ഐ. ഗോപിനാഥ്
രാജ്യത്തിനു പുറത്തേക്കെന്ന പോലെ ഇന്ത്യക്ക കത്തുള്ള മഹാനഗരങ്ങളിലേക്കുമുളള കുടിയേറ്റങ്ങളുടെ ചരിത്രമാണല്ലോ മലയാളികളുടേത്. അതിപ്പോഴും തുടരുകയാണ്. കുടിയേറുന്ന രാജ്യങ്ങളും നഗരങ്ങളും മാറുന്നു എന്നു മാത്രം. ഒരു കാലത്ത് ഒരാചാരം പോലെ പഠിപ്പുകഴിഞ്ഞാല്‍ മലയാളികള്‍ കുടിയേറിയിരുന്ന നഗരമായിരുന്നു ബോംബെ എന്ന ഇന്നത്തെ മുംബൈ.
ജയന്തി ജനത വി ടി സ്റ്റേഷനിലെത്തുമ്പോള്‍ തന്നെ അവരില്‍ പലര്‍ക്കും ജോലിയും ലഭിക്കുമായിരുന്നു. ഗള്‍ഫിലേക്കുള്ള യാത്രയുടെ ഇടത്താവളവും മുംബൈയായിരുന്നതിനാല്‍ ഈ കുടിയേറ്റം അതിശക്തമായി. പതിറ്റാണ്ടുകള്‍ നീണ്ട ഈ ചരിത്രം പക്ഷെ ഏറെക്കുറെ അവസാനിച്ചു എന്നു തന്നെ പറയാം. മലയാളികളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം ബാംഗ്ലൂരും അതുവഴി അമേരിക്കയും യൂറോപ്പുമൊക്കെയായി മാറിയല്ലോ. ഐ ടി രംഗത്ത് ഹൈദരബാദിനോളവും ബാംഗ്ലൂരിനോളവുമൊന്നും മുംബൈ വളരാതിരുന്നതാണ് അതിനു പ്രധാന കാരണം. ഇപ്പോള്‍ മുംബൈയിലുള്ള മലയാളികളില്‍ മഹാഭൂരിഭാഗവും അക്കാലത്ത് എത്തിചേര്‍ന്നവരും അവരുടെ പിന്‍തലമുറകളുമാണ്. പിന്‍തലമുറകള്‍ക്ക് നാടുമായി കാര്യമായ ബന്ധമൊന്നുമില്ല. ആയിരങ്ങള്‍ തിരിച്ചു പോകുകയും ചെയ്തു. പതുക്കെ പതുക്കെ മുംബൈ മലയാളികള്‍ക്ക് അന്യമായി കൊണ്ടിരിക്കുകയാണ്.;
ഒരു കാലത്ത് തകര്‍ന്നു തരിപ്പണമാകുമെന്നു കരുതപ്പെട്ട കേരളത്തിന്റെ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തിയത് പ്രവാസികളാണല്ലോ. അതില്‍ രാജ്യത്തെ മഹാനഗരങ്ങളിലുള്ളവര്‍ക്കും വലിയ പങ്കുണ്ട്. സാമ്പത്തികമായി മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മേഖലകളിലും അവരുടെ പങ്കാളിത്തം ചെറുതല്ല. എന്നാല്‍ അത്തരമൊരു തലമുറ അതിന്റെ അവസാന കാലഘട്ടങ്ങളില്‍ കൂടി കടന്നു പോകുകയാണെന്നും ഇതോടൊപ്പം പറയേണ്ടിവരും. ആ കണ്ണികളില്‍ അധികം പേര്‍ ഇനിയും അവശേഷിച്ചിട്ടുണ്ടെന്നു പറയാനാകില്ല. അതില്‍ ഏറെ പ്രധാനപ്പെട്ട സാംസ്‌കാരിക വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച തിലകേട്ടന്‍ എന്നറിയപ്പെട്ടിരുന്ന ഇ ഐ എസ് തിലകന്‍. കേരളത്തിലായിരുന്നെങ്കില്‍ നമ്മുടെ ധൈഷനിക കരംഗത്തെ ഒരു അടയാളമായി മാറുമായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകരിലുമെത്താതിരിക്കില്ലല്ലോ. ആ അലയൊലികളുടെ നേതൃത്വം സാംസ് കാരിക രംഗത്ത് ഏറ്റെടുത്തവരില്‍ പ്രമുഖനായിരുന്നു ഇ ഐ എസ് തിലകന്‍. തൃശൂര്‍ സ്വദേശിയായ തിലകന്‍ അന്ന് മുംബൈയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഒരുപാട് സംഭവവികാസങ്ങളോടെ കടന്നുപോയ അദ്ദേഹത്തിന്റെ 50 വര്‍ഷത്തില്‍പരം നീണ്ടുനിന്ന രാഷ്ട്രീയ – സാംസ്‌കാരിക ജീവിതത്തിനാണ് കഴിഞ്ഞ ദിവസം തിരശീല വീണത്.
