മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് തിങ്കളാഴ്ച പുതിയ ഉയരങ്ങളിലെത്തി. ഒരു റിയാലിന് 225.80 രൂപ എന്ന നിരക്കാണ് തിങ്കളാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. റിയായിന് 225.90 രൂപ നൽകിയ സ്ഥാപനങ്ങളും ഉണ്ട്. അതായത് ആയിരം രൂപക്ക് 4.428 റിയാൽ നൽകിയാൽ മതിയാവും. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 226 രൂപയിലധികമാണ് ഇന്നലെ കാണിച്ചത്.
വിനിമയ നിരക്ക് പുതിയ ഉയരത്തിലെത്തിയിട്ടും വിനിമയ സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെന്നാണ് സ്ഥാപനാധികൃതർ പറയുന്നത്. നാട്ടിൽ അയക്കാനായി പണം കരുതിവെച്ചിരുന്നവരിൽ പലരും നിരക്ക് 224 രൂപയിലെത്തിയപ്പോൾതന്നെ അയച്ചിരുന്നു. ഇനിയും ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരും നിരവധിയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം ഒരു ഡോളറിന് 87.29 രൂപ എന്ന സർവകാല ഇടിവിലേക്ക് കൂപ്പുകുത്തിയതിനാലാണ് വിനിമയ നിരക്ക് ഉയർന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഡോളർ ശക്തിപ്രാപിക്കുന്നതും ഇന്ത്യൻ രൂപയുടെ ഇടിവിന് കാരണമാക്കുന്നു.
ട്രംപ് അധികാരത്തിലെത്തിയതോടെ നടപ്പാക്കിയ ഇറക്കുമതി നയമാണ് ഡോളർ ശക്തമാവാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങൾക്ക് ട്രംപ് ഇറക്കുമതി കരം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് 25 ശതമാനവും ചൈനക്ക് പത്ത് ശതമാനവും ചുങ്കമാണ് ട്രംപ് ഏർപ്പെടുത്തിയിരുന്നത്. ഇതോടെ ഈ രാജ്യങ്ങൾ തിരിച്ചും ചുങ്കം ഏർപ്പെടുത്തിയേക്കും. ഇതോടെ അന്താരാഷ്ട്ര വ്യാപാര യുദ്ധം വരുമെന്ന ആശങ്കയാണ് ഡോളർ കൂടുതൽ ശക്തിപ്രാപിക്കാൻ പ്രധാന കാരണം. ഡോളർ ശക്തമാവാൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യൻ മാർക്കറ്റിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിക്കുന്നു.
അമേരിക്കൻ ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളർ ഇന്റക്സ് ഉയരുന്നതും ഡോളറിന്റെ കരുത്താണ് കാണിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ 1.24 ശതമാനം വളർച്ചയുണ്ടാവുകയും 110 പോയന്റിൽ എത്തുകയും ചെയ്തു. ഡോളർ ഇനിയും ശക്തിപ്രാപിക്കാനുള്ള പ്രവണതയാണുള്ളത്. ഇത് ഇന്ത്യൻ രൂപയെ ഇനിയും തളർത്താനാണ് സാധ്യത. ഇന്ത്യൻ രൂപക്കൊപ്പം എല്ലാ ഏഷ്യൻ കറൻസികളും തകർച്ച നേരിടുന്നുണ്ട്. ഇന്ത്യൻ രൂപ കഴിഞ്ഞ ഏതാനും മാസങ്ങളായി തകർച്ച നേരിടുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ 3.6 ശതമാനം തകർച്ചയാണ് കാണിക്കുന്നത്. ഡോളർ ശക്തിപ്രാപിക്കുന്നതോടെ എണ്ണ വില ഉയരുന്നതടക്കമുള്ള പ്രതിസന്ധികൾ ഇനിയും വരാനുണ്ട്. നിലവിൽ ഇന്ത്യയുടെ ഡോളർ കരുതലിൽ വലിയ കുറവും അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കും.
അതേസമയം രൂപയുടെ മൂല്യം കുറഞ്ഞത് നാട്ടിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക പ്രവാസികൾ പങ്കുവെക്കുന്നുണ്ട്. നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് വിനിമയ നിരക്കിലെ വർധന ആശ്വാസകരമാണ്. മുഴുവൻ ഗൾഫ് കറൻസികളുടെയും രൂപയുമായുള്ള വിനിമയ മൂല്യം ഉയർന്നിട്ടുണ്ട്. ബഹ്റൈൻ ദീനാറിന് 231 രൂപ, സൗദി റിയാലിന് 23 രൂപ 20 പൈസ, കുവൈത്ത് ദീനാറിന് 282 രൂപ, ഖത്തർ റിയാലിന് 23 രൂപ 89 പൈസ, യു.എ.ഇ ദിർഹത്തിന് 23 രൂപ 70 പൈസ എന്നിങ്ങനെയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ നിരക്ക്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.