India

ലാഹോറിൽ നിന്ന് ഡൽഹിലേക്ക് ; സന്മനസ്സുള്ളവർക്കു സമാധാനം ; ഫാദര്‍ അബീദ് ഹബീബ്

അഖില്‍-ഡല്‍ഹി

 രാജ്യം ഇന്ത്യയും, പാക്കിസ്ഥാനുമായി രണ്ടായി പകുത്തപ്പോള്‍ പ്രാണനും കൊണ്ട് പാലായനം ചെയ്ത പഞ്ചാബിലെ കപൂര്‍ത്തല സ്വദേശി ഹബീബ് അഹമ്മദ് ഖുറേഷിയുടെ മകന്‍ ഇന്ന് ലാഹോറില്‍ കത്തോലിക്ക വൈദീകനാണ്, ഫാദര്‍ അബീദ് ഹബീബ്. അടുത്ത നാളില്‍ മരണമടഞ്ഞ പിതാവ് പറഞ്ഞ കഥകളിലൂടെ സഞ്ചരിക്കുകയാണ് ഒരു മകന്‍, ഇന്ത്യയുടെ ധാന്യപ്പുരയായ പഞ്ചാബിലെ സമൃദ്ധമായ ഗോതമ്പു വയലുകളെപ്പറ്റി, കരിമ്പിന്‍ പൂക്കള്‍ നിറഞ്ഞ വയലുകളെപ്പറ്റി, സ്‌നേഹത്തോടെ മാത്രം ഓര്‍മ്മിക്കുന്ന തന്റെ പൂര്‍വികരുടെ ജന്മനാടിനെക്കുറിച്ച്.

ഫാദര്‍ ഹബീബ് ലാഹോറിലെ സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നു.

‘ഇന്ത്യാ-പാക് വിഭജനം നടക്കുമ്പോള്‍ എന്റെ പിതാവിന് 24 വയസ്. തുടര്‍ന്നുണ്ടായ കലാപത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട് ജീവനുംകൊണ്ട് പലായനം ചെയ്യുമ്പോള്‍ പലപ്പോഴും കലാപകാരികളുടെ മുന്നില്‍പ്പെട്ടു. തരംപോലെ ഹിന്ദുവിന്റെയും മുസല്‍മാന്റേയും പേരു പറഞ്ഞ് രക്ഷപ്പെടുമ്പോള്‍, പഞ്ചാബിന്റെ ഹരിതാഭമായ ജന്മനാട്ടിലേക്ക് തിരിച്ചുവരാമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. പാക്ക് അതിര്‍ത്തിയില്‍വച്ച് കപൂര്‍ത്തലയില്‍ നിന്നും തന്റെ ഒപ്പം സഞ്ചരിച്ച ഹിന്ദു സുഹൃത്തിനെ, തന്റെ സമുദായക്കാര്‍ വെട്ടിക്കൊല്ലുത് നോക്കിനില്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ഉടുതുണി മാത്രമായി ലാഹോറിലേക്ക് അനേകര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മനസ്സ് പറഞ്ഞു, ഞാന്‍ തിരികെ വരും പിറന്ന മണ്ണിലേക്ക്, പഞ്ചാബിലെ കപൂര്‍ത്തലയിലെ വിശാലമായ കരിമ്പിന്‍ പാടങ്ങളിലേക്ക്, ബാല്യകൗമാരങ്ങള്‍ പിന്നിട്ട നാട്ടുവഴികളിലൂടെ താന്‍ തിരിച്ചെത്തും, പക്ഷെ വിധി മറിച്ചായിരുന്നു ഒന്നും നടന്നില്ല. വിഭജനത്തിന്റെ ബലിയാടായ അഛന്‍ ഒരിക്കലും താന്‍ ജനിച്ച മണ്ണിനോടും അവിടുത്തെ ജനങ്ങളോടും ശത്രുത പുലര്‍ത്തിയില്ല. ലാഹോറില്‍ വിശ്രമജീവിതം നയിക്കുന്ന എന്റെ പിതാവിന്റെ മനസില്‍ പഞ്ചാബിലെ കപൂര്‍ത്തലയിലെ സമൃദ്ധമായ കൃഷിയിടങ്ങളുടെ ഓര്‍മ്മ ഇന്നും സജീവമാണ്. അദ്ദേഹത്തെപ്പോലെ അനേകം പേരുണ്ട് മടങ്ങിവരവ് സ്വപ്നം കാണുവര്‍.

