കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 110 ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുക്കാൻ 2012 ജൂലൈ 30ന് കനകക്കുന്ന് കൊട്ടാരത്തിൽ മാവേലിക്കര രാമചന്ദ്രൻ എത്തിയപ്പോൾ
സുധീർ നാഥ്
2012 ജനുവരി 30 – തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 110 ജന്മദിനാഘോഷം കേരള സർക്കാരും, പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കേരള കാർട്ടൂൺ അക്കാദമി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. മൂന്ന് ദിവസമാണ് ആഘോഷ ചടങ്ങുകൾ. കേരളത്തിലെ കാർട്ടൂണിസ്റ്റുകളും, ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളും ഒത്ത് ചേർന്നുള്ള ചടങ്ങുകൾ നടക്കുന്നു.
തല തോളിൽ താങ്ങി മാവേലിക്കര രാമചന്ദ്രൻ , ഒരു വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്താൽ കനകകുന്നിലേയ്ക്ക് കയറി വന്നു. ഞെട്ടിക്കുന്ന രംഗമായിരുന്നു അത്. പിടലിക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. പി ആർ ഡി ഉദ്യോഗസ്ഥരായ എ. ഫിറോസ് , വി ആർ അജിത്ത് കുമാർ എന്നിവർ മാവേലിക്കരയുടെ അടുത്തെത്തി സ്നേഹം നിറഞ്ഞ വാക്കിൽ ശകാരിക്കുന്നു. സുഖമില്ലാത്തിടത്ത് എന്തിനാ ചേട്ടാ ഇവിടെ വന്നത്. “കാർട്ടൂണിസ്റ്റ് ശങ്കർ എന്റെ സുഹൃത്താണ്. ശങ്കറിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാതെ ഞാൻ എന്തിനാണ് ഈ തിരുവന്തപുരത്ത് കഴിയുന്നത്” ഇതായിരുന്നു മറുപടി. ഒപ്പം ചേട്ടൻ എന്നെ കെട്ടിപ്പിടിച്ച് “ഇവരെയൊക്കെ കാണുവാനും സംസാരിക്കുവാനും ഉള്ള അവസരം അല്ലേ …” എന്നും. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരേ പോലെ സ്നേഹിക്കാൻ കഴിവുള്ള മാവേലിക്കര രാമചന്ദ്രൻ എവിടെയാണെന്ന് ഇന്ന് ആർക്കും അറിയില്ല.
മാവേലിക്കര രാമചന്ദ്രൻ എന്ന മനുഷ്യനെ അറിയാത്തവർ ഒരു കാലത്ത് ഉണ്ടായിരുന്നില്ല. ഡൽഹി സന്ദർശിക്കുന്ന ഒട്ടുമിക്ക പ്രമുഖരുടേയും ആതിഥ്യം സ്വയം ഏറ്റെടുക്കുന്ന ആകാശവാണിയുടെ പഴയ വാർത്താ വായനക്കാരൻ എന്ന നിലയിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ്. ഒട്ടേറെ മലയാള സിനിമകളിലും മാവേലിക്കര രാമചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നുള്ളത് ഒരു ചോദ്യചിഹ്നമായി മലയാളികൾക്ക് മുന്നിൽ നിൽക്കുന്നു. അതിനൊരു ഉത്തരം നൽകേണ്ട പലരും മൗനമായി ഇരിക്കുന്നു. ഇവരെല്ലാം തന്നെ ഒരു കാലത്ത് മാവേലിക്കര രാമചന്ദ്രന്റെ ആതിഥ്യം സ്വീകരിച്ചതാണ് എന്നുള്ളത് ഏറെ ഞെട്ടൽ ഉളവാക്കുന്ന ഒന്നാണ്.
