Editorial

വേലി തന്നെ വിളവ്‌ തിന്നുമ്പോള്‍

വഞ്ചിയൂര്‍ സബ്‌ട്രഷറിയിലെ ഒരു ഉദ്യോഗസ്ഥന്‍ കളക്‌ടറുടെ അക്കൗണ്ടില്‍ നിന്നും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട്‌ അതേകുറിച്ചു അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനായി ധനകാര്യ സെക്രട്ടറിയെയാണ്‌ സര്‍ക്കാര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ ആരോഗ്യ രക്ഷാ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു വലിയ സോഷ്യല്‍ ആര്‍മി രോഗവ്യാപനത്തെ ചെറുക്കാന്‍ ആത്മാര്‍പ്പണത്തോടെ ശ്രമിക്കുന്ന കാലത്താണ്‌ ഇത്തരമൊരു തട്ടിപ്പിന്‌ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ മുതിര്‍ന്നത്‌ എന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആദിവാസി ക്ഷേമത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനുമായി കളക്‌ടറുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പണത്തില്‍ നിന്നും രണ്ട്‌ കോടി രൂപയാണ്‌ സബ്‌ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ്‌ ആയ ഉദ്യോഗസ്ഥന്‍ സമര്‍ത്ഥമായി ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തത്‌.

എറണാകുളത്തെ കളക്‌ടറേറ്റ്‌ ജീവനക്കാരന്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും വന്‍തുക തട്ടിയ സംഭവം പുറത്തുവന്നത്‌ മാസങ്ങള്‍ക്കു മുമ്പാണ്‌. പ്രളയബാധിതര്‍ക്ക്‌ നല്‍കേണ്ട ദുരിതാശ്വാസത്തില്‍ നിന്നാണ്‌ രാഷ്‌ട്രീയ ബന്ധങ്ങള്‍ മറയാക്കി ഈ ഉദ്യോഗസ്ഥന്‍ പണം അപഹരിച്ചത്‌.

സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ തട്ടിപ്പുകള്‍ അധികൃതരുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. ജനസേവകരായ ഉദ്യോഗസ്ഥന്‍മാര്‍ വിളവു തിന്നുന്ന വേലിയായി മാറുമ്പോള്‍ നമ്മുടെ ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ അനുവദിക്കേണ്ട പണമാണ്‌ യാതൊരു മനസാക്ഷികുത്തുമില്ലാതെ ഈ ഉദ്യോഗസ്ഥര്‍ കൈക്കലാക്കാന്‍ ശ്രമിച്ചത്‌. ഒറ്റപ്പെട്ട സംഭവങ്ങളായി മാറ്റിനിര്‍ത്താതെ ഉദ്യോഗസ്ഥ തലത്തില്‍ എന്തുകൊണ്ട്‌ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുവെന്നത്‌ ഗൗരവത്തോടെ കാണാനും തട്ടിപ്പുകള്‍ക്ക്‌ വഴിവെക്കുന്ന സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെയുള്ള പഴുതുകള്‍ അടയ്‌ക്കാനുമാണ്‌ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌.

വഞ്ചിയൂര്‍ സബ്‌ട്രഷറിയില്‍ നടന്ന തട്ടിപ്പിന്‌ സോഫ്‌റ്റ്‌വെയര്‍ പിഴവും സഹായകമായിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കോടികളുടെ അക്കൗണ്ട്‌ കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും മതിയായ സാങ്കേതിക സുരക്ഷിതത്വം ഉറപ്പുവരുത്താത്തത്‌ ഏറെ ഗൗരവമുള്ള കാര്യമാണ്‌. സാമ്പത്തിക തട്ടിപ്പ്‌ നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാല്‍ മാത്രമേ വേലി തന്നെ വിളവ്‌ തിന്നുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത ഉറപ്പുവരുത്തേണ്ടതില്‍ സര്‍ക്കാര്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളെ കുറിച്ചും ഇത്തരം തട്ടിപ്പുകള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്‌.

ഏത്‌ തരം കൊള്ളരുതായ്‌മയ്‌ക്കും കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ, ട്രേഡ്‌ യൂണിയന്‍ കോക്കസ്‌ പലപ്പോഴും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക്‌ കുട പിടിക്കുന്നുണ്ട്‌. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം തട്ടിയ എറണാകുളത്തെ കളക്‌ടറേറ്റ്‌ ഉദ്യോഗസ്ഥന്‌ ശക്തമായ രാഷ്‌ട്രീയ ബന്ധങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇത്തരം ബന്ധങ്ങളാണ്‌ ചില ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പിനും അഴിമതിക്കുമുള്ള പ്രേരണയും ആത്മവിശ്വാസവും നല്‍കുന്നത്‌.

തൊഴില്‍ സുരക്ഷിതത്വവും സാമ്പത്തിക കെട്ടുറപ്പും സാമൂഹികമായ പ്രിവിലേജുകളും അനുഭവിക്കുന്നവരാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഈ ആനുകൂല്യങ്ങള്‍ മികച്ച സേവനം ജനങ്ങള്‍ക്ക്‌ നല്‍കാനുള്ള പ്രേരകമായാണ്‌ അവരുടെയിടയില്‍ പ്രവര്‍ത്തിക്കേണ്ടത്‌. ഒരു സാധാരണ പൗരനേക്കാള്‍ ഉന്നതമായ സാമൂഹിക ബോധവും ജാഗ്രതയും പാലിക്കേണ്ടവരാണ്‌ തങ്ങളെന്ന തിരിച്ചറിവ്‌ അവരില്‍ സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ എത്ര ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചാലും അത്‌ അധികമാകില്ല.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.