ലാഹോറിലെ പള്ളിക്ക് മുന്നില്‍ പാക്-മതന്യൂന പക്ഷങ്ങളുടെ പ്രതിനിധികള്‍.

പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നെത്തിയ കപ്പൂച്ചിന്‍ വൈദികന്‍ ഫാദര്‍ ആബിദ് ഹബീബ് ഓര്‍മ്മകളുടെ ഇന്നലെകളിലൂടെ സഞ്ചരിക്കുകയാണ്. ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ഇന്ത്യയില്‍ മൂന്നുതവണ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് പാക്കിസ്ഥാനി എന്ന സംബോധന കേള്‍ക്കുന്നതിനെക്കാള്‍ പ്രിയം ഹിന്ദുസ്ഥാനി എന്നു വിളിക്കപ്പെടാനാണ്. കാരണം ഇന്ത്യ-പാക് വിഭജനം രാഷ്ട്രീയമായിരുന്നു, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മനസാണ് വിഭജിക്കപ്പെട്ടത്.

ലാഹോറിലെ മതചടങ്ങില്‍ പങ്കെടുക്കുന്ന ക്രൈസ്തവ വിശ്വാസികള്‍.

വിഭജനം ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റാണ്. മുസ്ലീം നേതാക്കളാണ് പാക്കിസ്ഥാന് വേണ്ടി വാദിച്ചത്, അതും രാഷ്ട്രീയമായിരുന്നു. പക്ഷേ ഇന്ന് ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ മുന്‍ തലമുറക്കാര്‍ ചെയ്ത തെറ്റിനെ ഓര്‍ത്ത് പശ്ചാത്താപമുണ്ട്. ഇന്ത്യയിലും പാക്കിസ്ഥാനിലും പരസ്പരം ആക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വക്താക്കളായ ഒരുപാട് പേരുണ്ട്. അരാജകവാദികള്‍ക്ക് കലാപങ്ങള്‍ കൊണ്ട് നേട്ടമുണ്ട്. പക്ഷേ ബഹുഭൂരിപക്ഷവും രണ്ട് രാജ്യങ്ങളും സ്‌നേഹത്തോടെ കഴിയണമെന്ന് ആഗ്രഹിക്കുവരാണ്. ഹിന്ദു-മുസ്ലീം, ഭിന്നത മുതലെടുത്തവരാണ് വിഭജനത്തിന് വഴിവച്ചത്. രാഷ്ട്രീയ-അധികാര മോഹമാണ് കാരണമെന്ന് ഏവര്‍ക്കും അറിയാം. നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് വരൂ. വിഭജനത്തിനുശേഷം ഒറ്റപ്പെട്ടുപോയ സഹോദരങ്ങളെയും മാതാപിതാക്കളോടും ചോദിക്കൂ.
ഇന്ത്യയുടെ മണ്ണില്‍ സിഖ്കാരനായി ജീവിക്കുന്ന വ്യക്തിയുടെ സഹോദരി പാക്കിസ്ഥാനില്‍ മുസ്ലീമായി ജീവിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ മുസല്‍മാനെ വിവാഹം കഴിച്ച സ്ത്രീയുടെ ബന്ധുക്കള്‍ പഞ്ചാബിലെ അമൃത്സറില്‍ ഹിന്ദുമത വിശ്വാസികളാണ്. അനവധി പേര്‍ കലാപകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍പെട്ടു പോയിട്ടുണ്ട്. അവരും പറയും വിഭജിച്ചത് രാജ്യത്തെയല്ല, അനേകം ലക്ഷങ്ങളുടെ മനസുകളെയാണ്, ജീവിതങ്ങളെയാണ്. ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ മൃതദേഹങ്ങള്‍ കുത്തിനിറച്ച് തീവണ്ടികള്‍ ഓടിയ വിഭജനകാലത്തെക്കുറിച്ച് അതായിരിക്കും ഒരു ശരാശരി പാക്കിസ്ഥാനിയുടെയും, ഇന്ത്യക്കാരന്റെ വിലയിരുത്തല്‍.
ഇന്ത്യ-പാക് വിഭജന കാലത്ത് ജീവിച്ചവര്‍ക്ക് അവര്‍ നേരില്‍ കണ്ട വര്‍ഗീയ കലാപങ്ങള്‍, മനസിനേല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. പലര്‍ക്കും തങ്ങളുടെ കുഴിമാടത്തോളം പിന്നാലെയെത്തുന്ന ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളാണ് അവയെല്ലാം.