ആക്ഷേപവും സംശയങ്ങളും
മധു നായർ ന്യൂയോർക്ക് എന്നയാളുടെ വീട്ടിലായിരുന്നു മാവേലിക്കര വാടകയ്ക്ക് താമസിച്ചിരുന്നത്. വാടക വീട്ടിൽ നിന്ന് ഇറക്കിവിടുകയായിരുന്നു എന്ന ആക്ഷേപവും നിലവിലുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബോംബെയിലേക്കുള്ള തീവണ്ടിയിൽ മാവേലിക്കര രാമചന്ദ്രൻ യാത്ര ചെയ്തു എന്ന കഥയാണ് ആദ്യം തന്നെ പരന്നത്. വിജയൻ എന്ന ടാക്സി ഡ്രൈവറാണ് ശംഖുമുഖത്ത് നിന്ന് സ്‌റ്റേഷനിൽ കൊണ്ടു വിട്ടത് എന്നാണ് പറയുന്നത്. വിജയൻ എന്ന വ്യക്തിയുടെ ടാക്സിയിൽ റെയിൽവേ സ്റ്റേഷനിൽ പോയി എന്നതും ബോംബയിലേക്ക് വണ്ടി കയറി എന്നുള്ളതും കെട്ടുകഥയാണെന്ന് ആക്ഷേപവും നിലനിൽക്കുന്നു. മഹാരാഷ്ട്രയിലെ രാജ്ഭവനിൽ ശങ്കരനാരായണനെ കണ്ടു എന്നുള്ളത് പഴയ കഥയാണെന്ന് പറയപ്പെടുന്നു.
മൊഴിയിലെ പൊരുത്തക്കേടുകൾ
2012 സെപ്തംബർ 29ആം തീയതി ടാക്സി കാറിൽ മൂന്ന് വലിയ ബാഗുകളുമായി ചെറിയ ബാഗിൽ ചിപ്സും മറ്റുമായി ശംഖുമുഖത്തെ വാടക വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിൽ വൈകീട്ട് അഞ്ച് മണിയോടെ എത്തി എന്നാണ് ഒരു സ്വകാര്യ ചാനലിൽ ഡ്രൈവർ വിജയൻ പറഞ്ഞത്. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച കെട്ടിടത്തിന്റെ വാച്ചർ മുരളീധരൻ നായർ പോലീസിന് നൽകിയ മൊഴിയിൽ സെപ്തംബർ 26 ന് ചെറിയൊരു ബാഗുമായി ടാക്സിയിൽ ബോംബയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി എന്നാണ്. കെട്ടിട ഉടമ മധു നായർ സ്വകാര്യ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞത് രാവിലെ രണ്ട് മൂന്ന് പെട്ടിയുമെടുത്ത് ഒന്നും പറയാതെ ടാക്സിയിൽ പോയി എന്നാണ്. മൊഴികളിലെ പൊരുത്തക്കേടുകളെ കുറിച്ച് ആരും ഇന്നുവരെ സംസാരിച്ചിട്ടില്ല. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഒരു ചെറിയ ബാഗും, കാറിൽ നിന്നിറങ്ങിയപ്പോൾ നാല് ബാഗും … ! തിയതികളിലും വ്യത്യാസം.
2012 ജൂലൈ 30, 31 തീയതികളിൽ അദ്ദേഹത്തെ നേരിട്ട് കണ്ട വ്യക്തിയെന്ന നിലയിൽ എനിക്ക് വളരെ ശക്തമായി പറയുവാൻ സാധിക്കും, ഒരു ബാഗ് പോലും സ്വന്തമായി പിടിക്കാൻ ആരോഗ്യപരമായി അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. പിടലിക്ക് പ്രശ്നം ആയതുകൊണ്ട് ഒരു വടിയുടെ സഹായത്താലാണ് അദ്ദേഹം നടക്കുന്നത്. ഒരു യാത്രയ്ക്കു പോകുമ്പോൾ തീർച്ചയായും തൊട്ടടുത്ത സുഹൃത്തുക്കളോട് എല്ലായിപ്പോഴും പറഞ്ഞു പോകുന്ന സ്വഭാവക്കാരനായിരുന്നു മാവേലിക്കര രാമചന്ദ്രൻ. യാത്രയിൽ ഒരു ബാഗിൽ കൂടുതൽ ഒരിക്കലും അദ്ദേഹം കൊണ്ടു നടക്കാറില്ല
എന്നുള്ള സ്വഭാവവും ഉണ്ടായിരുന്നു. ഇതിനെല്ലാം ഘടകവിരുദ്ധമായിട്ടുള്ള പ്രസ്താവനകൾ ഏറെ സംശയത്തിന് വഴി നൽകുന്നുണ്ട്.
