Features

എന്നാണ് പോലീസ് ജനങ്ങളുടെ സുഹൃത്താവുക..?

ഐ.ഗോപിനാഥ്

ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് പോലീസ് എന്ന വാചകം ഏറെ പ്രശസ്തമാണ്. പൊതുവില്‍ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ് ഈ വാചകം നിരന്തരമായി ഉരുവിടാറുള്ളത്. എന്നാല്‍ അവര്‍ ഭരണത്തിലേറിയാല്‍ അക്കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് ഉത്തരം. കേരളത്തിലാകട്ടെ പലപ്പോഴും പോലീസിന്റെ വീര്യം കൂടുന്ന കാഴ്ചയാണ് കാണുന്നത്. പോലീസിന്റെ ആത്മവീര്യത്തെ നശിപ്പിക്കരുതെന്ന് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പോലും ജനങ്ങളോട് ആവശ്യപ്പെടുന്നത് നമ്മള്‍ കേട്ടിട്ടുണ്ടല്ലോ.

പോലീസ് എങ്ങനെയായിരിക്കരുത് എന്നതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളീയര്‍ സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും കണ്ടത്. പരാതി പറയാനെത്തിയ പിതാവിനോടും മകളോടും ഇത്തരത്തില്‍ ആ പോലീസുദ്യോഗസ്ഥന്‍ പെരുമാറുന്നുവെങ്കില്‍ അതിന്റെ കാരണം വ്യക്തമാണ്. എന്തായാലും താന്‍ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസം തന്നെ. പോലീസ് അതിക്രമങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും കൊലയും വ്യാജ ഏറ്റുമുട്ടലുകളുമൊക്കെ നടക്കുമ്പോള്‍ ഏറെ വിവാദമൊക്കെ ഉണ്ടാകുമെങ്കിലും ഏതെങ്കിലും പോലീസ് ഉദ്യാഗസ്ഥര്‍ ശിക്ഷിക്കപ്പെടാറുണ്ടോ? ഉദയകുമാര്‍ ഉരുട്ടികൊലകേസും വര്‍ഗ്ഗീസ് കേസും പോലെ അത്യപൂര്‍വ്വമായ കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. ഏറെ വിവാദമായ രാജന്‍ കേസില്‍ പോലും എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. പിന്നെ ഏതു പോലീസ് ഉദ്യോഗസ്ഥനാണ് ജനങ്ങള്‍ക്ക് നേരെ കുതിര കയറാന്‍ ഭയമുണ്ടാകുക? ഈ സംഭവത്തില്‍ തന്നെ ഈ ഉദ്യോഗസ്ഥന് കൊടുത്തത് ശിക്ഷയെന്നു പറയാനാകാത്ത സ്ഥലം മാറ്റം. കുറെ ദിവസം കഴിഞ്ഞാല്‍ എല്ലാവരും ഇക്കാര്യം മറക്കും, അയാള്‍ തിരിച്ചെത്തും.

ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പോലീസിനെതിരായ പരാതികള്‍ വര്‍ധിക്കുന്നതായി പോലീസ് കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍ ആത്മവീര്യത്തിന്റെ പേരിലാണ് സര്‍ക്കാരുകള്‍ പോലീസിനു കവചമൊരുക്കുന്നത്. ഇക്കാര്യത്തില്‍ കേരളം ഇന്ത്യയില്‍ തന്നെ മുന്‍നിരയിലാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്.

ലോക്കപ്പ് കൊലപാതകങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നു. ലോക്കപ്പുകളില്‍ സിസിടിവി  സ്ഥാപിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും നടപ്പായിട്ടില്ല. ദളിതുകളും ദുര്‍ബലരുമായവര്‍ തന്നെയാണ് പീഡനങ്ങള്‍ക്ക് ഏറ്റവും വിധേയരാകുന്നവര്‍. ട്രാന്‍സ്ജെന്റര്‍ സൗഹൃദ സംസ്ഥാനമെന്നു പറയുമ്പോഴും അവരെ കേരളത്തില്‍ വെച്ചേക്കില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു പോലീസ്. ജനകീയ സമരങ്ങളോടുള്ള സമീപനം പുതുവൈപ്പിനിലും ഗെയ്ല്‍ സമരത്തിലും ജിഷ്ണുവിന്റെ അമ്മക്കുനേരെയുള്ള അക്രമത്തിലും മറ്റും വ്യക്തമായി.

വര്‍ഗ്ഗീസ് വധത്തിനു പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറിയത് ഈ ഭരണകാലത്തായിരുന്നു. നാലു സംഭവങ്ങളിലായി എട്ടുപേരെയാണ് നിയമ വിരുദ്ധമായി തണ്ടര്‍ ബോള്‍ട്ട് കൊന്നൊടുക്കിയത്. ഇതിനൊക്കെ പുറമെയാണ് ആരുമറിയാതെ സ്റ്റേഷനുകളില്‍ അരങ്ങേറുന്ന പീഡന പരമ്പരകള്‍. ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവ് പല്ലവിയാണ് ഏതു സര്‍ക്കാരും പറയുക. സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഓരോ പൗരനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണിവിടെ നിഷേധിക്കപ്പെടുന്നത്.