ലാഹോറിലെ ഇഷ്ടിക തൊഴിലാളികള്‍ വേതന വര്‍ദ്ധനവിനായി സമരം ചെയ്യുന്നു, മതന്യൂനപക്ഷ വിഭാഗങ്ങളാണ് നിത്യവേതന തൊഴിലാളികളില്‍ അധികവും.

ഇന്ത്യയെ സ്‌നേഹിക്കുന്ന സാധാരണക്കാരായ പാക്കിസ്ഥാനികളെ നിങ്ങള്‍ക്ക് അറിയാമോ. ഈ വികാരം മനസിലാകണമെങ്കില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ വന്നാല്‍ മതി. അവിടെ ദിവസവും യാത്രാ രേഖകള്‍ തയ്യാറാക്കാനെത്തുവരുടെ വന്‍തിരക്ക് കാണാം. എംബസിക്ക് മുന്നിലെ തുറന്ന പ്രദേശത്ത് കൂടാരമടിച്ച് സ്ഥിരതാമസമാക്കിയ അപ്പനും മക്കളും മുതുമുത്തച്ഛനും അടങ്ങിയ കുടുംബങ്ങള്‍ ചോദിക്കും, എന്തിന് ഞങ്ങളുടെ ഉറ്റവരെയും വേര്‍പെടുത്തിയെന്ന്.
രണ്ടു രാജ്യങ്ങളും സ്‌നേഹബന്ധത്തില്‍ കഴിയേണ്ടതിന്റെ പ്രധാന്യം എല്ലാ വേദിയിലും ഫാദര്‍ ഹബീബ് പ്രസംഗിക്കാറുണ്ട്. പാക്കിസ്ഥാന്‍ കത്തോലിക്കാ സഭയുടെ ഇന്ത്യാ-പാക്ക് സമാധാന കമ്മിറ്റിയുടെ തലവനാണ് അദ്ദേഹം. ഇരുരാജ്യത്തെയും ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ് അന്താരാഷ്ട്രവേദികളിലെല്ലാം ഈ വിഷയം അദ്ദേഹം പ്രധാന വിഷയമായി ഉന്നയിക്കാറുണ്ട്. നിങ്ങള്‍ പാക്കിസ്ഥാനിലെ പെഷാവറിലോ, റാവല്‍പിണ്ടിയിലോ വേറെ ഏതെങ്കിലും നഗരത്തിലെ സാധാരണക്കാരുടെ ഹോട്ടലില്‍ വന്ന് ഭക്ഷണം കഴിച്ച ശേഷം താന്‍ ഹിന്ദുസ്ഥാനിയാണെന്ന് പറഞ്ഞാല്‍ പലപ്പോഴും അവര്‍ നിങ്ങളോട് പണം വാങ്ങില്ല, ഇന്നും ഹിന്ദുസ്ഥാനിയെ ജനിച്ചപ്പോള്‍ വേര്‍പെട്ടുപോയ സഹോദരനെപ്പോലെ കാണുന്നവര്‍ അനേകരുണ്ട് പാക്കിസ്ഥാനില്‍, ഞാന്‍ നേരില്‍ കണ്ട അനുഭവമാണ് പറയുന്നത്.