മൗനമായ സാംസ്ക്കാരിക ലോകം
മാവേലിക്കരയെ കാണാതായതിനു ശേഷം അദ്ദേഹത്തോട് ഏറ്റവും അടുപ്പം പുലർത്തിയ പലരും മൗനമായിരുന്നു. പലരും മാധ്യമങ്ങൾക്ക് മുന്നിൽ മാത്രം ശബ്ദമുയർത്തി. അതെല്ലാം ക്യാമറകൾക്ക് മുന്നിൽ മാത്രമായി ഒതുങ്ങി പോയി. പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് സ്ഥലത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു മാവേലിക്കര രാമചന്ദ്രൻ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഒരു ചെറിയ വേഷമാണെങ്കിലും മാവേലിക്കര ചെയ്യുമായിരുന്നു. തിരിച്ച് അടൂർ ഗോപാലകൃഷ്ണന്റെ ഡൽഹിയിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് മാവേലിക്കര രാമചന്ദ്രൻ തന്നെയാണ്. അടൂരിനെ കുറിച്ച് ഒരു പുസ്തകം ഇംഗ്ലീഷിൽ മാവേലിക്കര രാമചന്ദ്രൻ തയ്യാറാക്കിയിരുന്നു. ഓരോ അദ്ധ്യായം തീരുമ്പോഴും മാവേലിക്കര അത് അടൂർ ഗോപാലകൃഷ്ണന് വായിച്ചുകൊടുക്കും. മാവേലിക്കര ഈ വിവരങ്ങളും, അടൂർ, പറഞ്ഞ കമന്റുകളും ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ലേഖകൻ അദ്ദേഹത്തെ കാണാതായതിനു ശേഷം അടൂരിന്നോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു പുസ്തകത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്ന് ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടിയത് സത്യാവസ്ഥ അറിയുന്ന സുഹൃത്തുക്കളാണ്.
കോണ്ടസ കാറും , ഡൽഹി ഫ്ളാറ്റും
കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് ഡൽഹിയിലേക്ക് വന്ന സമയം. അദ്ദേഹം കോണ്ടസ കാറിലാണ് കേരളത്തിൽ നടന്നിരുന്നത് എന്ന് വാർത്തകളിൽ നിറഞ്ഞിരുന്ന കാലമായിരുന്നു അത്.
കരുണാകരൻ ഡൽഹിയിൽ എത്തിയാൽ യാത്ര ചെയ്യാൻ വേണ്ടി സ്വന്തമായി ഒരു കോണ്ടസ കാർ വാങ്ങിച്ച വ്യക്തിയാണ് മാവേലിക്കര രാമചന്ദ്രൻ.
ഖാൻ മാർക്കറ്റിലെ ഒരു വർക്ക് ഷോപ്പിൽ നിന്ന് സെക്കൻഡ് ഹാൻഡ് ആയി വാങ്ങിയ ചോക്ലറ്റ് നിറമുള്ള കോണ്ടസ കാർ മിക്കവാറും വർക്ക്ഷോപ്പിൽ തന്നെയായിരുന്നു. കോണ്ടസ കാർ വാങ്ങിയത് തന്നെ ഒരു ചതിയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വർക്ക്ഷോപ്പ് ഉടമ കാർ വാടകയ്ക്ക് നൽകുകയായിരുന്നു. ഒടുവിൽ ഖാൻ മാർക്കറ്റിലെ വർക്ക്ഷോപ്പ് ഉടമ തന്നെ കാർ സ്വന്തമാക്കി.
