Editorial

വിജയേട്ടനെ വിളിക്കാന്‍ ഇപ്പോള്‍ ആ വീട്ടമ്മക്ക്‌ തോന്നുമോ?

ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ്‌ മാത്യു തിരക്കഥയെഴുതിയ `അങ്കിള്‍’ എന്ന ചിത്രം പുറത്തിറങ്ങിയത്‌ 2018ലാണ്‌. ആ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ രംഗത്തിലെ ഒരു ഡയലോഗ്‌ ഏറെ ശ്രദ്ധേയമായിരുന്നു. അനീതി കാണിക്കുന്ന ആള്‍കൂട്ടത്തോട്‌ ക്രുദ്ധയായ വീട്ടമ്മയുടെ കഥാപാത്രം പറയുന്ന വാചകം ഇങ്ങനെയാണ്‌: “വേണ്ടി വന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കും…” മമ്മൂട്ടിയും മോഹന്‍ലാലും പറയുന്ന പഞ്ച്‌ ഡയലോഗുകള്‍ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ കൈയടിച്ചു സ്വീകരിക്കുന്നതു പോലെ ഈ ഡയലോഗും പ്രേക്ഷകര്‍ ഹര്‍ഷാരവം മുഴക്കിയാണ്‌ സ്വീകരിച്ചത്‌. സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്കോ ഡയലോഗ്‌ പറഞ്ഞ നടിക്കോയുള്ള കൈയടിയായിരുന്നില്ല അത്‌. ഡയലോഗില്‍ പരാമര്‍ശ വിധേയനായ വിജയേട്ടന്റെ ആരാധകരാണ്‌ ഹര്‍ഷാരവം മുഴക്കിയത്‌. വിജയേട്ടന്‍ എന്നാല്‍ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ.

ആഭ്യന്തര വകുപ്പ്‌ കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫോണ്‍ വിളി കേട്ട്‌ തനിക്ക്‌ നീതി നേടിതരുമെന്ന ആത്മവിശ്വാസമാണ്‌ ആ സിനിമയിലെ കഥാപാത്രം പ്രകടിപ്പിച്ചത്‌. പിണറായി വിജയനോട്‌ ജനങ്ങള്‍ക്ക്‌ തോന്നുന്ന ആഭിമുഖ്യവും അദ്ദേഹം നീതിക്കായി നിലകൊള്ളുന്നു എന്ന വിശ്വാസവുമാണ്‌ ആ ഡയലോഗ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്‌ എന്നാണ്‌ സിനിമ ഇറങ്ങിയ സമയത്ത്‌ ഒരു അഭിമുഖത്തില്‍ ജോയ്‌ മാത്യു പറഞ്ഞത്‌. എന്നാല്‍ ഇന്നാണ്‌ ആ സിനിമ പുറത്തിറങ്ങുന്നതെങ്കില്‍ ജോയ്‌ മാത്യു ആ ഡയലോഗ്‌ അതേ പടി എഴുതുമോ? ഇല്ലെന്ന്‌ വേണം കരുതാന്‍. നീതി ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ പരാജയത്തിന്റെ വിളംബരങ്ങളായി വാളയാര്‍ സംഭവവും അടുത്തിടെ പീഡനത്തിന്‌ വിധേയയായ കണ്ണൂരിലെ പെണ്‍കുട്ടിയുടെ അനുഭവവും ഓര്‍ക്കുന്ന ഒരു വീട്ടമ്മയും സിനിമയില്‍ ആയാല്‍ പോലും ഇപ്പോള്‍ അത്തരം ഒരു വാചകം പറയുമെന്ന്‌ തോന്നുന്നില്ല. പഴയ വിശ്വാസം ജനങ്ങള്‍ക്ക്‌ നഷ്‌ടപ്പെട്ടു എന്ന പ്രബലമായ തോന്നല്‍ തന്നെയാണ്‌ “ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും” എന്ന മുന്നറിയിപ്പ്‌ മുഖ്യമന്ത്രിക്ക്‌ ഒരു ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ നല്‍കാന്‍ ഇപ്പോള്‍ ജോയ്‌ മാത്യുവിനെ പ്രേരിപ്പിച്ചത്‌.