പഞ്ചാബിലെ അമൃതറിലെ അട്ടാരി ഇന്ത്യ-പാക് അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ്.

പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ കാര്യം പരിതാപകരമാണ്. മതനിന്ദ നിയമത്തിന്റെ പേരില്‍ നടക്കുന്നതൊക്കെ നിങ്ങള്‍ക്ക് അറിയാം. കഴുമരത്തോളം എത്തി ജീവിതം തിരിച്ചു പിടിച്ച ആസിയാ ബിവിയെന്ന ക്രൈസ്തവ വനിതയെ നിങ്ങള്‍ വായിച്ചിട്ടില്ലേ.
എണ്ണത്തില്‍ ഏറ്റവും ന്യൂനപക്ഷമാണ് ക്രൈസ്തവര്‍, ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് അവരുടെ സംഖ്യ. എന്നെ ഏറ്റവും ദുഃഖിപ്പിക്കുന്നത് അവരുടെ എണ്ണമല്ല അവഗണിക്കപെടുന്ന അവരുടെ ജീവിതങ്ങളാണ്. സമൂഹത്തില്‍ സാമ്പത്തിക മാനദണ്ഡം നോക്കിയാലും ഏറ്റവും അടിത്തട്ടില്‍ കഴിയുവരാണ് അവര്‍. ഏറെപ്പേരുടേയും ജോലി ‘സഫായി കര്‍മ്മചാരി’ എന്ന ശുചീകരണ തൊഴിലാണ്. ബഹുഭൂരിപക്ഷവും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശികളാണ്.

പാക്കിസ്ഥാനിലെ ജിന്ന സ്റ്റേഡിയം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നുള്ള കാഴ്ച.

സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും അവഗണന ഏറ്റവും അനുഭവിക്കുന്ന ജനതയും മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും, സിഖ്കാരും ക്രൈസ്തവരുമാണ്. സര്‍ക്കാരിന്റെയും ഭരണത്തിന്റെയും ഔദ്യോഗിക തലത്തിലൊന്നും ഒരു ക്രൈസ്തവനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. മതരാഷ്ട്രങ്ങളില്‍ ഒരിക്കലും ന്യൂനപക്ഷ വിശ്വാസത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്തുവരാറുമില്ല. ഒരു മുന്‍ ക്രിക്കറ്റ് താരം ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ അത് വന്‍വാര്‍ത്തയായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചതെങ്കില്‍ അതാരും അറിയുകയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് റാവല്‍പിണ്ടിയിലും വെഷവാറിലും ക്രൈസ്തവ ദേവാലയങ്ങളെ ബോംബിട്ട് ആക്രമിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. സ്വന്തം ജീവിതത്തിന്റെ എല്ലാ പിന്നോക്കാവസ്ഥകളും ഉള്‍ക്കൊണ്ട് തന്നെ ഇന്നും വിശ്വാസജീവിതത്തെ മുറുകെ പിടിക്കുവരാണ് പാക്ക്-ക്രൈസ്തവര്‍.
കപ്പൂച്ചിന്‍ സഭ ലോകത്തെവിടെയുമെന്ന പോലെ പാക്കിസ്ഥാനിലും വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കുന്നത്. സെമിനാരികളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. ക്രൈസ്തവരുടെ ജനസംഖ്യ 2.5 ശതമാനമെന്ന സര്‍ക്കാരിന്റെ കണക്കാണ്, ശരിയാകണമെന്നില്ല. ഫാദര്‍ ഹബീബിന്റെ മുത്തച്ഛന്‍ ഡോക്ടറായിരുന്നു. പഞ്ചാബിലെ കപൂര്‍ത്തലയില്‍ നല്ല രീതിയില്‍ ജീവിച്ച അവര്‍ക്ക് ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പിന്‍മുറക്കാരാണ് തങ്ങളെന്ന് മുത്തച്ഛന്‍ പറയാറുണ്ടായിരുന്നു. എന്റെ പിതാവ് ഹബീബ് അഹമ്മദ് ഖുറേഷി, വിവാഹത്തെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അമ്മ മറിയം റോഡ്രിഗ്‌സ് ഗോവ സ്വദേശിനിയായിരുന്നു. അമ്മയുടെ അച്ഛന്‍ ലാഹോറില്‍ സര്‍ക്കാര്‍ ജോലിക്കായി എത്തിയതാണ്. എന്റെ സഹോദരങ്ങളെല്ലാം ഇന്നും സജീവ വിശ്വാസജീവിതം നയിക്കുവരാണ്. ഞങ്ങള്‍ ഏഴുമക്കളാണ്. അമ്മ നേരത്തെ മരണമടഞ്ഞു. അച്ഛന്‍ അടുത്ത നാളിലാണ് മരിച്ചത്.

