Breaking News

‘കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ലെന്ന് ബോധ്യമായി’ ; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ തുറന്ന കത്ത്

മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തെരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ലെന്ന് ബോധ്യമായെന്ന് കെ.സി.ബി.സി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ തുറന്ന കത്ത്. കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കന്യാസ്ത്രീ സി. മേബിള്‍ ജോസഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊതുസമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന സിറ്ററുടെ കത്ത്.

ഫെയ്‌സ്ബുക്കില്‍ സിസ്റ്റര്‍ കുറിച്ചിരിക്കുന്ന ഓരോ വരികളും പുരോഹിത വര്‍ഗത്തിന് മാത്രമല്ല, പൊതു സമൂഹത്തിന്റെ നെഞ്ചില്‍ തറക്കുന്ന ചാട്ടുളിയാണ്. ‘അങ്ങയുടെ കണ്‍മുന്നിലല്ലേ ഞാനുള്‍പ്പെടുന്ന കന്യാസ്ത്രീ സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാക്കപ്പെട്ട് മഠത്തി ന്റെ ചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങുന്നത്? അങ്ങയുടെ കണ്‍മുന്നിലല്ലേ ലൈംഗിക ചൂഷണമുള്‍പ്പെടെ അതിക്രൂര പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട് ഒടുവില്‍ കന്യാമഠങ്ങളുടെ പിന്നാമ്പുറത്തെ കിണറുകളില്‍ കന്യാസ്ത്രീകളുടെ വിറങ്ങലിച്ച മൃതശരീരങ്ങള്‍ നിരന്തരം പൊന്തിവരുന്നത്? ഓരോ തവണയും കൊല്ലപ്പെട്ട ആ സഹോദരിമാരുടെ ജീവനറ്റ ശരീരങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന യോടെ അവര്‍ അനുഭവിച്ച നരകയാതനകള്‍ എന്റെ കണ്‍മുന്നില്‍ത്തെളിയാറുണ്ട്. പക്ഷേ മരണശേഷം അവരെ വീണ്ടും വീണ്ടും കൊന്നുകൊണ്ട് ആ മരണങ്ങളെയൊക്കെ ആത്മഹത്യകളായി എഴുതിത്തള്ളാനും അവരെ മനോരോഗികളായി ചിത്രീകരിക്കാനുമല്ലാതെ അവര്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ അങ്ങയോ, അങ്ങ് നേതൃത്വം നല്‍കുന്ന അഭിവന്ദ്യ മെത്രാന്‍മാരോ ഇന്നുവരെ മിനക്കെട്ടിട്ടുണ്ടോ?’ – ഫെയ്‌സ്ബുക്ക് കുറിപ്പിലെ ഒരോ വരികളും പുരോഹിത വര്‍ഗത്തിനും പൊതു സമൂഹത്തിനും നേരെയുള്ള ചോദ്യശരങ്ങളാണ്.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് :

KCBC അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഒരു തുറന്ന കത്ത് :

ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവേ,
അങ്ങയെപ്പോലുള്ളവരെ ‘പിതാവേ’ എന്ന് അഭിസംബോധന ചെയ്യുന്നത്, ഞാനുള്‍പ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ ഒരു കുടുംബനാഥനെപ്പോലെ നിലകൊണ്ടു കൊണ്ട് കനിവും കരുതലും സംരക്ഷണവും നല്‍കാന്‍ ചുമതലപ്പെട്ട ആ പദവിക്ക് നല്‍കി വരുന്ന ബഹുമാനം കൊണ്ട് മാത്രമാണ്. എന്നാല്‍ ഇത്രയും ഉന്നതമായ ആ സ്ഥാനത്തിരുന്നുകൊണ്ട് അങ്ങുള്‍പ്പെടുന്ന ക്രൈസ്തവ നേതൃത്വം ഇന്ന് ചെയ്തുവരുന്നതെന്താണ്? ക്രൈസ്തവ ധര്‍മ്മവും യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങളൂം മറന്നുകൊണ്ട് ആത്മീയതയെ കച്ചവടച്ചരക്കാക്കി ഈ നാട്ടിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ പാവപ്പെട്ട അല്‍മായരെ പിഴിഞ്ഞെടു ത്തുണ്ടാക്കിയ പണം കൊണ്ട് തിന്നു ചീര്‍ത്തപ്പോള്‍, നിരാലംബരായ മനുഷ്യ ജന്മങ്ങള്‍ കണ്‍മു ന്നില്‍ കിടന്ന് പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും തിരിഞ്ഞു നോക്കാന്‍ പോലും തോന്നാത്ത അവസ്ഥ യിലെത്തിയിരിക്കുകയല്ലേ അങ്ങുള്‍പ്പെടുന്ന പുരോഹിത നേതൃത്വം.

