News

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശിഷ്യന്‍മാര്‍

സുധീര്‍ നാഥ്

1902 ജൂലൈ 31. അന്നാണ് കായംകുളത്ത് കേശവപിള്ള ശങ്കരപിള്ള എന്ന കെ ശങ്കരപിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജനനം. ഇന്ത്യന്‍ കാര്‍ട്ടൂണിന് ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു ശങ്കര്‍. അതുകൊണ്ട് ശങ്കര്‍ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവ് എന്ന് അറിയപ്പെടുന്നു. ശങ്കര്‍ വളര്‍ത്തിയ ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകളുണ്ട്. ഒരു തലമുറ തന്നെ ശങ്കറിന്‍റെ ശിഷ്യന്‍മാരായിരുന്നു. 118ാം ജന്‍മദിനത്തില്‍ ശങ്കറിന്‍റെ ശിഷ്യന്‍മാരെ ഒന്ന് അറിയാം.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശിഷ്യന്‍മാരായ ഒട്ടുമിക്കപേരും പില്‍ക്കാലത്ത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായി മാറിയതാണ് ചരിത്രം. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവായിരുന്ന അദ്ദേഹത്തിന്‍റെ ശങ്കേഴ്സ് വീക്കിലി കാര്‍ട്ടൂണ്‍ സര്‍വ്വകലാശാല തന്നെയായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോയുടെ ശൈലിയായിരുന്നു ശങ്കര്‍ പിന്തുടര്‍ന്നത്. തന്‍റെ ശിഷ്യരും അപ്രകാരം തന്നെയായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബദ്ധമായിരുന്നു.

ശങ്കറുമായി ഒട്ടു മിക്ക ശിഷ്യരും പിണങ്ങിയാണ് പിരിഞ്ഞത് എന്ന് പരക്കെ പറഞ്ഞു കേട്ടിരുന്നു. എല്ലാവരും ശങ്കറിനോടൊപ്പം ഉണ്ടായിരുന്ന കാലത്തെ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്. പക്ഷെ ഒരാളും മനസില്‍ തട്ടിയുള്ള ഒരു അനുഭവവും എഴുതിയിട്ടില്ല. ശങ്കര്‍ പെര്‍ഫെക്ഷന്‍റെ വ്യക്താവായിരുന്നു. എപ്പോഴും പൂര്‍ണ്ണത അദ്ദേഹം ആഗ്രഹിച്ചിരുന്നു. ശിഷ്യര്‍ വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ പലവട്ടം മാറ്റി വരപ്പിക്കും. സ്വന്തമായി കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന സമയത്ത് ശങ്കറും പലവട്ടം കാര്‍ട്ടൂണുകള്‍ മാറ്റി വരയ്ക്കുമായിരുന്നു. കലാകാരന്‍മാര്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരായിരുന്നു. ശങ്കര്‍ ഒരു അദ്ധ്യാപകനെപോലെയായിരുന്നു ശിഷ്യരെ ശാസിച്ചതും മറ്റും. പക്ഷെ പലരും അത് ഉള്‍കൊണ്ടില്ലെന്ന് ബി ജി വര്‍മ്മയുടെ ഭാര്യ ഗായത്രി വര്‍മ്മ പറയുന്നു.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍

കാര്‍ട്ടൂണിസ്റ്റ് കുട്ടി 48 വര്‍ഷമാണ് ശങ്കറിന്‍റെ ശിഷ്യനായി ഉണ്ടായിരുന്നത്. ശങ്കറിന്‍റെ എല്ലാ ശീലങ്ങളും ദുശീലങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. ശങ്കറിന്റെ കുടുംബക്കാരെ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തെ അടുത്തറിയുന്ന ആദ്യത്തെ വ്യക്തി കുട്ടി തന്നെയാണ്. കാര്‍ട്ടൂണിസ്റ്റ് കുട്ടി എല്ലാ പദ്ധതികളുമായും ശങ്കറുമായി ബന്ധപ്പെട്ടിരുന്നു, എന്നാല്‍ ഒരിക്കലും ശങ്കറിന്‍റെ ശമ്പളം പറ്റുന്ന ഒരു ജീവനക്കാരനായിരുന്നില്ല. പല പത്രങ്ങളുടെയും സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു കൊണ്ടാണ് ശങ്കറിനായി കുട്ടി സേവനം നടത്തിയത്. കാര്‍ട്ടൂണിസ്റ്റ് കുട്ടി ശങ്കറിനെ പരാമര്‍ശിച്ച് പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖരായ പലരും അവരുടെ ആത്മകഥകളില്‍ ഇതിന് സമാനമായ പരാമര്‍ശം നടത്തിയിട്ടുണ്ട്.

