ്റവും ഉയരംകൂടിയ പർവതമായ റാസൽഖൈമയിലെ ജബൽ ജെയ്സ്, രണ്ടാമത്തെ പർവതമായ അൽഐനിലെ ജബൽ ഹഫീത്, അൽഐൻ ഒയാസിസ്, ലിവ മരുഭൂമി, ഹത്ത ഫെസ്റ്റിവൽ, അൽഐൻ മൃഗശാല എന്നിവിടങ്ങളും സഞ്ചാരികളാൽ സമ്പന്നം. ദുബായ് ഫ്രെയിം, ഫ്യൂചർ മ്യൂസിയം, ഷാർജ അൽനൂർ ഐലൻഡ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ ബീച്ചുകൾ, റാസൽഖൈമ അൽമർജാൻ ഐലൻഡ്, അബുദാബി ഹുദൈരിയാത് ബീച്ച്, അബുദാബിയിലെ മാംഗ്രൂവ് പാർക്ക്, അൽവത്ബ ലെയ്ക്, ഉമ്മുൽ ഇമാറാത് പാർക്ക്, കോർണിഷ്, ജുമൈറ ബീച്ച് എന്നിവയാണ് മറ്റു പ്രധാന ആകർഷണങ്ങൾ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.