ഡെക്കോറ (DECORA – Democratic Cultural Orgnisation for Revolutionary Alignment) എന്ന സാംസ്‌കാരിക സംഘടനയായിരുന്നു പ്രധാനമായും തിലകന്റെ പ്രവര്‍ത്തനമേഖല.
സി പി ഐ എം എല്‍ ന്റെ സാംസ്‌കാരിക വിങ്ങെന്ന രീതിയില്‍ തന്നെയായിരുന്നു ഡെക്കോറയുടെ പ്രവര്‍ത്തനം. മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ ഡെക്കോറക്ക്
യൂണിറ്റുകള്‍. സംഘഗാനമെന്ന പേരില്‍ മാസികാപ്രസിദ്ധീകരണം. ”നീ നിന്റെ രക്തത്തെ കണ്ടെത്തൂ, തിരിച്ചറിയൂ, സംഘം ചേരൂ” എന്ന വാചകമായിരുന്നു മാസികയുടെ കവറിലടച്ചിരുന്നത്. തിരുത്തല്‍ വാദത്തിനെതിരെ നക്‌സലൈറ്റ് പ്രസ്ഥാനം സൃഷ്ടിച്ച ഉണര്‍വ്വിനു സമാന്തരമായി സാംസ്‌കാരിക മേഖലയിലുണ്ടായ ചലനങ്ങള്‍ മുംബൈമലയാളികള്‍ക്കിടയില്‍ അതിശക്തമായി തന്നെ പ്രതിഫലിച്ചു, മുഖ്യമായും സിപിഎമ്മുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരും ഡെക്കോറ പ്രവര്‍ത്തകരും തമ്മിലുള്ള സംവാദങ്ങളായി രുന്നു വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. ഈ വശത്തെ ധൈഷണിക നേതൃത്വം തിലകനായിരുന്നെങ്കില്‍ മറുവശത്ത് ഹരിഹരന്‍ പൂഞ്ഞാറായിരുന്നു. ഹരിഹരന്‍ പൂഞ്ഞാറും പി. ഗോവിന്ദപിള്ളയും സച്ചിദാനന്ദനുമടക്കമുള്ളവരുമായി തിലകന്‍ നടത്തിയ മാര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്ര സംവാദങ്ങള്‍ അക്കാലത്തു മലയാളത്തിലെ പല മാസികകളിലും പ്രസിദ്ധീകരിച്ചിരുന്നു.
സ്വന്തമായി ഓഫീസില്ലാതിരുന്ന ഡെക്കോറയുടെ പ്രധാന ആസ്ഥാനം തിലകന്റെ ഘാട്ട്കൂപ്പറിലെ വസതി തന്നെയായിരുന്നു. ഇടക്കിടെ മുംബൈയിലെത്തിയിരുന്ന കെ വേണു, കെ എന്‍ രാമചന്ദ്രന്‍, എം എം സോമശേഖരന്‍ തുടങ്ങിയവരൊക്കെ അവിടെ എത്തിയിരുന്നു. മുരളി കണ്ണമ്പിള്ളി അന്നു മുംബൈയില്‍ തന്നെയായിരുന്നു. അതിനിടെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഡെക്കോറ ഏറെക്കുറെ കെ വേണു നേതൃത്വം നല്‍കിയ സി ആര്‍ സി സിപിഐ എം എല്‍ വിഭാഗത്തിനൊപ്പമായിരുന്നു. അതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. സ്പാര്‍ട്ടക്കസ്. അമ്മ, പടയണി, ചിലി 73, സൂര്യവേട്ട, കയ്യൂര്‍ ഗാഥ തുടങ്ങിയ നാടകങ്ങള്‍ ഡെക്കോറ അവതരിപ്പിച്ചു. ജോസ് ചിറമലടക്കമുള്ളവര്‍ നാടകം ചെയ്യാനായി മുംബൈയിലെത്തി. വിവിധ ഭാഗങ്ങളില്‍ കവിയരങ്ങുകള്‍ സജീവമായി. സമാജങ്ങള്‍ സംഘടിപ്പിച്ചിരുന്ന പല പരിപാടികളും ഡെക്കോറ പ്രവര്‍ത്തകുടെ ഇടപെടലുകളാല്‍ സജീവമായി. പുതിയ ആശയങ്ങളോടും നിലപാടുകളോടും
ക്രിയാത്മമായാണ് ഡെക്കോറ പ്രതികരിച്ചത്. അങ്ങനെയാണ് ഫെമിനിസ്റ്റ് പതിപ്പ് എന്നച്ചടിച്ച കവറുമായി ഇറങ്ങിയ ആദ്യമലയാള പ്രസിദ്ധീകരണം സംഘഗാനമായത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം മുംബൈയില്‍ അവതരിപ്പിച്ചപ്പോൾ ഉണ്ടായ സംഘര്‍ഷാവസ്തയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി ഡെക്കോറ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
രാഷ്ട്രീയമായ കാരണങ്ങളാല്‍ സി ആര്‍ സി സിപിഐ എംഎല്‍ പിരിച്ചുവിട്ടത് സ്വാഭാവികമായും ഡെക്കോറയുടെ പ്രവര്‍ത്തനങ്ങളേയും ഏറെ ബാധിച്ചു. കുറെകാലം കൂടി പ്രവര്‍ത്തിച്ചെങ്കിലും താമസിയാതെ സംഘടന നിര്‍ജ്ജീവമായി. പക്ഷെ തിലകന് നിര്‍ജ്ജീവമാകാന്‍ കഴിയുമായിരുന്നില്ല. കവിതകളും ചര്‍ച്ചകളും സാംസ്ാകരിക ഇടപെടലുകളുമായി അദ്ദേഹം മുംബൈ മലയാളികളുടെ സാംസ്‌കാരിക ശബ്ദമായി. കവിതകളുടെ കുത്തൊഴുക്കിന്റെ കാലമായിരുന്നു പിന്നീട്. കവിയരങ്ങുകളിലെ പ്രധാന ശബ്ദം അദ്ദേഹത്തിന്റേതായി.