ഒ വി വിജയന്‍
കാര്‍ട്ടൂണിസ്റ്റ് ബാലന്‍ യേശുദാസന്‍

 

 

 

ശങ്കറിനെക്കുറിച്ച് വളരെയേറെ സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ കൂട്ടിച്ചേര്‍ക്കലാണ് ശങ്കറിന്‍റെ നിഴലായി നിന്ന കാര്‍ട്ടൂണിസ്റ്റ് കുട്ടി വെളിപ്പെടുത്തിയത്. അദ്ദേഹത്തെക്കുറിച്ചുള്ള ഛായാപടം പൂര്‍ണമാക്കാന്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലെ മറ്റൊരു ഭാഗം ചൂണ്ടിക്കാണിക്കുക എന്നതൊഴിച്ചാല്‍. ശങ്കറിനെ വളരെ അടുത്തറിയാവുന്നവരില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞാല്‍ ജീവിച്ചിരിക്കുന്ന ചുരുക്കം പേരിലൊരാളാണ് ഞാന്‍ എന്നാണ് കുട്ടി പറഞ്ഞത്. വളരെയധികം കടപ്പെട്ടിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ ചില കറുത്ത, ഏടുകള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയാല്‍ എന്നോടു പൊറുക്കുമെന്ന ആമുഖത്തിലാണ് കുട്ടി പില വിവരങ്ങള്‍ പറഞ്ഞത്. അദ്ദേഹം മകനെപ്പോലെ എന്നെ സ്നേഹിച്ചു. പകരം ഞാന്‍ ഒരു അള്‍സേഷ്യന്‍ നായയെപ്പോലെ അദ്ദേഹത്തോടു വിശ്വസ്തത പുലര്‍ത്തി. എന്ന് കുട്ടി പറയുന്നതില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.

നരേന്ദ്ര
മോഹന്‍ ശിവാനന്ദ്

ശങ്കറിന്‍റെ ശിഷ്യനാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം ഒന്നു പറയുന്നു. എല്ലാവരും ശങ്കറിനെക്കുറിച്ചു വളരെ ശുഭ്രവും മാലാഖാതുല്യവുമായ ഒരു ചിത്രമാണു നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കറുപ്പും വെളുപ്പം കലര്‍ന്ന ഒരു ഛായാചിത്രം വരയ്ക്കാന്‍ ആര്‍ക്കും ധൈര്യം വന്നിട്ടില്ല. കറുത്ത ‘ഷെയ്ഡു’കളില്ലാതെ ഒരു ‘പോര്‍ട്രെയിറ്റ്’ ചിത്രവും പൂര്‍ത്തിയാകുന്നില്ല. എല്ലാ മനുഷ്യജീവികള്‍ക്കും ന്യൂനതകളുണ്ട്. അക്കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ഛായാപടം ഒന്നു “റീടച്ച്” ചെയ്യേണ്ടത് എന്‍റെ കടമയാണെന്നു ഞാന്‍ കരുതുന്നു. ശങ്കര്‍ മഹാനായ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു. കാര്‍ട്ടൂണിങ്ങില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം അദ്വിതീയമായി നില്‍ക്കുന്നു. ആ രംഗത്ത് അദ്ദേഹം പോയപ്പോഴുണ്ടായ വിടവ് ആരും നികത്തിയിട്ടില്ല. മറ്റു നിരവധി മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

 

കാര്‍ട്ടൂണിസ്റ്റ് സാമുവൽ
ബി ജി വര്‍മ്മ

കാര്‍ട്ടൂണിസ്റ്റ് ശങ്കറും ശങ്കരപ്പിള്ളയും പൂര്‍ണമായും രണ്ടുവ്യത്യസ്ത വ്യക്തികളായിരുന്നു എന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടി വ്യക്തമാക്കി. ഇടത്തട്ട നാരായണനും, പോത്തന്‍ ജോസഫും, ചെലപ്പതി റാവുവും, ടിജെഎസ് ജോര്‍ജും അവരുടെ വാക്കുകളില്‍ കുട്ടിയുടെ നിരീക്ഷണത്തെ സാധൂകരിക്കും തരത്തില്‍  എഴുതിയിട്ടുണ്ട്. ഈ വൈരുധ്യത്തെക്കുറിച്ച് അക്കാലത്ത് ശങ്കറിനോട് ചേര്‍ന്ന് നിന്നവര്‍ പലപ്പോഴും അത്ഭുതപ്പെടുമായിരുന്നു. അദ്ദേഹം കാര്‍ട്ടൂണുകളില്‍ കുത്തിവച്ചിരുന്ന ഹാസ്യം ഒരിക്കലും അദ്ദേഹത്തിന്‍റെ ദൈനംദിന ജീവിതത്തിലേക്കു കടന്നുവന്നിരുന്നില്ല. അദ്ദേഹത്തിന് ഒരേയൊരു സംഭാഷണ വിഷയമേ ഉണ്ടായിരുന്നുള്ളു-അദ്ദേഹം മാത്രം. അദ്ദേഹവും പിന്നെ അദ്ദേഹത്തിനു നെഹ്റുവുമായുള്ള അടുപ്പവും. ഇത് ഒട്ടുമിക്കവര്‍ക്കും അരോചകമായിരുന്നു. എന്നാല്‍ അദ്ദേഹം അതു മനസിലാക്കിയിരുന്നതേയില്ല.

