Editorial

അവസരവാദ രാഷ്‌ട്രീയത്തിന്റെ പുതിയ അധ്യായം

രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൂറുമാറ്റത്തിന്‌ കേരളത്തിലെ മുന്നണി രാഷ്‌ട്രീയത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ പഴക്കമുണ്ട്‌. മുന്നണി രാഷ്‌ട്രീയത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏതെങ്കിലും ഒരു ഭാഗത്ത്‌ മാത്രമായി ഉറച്ചുനിന്നിട്ടുള്ളത്‌ മുന്നണികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സിപിഎമ്മും കോണ്‍ഗ്രസും മാത്രമായിരിക്കും. മിക്കവാറും മറ്റെല്ലാ പാര്‍ട്ടികളും ഇരുമുന്നണികളുടെയും കൂടെകൂടി രാഷ്‌ട്രീയ രുചിമാറ്റം പരീക്ഷിച്ചവരാണ്‌. കേരള കോണ്‍ഗ്രസ്‌ ജോസ്‌ കെ. മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക്‌ കൊണ്ടുവരുന്നതിനെ ആദ്യഘട്ടത്തില്‍ ശക്തമായ എതിര്‍ത്ത സിപിഐ വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്നു. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ കുടികിടപ്പ്‌ ഇടക്കാലത്ത്‌ ഇടതുപാളയത്തിലായിരുന്നു. എന്തിന്‌ സിപിഎമ്മിനും കോണ്‍ഗ്രസിനും പോലും തൊട്ടുകൂടായ്‌മ കേരളത്തില്‍ മാത്രമേയുള്ളൂ. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരണം സാധിച്ചതു തന്നെ സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണ കൊണ്ടു മാത്രമാണ്‌. ഫാസിസ്റ്റുകള്‍ എന്ന്‌ മുദ്രകുത്തപ്പെടുന്ന ബിജെപി ഒരു ഭാഗത്തും ഇടതുപക്ഷം മറ്റൊരു ഭാഗത്തും നിന്നാണ്‌ വി.പി.സിംഗ്‌ സര്‍ക്കാരിനെ പിന്തുണച്ചത്‌.

ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്‌മയും തീണ്ടലുമൊക്കെ അതാത്‌ രാഷ്ട്രീയ സാഹചര്യത്തിന്‌ അനുസരിച്ച്‌ മാത്രമാണ്‌. അതേ സമയം ചില ആശയങ്ങളെയോ സാഹചര്യങ്ങളെയോ അടിസ്ഥാനമാക്കി നടത്തുന്ന രാഷ്‌ട്രീയ നീക്കുപോക്കും മുന്നണികള്‍ വിട്ട്‌ തരാതരം പോലെ സഖ്യമുണ്ടാക്കുന്ന അവസരവാദ രാഷ്‌ട്രീയവും തമ്മില്‍ വ്യത്യാസമുണ്ട്‌.

അഴിമതിക്കാരനും ബജറ്റ്‌ വിറ്റ്‌ കാശാക്കുന്നവനെന്നുമുള്ള ആരോപണം നേരിട്ട കെ.എം.മാണിയെ ബജറ്റ്‌ അവതരിപ്പിക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന വാശിയോടെ നിയമസഭാ അങ്കണത്തില്‍ കോപ്രായങ്ങള്‍ കാട്ടികൂട്ടുകയും അതുവഴി നിയമസഭാ ചരിത്രത്തില്‍ ഒരു കറുത്ത ദിനം എഴുതിചേര്‍ക്കുകയും ചെയ്‌ത സിപിഎം നേതാക്കള്‍ തന്നെയാണ്‌ രണ്ട്‌ കൈയും നീട്ടി മാണിയുടെ മകനെയും പാര്‍ട്ടിയെയും എല്‍ഡിഎഫിലേക്ക്‌ ആനയിക്കുന്നത്‌. നിയമസഭയിലെ കയ്യാങ്കളി ഉത്സവവും ഒരു വര്‍ഷം മുമ്പ്‌ കേരള കോണ്‍ഗ്രസ്‌ എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച്‌ എല്‍ഡിഎഫ്‌ നേടിയ വിജയത്തിന്റെ ആഘോഷവുമൊക്കെ സിപിഎമ്മും ഇടതുമുന്നണിയും സൗകര്യപൂര്‍വം മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്‌. പക്ഷേ മാണിക്ക്‌ 500 രൂപ മണി ഓര്‍ഡര്‍ അയച്ച്‌ ഇടതുസഹയാത്രികനായ ആഷിക്ക്‌ അബു തുടങ്ങിവെച്ച സംഭാവനാ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത പ്രതികരണശേഷിയുള്ള ഇടതുസഹയാത്രികര്‍ക്കും ആദര്‍ശശുദ്ധിയുള്ള സിപിഎം അനുകൂലികള്‍ക്കും അതൊക്കെ പെട്ടെന്നങ്ങനെ മറക്കാന്‍ സാധിക്കുമോ?

