Features

പേക്രോം പേക്രോം തവളകള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികള്‍ എന്നു വിളിക്കുന്നത്. തവളകള്‍ ഈ ഗണത്തില്‍ പെട്ടതാണ്. തവളയുടെ രണ്ടു ജോഡി കാലുകളില്‍ പിന്‍കാലുകള്‍ക്കാണ് മുന്‍കാലുകളെ അപേക്ഷിച്ച് നീളം കൂടുതല്‍. ആണ്‍ തവളകളെക്കാള്‍ പെണ്‍ തവളകള്‍ക്കാണ് വലുപ്പം കൂടുതല്‍. തവളയെ പിടിക്കുന്നവര്‍ വലുപ്പമുള്ള പെണ്‍ തവളകളെ മാത്രമേ കൂടുതലും പിടിക്കൂ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തവളക്കാല്‍ ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ചൈനയില്‍ ഉണക്കിയ തവളകളെ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ജപ്പാനിലും മറ്റും നേര്‍ത്ത തോലിനു പകരമായി പേക്കാന്തവളയുടെ ചര്‍മം ഉപയോഗിക്കുന്നു. 1987ല്‍ തവള കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 1972ലെ വനസംരക്ഷണ നിയമത്തിന്‍റെ പിന്‍ബലത്തിലായിരുന്നു നടപടി. തവളകളുടെ വംശനാശം തടയാന്‍ സമഗ്രപദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി.

നമ്മുടെ നാട്ടില്‍ നിന്ന് കടല്‍ മത്സ്യ കയറ്റുമതി നടത്തിയിരുന്ന, വി ടി ജോസഫ്, ആര്‍ മാധവന്‍നായര്‍ തുടങ്ങി ഒരു ഡസനിലേറെ കടല്‍ മത്സ്യ കയറ്റുമതിയില്‍ ബിസിനസ് നടത്തിയവരുണ്ടായിരുന്നു. വിദേശ വിപണിയില്‍ പ്രിയപ്പെട്ട തവള കാലുകള്‍ കയറ്റുമതി ചെയ്ത് തുടങ്ങിയതോടെ ഈ രംഗത്ത് വലിയ ഉണര്‍വുണ്ടായി. തവള വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ വരെ അക്കാലത്ത് ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. തവള കാലുകള്‍ കയറ്റുമതി നിരോധിക്കും വരെ ഈ രംഗത്ത് എല്ലാവരും സജീവമായിരുന്നു. തവള പിടുത്ത തൊഴിലാളി യൂണിയനും കേരളത്തില്‍ ഉണ്ടായിരുന്നു. തവള പിടുത്തം നിരോധിച്ചപ്പോള്‍ തവളകളെ പിടിച്ചു കൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം വരെ ഉണ്ടായിരുന്നു. ഈ രംഗത്ത് വിജയം കൈവരിച്ച ആര്‍ മാധവന്‍നായര്‍ നിര്‍മ്മിച്ചതാണ് ഇടപ്പള്ളി കളമശ്ശേരി ഹൈവേയ്ക്ക് സമീപം പത്തടി പാലത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര മ്യൂസിയം. വി ടി ജോസഫ് പ്രശസ്തമായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ വാങ്ങി വിടിജെ ഫിലിം സിറ്റി നിര്‍മ്മിച്ചു.

ജന്തുശരീരത്തിന്‍റെ ഘടനയും പ്രവര്‍ത്തനക്രമവും മനസ്സിലാക്കാനുള്ള പഠനങ്ങള്‍ക്ക് തവളകളെ ഉപയോഗപ്പെടുത്തിയിരുന്നു. 2000 ന് മുന്‍പായി അതിനും നിരോധനം വന്നു. ഒരു തവളയ്ക്ക് 20 രൂപ വരെ കോളേജുകള്‍ നല്‍കിയിരുന്നു. ത്യക്കാക്കര ഭാരത മാതാ കേളേജിലെ സുവോളജി ലാമ്പില്‍ മാത്രം ഒരു ദിവസം പ്രാക്റ്റിക്കല്‍ ക്ലാസിന് നൂറ് തവളകളെ വരെ ആവശ്യമായി വന്നിരുന്നു. ഭക്ഷണത്തിനും ഗവേഷണാവശ്യങ്ങള്‍ക്കുമായി തവളകളെ കൊന്നൊടുക്കുന്നത് വന്‍തോതില്‍ തവളകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് തവളകളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാടശേഖരങ്ങളിലും മറ്റും കീടനാശിനിയുടെ കൂടിയ തോതിലുള്ള ഉപയോഗവും തവളകള്‍ ചത്തൊടുങ്ങുന്നതിന് കാരണമായിരുന്നു.