 

കാര്‍ട്ടൂണിസ്റ്റ് കുട്ടി പറയുന്നത്, അതീവ ഹാസ്യരസപ്രദമായ നൂറുകണക്കിനു കാര്‍ട്ടൂണുകള്‍ ശങ്കര്‍ വരച്ചു എന്നാണ്. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളോടു ജനങ്ങള്‍ അട്ടഹാസത്തോടെ പ്രതികരിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോ വിഡ്ഢിച്ചിരിയോ അല്ല, മറിച്ച് പൊട്ടിച്ചിരിയോടെ തന്നെ. എന്നാല്‍ വിചിത്രമായ കാര്യം അദ്ദേഹത്തിന് ഒരു “നര്‍മബോധവും” ഇല്ലായിരുന്നു എന്നതാണ്. അദ്ദേഹം നര്‍മബോധമില്ലാത്ത ഒരു ഫലിതക്കാരനായിരുന്നു. ശങ്കറുമായി നീണ്ട 48 വര്‍ഷക്കാലം പ്രവര്‍ത്തിച്ച വ്യക്തിയായ കുട്ടി പറയുന്നത്, ശങ്കര്‍ ഒരു നല്ല, തനിമയുള്ള തമാശ പൊട്ടിക്കുന്നതു കേട്ടിട്ടില്ല. എന്നല്ല അദ്ദേഹം കേള്‍ക്കാനിടയായ നല്ലൊരു തമാശ ഒപ്പമുള്ള ഞങ്ങളോടു പറഞ്ഞിട്ടുമില്ല എന്നാണ്.
കാര്‍ട്ടൂണുകളില്‍ ശങ്കര്‍ എല്ലാവരെയും കളിയാക്കിയിരുന്നു. എന്നാല്‍ ശങ്കറിനെക്കുറിച്ച് ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ എഴുതിയപ്പോള്‍ അതില്‍ പറഞ്ഞ ഒരു തമാശക്കെതിരെ ശങ്കര്‍ അതിരൂക്ഷമായി പ്രതികരിച്ചു. അതു നിര്‍ദോഷമായ ഒരു തമാശയായിരുന്നു. മറ്റു പലര്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. ശങ്കര്‍ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു തമാശയും സഹിക്കാന്‍ കഴിയുമായിരുന്നില്ല. വിമര്‍ശനവും ശങ്കറിന് സഹിക്കാനാവുമായിരുന്നില്ല.

മലയാറ്റൂര്‍
കാര്‍ട്ടൂണിസ്റ്റ് കുട്ടി

അദ്ദേഹത്തിന്‍റെ ഭീമമായ സ്വാര്‍ഥതയാണു മറ്റൊരു ന്യൂനത. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകം എന്നാല്‍ അദ്ദേഹവും കുടുംബവും മാത്രമാണ്. ലോകത്ത് മറ്റുള്ളവരുടെയെല്ലാം ചുമതല, അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, അദ്ദേഹത്തെയും കുടുംബത്തെയും സന്തോഷിപ്പിക്കുക എന്നതാണ്. മറ്റുള്ളവര്‍ അദ്ദേഹത്തിനുവേണ്ടി ത്യാഗം സഹിക്കണം. എന്നാല്‍ അദ്ദേഹത്തിന് അത്തരം കടപ്പാടുകളൊന്നുമില്ല. ചുറ്റുമുള്ളവര്‍ എങ്ങനെയാണു ജീവിച്ചതെന്ന കാര്യം അദ്ദേഹത്തെ അലട്ടിയിട്ടേയില്ല. മറ്റുള്ളവര്‍ക്കു ജീവിക്കാന്‍ പണം വേണമെന്ന കാര്യം അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

