Editorial

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുകളിൽ അവിശുദ്ധ കൂട്ടുകെട്ട്

വിവാദങ്ങള്‍ക്ക്‌ വഴിവെക്കുന്നതാണ്‌ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ 50 വര്‍ഷത്തേക്ക്‌ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം. ജയ്‌പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കാനാണ്‌ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്‌ എന്നത്‌ വിവാദനീക്കത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ലാഭക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (സിയാല്‍) നേടിയ സാമ്പത്തിക വിജയം മുന്‍നിര്‍ത്തിയാണ്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നത്‌. വിമാനത്താവള നടത്തിപ്പിനായി അദാനി ഗ്രൂപ്പ്‌ രൂപവല്‍ക്കരിച്ച കമ്പനിക്ക്‌ സമാനമായ ടെണ്ടര്‍ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഈ ആവശ്യം നിഷേധിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌.

പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം എന്ന ആശയം എത്രത്തോളം ഫലപ്രദമാക്കാമെന്നതിന്‌ മികച്ച ഉദാഹരണമാണ്‌ കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളം. അന്താരാഷ്‌ട്ര ട്രാഫിക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളമാണ്‌ സിയാല്‍. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തീര്‍ത്തും ബാലന്‍സ്‌ഡ്‌ ആയിട്ടാണ്‌ സിയാലിന്റെ ഉടമസ്ഥതയില്‍ നിര്‍വഹിച്ചിരിക്കുന്നത്‌. 30 രാജ്യങ്ങളില്‍ നിന്നായി 19,500 ഓഹരി ഉടമകളാണ്‌ സിയാലിനുള്ളത്‌. കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ളത്‌ 33.6 ശതമാനം ഓഹരി പങ്കാളിത്തമാണ്‌. ഓഹരി പങ്കാളിത്തം 50 ശതമാനത്തിന്‌ താഴെയാണെങ്കിലും സര്‍ക്കാരിന്‌ എല്ലാ നിയന്ത്രണാധികാരവും സിയാലിന്‌ മുകളിലുണ്ട്‌.

എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള 90 ശതമാനം വിമാനത്താവളങ്ങളും നഷ്‌ടത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ വരുമാനം ഉയര്‍ത്തുന്നതിനായി ചില വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ നടത്തിപ്പിന്‌ നല്‍കാന്‍ തീരുമാനിച്ചത്‌. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളും നഷ്‌ടത്തിലോടുമ്പോള്‍ മികച്ച ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ്‌ സിയാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 204.5 കോടി രൂപയാണ്‌ സിയാലിന്റെ ലാഭം. 22.5 ശതമാനം ലാഭവളര്‍ച്ചയാണ്‌ 2019-20ല്‍ കമ്പനി കൈവരിച്ചത്‌. ഇത്രയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ മാതൃകയില്‍ മറ്റൊരു കമ്പനി എന്ന ലക്ഷ്യത്തോടെയാണ്‌ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ രൂപീകരിച്ചത്‌. നടത്തിപ്പ്‌ ഏല്‍പ്പിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ സിയാല്‍ മാതൃകയുടെ വിജയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനാണ്‌ പ്രഥമ പരിഗണന നല്‍കേണ്ടിയിരുന്നത്‌. പക്ഷേ അതല്ലയുണ്ടായത്‌.

കേന്ദ്ര സര്‍ക്കാരും ചില കമ്പനികളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ തീവ്രമാകുന്നതിന്റെ മറ്റൊരു ഉദാഹരണമായി വേണം ഈ നടപടിയെ കാണേണ്ടത്‌. സംസ്ഥാന സര്‍ക്കാരിന്റൈ അപേക്ഷ തള്ളി അദാനി ഗ്രൂപ്പിന്റെ കമ്പനിക്ക്‌ വിമാനത്താവള ചുമതല ഏല്‍പ്പിക്കാന്‍ മാത്രം എന്ത്‌ മെറിറ്റാണ്‌ ആ കമ്പനിക്കുള്ളത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഈ ഇടപാട്‌ റഫാല്‍ വിമാന കരാറിനോട്‌ അനുബന്ധിച്ച്‌ വിമാന നിര്‍മാണ മേഖലയില്‍ യാതൊരു ട്രാക്ക്‌ റെക്കോഡുമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിക്ക്‌ നിര്‍മാണ ചുമതല നല്‍കിയതിന്‌ സമാനമാണ്‌.

ലാഭത്തിൽ പ്രവർത്തിക്കുന്ന 6 എയർ പോർട്ടുകളിലൊന്നാണ് തിരുവനന്തപുരം.

പണലഭ്യതയിലെ കുറവ് കൊണ്ട് പറഞ്ഞതിന്റെ പകുതി പോലും ജോലി തീർക്കാതെ ഇട്ടിരിക്കുന്ന വിഴിഞ്ഞം പ്രോജക്ടിന്റെ ഉടമയെ തന്നെ തിരുവനന്തപുരം എയർപോർട്ടും ഏൽപ്പിച്ചതിന്റെ പുറകിലെ തീരുമാനം തികച്ചും ദുരൂഹമാണ്.
ടെണ്ടർ വിളിച്ചപ്പോൾ 30 വർഷമെന്ന് പറയുകയും, അദാനിക്ക് കൊടുത്തപ്പോൾ അത് 50 വർഷമാക്കുകയും ചെയ്തതിന്റെ പുറകിലും രാഷ്രീയ ബിസിനസ്‌ കൂട്ടുകെട്ടാണെന്നു വ്യക്തം.

തുറമുഖങ്ങളും റോഡുകളും വിമാനത്താവളങ്ങളുമെല്ലാം ഒരു ഗ്രൂപ്പിന്റെ നടത്തിപ്പിലേക്കും ഉടമസ്ഥതയിലേക്കും എത്തുന്നതിന്‌ പിന്നില്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ വികൃതമുഖമാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ നടത്തിപ്പ്‌ ചുമതല ആത്യന്തികമായി അദാനിയുടെ ഉടമസ്ഥതയില്‍ വിമാനത്താവളമെത്തുന്നതില്‍ കലാശിക്കുമോ എന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ.

ഇന്ത്യയിലെ ശതകോടിപതികളില്‍ ബഹുഭൂരിഭാഗത്തിന്റെയും ധനത്തിന്റെ സ്രോതസ്‌ സര്‍ക്കാര്‍ കരാറുകള്‍, ലൈസന്‍സുകള്‍, സ്‌പെക്‌ട്രം, ഭൂമി തുടങ്ങിയവയാണെന്ന മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്‌. സര്‍ക്കാരുമായി അടുപ്പമുള്ള ഏതാനും കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകളുടെ ബിസിനസും ആസ്‌തിയും സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്ന കരാറുകളും ആനുകൂല്യങ്ങളും വഴി വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. വിപണിയിലെ മര്യാദകളെ പോലും മാനിക്കാത്ത, സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പ്പര്യം പോലും അവഗണിക്കുന്ന ഈ ചങ്ങാത്ത മുതലാളിത്തം എന്തായാലും രാജ്യത്തിന്റെ ഭാവിക്ക്‌ ഗുണകരമാകുമെന്ന്‌ കരുതാന്‍ വയ്യ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.