ഡൽഹിയിലെ പട് പട് ഗഞ്ചിൽ മാവേലിക്കര ചേട്ടന് ഉണ്ടായിരുന്ന ഫ്ലാറ്റ് വളരെ ചെറിയ വിലയ്ക്കാണ് ആകാശവാണിയിൽ സഹപ്രവർത്തകനായിരുന്ന ഒരാൾക്ക് വിറ്റത്. ലഭിച്ച തുകയുടെ ചെറിയ ഭാഗം കൊണ്ട് തിരുവനന്തപുരത്ത് വീട് വാങ്ങുവാൻ അടുത്ത സുഹൃത്തുക്കൾ പറഞ്ഞെങ്കിലും അദ്ദേഹം അത് ചെയ്തില്ല. ലഭ്യമായ തുക മരുമക്കൾ സ്വന്തമാക്കുകയും, പിന്നീട് വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ഉണ്ടായി എന്നുള്ളത് വാസ്തവമാണെന്ന് മാവേലിക്കരയിലെ സുഹൃത്തുക്കളായ പ്രമുഖർ പരസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാവേലിക്കരയുടെ സ്ഥലത്ത് ഇരുനില വീട് പണിത് മരുമകൻ ഒന്നാം നിലയിലെ മുറി മാവേലിക്കരയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്നു ആദ്യകാലങ്ങളിൽ മാവേലിക്കര അവിടെയാണ് താമസിച്ചിരുന്നത്. അവിടെ നിന്ന് മരുമകൻ ഇറക്കിവിട്ടു എന്നത് കരഞ്ഞു കൊണ്ടാണ് സുഹൃത്തുക്കളുമായി പങ്കുവെച്ചത്. മാവേലിക്കര സ്വന്തം പുസ്തകങ്ങളും മറ്റും ഈ വീട്ടിൽ നിന്ന് എടുക്കുന്നതിന് വേണ്ടി മാവേലിക്കരയിലെ സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വന്നു എന്നുള്ളത് ദയനീയമാണ്.
വിപുലമായ സുഹൃത്ത് വലയം
ഡൽഹി കാലത്ത് മാവേലിക്കരയുടെ സൗഹൃദവലയം വിസ്മരിക്കുന്ന തരത്തിലായിരുന്നു.അദ്ദേഹം സജീവമായി ഒട്ടേറെ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. കേരളക്ലബ്, സത്യൻ മെമ്മോറിയൽ ആർട്സ് ക്ലബ്, അരങ്ങു തുടങ്ങിയ സംഘടനകളുടെ നാടകങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു, ആർ. വെങ്കട്ടരാമൻ, കെ ആർ നാരായണൻ തുടങ്ങിയ മുൻ രാഷ്‌ട്രപതിമാരും, ഇന്ദിരാഗാന്ധി, വാജ്പയി തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ലോക പ്രശസ്ത ചിത്രകാരൻ എം എഫ് ഹുസൈൻ, കാർട്ടൂണിസ്റ്റ് ശങ്കർ , തുടങ്ങി സാംസ്ക്കാരിക രംഗത്തും അദ്ദേഹത്തിന് സൗഹൃദങ്ങളുടെ നിര തന്നെ ഉണ്ടായിരുന്നു.