കുട്ടി കഴിഞ്ഞാല്‍ കാര്‍ട്ടൂണിസ്റ്റ് സാമുവലാണ് ശങ്കറിന്‍റെ കൂടെ ഏറെ കാലം പ്രവര്‍ത്തിച്ച മറ്റൊരു ശിഷ്യന്‍. ശങ്കറിന്‍റെ കാര്‍ട്ടൂണുകളിലെ മേശയും കസേരയും, സാരിയിലേയും, മറ്റ് തുണികളിലേയും ഡിസൈനുകള്‍ വരച്ചിരുന്നത് സാമുവല്‍ ആയിരുന്നു. 1948ല്‍ ശങ്കേഴ്സ് വീക്കിലി തുടങ്ങിയ ഉടനെ തന്നെയായിരുന്നു സാമുവല്‍ ശങ്കറിന്‍റെ കൂടെ ശിഷ്യത്വം നേടിയത്. രാവിലെ 6 മണിക്ക് ബാബര്‍ ലൈനിലുള്ള ശങ്കറിന്‍റെ വീട്ടില്‍ സാമുവല്‍ എന്നും എത്തുമായിരുന്നു. ശങ്കറിന് അതുകൊണ്ട് തന്നെ സാമുവലിനെ വലിയ ഇഷ്ടമായിരുന്നു.

ശങ്കേഴ്സ് വീക്കിലിയില്‍ കാലു മീന എന്ന സ്ട്രിപ്പ് കാര്‍ട്ടൂണ്‍ സ്ഥിരമായി വരയ്ക്കാന്‍ സാമുവല്‍ തുടങ്ങി. ഇന്നത്തെ പോലെ ഡിജിറ്റല്‍ ലേ ഔട്ട് ആയിരുന്നില്ല എന്നത് കൊണ്ട് കമ്പോസിങ്ങ് കഴിഞ്ഞാല്‍ മിക്കവാറും ഒഴിഞ്ഞ ഇടം വരും. അവിടെ സാമൂഹ്യ കാര്‍ട്ടൂണുകള്‍ വരച്ച് ചേര്‍ക്കുന്നത് സാമുവലായിരുന്നു. കുട്ടിക്കും സാമുവലിനും ശങ്കര്‍ ശമ്പളം നല്‍കിയിരുന്നില്ല. ശങ്കറിനോടൊപ്പം വിഭവസമ്യതമായ ഭക്ഷണം മാത്രമായിരുന്നു പ്രതിഫലം. സാമുവല്‍ കുട്ടിയെ പോലെ പ്രശസ്തമായ പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയത്. ആദ്യകാലങ്ങളില്‍ ശങ്കേഴ്സ് വീക്കിലിക്ക് പ്രതിഫലം നല്‍കാനുള്ള വരുമാനം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വീക്കിലിക്ക് പരസ്യത്തിലൂടെ വരുമാനം കിട്ടി തുടങ്ങിയപ്പോള്‍ ശങ്കര്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രതിഫലവും കൊടുത്തു തുടങ്ങി.

1951 ആദ്യമാണ് ഒ വി വിജയന്‍ ശങ്കേഴ്സ് വീക്കിലിയില്‍ വരുന്നത്. ഒ വി വിജയന്‍ 1950-കളുടെ അവസാനം മദിരാശി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ക്ലാസ്സിന്‍റെ ഒരു ഡിവിഷനില്‍ 120 കുട്ടികള്‍. ഇംഗ്ലീഷ് പഠിപ്പിക്കുന്നത് രണ്ടു ഡിവിഷനുകള്‍ ഒന്നിച്ചു ചേര്‍ത്ത്. 240 കുട്ടികള്‍ നിറഞ്ഞ ക്ലാസ് റൂം. വിജയന്‍റെ ദുര്‍ബലമായ ശബ്ദം ആദ്യത്തെ നാലോ അഞ്ചോ നിരകളിലെ കുട്ടികള്‍ക്കു മാത്രമേ കേള്‍ക്കാനാകൂ.
വിജയന്‍റെ ജോലി പോയപ്പോള്‍ വര തുടങ്ങി. ചില ചിത്രങ്ങളും, ലേഖനങ്ങളും ശങ്കേഴ്സ് വീക്കിലിക്ക് അയച്ചുകൊടുത്തു. അവയിലൊന്ന് പ്രസിദ്ധീകരിച്ചു. പ്രതിഫലവും കിട്ടി. പിന്നെ തുടര്‍ന്നും ചിത്രങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. വീണ്ടും പ്രതിസന്ധികളുടെയും നൈരാശ്യത്തിന്‍റെയും നാളുകള്‍. കയ്യില്‍ പണമില്ല. വിജയന്‍ ശങ്കേഴ്സ് വീക്കിലിക്ക് എഴുതി: എന്‍റെ കുറെ കാര്‍ട്ടൂണുകളുടെ പ്രതിഫലം കിട്ടാനുണ്ട്. ദയവായി ആ തുക ഒന്നിച്ചൊന്ന് അയച്ചു തരണേ! മറുപടി വന്നത് ചെക്ക് ആയിട്ടല്ല. ഒരു ക്ഷണം. ‘ഇങ്ങ് ഡല്‍ഹിയിലേക്ക് വരൂ.. ശങ്കേഴ്സ് വീക്കിലിയില്‍ ജോലി തരാം!”

