Editorial

ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയമാണ്‌ കോണ്‍ഗ്രസിന്റെ ശാപം

കോണ്‍ഗ്രസിലെ കത്ത്‌ വിവാദം അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല. കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ്‌ ജില്ല കമ്മിറ്റി ദേശീയ നേതൃത്വത്തോട്‌ കൂറ്‌ കാട്ടിയത്‌. ഇതിനെതിരെ കത്തെഴുത്തിന്‌ മുന്‍നിരയിലുണ്ടായിരുന്ന കപില്‍ സിബല്‍ ട്വിറ്ററിലൂടെ രംഗത്തു വന്നു. പാര്‍ട്ടിക്ക്‌ അകത്തെ നേതാക്കളെ ലക്ഷ്യമാക്കുന്നതിന്‌ പകരം ബിജെപിക്ക്‌ എതിരെയാണ്‌ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തേണ്ടതെന്ന്‌ കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

നിര്‍ജീവാവസ്ഥയല്‍ കഴിയുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യശുദ്ധി നിലനിര്‍ത്തികൊണ്ട്‌ നേതൃത്വത്തിന്‌ അയച്ച ഒരു കത്തിന്റെ പേരില്‍ തങ്ങള്‍ കുരിശില്‍ തറയ്‌ക്കപ്പെടുമെന്ന്‌ അതില്‍ ഒപ്പുവെച്ചപ്പോള്‍ നേതാക്കള്‍ കരുതിയിരിക്കില്ല. ഗുലാം നബി ആസാദോ കപില്‍ സിബലോ ശശി തരൂരോ നെഹ്‌റു കുടുംബവുമായി അകലം പുലര്‍ത്തുന്നവരല്ല. ശരി തരൂരിന്റെ വീട്ടില്‍ നടത്തിയ വിരുന്നിലാണ്‌ ഇത്തരമൊരു കത്തിനെ കുറിച്ച്‌ ആദ്യം ചര്‍ച്ച നടന്നത്‌. പി.ചിദംബരം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഒരു വിമതനീക്കമായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇങ്ങനെയൊരു തുറന്ന ചര്‍ച്ച നടക്കില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ കത്തിന്റെ പേരില്‍ 23 നേതാക്കളെ പാര്‍ട്ടിക്കുള്ളില്‍ കണക്കാക്കുന്നത്‌ വിമതരെ പോലെയാണ്‌.

നെഹ്‌റു കുടുംബത്തിന്റെ ആശ്രിതനും കാര്യസ്ഥനുമായ അഹമ്മദ്‌ പട്ടേല്‍ കത്തിനെതിരെ ശക്തമായ നിലപാടാണ്‌ എടുത്തത്‌. കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ്‌ എന്നാണ്‌ കത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ അഹമ്മദ്‌ പട്ടേല്‍ പറഞ്ഞത്‌. ഒരു ജനാധിപത്യ പാര്‍ട്ടി ഒരു കുടുംബത്തിന്റെ ആധിപത്യത്തിന്‍ കീഴിലായി പോയത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിലേക്ക്‌ പട്ടേലിനെ പോലുള്ള നേതാക്കള്‍ എത്താത്തത്‌ എന്തുകൊണ്ടാണ്‌? കൃത്യമായ സംഘടനാ തിരഞ്ഞെടുപ്പോ അച്ചടക്കമോ ഇല്ലാത്ത ഒരു സംവിധാനത്തെ സുതാര്യമായ പാര്‍ട്ടി എന്ന്‌ എങ്ങനെയാണ്‌ വിശേഷിപ്പിക്കാന്‍ കഴിയുക?