സദാചാര പോലീസിങ് അനുവദിക്കില്ല എന്നു പറയുമ്പോഴും പോലീസ് തന്നെ സദാചാര പോലീസാകുന്ന സംഭവങ്ങളും നിരന്തരം അരങ്ങേറുന്നു. യു.എ.പി.എക്ക് എതിരാണെന്ന് അവകാശപ്പെടുമ്പോഴും രാഷ്ട്രീയ താല്‍പര്യത്തോടെ അത് പ്രയോഗിക്കുന്നു. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ മുതല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സുപ്രീംകോടതി 1997 ല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവ മിക്കവാറും പാലിക്കപ്പെടാറില്ല. പലപ്പോഴും പോലീസിന് വീഴ്ചപറ്റി എന്നു സമ്മതിച്ചാലും ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാറില്ല.

ഇവിടെ നിലനില്‍ക്കുന്നത് രാജഭരണമല്ല, ജനാധിപത്യമാണെന്ന വസ്തുതയാണ് അതിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ മറക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്ന് മുന്‍ ഡിജിപി ടി.പി  സെന്‍കുമാര്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് ശ്രീലേഖ ഐ.പി.എസും പഞ്ഞു. വാളയാറില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് പ്രമോഷന്‍ നല്‍കിയതും ഐ.പി.എസ് നല്‍കാന്‍ ശ്രമിക്കുന്നതും സമീപകാല വാര്‍ത്തയാണല്ലോ. എ.കെ ആന്റണിയുടെ കാലത്താണ് ലോകത്തുതന്നെ അപൂര്‍വ്വമായ രീതിയില്‍ ആദിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും മറക്കാറായിട്ടില്ലല്ലോ. മകന്റെ ജഡത്തിനെന്തുപറ്റി എന്നറിയാന്‍ ദശകങ്ങള്‍ അലഞ്ഞിട്ടും മറുപടി ലഭിക്കാതെ വിടപറഞ്ഞ ആ പിതാവിനെ മറക്കാന്‍ അത്രപെട്ടെന്നു കഴിയുമോ?

മുത്തങ്ങയില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരന്‍ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതല്‍ ഇന്നു നിലനില്‍ക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. 50 വര്‍ഷം മുമ്പു പാസായ പോലീസ് ആക്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം, അടിച്ചമര്‍ത്തുക എന്നതുതന്നെ. കുറ്റം തെളി യിക്കാന്‍ ആധുനിക രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികള്‍ ഇന്നുമില്ല. അതിനുള്ള മാര്‍ഗം മര്‍ദനമാണെന്നു തന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. അതാണല്ലോ വാഹന പരിശോധന നടത്തുമ്പോള്‍ ലാത്തിയെറിഞ്ഞു വീഴ്ത്തുന്നത്. മമ്മൂട്ടിയും സുരേഷ് ‌ഗോപിയും പൃഥ്വീരാജും അഭിനയിക്കുന്ന പോലീസ് വേഷങ്ങളാണ് പല ഉദ്യോഗസ്ഥരും മാതൃകയാക്കുന്നത്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ആ അവസ്ഥ മാറേണ്ടതുണ്ട്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം. നിലനില്‍ക്കുന്ന ആക്ടില്‍ കാര്യമായ മാറ്റം വരാതെ പോലീസിനെ നവീകരിക്കല്‍ അസാധ്യമാണെന്ന് ഈ പുസ്തകം സമര്‍ത്ഥിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍മാര്‍ക്കുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് എന്നതാണ് കൗതുകകരം. ആക്ഷന്‍ ഹീറോ ബിജുമാര്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. അതിനനുസൃതമായി ജനാധിപത്യ സംവിധാനത്തിനനുസൃതമായി പോലീസ് ആക്ട് പൊളിച്ചെഴുതുകയാണ് ഉടന്‍ ചെയ്യേണ്ടത്. അതിനായാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യവാദികളും പോരാടേണ്ടത്.

ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതെന്ന ആരോപണം നിലനില്‍ക്കുന്നവരുടെ ലിസ്റ്റ് ഏതാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടുത്തിടെ സമാഹരിച്ചിരുന്നു. അത് ഏകദേശം ഇങ്ങനെയാണ്.

