Editorial

ഫയലുകളില്‍ ജീര്‍ണിക്കുന്ന ജീവിതങ്ങള്‍ മുഖ്യമന്ത്രി കാണാതെ പോകരുത്‌

ഏതാണ്ട്‌ ഒരു മാസം മുമ്പാണ്‌ പ്രശസ്‌ത ആര്‍ക്കിടെക്‌ട്‌ പത്മശ്രീ ശങ്കറിന്റെ ഹാബിറ്റാറ്റ്‌ എന്ന സ്ഥാപനം പണികഴിപ്പിച്ച സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കുടിശികയായ കോടികള്‍ കിട്ടാത്തത്‌ മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്‌. സാമൂഹ്യ മാധ്യമം വഴി പങ്കു വെച്ച ഒരു വീഡിയോയിലൂടെ ശങ്കര്‍ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഈ വീഡിയോ പുറത്തു വന്ന്‌ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വെളിപ്പെടുത്തലുകളോട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി അതൃപ്‌തി അറിയിച്ചിരിക്കുന്നു. എന്നാല്‍ ശങ്കറിന്റെ പരാതി പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന്‌ വ്യക്തമാക്കിയിട്ടുമില്ല.

ശങ്കര്‍ പരാതി പൊതുവായി ചര്‍ച്ച ചെയ്‌തതിലാണ്‌ മുഖ്യമന്ത്രിക്ക്‌ അതൃപ്‌തി. കുടിശിക കിട്ടാനുണ്ടെങ്കില്‍ അത്‌ ബന്ധപ്പെട്ടവരെ അഅറിയിക്കുകയാണ്‌ ചെയ്യേണ്ടതെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. തീര്‍ത്തും ഉദാസീനവും അലക്ഷ്യവുമായ ഒരു പ്രസ്‌താവനയാണ്‌ ഇത്‌. ഹാബിറ്റാറ്റ്‌ പോലുള്ള ഒരു പ്രസ്ഥാനം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം മൂലം നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത്തരമൊരു പ്രസ്‌താവനക്ക്‌ അദ്ദേഹം മുതിരില്ലായിരുന്നു.

ബന്ധപ്പെട്ടവരെ പല തവണ അറിയിച്ചതിനു ശേഷവും കുടിശിക ലഭിക്കാത്തതു മൂലം നിവൃത്തിയില്ലാതായ ഘട്ടത്തിലാണ്‌ ശങ്കര്‍ സാമൂഹ്യ മാധ്യമം വഴി തന്റെ ദുരവസ്ഥ പൊതുജനങ്ങളെ അറിയിച്ചതെന്ന്‌ അദ്ദേഹത്തിന്റെ വീഡിയോയില്‍ നിന്ന്‌ വ്യക്തമാണ്‌. സര്‍ക്കാരുമായോ ബ്യൂറോക്രസിയുമായോ അങ്കം കുറിക്കുകയോ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യമൊന്നും മൃദുഭാഷിയായ ശങ്കറിന്‌ ഉണ്ടാകാനിടയില്ല. പദ്ധതികള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിശിക തീര്‍ത്തു നല്‍കുന്നില്ലെന്നും കിട്ടാനുള്ള പണം എങ്ങനെ നല്‍കാതിരിക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തിയ കുറെ പേരെ തനിക്കറിയാമെന്നുമാണ്‌ ശങ്കര്‍ വീഡിയോയില്‍ പറഞ്ഞത്‌.

ബന്ധപ്പെട്ടവരോട്‌ പല വട്ടം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനം ലഭിക്കാത്തത്‌ മൂലം പൊതുജനശ്രദ്ധ ആകര്‍ഷിക്കാനായി ശങ്കര്‍ നടത്തിയ പ്രസ്‌താവനയുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി പ്രവര്‍ത്തിക്കുകയാണ്‌ ഒരു ഭരണാധികാരി ചെയ്യേണ്ടത്‌. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്‌ എന്ന്‌ മുമ്പ്‌ പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണ്‌ ഹാബിറ്റാറ്റിലെ ജീവനക്കാരുടെയും ആ പ്രസ്ഥാനത്തിന്റെയും ജീവിതം പ്രതിസന്ധിയിലാകുന്നത്‌ കാണാതെ പോകുന്നത്‌? അര്‍ഹതയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പിന്‍വാതില്‍ നിയമനം തരപ്പെടുത്തി കോടികള്‍ ശമ്പളം വാങ്ങുന്ന നാട്ടിലാണ്‌ ചെലവ്‌ കുറഞ്ഞതും അതേ സമയം ഈടുറ്റതും സൗകര്യപ്രദവുമായ കെട്ടിട നിര്‍മാണം എന്ന ആശയത്തെ മുന്‍നിര്‍ത്തി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം മൂലം പ്രതിസന്ധിയിലാകുന്നത്‌.

ഹാബിറ്റാറ്റ്‌ ഒരു സാധാരണ നിര്‍മാണ പ്രസ്ഥാനമല്ല. ലാറി ബേക്കറിന്റെ സര്‍ഗാത്മകമായ നിര്‍മാണ രീതിയെ പിന്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ശിഷ്യനായ ശങ്കര്‍ രൂപം കൊടുത്ത ഈ പ്രസ്ഥാനം കേരളത്തിലെ കെട്ടിട നിര്‍മാണ മേഖലയില്‍ വേറിട്ട സ്ഥാനമാണ്‌ അടയാളപ്പെടുത്തിയിരിക്കുന്നത്‌. ചെലവ്‌ കുറഞ്ഞതും അതേ സമയം സൗകര്യപ്രദവും പ്രകൃതിയോട്‌ ചേര്‍ന്നുനില്‍ക്കുന്നതും മനോഹരവുമായ നിര്‍മിതികളിലൂടെ പുതിയ പരീക്ഷണ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തിയ പ്രതിഭാശാലിയാണ്‌ ശങ്കര്‍. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ കടക്കെണിയിലേക്ക്‌ തള്ളിവിടുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരെയാണ്‌ മുഖ്യമന്ത്രി സംസാരിക്കുകയും നിലപാട്‌ എടുക്കുകയും ചെയ്യേണ്ടത്‌. `പണം കൊടുക്കാനും കിട്ടാനുമൊക്കെയുണ്ടാകും’ എന്ന്‌ പറഞ്ഞ്‌ ഈ പ്രശ്‌നത്തെ ലഘൂകരിക്കുന്ന മുഖ്യമന്ത്രി `ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്‌’ എന്ന നേരത്തെയുള്ള തിരിച്ചറിവില്‍ നിന്നും ഏറെ ദൂരത്താണ്‌ നില്‍ക്കുന്നത്‌. ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തില്‍ നിന്ന്‌ ഈ സംസ്ഥാനത്തിന്റെ വികസനത്തെ രക്ഷപ്പെടുത്തിയെടുക്കാന്‍ ഭരണാധികാരികളുടെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.