അബു എബ്രഹാം
കേരള വര്‍മ്മ

കത്ത് കിട്ടി ഒരുമാസം കഴിഞ്ഞപ്പോള്‍ കേരളത്തിലെ ഒരു തൊഴിലാളി സമ്മേളനത്തിന് എത്തിയ മുന്‍പേ പരിചയമുള്ള എ.കെ. ഗോപാലനെ കണ്ടു. ഡല്‍ഹിയില്‍ നിന്ന ശങ്കറിന്‍റെ കത്ത് വന്നതും ശങ്കേഴ്സ് വീക്കിലിയില്‍ ജോലി തരാം എന്ന് എഴുതിയതും എകെജിയോട് പറഞ്ഞു. ഏ കെ ജി പറഞ്ഞു: “പോകൂ.. വേഗം പോകൂ.. താനിവിടെ കേരളത്തില്‍-നിന്നാല്‍ നശിച്ചു ചീഞ്ഞുപോകും.” ആ സമാഗമം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കേഴ്സ് വീക്കിലിയില്‍ വിജയന്‍ ചേര്‍ന്നു. വീക്കിലിക്ക് വേണ്ടി എഴുതുകയും വരക്കുകയും ചെയ്യുകയായിരുന്നു ജോലി. വീക്കിലിയില്‍ എഡിറ്റോറിയലും നര്‍മ്മ ലേഖനങ്ങളും എഴുതിയിരുന്നത് സി.പി രാമചന്ദ്രനായിരുന്നു. കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ‘ഫില്ലറു’കളായി അരപ്പേജ് ലേഖനങ്ങളും വിജയന്‍ എഴുതി.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വിചിത്രമായ മുന്‍ധാരണകളും പ്രസരിപ്പും ഉള്ള വ്യക്തിയായിരുന്നു. വര്‍ണപകിട്ടുള്ള സ്വകാര്യമായ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം വിശ്രമരാഹിത്യത്തെ നിയന്ത്രിക്കാനെന്നവണ്ണം അദ്ദേഹം സ്റ്റുഡിയോയ്ക്കുള്ളില്‍ നിന്ന് ഇടക്കിടെ പുറത്തേക്കു വരും. സാധാരണ വേഷത്തോടൊപ്പം ആര്‍ട്ടിസ്റ്റുകള്‍ ധരിക്കുന്ന ‘ആപ്രോണി’ ല്‍ ഒരു കയ്യിട്ട് അദ്ദേഹം ഒരു നേരമ്പോക്കു പറയും. പക്ഷെ തുടങ്ങുന്നത് ‘പണ്ഡിറ്റ് ജി ഒരിക്കല്‍ എന്നോടു പറഞ്ഞു-” എന്നായിരിക്കും. ഭാവിയില്‍ ഭരണാധികാരികളായേക്കാവുന്ന നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ്, അന്ന് ചെറുപ്പക്കാരായിരുന്ന ഞാനടക്കമുള്ള യുവകാര്‍ട്ടൂണിസ്റ്റുകള്‍ നേതാക്കന്മാരെ പര്‍വ്വതീകരിച്ച വ്യക്തിത്വമുള്ളവരാക്കി ചിത്രീകരിക്കുമായിരുന്നു.