ഇന്ത്യന്‍ അതിര്‍ത്തിയായ അട്ടാരിയിലെ പോസ്റ്റില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനീകന്‍.

ഫാദര്‍ ഹബീബ് പറയുന്നു ‘ലാഹോറില്‍ നിന്നും ഡല്‍ഹിയിലെത്തിയ പ്രതിനിധി സംഘത്തിനൊപ്പം ഇന്ത്യാ സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. നേരിട്ടറിയാവുന്ന ഒട്ടനവധി സാധാരണക്കാരും, സന്നദ്ധ പ്രവര്‍ത്തകരും ഇന്ത്യാസന്ദര്‍ശത്തിന് അവസരം ചോദിച്ചെത്തിയിരുന്നു. ഇരുരാജ്യങ്ങളും വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് ഒന്നായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. മനുഷ്യര്‍ തീര്‍ത്ത അതിര്‍ത്തികളും വേലിക്കല്ലുകളുമെല്ലാം കാലം മായിച്ചുകളഞ്ഞ അനേകം ചരിത്രം നമുക്ക് മുന്നിലില്ലേ. രണ്ടാം ലോകമഹായുദ്ധ കാലത്ത് വേര്‍തിരിക്കപ്പെട്ട പോളണ്ടും, ജര്‍മ്മനിയും ഒന്നായില്ലേ. അതിര്‍ത്തി വേലികളില്ലാതെ, ശത്രുതയും കാലുഷ്യവും മാഞ്ഞുപോയ ശൂഭ്രമായ ചിന്തകളോടെ, ഒരിക്കല്‍ വേര്‍പെട്ട മനുഷ്യമനസ്സുകള്‍ വീണ്ടും ഒന്നായെങ്കില്‍… ഒരിക്കലും നടക്കാത്ത സ്വപ്നമാണെറിയാം, എന്നാലും അതിര്‍ത്തിക്ക് ഇരുപുറവുമുള്ള അനേകലക്ഷം മനുഷ്യരെപ്പോലെ ഞാനും സ്വപ്നം കാണുകയാണ് സുഹൃത്തേ.’

രണ്ടു സുഹൃത്തുക്കള്‍ യാത്രപറഞ്ഞ് പിരിയുമ്പോള്‍ അപരനെ അനുഹൃഹിച്ച് നെറ്റിയില്‍ കുരിശു വരച്ച് യാത്രയാക്കുന്നത് കപ്പൂച്ചിന്‍ വൈദീകരുടെ ശൈലിയാണ്, അദ്ദേഹം പതിവ് തെറ്റിച്ചില്ല നെറ്റിയില്‍ കുരിശുവരച്ച്, കൊട്ടിപ്പിടിച്ച് ആജാനുബാഹുവായ ഫാദര്‍ ഹബീബ് നടന്നു മറഞ്ഞു.

അട്ടാരി ബോര്‍ഡറില്‍ ഇന്ത്യന്‍ പതാക താഴ്ത്തല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ ജനങ്ങള്‍.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.