അങ്ങയുടെ കണ്‍മുന്നിലല്ലേ ഞാനുള്‍പ്പെടുന്ന കന്യാസ്ത്രീ സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാക്കപ്പെട്ട് കന്യാമഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങുന്നത്? അങ്ങയുടെ കണ്‍മുന്നിലല്ലേ ലൈംഗിക ചൂഷണമുള്‍പ്പെടെ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട് ഒടുവില്‍ കന്യാമഠങ്ങളുടെ പിന്നാമ്പുറത്തെ കിണറുകളില്‍ കന്യാസ്ത്രീകളുടെ വിറങ്ങലിച്ച മൃതശരീരങ്ങള്‍ നിരന്തരം പൊന്തിവരുന്നത്? ഓരോ തവണയും കൊല്ലപ്പെട്ട ആ സഹോദരിമാരുടെ ജീവനറ്റ ശരീരങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവര്‍ അനുഭവിച്ച നരകയാതനകള്‍ എന്റെ കണ്‍മുന്നില്‍ത്തെളിയാറുണ്ട്. പക്ഷേ അവരെ മരണശേഷം വീണ്ടും വീണ്ടും കൊന്നുകൊണ്ട് ആ മരണങ്ങളെയൊക്കെ ആത്മഹത്യകളായി എഴുതിത്തള്ളാനും അവരെ മനോരോഗികളായി ചിത്രീകരിക്കാനുമല്ലാതെ അവര്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ അങ്ങയോ, അങ്ങ് നേതൃത്വം നല്‍കുന്ന അഭിവന്ദ്യ മെത്രാന്‍മാരോ ഇന്നുവരെ മിനക്കെട്ടിട്ടുണ്ടോ?

അങ്ങയുടെ എല്ലാ ഒത്താശയോടും കൂടിയല്ലേ സിസ്റ്റര്‍ അഭയ എന്ന നിരാലംബയായ കന്യാസ്ത്രീയെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളികളെ ന്യായീകരിച്ച് വിശുദ്ധരാക്കാന്‍ കോടിക്കണക്കിന് രൂപ ചിലവിട്ട് സംഘടിത പ്രചാരണങ്ങള്‍ നടത്തിയത്? നിങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളും സഭാ വക്താക്കളും വിലക്കെടുത്ത വിദഗ്ധരുമെല്ലാം ചേര്‍ന്ന് കുറ്റവാളികളെ ന്യായീകരിച്ച് വെളുപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ കൊല്ലപ്പെട്ട അഭയയ്ക്ക് വേണ്ടി ഒരു വാക്ക് പറയാന്‍ പോലും കഴിയാത്ത കുടിലതയുടെ പര്യായമായി മാറാന്‍ അങ്ങുള്‍പ്പെടുന്ന പുരോഹിത മേലാളന്മാര്‍ക്ക് കഴിഞ്ഞത് എങ്ങനെയാണ്?

ഇപ്പോഴിതാ ഒരു കന്യാസ്ത്രീയുടെ ജീവനറ്റ ശരീരം കൂടി കന്യാമഠത്തിലെ കിണറ്റില്‍ പൊങ്ങിയിരിക്കുന്നു. കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ സി. മേബിള്‍ ജോസഫ് എന്ന കന്യാസ്ത്രീയാണ് ഇത്തവണ കിണറിന്റെ ആഴങ്ങളില്‍ പിടഞ്ഞു മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടത്രെ. അതെന്തായാലും നന്നായി. ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളെയെല്ലാം മനസികരോഗികളാക്കാറാണല്ലോ പതിവ്. ഇത്തവണ ആരോഗ്യ പ്രശ്‌നങ്ങളാക്കാന്‍ സന്മനസ് കാണിച്ചതിന് വളരെ നന്ദിയുണ്ട്.