രാം കുമാര്‍ റായ
എന്‍ കെ പി മുത്തു കോയ

ഒ വി വിജയന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ ശങ്കറാണെന്ന് പറയുന്ന അതേ സമയം ആശയപരമായോ, ശൈലീപരമായോ ശങ്കേഴ്സ് വീക്കിലിയോട് ഒരു കപ്പൊടുമില്ല എന്നും പറഞ്ഞിട്ടുണ്ട്. ശങ്കര്‍ തന്‍റെ ശിഷ്യരെല്ലാം ക്ലാസിക്കല്‍ ശൈലി പിന്തുടരണമെന്ന് വാശി പിടിച്ചു. ശങ്കറിന് രസികാതിരുന്ന ഒരു കാര്‍ട്ടൂണ്‍ ന്യൂയോര്‍ക്ക് ടൈംസില്‍ അച്ചടിച്ച് വന്നത് ഒ വി വിജയനില്‍ ആത്മവിശ്വാസം ഉണ്ടാക്കി. (ജമാല്‍ കൊച്ചങ്ങാടിയുമായുള്ള അഭിമുഖത്തില്‍ ഒ വി ഒിജയന്‍ പറഞ്ഞത്. സത്യം പറയുന്ന നുണയന്‍മാര്‍ എന്ന പുസ്തകം)
ശങ്കര്‍ എപ്പോഴും ഒ വി വിജയന്‍റെ കാര്‍ട്ടൂണുകളെ വിമര്‍ശിച്ചു. വിജയന്‍ പറയുന്നത് തന്‍റെ കാര്‍ട്ടൂണുകളെ ശങ്കര്‍ പഠിപ്പിച്ചട്ടില്ല എന്നും, കാര്‍ട്ടൂണ്‍ കലയുടെ ‘സ്പിരിറ്റ്’ എന്തെന്ന് കൈമാറിയിട്ടുമില്ല എന്നാണ്. “വിജയന്‍റെ കാര്‍ട്ടൂണുകള്‍ എനിക്ക് മനസ്സിലാകുന്നില്ല!” എന്ന് ശങ്കര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. 1963-ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് പിരിയുന്നതുവരെ വിജയന്‍റെ കാര്‍ട്ടൂണുകളോടുള്ള വിയോജിപ്പ് ശങ്കര്‍ പ്രകടിപ്പിക്കാതിരുന്നിട്ടില്ല. പക്ഷേ ഒരു കാര്‍ട്ടൂണ്‍ പോലും അച്ചടിക്കാതിരുന്നിട്ടുമില്ല.
1950 ആയതോടെ ശങ്കേഴ്സ് വീക്കിലി കൂടുതല്‍ പ്രശസ്തമായി. പരസ്യത്തിലൂടെ വരുമാനം കിട്ടി തുടങ്ങി. കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകളെ ശങ്കര്‍ ജീവനക്കാരായി ക്ഷണിച്ചു. 1951ലാണ് അബു എബ്രഹാം ശങ്കേഴ്സ് വീക്കിലിയില്‍ എത്തുന്നത്. ബോംബെ ക്രോണിക്കില്‍ ജോലി ചെയ്യുന്ന സമയത്താണ് അബു എബ്രഹാമിനെ ശങ്കേഴ്സ് വീക്കിലിയിലേയ്ക്ക് ശങ്കര്‍ തന്നെ ക്ഷണിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ അബു എബ്രഹാം ഫ്രീലാന്‍സായി കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. ശങ്കര്‍ അത് കണ്ടാണ് അബു എബ്രഹാമിനെ ക്ഷണിച്ചത്. മൂന്ന് വര്‍ഷം ശങ്കേഴ്സ് വീക്കിലിയില്‍ അബു എബ്രഹാം ജോലി ചെയ്തു. അന്ന് കുട്ടി, സാമുവല്‍, ഒ വി വിജയന്‍ എന്നിവരാണ് ശങ്കേഴ്സ് വീക്കിലിയിലെ പ്രധാന കാര്‍ട്ടൂണിസ്റ്റുകള്‍.

ഒരു കാര്‍ട്ടൂണിസ്റ്റ് ചലിക്കുന്ന വിജ്ഞാനകോശമായിരിക്കണമെന്നായിരുന്നു ശങ്കറിന്‍റെ പക്ഷം. ചിരിപ്പിക്കുക എന്നതു തന്നെയാണ് കാര്‍ട്ടൂണിന്‍റെ മൗലിക ധര്‍മ്മം എന്നും അദ്ദേഹം വിശ്വസിച്ചു. ചതുരത്തിനകം മുഴുവനും ചിത്രം നിറഞ്ഞു നില്‍ക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ സങ്കല്പനം; പശ്ചാത്തല വര്‍ണ്ണന ഉള്‍പ്പെടെ, ഡേവിഡ് ലോയുടെ ചിത്രം പോലെ, ഒരു പെയിന്‍റിംഗിന്‍റെ ദൃശ്യഭംഗിയുളവാക്കും വിധം. സ്കെച്ച് പെന്‍ ഉപയോഗിക്കുന്നതിനോട് അദ്ദേഹം വിയോജിച്ചു. നാം ഉദ്ദേശിക്കുന്നിടം വരെ ചെന്നെത്താന്‍ അതിനു കഴിയുകയില്ല. ബ്രഷ് തന്നെയാണ് ഏറ്റവും യോഗ്യവും ശക്തവുമായ ഉപകരണം.

രജീന്ദര്‍ പുരി
മിക്കി പട്ടേല്‍

അബു എബ്രഹാമിന്‍റെ ഒപ്പം തന്നെ ശങ്കേഴ്സ് വീക്കിലിയില്‍ എത്തിയവരായിരുന്നു പ്രകാശ് ഘോഷും, രാം കുമാര്‍ റായും. 1953ല്‍ തന്നെ അബു എബ്രഹാം ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവെച്ച് ബ്രിട്ടണിലേയ്ക്ക് പോയി. രാംകുമാര്‍ റായും, സാമുവലും തൊട്ട് പിന്നാലെ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവെച്ചു. ബോംബയില്‍ ബ്ലിറ്റ്സിലും മറ്റും കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന കേരളവര്‍മ്മ എന്ന കാര്‍ട്ടൂണിസ്റ്റ് കെവിയെ 1953ല്‍ ശങ്കര്‍ ക്ഷണിച്ചു വരുത്തി ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റാക്കി. 1960ല്‍ കേരള വര്‍മ്മ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവെച്ചു. പക്ഷെ ശങ്കറുമായുള്ള ഹ്യദയ ബന്ധം പിന്നീടും തുടര്‍ന്നിരുന്നു.