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക എന്നതാണ്‌ മിക്ക കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും സൗകര്യം. കാരണം അവരുടെ നിലനില്‍പ്പ്‌ നെഹ്‌റു കുടുംബത്തിന്റെ പ്രീതി എന്ന ഘടകത്തെ ആശ്രയിച്ചിരിക്കുന്നു. അതില്‍ കവിഞ്ഞ്‌ പാര്‍ട്ടിയുടെ മേല്‍ഗതിയോ തിരിച്ചുവരവോ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എത്ര നേതാക്കള്‍ ആ പാര്‍ട്ടിക്ക്‌ അകത്തുണ്ട്‌? തന്റെയും സില്‍ബന്ധികളുടെയും പുരോഗതി എന്ന അജണ്ട മാത്രം മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്ന കുറെ (അ)രാഷ്‌ട്രീയനേതാക്കള്‍ ഉള്‍പ്പെടുന്നതാണ്‌ കോണ്‍ഗ്രസ്‌ എന്നതാണ്‌ ആ പാര്‍ട്ടിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. ഈ ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയമാണ്‌ കോണ്‍ഗ്രസിനെ ഇന്നത്തെ നിലയിലെത്തിച്ചത്‌. നരേന്ദ്ര മോദിയെ പോലൊരു നേതാവിന്‌ പ്രധാമന്ത്രിയായി ഉയരാന്‍ ബിജെപിയിലൂടെ സാധിക്കുമെങ്കില്‍ അത്തരം ഒരു ആഗ്രഹം പോലും അരുതാത്തതായി കാണുന്നവരാണ്‌ കോണ്‍ഗ്രസിലെ ആശ്രിത രാഷ്‌ട്രീയ വൃന്ദം.

ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയത്തില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നതാണ്‌ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്‌. പ്രധാനമന്ത്രിയായിരിക്കെ സോണിയാഗാന്ധിയുടെ ആശ്രിതവേല ചെയ്യാന്‍ വിസമ്മതിച്ച നരസിംഹറാവുവിന്‌ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിയതിനു ശേഷമുണ്ടായത്‌ ദുരനുഭവങ്ങള്‍ മാത്രമാണ്‌. അദ്ദേഹത്തിന്റെ മൃതശരീരം പോലും അപമാനിക്കപ്പെടും വിധം നെഹ്‌റു കുടുംബം വിദ്വേഷ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു.

ഇന്ന്‌ ശശി തരൂരിനെ പോലുള്ള നേതാക്കള്‍ വേറിട്ടു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശ്രമിക്കുന്നത്‌ നെഹ്‌റു കുടുംബത്തോടുള്ള എല്ലാ പ്രതിബദ്ധതയും നിലനിര്‍ത്തികൊണ്ടാണ്‌. അത്‌ പോലും ആ പാര്‍ട്ടിക്ക്‌ ഉള്‍ക്കൊള്ളാനാകാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. നെഹ്‌റു കുടുംബം അത്തരം നീക്കങ്ങളോട്‌ പൊറുത്താലും ആശ്രിതര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ `വിമതരെ’ ഒതുക്കാന്‍ പട നയിക്കുന്നുവെന്നതാണ്‌ വിചിത്രം.

ഒരു ആള്‍ക്കൂട്ടത്തിന്‌ ഒരിക്കലും സ്വയം നിര്‍വചിക്കാന്‍ സാധിക്കില്ല. എന്നാല്‍ ആശയപരമായ നിശ്ചയദാര്‍ഢ്യമുള്ള ഒരു പാര്‍ട്ടിക്കോ പ്രസ്ഥാനത്തിനോ അത്‌ സാധിക്കും. കോണ്‍ഗ്രസ്‌ ഇന്ന്‌ ഒരു ആള്‍ക്കൂട്ടത്തിന്റെ അവസ്ഥയിലേക്ക്‌ ശിഥിലമായി പോയിരിക്കുന്നു. അതിനെ ഉറച്ച ഒരു പ്രസ്ഥാനമാക്കി മാറ്റാന്‍ സാധിക്കണമെങ്കില്‍ ആശയപരമായ ദാര്‍ഢ്യം കൈവരണം. കോണ്‍ഗ്രസ്‌ മുക്തഭാരതം ലക്ഷ്യമാക്കിയ ഒരു പാര്‍ട്ടി ഇന്ത്യ ഭരിക്കുമ്പോള്‍ തങ്ങളുടെ പ്രതിരോധത്തിന്റെയും അതീജിവനത്തിന്റെയും മാര്‍ഗരേഖ എന്താണെന്ന്‌ കോണ്‍ഗ്രസ്‌ സ്വയം നിര്‍വചിക്കണം. ഇത്തിള്‍കണ്ണി രാഷ്ട്രീയത്തിന്റെ വേര്‌ അറുത്താല്‍ മാത്രമേ കോണ്‍ഗ്രസിന്‌ ആ നിലയിലേക്ക്‌ വളരാനാകൂ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.