ദിവ്യ പി ജോണ്‍ എന്ന സന്ന്യാസ അര്‍ത്ഥിനി സമാനമായ നിലയില്‍ അവളുടെ കോണ്‍വെന്റിലെ കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്നലെക്കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. എന്താണ് ആ കേസിന്റെ ഇന്നത്തെ അവസ്ഥ എന്നൊന്ന് ആലോചിച്ചാല്‍ മാത്രം മതി നിരാലംബരായ കന്യാസ്ത്രീകളുടെ ജീവന് ഇവരൊക്കെ എത്ര വിലകൊടുക്കുന്നുണ്ടെന്ന് മനസിലാക്കാന്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജെസ്സിനാ തോമസിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം വഴിമുട്ടുമ്പോഴും ഒരു ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പോലും ഒരു പുരോഹിത പ്രമാണിക്കും ഇതുവരെ തോന്നിയിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ത്തന്നെ എത്രയധികം കന്യാസ്ത്രീകളാണ് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്? ക്രൂരതക്കിരയാക്കപ്പെടുന്ന തെരുവു നായ്ക്കള്‍ക്ക് പോലും ചോദിക്കാനാളുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്കായി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് ആ തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല എന്നിപ്പോള്‍ ബോധ്യമായിരിക്കുന്നു.

ജീവിതത്തിന്റെ നല്ലകാലമെല്ലാം സഭാസ്ഥാപനങ്ങളില്‍ അടിമകളെപ്പോലെ പണിയെടുത്തിട്ട് ഒടുവില്‍ രോഗപീഡകളാല്‍ ബുദ്ധിമുട്ടുന്ന കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ബൈബിള്‍ വചനങ്ങളും പ്രാര്‍ത്ഥനകളും മാത്രമുയരുന്ന സന്ന്യാസ ഭവനങ്ങളില്‍ ‘സന്തുഷ്ട ജീവിതം’ ജീവിക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന കന്യാസ്ത്രീകള്‍ മനോരോഗികളാകുന്ന വാര്‍ത്ത നിരന്തരം കേള്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ക്രൈസ്തവ യുവതികള്‍ അന്യമതസ്ഥരെ പ്രണയിച്ചുപോകുമോ എന്ന ഭയത്താല്‍ ‘പഠനശിബിരം’ സംഘടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ബിഷപ്പുമാര്‍ക്ക് കന്യാമഠങ്ങള്‍ക്കുള്ളില്‍ കൊലചെയ്യപ്പെടുന്ന കന്യാസ്ത്രീകളുടെ കാര്യം വരുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതെന്തുകൊണ്ടാണ്? നിങ്ങളെപ്പോലുള്ളവരെയാണോ ഈ നാട്ടിലെ വിശ്വാസിസമൂഹം ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണേണ്ടത്? ഈ നാട്ടിലെ ഒരു സാധാരണ ക്രൈസ്തവ വിശ്വാസി കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും അങ്ങ് നേതൃത്വം നല്‍കുന്ന മെത്രാന്‍ സമിതിയില്‍ നിന്നും പഠിക്കേണ്ടതെന്താണ്?

കഴിഞ്ഞ ഏതാനം വര്ഷങ്ങള്‍ക്കുള്ളില്‍ ഒന്നും രണ്ടുമല്ല, മുപ്പതിലധികം കന്യാസ്ത്രീകളാണ് ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. കെസിബിസി എന്ന പരമോന്നത മെത്രാന്‍ സമിതിയുടെ തലവനായ അങ്ങ് ഈ വിഷയത്തില്‍ ഇന്നുവരെ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്? ഓരോ മരണവും നടക്കുമ്പോള്‍ അതിനു കാരണക്കാരായവര്‍ക്കെതിരെയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നവര്‍ക്കെതിരെയും എന്ത് നടപടികളാണ് അങ്ങ് കൈക്കൊണ്ടിട്ടുള്ളത്? കന്യാസ്ത്രീ മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് അങ്ങ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്?

പതിവുപോലെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തിയും വിശ്വാസികളില്‍ വര്‍ഗീയവിഷം കുത്തിവച്ച് ജനശ്രദ്ധ തിരിച്ചുവിട്ടും രക്ഷപെടാന്‍ അങ്ങ് ശ്രമിക്കുമെന്നെനിക്കറിയാം. പക്ഷേ ഓമനിച്ച് വളര്‍ത്തി വലുതാക്കിയ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ കന്യാസ്ത്രീയാകാന്‍ പറഞ്ഞയക്കുന്ന ഓരോ അപ്പനുമമ്മയും ഈ ചോദ്യങ്ങള്‍ അങ്ങയോടാവര്‍ത്തിക്കും. അവര്‍ക്ക് മുന്നില്‍ അങ്ങയെപ്പോലുള്ളവരുടെ മൂടുപടം അഴിഞ്ഞു വീഴും. ഏത് വിശുദ്ധ ജലത്തില്‍ കഴുകിയാലും ഈ മരണങ്ങളുടെയെല്ലാം പാപക്കറ അങ്ങയുടെ കൈകളില്‍ തെളിഞ്ഞ് തെളിഞ്ഞ് വന്നുകൊണ്ടേയിരിക്കും!

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.