1963ല്‍ ഒ വി വിജയന്‍ രാജിവെച്ച ഒഴിവിലാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗത്തില്‍ നിന്നായിരുന്നു വരവ്. ആറ് വര്‍ഷം മാത്രമേ യേശുദാസന്‍ ശങ്കറിന്‍റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ശങ്കറിന് ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു യേശുദാസന്‍. ശങ്കറുമായി അഭിപ്രായവ്യത്യാസമില്ലാതെ രാജിവെച്ച ശിഷ്യന്‍ എന്ന പേരും യേശുദാസിന് അവകാശപ്പെട്ടതാണ്.

കാര്‍ട്ടൂണിസ്റ്റ് ബാലന്‍ യേശുദാസന്‍ ഉണ്ടായിരുന്ന സമയത്ത് തന്നെ ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ചെയ്തിരുന്നു. ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവെച്ച ബാലന്‍ വിദേശ പത്രങ്ങളിലായിരുന്നു പില്‍ക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. യേശുദാസന് ശേഷം ബി എം ഗഫൂര്‍ അവിടെ വന്നെങ്കിലും ആറ് മാസം കൊണ്ട് ജോലി രാജിവെച്ച് കോഴിക്കോടേയ്ക്ക് മടങ്ങി.  പിന്നീട് ദേശാഭിമാനി, ദീപിക, മാത്യഭൂമി പത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

കാര്‍ട്ടൂണിസ്റ്റ് ബി എം ഗഫൂർ

1970ല്‍ ലക്ഷദ്വീപുകാരനായ എന്‍ കെ പി മുത്തു കോയ ഡല്‍ഹിയിലെത്തി. ടെലിഫോണ്‍ ഡയറക്ടറി എടുത്ത് ശങ്കറിന്‍റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി. വന്ന അന്നു തന്നെ ശങ്കറെ വിളിച്ചു. പിറ്റേന്ന് മൂന്ന് മണിക്ക് നെഹ്റു ഹൗസില്‍ കാണാമെന്ന് ശങ്കര്‍ പറഞ്ഞു. മൂന്ന് മണിക്ക് തന്നെ ശങ്കറെ കണ്ടു. മുത്തു കോയ, താന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചു. പിറ്റേന്ന് ട്രെയിനി ആര്‍ട്ടിസ്റ്റായി ചില്‍ഡ്രന്‍സ് വേള്‍ഡില്‍ നിയമനം നല്‍കി. ഒരു വര്‍ഷമേ അവിടെ ഉണ്ടായുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം 1986ല്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിച്ച് തിലക് ലൈനില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസമാക്കിയപ്പോള്‍ ശങ്കറിന്‍റെ അയല്‍ക്കാരനായി. 9ാം നമ്പര്‍ പുരാന കിലയിലെ ശങ്കറിന്‍റെ വീടിന്‍റെ പിന്നിലുള്ള കെട്ടിടമായിരുന്നു തിലക് ലൈനില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ്.

തിരുവല്ലയിലെ നെടുബ്രത്ത് കൊട്ടാരത്തിലെ ബി ജി വര്‍മ്മ 1972ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ എത്തി. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് ശങ്കേഴ്സ് വീക്കിലിയില്‍ വര്‍മ്മ എത്തിയത്. ശങ്കേഴ്സ് വീക്കിലി നിര്‍ത്തിയപ്പോള്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റില്‍ ആര്‍ട്ടിസ്റ്റായി. ഇതിനിടയില്‍ 10 കൊല്ലത്തോളം ബഹറിനില്‍ ജോലി ചെയ്തിരുന്നു. ബഹറിനില്‍ നിന്ന് മടങ്ങി എത്തി ചല്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റില്‍ തന്നെ ആര്‍ട്ടിസ്റ്റായി. 2002 വരെ ബിജി വര്‍മ്മ അവിടെ ഉണ്ടായിരുന്നു.