അവിവാഹിതനായ മാവേലിക്കര രാമചന്ദ്രൻ ഡൽഹിയിൽ ആകാശവാണിയിൽ വാർത്താ വായനക്കാരനായിരുന്നു. ഡൽഹിയിൽ തന്നെയുള്ള സ്വന്തമായ ഒരു ഫ്ലാറ്റ് അദ്ദേഹത്തിനുണ്ടായിരുന്നു. സർക്കാർ വക ഫ്ലാറ്റിൽ ആയിരുന്നു ആദ്യകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്. കേരളത്തിൽ നിന്നെത്തുന്ന പ്രമുഖരായ പലരും ആശ്രയിക്കുന്നതും മാവേലിക്കര രാമചന്ദ്രന്റെ ഫ്ലാറ്റുകളിൽ തന്നെയായിരുന്നു. മാവേലിക്കര രാമചന്ദ്രന്റെ സ്നേഹം പറ്റാത്ത , സഹായം ലഭിക്കാത്ത, പിന്തുണ ലഭിക്കാത്ത മലയാളത്തിലെ പ്രമുഖർ അക്കാലത്ത് ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഡൽഹിയിൽ മാവേലിക്കരയുടെ ഒരു സുഹൃത്തായിരുന്നു ബാലകൃഷ്ണൻ . അദ്ദേഹത്തിന്റെ ഭാര്യ വിൻസിക്ക് കാൻസർ ബാധിതനായി തിരുവനതപുരം ആർസിസിയിൽ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോഴും, കിമോയ്ക്ക് എത്തുന്ന സമയത്തും മാവേലിക്കരയുടെ വീട്ടിലായിരുന്നു താമസം. ആശുപത്രിയിലേക്ക് പോകുമ്പോഴും വരുമ്പോഴും എപ്പോഴും ബാലകൃഷ്ണന് കൂട്ടായി മാവേലിക്കര ഉണ്ടാകും. സായി ഭക്തനായ മാവേലിക്കര തന്റെ പോക്കറ്റിലുള്ള സത്യസായിയുടെ ചിത്രം എടുത്ത് ഭാര്യയുടെ തലയിൽ തൊട്ട് പ്രാർത്ഥിക്കുന്ന രംഗം ബാലകൃഷ്ണൻ ഇന്നും ഓർക്കുന്നു. ഡൽഹി വിട്ട മാവേലിക്കരയുടെ പിന്നീടുള്ള എല്ലാ ഡൽഹി വരവിലും ബാലകൃഷ്ണന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വകാര്യ ദുഖ:ങ്ങൾ പലതും പങ്കു വെച്ചിരുന്നതും ബാലകൃഷ്ണന്നോടും ഭാര്യ വിൻസിയോടുമായിരുന്നു. ഈ അടുപ്പമാണ് തിരുവനന്തപുരത്ത് മാവേലിക്കരയെ രക്ഷിതാവാക്കിയത്.
വ്യക്തിപരം
ശ്രീലങ്കയിലായിരുന്നു പിതാവിന് ജോലി. മാവേലിക്കര രാമചന്ദ്രന്റെ ജനനം ശ്രീലങ്കയിലായിരുന്നു. മാവേലിക്കരയിൽ എത്തിയ ശേഷം പഠനം പൂർത്തിയാക്കി. രാഷ്ട്രമീമാംസയിലും, സോഷ്യോളജിയിലും എം എ ബിരുദ്ധമുണ്ട്. തനിക്ക് രണ്ട് എം എ ഉണ്ടെന്നത് ലെറ്റർ ഹെഡിലും, വിസിറ്റിങ്ങ് കാർഡിലും അദ്ദേഹം രേഖപ്പെടുത്താറുണ്ടായിരുന്നു. കേരള സർക്കാരിന്റെ ജീവനക്കാരനായി ജീവിതം തുടങ്ങി. കമ്മ്യൂണിസ്റ്റാണെന്ന കാരണം പറഞ്ഞ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. പിന്നീടാണ് ഡൽഹിയിൽ താവളമാക്കിയത്. വിവാഹവും കുടുംബവും സ്വപ്നം കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ലീഡർ കെ കരുണാകരനും, പി വി ഗംഗാധരനും മാവേലിക്കരയ്ക്ക് പെണ്ണ് നോക്കിയത് വാർത്തയായിരുന്നു. പക്ഷെ ഒന്നും നടന്നില്ല.
