Editorial

ബാങ്കുകളുടെ പിടിവാശി കോവിഡ്‌ കാലത്തിന്‌ ചേര്‍ന്നതല്ല

മൊറട്ടോറിയം കാലയളവിലെ പലിശക്കു മേല്‍ പലിശ ചുമത്തുന്നത്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്‌റ്റംബര്‍ 28ന്‌ സുപ്രിം കോടതി വീണ്ടും പരിഗണിക്കുകയാണ്‌. സെപ്‌റ്റംബര്‍ 10ന്‌ കേസ്‌ പരിഗണിച്ച കോടതി വീണ്ടും വാദം കേള്‍ക്കുന്നത്‌ 28ലേക്ക്‌ മാറ്റിവെക്കുകയായിരുന്നു. കോവിഡ്‌ കാലത്തെ പ്രത്യേക സാഹചര്യത്തെ മുന്‍നിര്‍ത്തി മൊറട്ടോറിയം കാലയളവിലെ പിഴ പലിശയും പലിശക്കു മേല്‍ പലിശയും ഒഴിവാക്കണമെന്ന അപേക്ഷയാണ്‌ സുപ്രിം കോടതിക്ക്‌ മുന്നിലുള്ളത്‌. സാമ്പത്തികമായ തിരിച്ചടി മൂലം മൊറട്ടോറിയത്തിന്റെ മാര്‍ഗം സ്വീകരിക്കേണ്ടി വന്ന രാജ്യത്തെ ഒട്ടേറെ ആളുകളുടെ പലിശബാധ്യത സംബന്ധിച്ച്‌ വിധിയാണ്‌ സുപ്രിം കോടതി പുറപ്പെടുവിക്കാനിരിക്കുന്നത്‌.

2020 മാര്‍ച്ച്‌ 27ന്‌ റിസര്‍വ്‌ ബാങ്ക്‌ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ മെയ്‌ 31 വരെയുള്ള മൂന്ന്‌ മാസത്തെ കാലയളവിലേക്കാണ്‌ മൊറട്ടോറിയം ബാധകമാക്കിയത്‌. പിന്നീട്‌ ഇത്‌ ഓഗസ്റ്റ്‌ 31 വരെയുള്ള മൂന്ന്‌ മാസ കാലയളവിലേക്ക്‌ കൂടി നീട്ടിനല്‍കുകയും ചെയ്‌തു. ഇക്കാലയളവില്‍ ഇഎംഐ അടക്കാതിരുന്നാല്‍ വായ്‌പ കിട്ടാകടമായി പ്രഖ്യാപിക്കില്ലെന്നതു മാത്രമാണ്‌ മൊറട്ടോറിയം കൊണ്ടുള്ള ഗുണം. അടക്കാതിരുന്ന കാലത്തെ ഇഎംഐയുടെ പലിശക്ക്‌ മേല്‍ പലിശ ഈടാക്കുന്നതിന്‌ ബാങ്കിംഗ്‌ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ട്‌. ഫലത്തില്‍ മൊറട്ടോറിയത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ വലിയ തുക അധിക പലിശയായി നല്‍കേണ്ടി വരും. സാമ്പത്തികമായ പ്രയാസം അനുഭവിക്കുന്നവരുടെ മേല്‍ ഇത്തരത്തില്‍ അധിക പലിശ അടിച്ചേല്‍പ്പിക്കുന്നത്‌ ഒഴിവാക്കണമെന്ന ആവശ്യമാണ്‌ സുപ്രിം കോടതിയുടെ മുന്നിലുള്ളത്‌.

ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട്‌ സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന്‌ മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച തീരുമാനമെടുക്കാന്‍ രണ്ടാഴ്‌ചത്തെ സമയം അനുവദിക്കുകയാണ്‌ സെപ്‌റ്റംബര്‍ 10ന്‌ സുപ്രിം കോടതി ചെയ്‌തത്‌. തിങ്കളാഴ്‌ച വീണ്ടും ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നിലപാട്‌ അറിയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ബാങ്കുകളുടെ വായ്‌പാ ബിസിനസ്‌ എങ്ങനെ മുന്നോട്ടു പോകുമെന്നതിനെ നിര്‍ണയിക്കാന്‍ സാധ്യതയുള്ള കേസ്‌ ആയാണ്‌ ഈ ഹര്‍ജികള്‍ക്കെതിരെ നിലപാട്‌ സ്വീകരിക്കുന്ന ബാങ്കുകള്‍ ഇതിനെ കാണുന്നത്‌. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്നതു തന്നെ ബാങ്കിംഗ്‌ സംവിധാനത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണെന്നും ഇക്കാര്യത്തില്‍ അന്തിമമായ നിലപാട്‌ സ്വീകരിക്കേണ്ടത്‌ റിസര്‍വ്‌ ബാങ്കാണെന്നും ബാങ്കുകള്‍ വാദിക്കുന്നു. റിസര്‍വ്‌ ബാങ്കിന്റെ സ്വതന്ത്ര ഭരണാവകാശത്തെയും ബാങ്കിംഗ്‌ സംവിധാനത്തിന്റെ അടിസ്ഥാനങ്ങളെയും മാനിക്കാത്ത രീതിയിലാണ്‌ സുപ്രിം കോടതി ഈ ഹര്‍ജി പരിഗണിക്കുന്നതെന്നും പലിശ കണക്കാക്കുന്നതു സംബന്ധിച്ച അടിസ്ഥാനപരമായ മാനദണ്‌ഡങ്ങളുണ്ടെന്നിരിക്കെ അത്‌ ചോദ്യം ചെയ്യപ്പെടുന്നത്‌ ധനകാര്യ സേവന മേഖലയുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ തന്നെയാണ്‌ ബാധിക്കുകയെന്നും ഹര്‍ജികളോട്‌ പ്രതികൂല നിലപാട്‌ സ്വീകരിക്കുന്നവര്‍ വാദിക്കുന്നു.