പിന്നെയുള്ള തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ പലരും ശങ്കറിന് കീഴില്‍ ജോലി ചെയ്തില്ലെങ്കിലും ശങ്കേഴ്സ് വീക്കിലിയിലൂടെ രംഗത്ത് എത്തിയവരാണ്. രജീന്ദര്‍ പുരി, മിക്കി പട്ടേല്‍, മലയാറ്റൂര്‍, രങ്ക, ബ്രിഷ്വര്‍, കാക്ക്, ഇ പി ഉണ്ണി, സുധീര്‍ തൈലാങ്ങ്, നരേന്ദ്ര, മോഹന്‍ ശിവാനന്ദ് തുടങ്ങിയവരാണവര്‍.

ബാല്‍ താക്കറെ

ശിവസേനാ നേതാവായിരുന്ന ബാല്‍ താക്കറെയുടെ വരകള്‍ ശങ്കറിന് ഏറെ ഇഷ്ടമായിരുന്നു. നെഹ്റുവിനോടൊപ്പം 1955ല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് ശങ്കര്‍ പോയ അവസരത്തില്‍ ശങ്കേഴ്സ് വീക്കിലിയുടെ കവര്‍ വരയ്ക്കന്‍ ശങ്കര്‍ കണ്ടെത്തിയത് ബാല്‍ താക്കറെ എന്ന കാര്‍ട്ടൂണിസ്റ്റിനെ ആയിരുന്നു. അന്ന് ബോംബയില്‍ നിന്നുള്ള ഫ്രീപ്രസ്സ് ജേര്‍ണലിന്‍റെ കാര്‍ട്ടൂണിസ്റ്റായിരുന്നു താക്കറെ. ശങ്കര്‍ ബോംബെയില്‍ ഫ്രീപ്രസ് ഓഫീസില്‍ നേരിട്ടെത്തി താക്കറെയും കൂട്ടി പത്രാധിപരെ കണ്ട് ശങ്കേഴ്സയ് വീക്കിലിയില്‍ വരയ്ക്കാന്‍ അനുമതി വാങ്ങുകയായിരുന്നു. ഫ്രീ പ്രസ് ജേര്‍ണലിന്‍റെ പത്രാധിപരുടെ അനുമതിയോടെ ബാല്‍ത്താക്കറയെ ശങ്കേഴ്സ് വീക്കിലിയുടെ കവര്‍ വരയ്ക്കാന്‍ ഏല്‍പ്പിച്ചു.

മടങ്ങും വഴി ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ താക്കറെയില്‍ നിന്ന് വരച്ച് വാങ്ങിയാണ് ഡല്‍ഹിക്ക് മടങ്ങിയത്. നെഹ്റു റീഡിസ്ക്കവറി ഓഫ് റഷ്യ എന്ന പുസ്തകം എഴുതുന്ന കാര്‍ട്ടൂണ്‍ ആയിരുന്നു അത്. ശങ്കേഴ്സ് വീക്കിലിയില്‍ അത് മുഖ ചിത്ര കാര്‍ട്ടൂണായി അച്ചടിച്ച് വന്നതായാണ് ബാല്‍ താക്കറെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

മലയാളി ശിഷ്യന്‍മാര്‍ അടക്കി വാണിരുന്നത് കൊണ്ടാകും പിന്നീട് ഒരു തവണ പോലും താക്കറെയുടെ കാര്‍ട്ടൂണ്‍ കവര്‍ ചിത്രമായില്ല. തപാല്‍ വൈകിയത് കൊണ്ട് കവറില്‍ കൊടുക്കാന്‍ സാധിച്ചില്ല എന്നാണ് ശങ്കറിനോട് ശിഷ്യന്‍മാര്‍ പറഞ്ഞ മറുപടി. ശങ്കറിന്‍റെ റഷ്യന്‍ പര്യടന കാലയളവില്‍ കുട്ടിയുടെ കാര്‍ട്ടൂണായിരുന്നു കവറില്‍ അച്ചടിച്ചിരുന്നത്. താക്കറെയ്ക്ക് മലയാളികളോട് വിരോധം തോന്നാന്‍ ഇത് ഒരു കാരണമായിരുന്നു എന്ന സംസാരവും ഉണ്ട്.

പുതുതലമുറയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ പാഠമാക്കിയിട്ടുണ്ട്. അവര്‍ അറിഞ്ഞോ അറിയാതെയോ ശങ്കറിന്‍റെ ശിഷ്യന്‍മാരായി മാറി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്ന് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ വ്യത്യസ്ഥ ശൈലികളിലാണ് വരയ്ക്കുന്നത്. സ്വന്തമായി ശൈലികള്‍ ഉണ്ടാക്കി ഓരോരുത്തരും വേറിട്ട് നില്‍ക്കുന്നു. ശൈലികള്‍ മാറിയെങ്കിലും ശങ്കറും, ശങ്കറിന്‍റെ കാര്‍ട്ടൂണുകളും പന്‍ തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പാഠഭാഗം തന്നെയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.