ത്യക്കാക്കരയില്‍ എന്നല്ല മറ്റ് പ്രദേശങ്ങളിലും കുറച്ച് ആളുകള്‍ക്ക് വരുമാനമുണ്ടാക്കിയ ഒന്നായിരുന്നു തവള പിടുത്തം. ഒരു പെട്രോമാക്സും, ചാക്കും മാത്രമാണ് മുതല്‍ മുടക്ക്. തോപ്പില്‍ ഉണ്ടായിരുന്ന ആന്‍റണി എന്ന വ്യക്തി ആളുകളെ വിട്ട് തവളകളെ പിടിച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രധാന വരുമാനമുള്ള തെഴിലായിരുന്നു തവളപിടുത്തം. തവളകളെ തരം തിരിച്ച് പിടിച്ച് കൊണ്ടു വരുന്നവര്‍ക്ക് മൊത്ത കച്ചവടക്കാരന്‍ പണവും നല്‍കും. ത്യക്കാക്കര പൈപ്പ് ലൈന്‍ കവല, തോപ്പില്‍ കവല തുടങ്ങിയ പ്രദേശങ്ങളില്‍ തവള കാലുകള്‍ കൊണ്ടു പോകാന്‍ എസൈുകള്‍ ഇട്ട പ്രത്യേക വണ്ടി വരുമായിരുന്നു. തവള വാഹനത്തിനായി തവള കാലുകള്‍ ഇട്ട ചാക്കുമായി ഏജന്‍റുമാര്‍ കാത്തിരിക്കും.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തവള കാലുകളുടെ രുചിയെ കുറിച്ച് പലരും പറഞ്ഞ് കേട്ടിരുന്നു. ചെറുപ്പത്തിന്‍റെ ആവേശം കാരണം അത് പരീക്ഷിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ തീരുമാനിച്ചു. റിഷാദ് റഹ്മാന്‍, സുരേഷ് കുമാര്‍, വിരുപ്പുകാട് നിന്ന് സുരേഷ്, ഗിരീഷ്, രാജേഷ്, പിന്നെ ലേഖകനുമായിരുന്നു തവളയെ പിടിക്കാന്‍ ഇറങ്ങിയിരുന്നത്. ടോര്‍ച്ചും ചാക്കുകളുമായിരുന്നു കരുതല്‍ ആയുധം. ഒരിക്കല്‍ മൂന്ന് ചാക്ക് തവളകളെ എല്ലാവരും ചേര്‍ന്ന് പിടിച്ചത് ഓര്‍ക്കുന്നു. അത്തവണ ഒരു ചാക്ക് പുലര്‍ച്ചെ കാലിയായി കണ്ടു. ചാക്കിന്‍റെ കെട്ടഴിഞ്ഞ് തവളകള്‍ രക്ഷപെട്ടു. ത്യക്കാക്കരയിലെ ഒട്ടുമിക്ക പാടങ്ങളിലും തവളയെ പിടിക്കാന്‍ പോയത് ഇന്ന് ഞെട്ടലാണ്. ഒരു തവണയല്ല, പല തവണകളായി ഈ ഒരു ഉദ്യമം ചെയ്തിട്ടുണ്ട് എന്ന് ഇപ്പോള്‍ വ്യസനത്തോടെ ഓര്‍ക്കട്ടെ. എന്ത് മാത്രം പരിസ്ഥിതി ആഘാതമാണ് അന്ന് കാട്ടിയത്…?

ത്യക്കാക്കരയിലും കളമശ്ശേരിയിലും ഏക്കറ് കണക്കിന് പാടങ്ങളുണ്ടായിരുന്നു. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാടങ്ങള്‍ നികത്തപ്പെട്ടത് ത്യക്കാക്കര, കളമശ്ശേരി മുനിസിപ്പാലിറ്റികളിലാണ്. എല്ലാം ഭൂമാഫിയ നിരത്തി കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍ പണിതു. പുതിയ തലമുറയിലുള്ളവര്‍ തവളകളുടെ പേക്രോം പേക്രോം എന്ന കരച്ചില്‍ കേട്ടിട്ടുണ്ടാകുമോ എന്ന് സംശയിക്കണം. വെള്ളം കെട്ടുന്നതും, കൊതുകുകള്‍ പെരുകുന്നതും പാടം നികത്തിയതും തവളകളുടെ അപ്രത്യക്ഷമാകലുമായി കൂട്ടി വായിക്കണം.

ഗോവയിലെ ചില റെസ്റ്റോറന്‍റുകളില്‍ 2019ല്‍ പോലും ജംപിങ്ങ് ചിക്കന്‍ എന്ന പേരില്‍ തവള കാലുകള്‍ പാചകം ചെയ്ത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ മാംസ കടകളില്‍ 1985 വരെ തവള കാലുകള്‍ വില്‍പ്പനയ്ക്ക് വരുമായിരുന്നു. 2019ല്‍ തവളകളെ പിടിച്ച നാലു പേരെ എറണാകുളം ജില്ലയില്‍ അറസ്റ്റ് ചെയ്തതായി വാര്‍ത്ത വായിച്ചപ്പോഴും പഴയ കാര്യങ്ങള്‍ ഓര്‍ത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.