പോലീസിന്റെ അനാസ്ഥ
മഹാരാഷ്ട്ര ഗവർണർ ശങ്കരനാരായണനെ രാജ്ഭവനിലെത്തി കണ്ടു എന്നുള്ളത് കാണാതാവുന്നതിന് മുൻപാണെന്ന് സംസാരമുണ്ട്. എന്തായാലും മാവേലിക്കര എങ്ങോട്ട് പോയി എന്നുള്ളതിനെ കുറിച്ച് ആർക്കും ഒരു വിവരവുമില്ല. സുഹൃത്തുക്കൾ നൽകിയ പരാതിയിൽ ഒരു അന്വേഷണം നടത്തിയിട്ടില്ല എന്നത് ഞെട്ടിക്കുന്ന മറ്റൊരു കാര്യമാണ്.
ശംഖുമുഖത്ത് മാവേലിക്കര താമസിച്ച കെട്ടിട ഉടമ മധു നായർ ന്യൂയോർക്കിനെ, അവസാനമായി യാത്രയാക്കിയ വാച്ച് മാൻ മുരളീധരൻ നായർ, ടാക്സി ഡ്രൈവർ വിജയൻ, അന്ന് മഹാരാഷ്ട്ര ഗവർണറായിരുന്ന ശങ്കരനാരായണൻ തുടങ്ങിയവരോട് പ്രാഥമികമായി വിവരങ്ങൾ ചോദിച്ചറിയാൻ പോലും പോലീസ് മിനക്കെട്ടില്ല. പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ല എന്നതുകൊണ്ട് വീണ്ടും ഒരു അന്വേഷണം വേണമെന്നാണ് സുഹൃത്തുക്കൾ ആവശ്യപ്പെടുന്നത്.
അന്ന് ആഭ്യന്തര മന്ത്രിയായിരുന്നത് രമേശ് ചെന്നിത്തലയായിരുന്നു. രമേശ് ചെന്നിത്തലയെ സ്വന്തം മകനെപ്പോലെയാണ് മാവേലിക്കര രാമചന്ദ്രൻ കരുതിയത്. നിരന്തരമായി കരുണാകരനോട് ചെന്നിത്തലയെ കുറിച്ച് പറയുകയും കോൺഗഡിൽ മേൽവിലാസമുണ്ടാക്കുകയും ചെയ്തത് മാവേലിക്കരയായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പക്ഷെ മാവേലിക്കരയുടെ തിരോധാനത്തിൽ പോലീസ് വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ല എന്നുള്ളത് ഒരു ആക്ഷേപമായി തന്നെ നിലനിൽക്കുന്നു.
പുനരന്വേഷണം വേണം
മാവേലിക്കര രാമചന്ദ്രനെ കാണാതായതിനെ കുറിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കൾ സ്വന്തമാക്കിയ മരുമക്കൾ, ബന്ധുക്കൾ തുടങ്ങിയവർക്ക് യാതൊരുവിധ പരാതിയും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ മാവേലിക്കരയുടെ സൗഹൃദ കൂട്ടായ്മയാണ് ആദ്യമായി ഔദ്യോഗികമായി പൊലീസിൽ പരാതിപ്പെടുന്നത്. പരാതി നൽകിയവർക്ക് സാമ്പത്തികമായി ശക്തരായ ചിലരുടെ പിന്തുണയോടെ ഭീഷണി ഉയർന്നത് ഒരു വിനയായി മാറി. പേരിനുപോലും അന്വേഷണം നടത്താതെ കേരള പോലീസ് ഒടുവിൽ കേസ് ഫയൽ തന്നെ അവസാനിപ്പിച്ചു. (മൊഴിയിലെ പൊരുത്തക്കേടുകൾ പോലും വിലക്കെടുത്തില്ല) മാവേലിക്കരയുടെ തിരോധാനം അന്വേഷിക്കണമെന്ന ആവശ്യവുമായി വീണ്ടും സുഹൃത്തുക്കൾ ഇറങ്ങിയിരിക്കുകയാണ്. മാവേലിക്കരയുടെ ജീവിതത്തിന്റെ പൂർണ്ണത കിട്ടണമെങ്കിൽ തിരോധാനത്തിന്റെ ഉത്തരം കണ്ടെത്തിയേ മതിയാവൂ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.