ഈ വാദം മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ ശരിയാണെന്ന്‌ തോന്നാവുന്നതാണ്‌. വായ്‌പാ ബിസിനസിന്റെ അടിസ്ഥാന ഘടനയെ ചോദ്യം ചെയ്‌താല്‍ വായ്‌പാ വിതരണം തന്നെ പ്രതിസന്ധിയിലാകും. അതേ സമയം തീര്‍ത്തും അസാധാരണമായ സാഹചര്യത്തിലാണ്‌ രാജ്യത്തെ മുഴുവന്‍ വായ്‌പകള്‍ക്കും മൊറട്ടോറിയം നടപ്പിലാക്കിയതെന്ന്‌ ബാങ്കുകള്‍ തിരിച്ചറിയേണ്ടതുണ്ട്‌. കോവിഡ്‌ ഭീതിയും ലോക്‌ഡൗണും സമ്പദ്‌ഘടനക്ക്‌ ആഘാതമേല്‍പ്പിച്ചപ്പോള്‍ ജോലി ഇല്ലാതാവുകയും വരുമാനം കുത്തനെ കുറയുകയും ചെയ്‌തവരാണ്‌ ഇഎംഐ അടക്കാന്‍ കഴിവില്ലാത്തതിനാല്‍ മൊറട്ടോറിയത്തിന്റെ വഴി സ്വീകരിച്ചത്‌. അത്തരക്കാരെ താല്‍ക്കാലിക ഒഴിവ്‌ നല്‍കിയതിന്റെ പേരില്‍ വീണ്ടും പിഴിയുകയല്ല ബാങ്കുകള്‍ ചെയ്യേണ്ടത്‌. പിഴയും പലിശക്കു മേല്‍ പലിശയും ഈടാക്കിയേ അടങ്ങൂവെന്ന്‌ ബാങ്കുകള്‍ വാശിപിടിക്കുന്നത്‌ മനുഷ്യത്വരഹീതമായ സമീപനമാണ്‌. കോവിഡ്‌ കാലത്ത്‌ പല നിഷ്‌കര്‍ഷകളിലും അയവ്‌ വരുത്തേണ്ടി വരുമെന്നും ഉദാരമായ സമീപനം സ്വീകരിക്കേണ്ടി വരുമെന്നും വായ്‌പാ ബിസിനസിന്റെ അടിസ്ഥാന ഘടനയെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ബാങ്കിംഗ്‌ വിദഗ്‌ധര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.

കോര്‍പ്പറേറ്റുകള്‍ വരുത്തിവെക്കുന്ന കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ പെടാപാട്‌ പെടുന്ന ബാങ്കുകളാണ്‌ സാധാരണക്കാരന്‌ അനുവദിച്ച മൊറട്ടോറിയം കാലയളവിലെ പലിശക്കു മേല്‍ പലിശ ചുമത്തിയേ പറ്റൂവെന്ന്‌ വാദിക്കുന്നത്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ വായ്‌പ അനുവദിക്കുമ്പോള്‍ നിബന്ധനകളിലും നിഷ്‌കര്‍ഷകളിലും വെള്ളം ചേര്‍ക്കാന്‍ മടിയില്ലാത്ത ബാങ്കുകളാണ്‌ പിന്നീട്‌ കിട്ടാകടത്തിന്റെ ഭാരം മൂലം വലയുന്നത്‌. അങ്ങനെയുള്ള ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ സാധാരണക്കാരന്‌ മറ്റൊരു നീതി എന്ന നിലപാട്‌ എടുക്കുന്നത്‌ ശരിയല്ല. ഇക്കാര്യത്തില്‍ യുക്തിബോധത്തോടെയും മാനുഷിക പരിഗണനയോടെയുമുള്ള ഇടപെടലാണ്‌ സുപ്രിം കോടതിയുടെ ഭാഗത്തു നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.