ഈയിടെ അന്തരിച്ച രാം വിലാസ്‌ പാസ്വാന്‍ `രാഷ്‌ട്രീ കാലാവസ്ഥാ ശാസ്‌ത്രജ്ഞന്‍’ എന്ന്‌ അറിയപ്പെട്ടിരുന്നത്‌ ഇത്തരം രാഷ്‌ട്രീയ മലക്കംമറിച്ചിലുകളില്‍ അഗ്രഗണ്യന്‍ എന്ന നിലയിലായിരുന്നു. തിരഞ്ഞെടുപ്പ്‌ കറക്കിക്കുത്തില്‍ അധികാരത്തിന്റെ സൂചി എങ്ങോട്ട്‌ തിരിയുന്നുവെന്ന്‌ കൃത്യമായി കണക്കുകൂട്ടി മറുകണ്ടം ചാടാനുള്ള വൈഭവമായിരുന്നു പാസ്വാനെ ഈ വിശേഷണത്തിന്‌ അര്‍ഹനാക്കിയത്‌. യഥാര്‍ത്ഥത്തില്‍ മിക്കവാറും എല്ലാ പാര്‍ട്ടികളും രാഷ്‌ട്രീയ കാലാവസ്ഥാ മാറ്റത്തിന്‌ അനുസരിച്ച്‌ വിളയിറക്കാനും കൊയ്യാനുമുള്ള അവസരവാദം കൈമുതലാക്കിയവരാണ്‌. അതില്‍ അഗ്രഗണ്യരായവരോട്‌ അധികാരം ഒട്ടിച്ചേര്‍ന്നുനില്‍ക്കുമെന്ന്‌ മാത്രം. രാഷ്‌ട്രീയം അവസരങ്ങളുടെ കലയാണ്‌ എന്ന ആപ്‌തവാക്യം രാഷ്‌ട്രീയം അവസരവാദത്തിന്റെ കളിയാണ്‌ എന്ന്‌ തിരുത്തി നെറ്റിയില്‍ ഒട്ടിച്ചുനടക്കുന്നവരാണ്‌ ഭൂരിഭാഗം രാഷ്‌ട്രീയ പാര്‍ട്ടികളും.

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്‌ മതിയായ പിന്തുണയില്ലെന്ന സ്വയം വിലയിരുത്തല്‍ ആ പാര്‍ട്ടി ഏറെ കാലമായി കൊണ്ടുനടക്കുന്നുണ്ട്‌. കുഞ്ഞാലിക്കുട്ടിയെയും മാണിയെയുമൊക്കെ ഇടതുപാളയത്തിലെത്തിക്കാന്‍ നടത്തിയ വഴി വിട്ട നീക്കങ്ങള്‍ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. പി.ജെ.ജോസഫിന്റെ കേരള കോണ്‍ഗ്രസ്‌ ഇടതുമുന്നണി വിട്ടു പോവുകയും ചെയ്‌തതോടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക്‌ തീരെ സ്വാധീനമില്ലെന്ന ധാരണയാണ്‌ സിപിഎമ്മിനെ ഭരിച്ചുകൊണ്ടിരുന്നത്‌. വര്‍ഷങ്ങളായി ന്യൂനപക്ഷ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ സിപിഎം പല തന്ത്രങ്ങളും പയറ്റുന്നു. താലിബാന്‍ ശൈലിയിലുള്ള പകപോക്കലിനായി ജോസഫ്‌ മാഷുടെ കൈവെട്ടിയതിനെ പരസ്യമായി ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്‌ത മദ്‌നിയെ പോലുള്ള തീവ്രവാദിയുമായി വേദി പങ്കിടാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബാന്ധവത്തില്‍ ഏര്‍പ്പെടാനും യോഹന്നാന്‍ എന്ന ഭൂമി കൈയേറ്റക്കാരന്‍ പാപ്പാത്തിച്ചോലയില്‍ ഭൂമി കൈവശപ്പെടുത്തി സ്ഥാപിച്ച കുരിശ്‌ നീക്കം ചെയ്‌ത ഉദ്യോഗസ്ഥനെതിരെ ആക്രോശിക്കാനുമൊക്കെ സിപിഎം നേതാക്കള്‍ തയാറായത്‌ തങ്ങള്‍ക്ക്‌ അന്യമെന്ന്‌ കരുതപ്പെടുന്ന ന്യൂനപക്ഷ വോട്ട്‌ബാങ്കിലേക്ക്‌ നുഴഞ്ഞുകയറാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയായിരുന്നു. അത്തരം ചെറിയ കലക്കത്തില്‍ പോലും മീന്‍പിടിക്കാന്‍ ശ്രമിച്ചവര്‍ ജോസ്‌ കെ.മാണി സൃഷ്‌ടിച്ച വലിയ കലക്കത്തിലേക്ക്‌ വലയുമായി ചാടിവീഴാതിരിക്കുന്നതെങ്ങനെ?