  • 2016 സെപ്റ്റംബര്‍ 11 അബ്ദുല്‍ ലത്തീഫ്, വണ്ടൂര്‍
  • 2016 ഒക്ടോബര്‍ 8, കാളിമുത്തു, തലശ്ശേരി
  • 2016 ഒക്ടോബര്‍ 26, കുഞ്ഞുമോന്‍, കുണ്ടറ
  • 2016 നവംബര്‍ 24, അജിത, കുപ്പു ദേവരാജ്, നിലമ്പൂര്‍
  • 2017 ഫെബ്രുവരി 12, ബെന്നി, അട്ടപ്പാടി
  • 2017 ജൂലൈ 17, വിനായകന്‍, പാവറട്ടി
  • 2017 ജൂലൈ 23, ബൈജു, പട്ടിക്കാട്
  • 2017 ജൂലൈ 29, സാബു, പെരുമ്പാവൂര്‍
  • 2017 സെപ്തംബര്‍ 3, വിക്രമന്‍, മാറനല്ലൂര്‍
  • 2017 സെപ്തംബര്‍ 7, രാജു, നൂറനാട്
  • 2017 ഡിസംബര്‍ 4, രജീഷ്, തൊടുപുഴ
  • 2018 മാര്‍ച്ച് 11, സുമി, ബിച്ചു, കഞ്ഞിക്കുഴി
  • 2018 മാര്‍ച്ച് 23, അപ്പു നാടാര്‍, വാളിയോട്
  • 2018 ഏപ്രില്‍ 8, സന്ദീപ്, കാസര്‍ഗോഡ്
  • 2018 ഏപ്രില്‍ 14, ശ്രീജിത്ത്, വരാപ്പുഴ
  • 2018 മെയ് 1, മനു, കൊട്ടാരക്കര
  • 2018 മെയ് 2, ഉനൈസ്, പിണറായി
  • 2018 ആഗസ്ത് 3, അനീഷ്, കളയിക്കാവിള
  • 2018 നവംബര്‍ 3, സ്വാമിനാഥന്‍, കോഴിക്കോട്
  • 2019 മാര്‍ച്ച് 7, സി.പി ജലീല്‍, വയനാട്
  • 2019 മെയ് 19, നവാസ്, കോട്ടയം
  • 2019 ജൂണ്‍ 21, രാജ്കുമാര്‍, പീരുമേട്
  • 2019 ഒക്ടോബര്‍ 1, രഞ്ചിത്ത് കുമാര്‍, മലപ്പുറം.
  • 2019 ഒക്‌ടോബര്‍ 28, മണവാസകം, കാര്‍ത്തി, അരവിന്ദ്, രമ, അട്ടപ്പാടി
  • 2020 അന്‍സാരി, തിരുവനന്തപുരം
  • 2020 സപ്തംബര്‍ 30 ഷമീര്‍, തൃശൂര്‍
  • 2020 നവംബര്‍ 4, വേല്‍മുരുകന്‍, വയനാട്

ഇവയില്‍ പലതിലും അന്വേഷണം ഇഴയുകയാണ്. മിക്ക കേസുകളും തള്ളിപോകുമെന്നതില്‍ സംശയം വേണ്ട. പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം. സാക്ഷി പറയാന്‍ പോലും സാധാരണക്കാര്‍ ഭയപ്പെടുന്നതും സ്വാഭാവികം. ജനസേവകരാകേണ്ട പോലീസുകാരെ ജനങ്ങള്‍ ഭയക്കുന്നത് തന്നെ നമ്മുടെ ജനാധിപത്യത്തിന്റെ ശൈശവാവസ്ഥയുടെ തെളിവാണ്.

പ്രസക്തമായ മറ്റൊരു വിഷയം കൂടി പറയാതെ വയ്യ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അതിനു പിന്നാലെ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് വരികയാണല്ലോ. ഏതൊരു ജനവിധിയേയും സ്വാധീനിക്കുന്ന ഒരു ഘടകം ഭരിക്കുന്ന സര്‍ക്കാരിന്റെ വിലയിരുത്തലാകും. അത്തരത്തില്‍ പരിശോധിച്ചാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും മോശം പ്രകടനം നടത്തിയും ആരോപണ വിധേയമായതും ആഭ്യന്തര വകുപ്പുതന്നെ എന്നു കാണാം. ഇടതുപക്ഷ അനുകൂലികളും സ്വകാര്യമായി അംഗീകരിക്കുന്നു. എന്നിട്ടും ആഭ്യന്തരത്തിന് മുഴുവന്‍ സമയം മന്ത്രിയെ നിയമിക്കാന്‍ മുഖ്യമന്ത്രി ഒരിക്കലും തയ്യാറായില്ല.

ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസത്തിന് രണ്ടു മന്ത്രിമാരെ നിയമിച്ചിട്ടും, നിരവധി ഉത്തരവാദിത്തമുള്ള അദ്ദേഹം ആഭ്യന്തര വകുപ്പ് കൈവിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ചെന്നിത്തലയും വി.എസിന്റെ കാലത്ത് കോടിയേരിയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടും ആ കീഴ്വഴക്കം പിന്തുടരാന്‍ മുഖ്യമന്ത്രി ഒരിക്കലും തയ്യാറായില്ല. പാര്‍ട്ടിക്കകത്തെ ബലാബല പ്രശ്‌നങ്ങളാണ് അതിനു കാരണമെന്ന് വ്യക്തം. എന്നാല്‍ ഒരു മുഖ്യമന്ത്രി എന്ന രീതിയില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തമല്ല അതിലൂടെ അദ്ദേഹം നിറവേറ്റിയത്. അതും തുടരുന്ന പോലീസ് അതിക്രമങ്ങള്‍ക്ക് കാരണമാണ്. വരും സര്‍ക്കാരുകളെങ്കിലും ഈ തെറ്റു തിരുത്താന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.