ഓരോ ഫയലിനും പിറകില്‍ ഒരു ജീവിതമുണ്ട്‌ എന്ന്‌ പറഞ്ഞയാളാണ്‌ മുഖ്യമന്ത്രിയെന്നും പക്ഷേ ഫയലിന്റെ പിറകില്‍ ജീവിതമല്ല കൈക്കൂലിയും കാത്തിരിക്കുന്ന ഉദ്യോഗസ്ഥരാണെന്ന സത്യം ഓരോ കേരളീയനും മനസിലാക്കി കൊണ്ടിരിക്കുകയാണെന്നും തന്റെ പോസ്റ്റില്‍ ജോയ്‌ മാത്യു തുറന്നടിച്ചു. പ്രശസ്‌ത ആര്‍ക്കിടെക്‌ട്‌ പത്മശ്രീ ശങ്കറിന്റെ ഹാബിറ്റാറ്റ്‌ എന്ന സ്ഥാപനം പണികഴിപ്പിച്ച സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കുടിശികയായ കോടിക്കണക്കിന്‌ രൂപ കിട്ടാത്തത്‌ മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന വസ്‌തുത ചൂണ്ടികാട്ടിയാണ്‌ ജോയ്‌ മാത്യു മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പോസ്റ്റിട്ടത്‌. ശങ്കറിന്റേത്‌ ഒറ്റപ്പെട്ട സംഭവമല്ലെന്നും ജോയ്‌ മാത്യു ചൂണ്ടികാട്ടുന്നു.

നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം കുപ്രസിദ്ധമാണ്‌. ഏതൊക്കെ സര്‍ക്കാരുകള്‍ മാറിമാറി വന്നാലും മാടമ്പികളെ പോലെ പെരുമാറുന്ന നല്ലൊരു വിഭാഗം ബ്യൂറോക്രാറ്റുകളുടെ സ്വഭാവത്തിന്‌ യാതൊരു മാറ്റവുമില്ല. ബ്യൂറോക്രസിയെ തിരുത്താന്‍ ആവശ്യം ആരോഗ്യകരമായ രാഷ്‌ട്രീയ ഇടപെടലാണ്‌. അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍ മാറിവരുന്ന, ഭരണതുടര്‍ച്ചയില്ലാത്ത സര്‍ക്കാരുകള്‍ ബ്യൂറോക്രസിയെ തിരുത്താന്‍ മെനക്കെടാറില്ല എന്നതാണ്‌ വാസ്‌തവം. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്തും ആ പതിവിന്‌ മാറ്റമൊന്നുമില്ല എന്നു മാത്രമല്ല ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാന്‍ പോലും സാധിക്കുന്നില്ല.

ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരിലുള്ള അമിതമായ വിശ്വാസത്തിന്‌ വലിയ വില കൊടുക്കേണ്ടി വന്നയാളാണ്‌. തന്റെ നിഴല്‍ പോലെ വിശ്വസ്‌തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്നും കിട്ടിയ `പണി’യുടെ ആഘാതം വാര്‍ത്താ സമ്മേളനങ്ങളില്‍ രോഷം കൊണ്ടാലൊന്നും അദ്ദേഹത്തിന്‌ മായ്‌ക്കാനാകുന്നതല്ല. ഫയലുകളില്‍ കെട്ടികിടക്കുന്ന ജീവിതങ്ങളെ കുറിച്ച്‌ ഈ മഹാമാരി കാലത്ത്‌ തകര്‍ന്നുപോയ പ്രതിച്ഛായയുടെ കണ്ണാടി കഷ്‌ണങ്ങള്‍ കൂട്ടിവെക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം എത്രത്തോളം ഓര്‍ക്കുന്നുണ്ട്‌ എന്നറിയില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്‌, അധികാരത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളെ അനുവദിക്കില്ല തുടങ്ങിയ പഞ്ച്‌ ഡയലോഗുകള്‍ അധികാരാരോഹണത്തിന്റെ ആരംഭശൂരത്വ കാലത്ത്‌ മാത്രം നാവില്‍ വിളയാടിയാല്‍ പോര. പറഞ്ഞുപോയ വാക്കുകള്‍ തിരികെ കൊഞ്ഞനം കുത്തുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ ക്രാന്തദര്‍ശിത്വവും ഭരണത്തിലെ കാര്യക്ഷമതയും ഒരു പോലെ വേണം. അത്‌ രണ്ടും ഒത്തുചേരുമ്പോഴാണ്‌ ഒരാള്‍ മികച്ച ഭരണാധികാരിയാകുന്നത്‌. ആ സംയോജനം അസാധ്യമാകുമ്പോഴാണ്‌ ജനം പുനര്‍വിചിന്തനത്തിന്‌ നിര്‍ബന്ധിതമാകുന്നത്‌. ജോയ്‌ മാത്യുവിനെ പോലെ ചിന്തിക്കുന്ന എത്രയധികം പേര്‍ ഈ സംസ്ഥാനത്ത്‌ ഉണ്ടാകുമെന്ന്‌ ആരോപണങ്ങള്‍ക്ക്‌ മറുപടിയായി ജനങ്ങളുടെ പേരില്‍ ഇടയ്‌ക്കിടെ ആണയിടുന്ന മുഖ്യമന്ത്രി ചിന്തിക്കുന്നത്‌ ഉചിതമായിരിക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.