കവിയരങ്ങുകള്‍ക്കൊപ്പം നടന്നിരുന്ന ചര്‍ച്ചകളെ രാഷ്ട്രീയവും സാസ്‌കാരികവുമായ ഇടപെടലുകളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഒപ്പം വിശാലകേരളം, നഗരകവിത എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായി. അവതാരികകളും ലേഖനങ്ങളുമായി വിവധ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. വിവിധ പരിപാടികള്‍ക്കായി കേരളത്തില്‍ നിന്നെത്തുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ തിലകന്റെ വസതിയിലെ സന്ദര്‍ശകരായിരുന്നു. കെ ജി ശങ്കരപിള്ള, സച്ചിദാനന്ദന്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം ഏറെ ആഴത്തിലുള്ളതായിരുന്നു.
അതിനിടയില്‍ രാജ്യത്തുണ്ടായ രാഷ്ട്രീയചലനങ്ങള്‍ ഏറെ പ്രത്യാഘതാമുണ്ടാക്കിയ നഗരമായി മുംബൈ മാറിയിരുന്നു. സ്‌ഫോടനങ്ങളും വംശീയകൊലകളും മുംബൈയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കി. അതോടൊപ്പം ഹിന്ദുത്വരാഷ്ട്രീയവും ശക്തമായി. മലയാളി സംസ്‌കാരിക രംഗത്തും അക്കൂട്ടര്‍ സജീവമായി. മറുവശത്ത് ആഗോളവല്‍ക്കരണനയങ്ങള്‍ ഉണ്ടാക്കിയ ദുരന്തങ്ങളും ഏറ്റവും പ്രതികൂലമായി മുംബൈയെ ബാധിച്ചു. അതോടെ ഇടതുപക്ഷത്തെ രാഷ്ട്രീയ സാംസ്‌കാരിക സമരങ്ങള്‍ എന്നതില്‍ നിന്ന് വര്‍ഗ്ഗീയതക്കും ആഗോളവല്‍ക്കരണത്തിനുമെതിരായ വിശാലസഖ്യം എന്ന നിലയിലേക്ക് തിലകന്റേയും രാഷ്ട്രീയ – സാംസ്‌കാരിക നിലപാടുകള്‍ മാറുകയായിരുന്നു. അതൊടൊപ്പം പഴയ പല സഹപ്രവര്‍ത്തകരും മാര്ക്‌സിസത്തോടു തന്നെ വിട പറഞ്ഞപ്പോഴും അതിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം മരണം വരേയും ഇല്ലാതായില്ല.
ശവനിലം എന്ന പേരില്‍ തിലകന്റെ ഒരു കവിതാസമാഹാരം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് തിലകന്റെ സമ്പൂര്‍ണ്ണ കവിതകളുടെ സമാഹാരമിറങ്ങിയത് 2018ലായിരുന്നു. ഡി സി ബുക്‌സായിരുന്നു പ്രസാധകര്‍. പുസ്തകത്തിന് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും കെ ജി ശങ്കരപിള്ളയായിരുന്നു. അതിനോട അനുബന്ധിച്ച് മുംബൈയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ഏറെക്കുറെ തിലകന്റെ സാംസ്‌കാരിക ഇടപെടലുകളുടെ അവസാനമായിരുന്നു അത്. തുടര്‍ന്ന് അദ്ദേഹം രോഗബാധിതനായി . പിന്നാലെ കൊവിഡ് താണ്ഡവം തുടങ്ങി. മുംബൈ ഏറെക്കുറെ നിശ്ചലമായി. ഒരുകാലത്ത് മലയാളിയുടെ ഇഷ്ടനഗരത്തില്‍ മാക്കാനാവാത്ത ഒരുപാട് സാംസ്‌കാരിക ചിഹ്നങ്ങള്‍ ബാക്കിവെച്ച് ഇപ്പോഴിതാ തിലകനും മഹാമാരിക്കു കീഴടങ്ങിയിരിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.