കവിതയിലും ജീവിതത്തിലും വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ചിരുന്നതിനാൽ മാതൃത്വത്തിന്റെ കവയത്രി കൂടിയായിരുന്നു ബാലാമണിയമ്മ
‘പാടത്തും തോപ്പിലും പൂ തേടും മക്കളേ
പാടിക്കൊണ്ടങ്ങിങ്ങലയുവോരേ
മായാതെ നിൽക്കാവൂ,നിങ്ങളിലെന്നെന്നു-
മീയോണനാളുകൾ തൻ വെളിച്ചം
ഭാവി തൻ മുൾച്ചെടിപ്പൂക്കളാക്കൈകൾക്കു
നോവാതെ നുള്ളുവാനൊക്കും വണ്ണം’.
1909 ജൂലായ് 19 ആം തിയതി ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി ബാലാമണിയമ്മ ജനിച്ചു.
കവിയും അമ്മാവനുമായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും വിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് കൂട്ടായി.
സ്ത്രീയുടെ അനുഭവങ്ങളും വേദനകളും അമ്മയുടെ വികാരങ്ങളുമാണ് ബാലമണിയമ്മയുടെ കവിതകളിൽ നിറഞ്ഞുനിന്നിരുന്നത്.
മലയാള സാഹിത്യത്തിന്റെ മുത്തശ്ശി എന്നപേരില്‍ അറിയപ്പെട്ടിരുന്ന ബാലാമണിയമ്മ മലയാള സാഹിത്യലോകത്ത് ആദ്യമായി കടന്നു വന്ന വനിതയായിരുന്നു. വള്ളത്തോളിന്റെ കവിതകളിലെ കാവ്യ ശൈലിയോടായിരുന്നു ബാലാമണിയമ്മയ്ക്ക് താത്പര്യം.
1928 ല്‍ തന്റെ 19 ആം വയസ്സില്‍ മാതൃഭൂമി മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം കഴിച്ച് കൽക്കത്തയിലേക്ക് പോയി. അമ്പതുവർഷം നീണ്ട അവരുടെ ദാമ്പത്യം 1977 ൽ അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു.
ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930 ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനില്‍ നിന്ന് 1947 ല്‍ സാഹിത്യനിപുണ ബഹുമതി നേടിയ അവർ കവിതയിലും ജീവിതത്തിലും വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ചിരുന്നതിനാൽ
മാതൃത്വത്തിന്റെ കവയത്രി കൂടിയായിരുന്നു.
പരമ്പരാഗതമായ വ്യവഹാരങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായ സ്ത്രീ കർതൃത്വം നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള ശ്രമമായിരുന്നു അവരുടെ കവിത.എന്നാല്‍ അവരുടെ കവിതയില്‍ വിഗ്രഹഭഞ്ജനമോ സ്ത്രീ വാദമോ പാരമ്പര്യ ലംഘനമോ ഒന്നും കാണാനാവില്ല.
ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930ലാണ് “കൂപ്പുകൈ”, “അമ്മ” (1934), “കുടുംബിനി” (1936), “സ്ത്രീഹൃദയം” (1939), “ഊഞ്ഞാലിന്‍മേല്‍” (1946), “കളിക്കൊട്ട” (1949), “പ്രണാമം” (1954), “ലോകാന്തരങ്ങളില്‍” (1955), “സോപാനം” (1958), “മുത്തശ്ശി” (1962), “മഴുവിന്‍റെ കഥ” (1966), “അമ്പലത്തില്‍” (1967), “നഗരത്തില്‍” (1968), “വെയിലാറുമ്പോള്‍” (1971), “അമൃതംഗമയ” (1978), “നിവേദ്യം” (1987), “മാതൃഹൃദയം” (1988), “ജീവിതത്തിലൂടെ” (1969), “അമ്മയുടെ ലോകം” (1952) തുടങ്ങിയവയാണ് കൃതികള്‍.
അനുഭൂതികള്‍ നിറഞ്ഞ ഓര്‍മ്മയുടെ ചൂടില്‍ തിളച്ചു കുറുകി ഉണ്ടാവുന്ന മധുരസത്തയാണ് അവര്‍ സ്വന്തം കവിതയെ വിലയിരുത്തുന്നത്. അതിനാൽത്തന്നെ ഇവരുടെ കവിതയില്‍ നിറഞ്ഞു നില്ക്കുന്നത് വാത്സല്യം/സ്നേഹം/ഗാര്‍ഹികത/മാതൃത്വം തുടങ്ങി സ്ത്രൈണ സ്വഭാവവിശേഷതകളാണ്. അതോടൊപ്പം തന്നെ ഭക്തി/ദാർശനികത/ ദേശീയത എന്നിവയുടെ ശക്തമായ അന്തര്‍ധാരയും കാണാനാകും.