`നാണം കെട്ടും പണം സമ്പാദിച്ചീടുക, നാണക്കേട്‌ ആ പണം മാറ്റീടും’ എന്ന ചൊല്ല്‌ പോലെ അവസരവാദ രാഷ്ട്രീയത്തിന്റെ നാണക്കേട്‌ അധികാരം കൈവരുമ്പോള്‍ മാറിക്കോളും എന്നതാണ്‌ എല്ലാ അവസരവാദ രാഷ്‌ട്രീയക്കാരുടെയും പൊതുപ്രമാണം. ഭൂതകാലത്തിലെ നിലപാടുകളെ മറന്നു കൊണ്ട്‌ അഴിമതിയുടെ ആള്‍രൂപമായി ആരോപിക്കപ്പെട്ടിരുന്ന ഒരു നേതാവിന്റെ പാര്‍ട്ടിയെ അദ്ദേഹത്തിന്റെ കാലശേഷമാണെങ്കിലും ഇടതുപാളയത്തിലെത്തിക്കുന്നതിനും ലക്ഷ്യം ഒന്നേയുള്ളൂ- അധികാരം. എല്ലാ നാണക്കേടും മാറ്റാന്‍ ഇതുവഴി കൈവരുന്ന അധികാര തുടര്‍ച്ച സഹായിക്കുമെന്നാകാം ഇടതുനേതാക്കള്‍ കരുതുന്നത്‌. എന്നാല്‍ കേരള പിറവിക്കു ശേഷം വളരെ വിരളമായി മാത്രം കണ്ടിട്ടുള്ള അധികാര തുടര്‍ച്ച കേരള കോണ്‍ഗ്രസ്‌ ജോസ്‌ കെ. മാണി ഗ്രൂപ്പിനെ എല്‍ഡിഎഫിലെത്തിക്കുന്നതു കൊണ്ടു മാത്രം സാധ്യമായ കാര്യമാണോ?

തിരഞ്ഞെടുപ്പ്‌ വിജയം തീരുമാനിക്കുന്നത്‌ എല്ലായ്‌പ്പോഴും ഏതെങ്കിലും മുന്നണിയോടോ പാര്‍ട്ടിയോടോ പ്രത്യേക പ്രതിബദ്ധത സൂക്ഷിക്കാതെ പ്രശ്‌നാധിഷ്‌ഠിതമായി വോട്ട്‌ ചെയ്യുന്ന ഒരു വിഭാഗമാണ്‌. പ്രത്യേകിച്ച്‌ കേരളത്തില്‍. അനുയായികൾക്കോ സൈബര്‍ പോരാളികള്‍ക്കോ ഒരു തിരഞ്ഞെടുപ്പിലെയും വിജയം നിര്‍ണയിക്കാന്‍ സാധിക്കില്ല. ഒരു ജോസ്‌ കെ. മാണി മുന്നണി മാറി വന്നാല്‍ ഇല്ലാതാകുന്നതല്ല ഇപ്പോഴത്തെ പ്രതിസന്ധി.
സ്വര്‍ണകടത്ത്‌, ലൈഫ്‌ മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍, മന്ത്രി ജലീല്‍ നേരിടുന്ന ആരോപണങ്ങള്‍, പരാജയപ്പെട്ട കോവിഡ്‌ പ്രതിരോധ ദൗത്യം തുടങ്ങി ഒട്ടേറെ ഘടകങ്ങളാണ്‌ ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ചുതകര്‍ത്തിരിക്കുന്നത്‌. ഇതെല്ലാം മറന്ന്‌ മേല്‍പറഞ്ഞ കക്ഷിരാഷ്‌ട്രീയത്തിന്‌ അടിമകളല്ലാത്ത വിഭാഗം ഭരണതുടര്‍ച്ചയ്‌ക്കായി വോട്ട്‌ ചെയ്യണമെങ്കില്‍ ഇനിയുള്ള മാസങ്ങളില്‍ തകര്‍ന്ന പ്രതിച്ഛായ മിനുക്കി പുതിയ പളുങ്കുപാത്രം പോലെയാക്കിയെടുക്കാന്‍ സാധിക്കണം. അതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്താതെ അവസരവാദ രാഷ്‌ട്രീയം വഴിയുണ്ടാക്കുന്ന ബന്ധങ്ങള്‍ അധികാര ലബ്‌ധിക്ക്‌ വഴിയൊരുക്കുമെന്ന്‌ കരുതുന്നത്‌ മൗഢ്യം മാത്രമാണ്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.