1970 ൽ രാമുകാര്യാട്ട് സംവിധാനം നിർവഹിച്ച അഭയം എന്ന ചിത്രത്തിൽ ബി വസന്ത പാടിയ ‘അമ്മ തൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ’ എന്നുതുടങ്ങുന്ന ഗാനം അവരുടെ രചനയാണ്.
മുത്തശ്ശി’ക്ക് 1964ലെ കേരള സാഹിത്യഅക്കാദമിയുടെയും 1965ലെ കേന്ദ്ര സാഹിത്യഅക്കാദമിയുടെയും അവാര്‍ഡുകളും ‘അമൃതം ഗമയ’ യ്ക്ക് 1981 ലെ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അവാര്‍ഡും ‘നിവേദ്യ’ത്തിന് 1988ലെ മൂലൂര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. ആശാന്‍ പുരസ്‌ക്കാരം (1991), ലളിതാംബികാ അന്തര്‍ജ്ജന പുരസ്‌ക്കാരം(1993), വള്ളത്തോള്‍ പുരസ്‌ക്കാരം (1993), കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം (1995), സരസ്വതീ സമ്മാനം (1996), എന്‍ വി കൃഷ്ണ വാരിയര്‍ പുരസ്‌ക്കാരം (1997) എന്നീ പുരസ്‌ക്കാരങ്ങളും അവര്‍ക്ക് ലഭിച്ചു. ഇവ കൂടാതെ കേരള സാഹിത്യഅക്കാദമിയുടെ ഫെല്ലോഷിപ്പും ഭാരതസർക്കാറിൻറെ പത്മഭൂഷണ്‍ ബഹുമതിയും കിട്ടിയിട്ടുണ്ട്
അന്തരിച്ച പ്രശസ്ത കവയത്രിയുമായ കമലാ സുരയ്യാ എന്ന മാധവിക്കുട്ടി/അന്തരിച്ച ഡോക്ടര്‍ നാലാപ്പാട്ട് മോഹന്‍ദാസ്/ഡോ.ശ്യാം സുന്ദരന്‍ നായര്‍/ടാറ്റാ ടീയിലെ ഡെ.ജനറല്‍ മാനേജരായി വിരമിച്ച സി.കെ.ഉണ്ണികൃഷ്ണന്‍ നായരുടെ ഭാര്യയും എഴുത്തുകാരിയുമായ ഡോ.സുലോചന എന്നിവര്‍ മക്കളാണ്.
അഞ്ചുവര്‍ഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിൽ 2004 സെപ്റ്റംബര്‍ 29 ആം തിയതി തന്റെ 95 ആം വയസ്സിൽ അന്തരിച്ചു.
കൂടുതലും പുരുഷന്മാര്‍മാത്രം വിഹരിച്ചിരുന്ന മലയാളകാവ്യലോകത്ത് സൗമ്യമായ കാല്‍വയ്പുകളോടെ കടന്നുവന്ന മഹതിയാണ് ബാലാമണിയമ്മ. മലയാള സാഹിത്യത്തില്‍ ഇത്ര ഗംഭീരവ്യാപ്തികളോടെ കവിത രചിച്ച മഹിളകള്‍ മുമ്പോ ഇന്നോ ഇല്ല’ എന്ന് ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടത് അക്ഷരംപ്രതി ശരിയാണെന്ന് ബാലാമണിയമ്മയുടെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു.
‘ആ വിശ്വവന്ദ്യൻ തന്നാശീർ വചനങ്ങ-
ളാറ്റിലും കാറ്റിലും കേൾക്കായല്ലോ
ഇങ്ങേതു പാഴ് മരക്കൊമ്പിലും പക്ഷികൾ
സംഗീതമേളം തുടർന്നാരല്ലോ.
ഭൂമിയിൽ പച്ചപ്പും മർത്ത്യഹൃദയത്തിൽ
പ്രേമക്കുളിർമ്മയും വ്യാപിച്ചല്ലോ ‘