Kerala

പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാന്‍ എന്തുചെയ്യണം?

കെ.അരവിന്ദ്

നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 15.2 ശതമാനമായി വര്‍ധിക്കുമെന്നാണ് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ ഇത് 11.3 ശതമാനമാണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തുവിട്ട സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

കോവിഡ്-19 സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ 200 കോടി ഡോളര്‍ മുതല്‍ 500 കോടി ഡോളര്‍ വരെ അധിക മൂലധന സമാഹരണം നടത്തേണ്ടി വരുമെന്നാണ് റേറ്റിങ് ഏജന്‍സികളും ധനകാര്യ ഗവേഷണ സ്ഥാപനങ്ങളും വിലയിരുത്തുന്നത്. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കാനും വളര്‍ച്ച ഇടിയാനുമുള്ള സാധ്യത കണക്കിലെടുത്താണ് അധിക മൂലധന സമാഹരണത്തിന്റെ ആവശ്യകത അവ ചൂണ്ടികാട്ടുന്നത്.

സ്വകാര്യ ബാങ്കുകള്‍ ഇതിനകം തന്നെ നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്നതിനായി പുതിയ ഇടപാടുകളിലേക്ക് നീങ്ങികഴിഞ്ഞു. പക്ഷേ പൊതുവെ അബല; പോരാത്തതിന് ഗര്‍ഭിണിയും’ എന്ന സ്ഥിതിയിലായി കഴിഞ്ഞ പൊതുമേഖലാ ബാങ്കുകള്‍ മൂലധന സമാഹരണത്തിനായി ഏത് വഴി സ്വീകരിക്കും?

ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള ദൗത്യവുമായി സജീവമായി മുന്നോട്ടു പോവുകയാണ്. ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കാര്‍ളൈല്‍ ഗ്രൂപ്പ് 100 കോടി ഡോളറാണ് ആക്സിസ് ബാങ്കില്‍ നിക്ഷേപിച്ചത്. കോട്ടക് മഹീന്ദ്ര ബാങ്ക് ക്യു ഐ പി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്) വഴി 7460 കോടി രൂപയാണ് സമാഹരിച്ചത്.

അതേസമയം, പൊതുമേഖലാ ബാങ്കുകള്‍ക്ക് നിക്ഷേപ സമാഹരണം ഒട്ടും എളുപ്പമല്ല. പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമായി ഒന്നര ലക്ഷം കോടി രൂപയുടെ അധിക മൂലധനം ആവശ്യമായി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. കോവിഡ്-19 സൃഷ്ടിച്ച വരുമാന വരള്‍ച്ച മൂലം ഉയര്‍ന്ന ധനകമ്മി നേരിടുന്ന സര്‍ക്കാരിന് പൊതുമേഖലാ ബാങ്കുകളെ പിന്തുണയ്ക്കുന്നതിന് പരിമിതിയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ മൂന്നര ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ ബജറ്റിലോ ഈയിടെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലോ പൊതുമേഖലാ ബാങ്കുകള്‍ക്ക് അധിക മൂലധനം വകയിരുത്തിയിട്ടില്ല.

ഈ സാഹചര്യത്തില്‍ മൂലധന വിപണി വഴി നിക്ഷേപം സമാഹരിക്കുകയാണ് ഒരു മാര്‍ഗം. ബോണ്ടുകള്‍ വഴി സര്‍ക്കാര്‍ സമാഹരിക്കുന്ന തുക ബാങ്കുകളില്‍ നിക്ഷേപിക്കാം. നേരത്തെയും ഈ രീതി സര്‍ക്കാര്‍ അവലംബിച്ചിട്ടുണ്ട്. പക്ഷേ ധനലഭ്യത തീര്‍ത്തും കുറഞ്ഞ വിപണിയില്‍ നിന്ന് എത്രത്തോളം തുക ഈ മാര്‍ഗം വഴി സമാഹരിക്കാനാകും എന്ന ചോദ്യം നിലനില്‍ക്കുന്നു.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമാണ് മറ്റൊരു വഴിയായി നിര്‍ദേശിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മുന്‍ ആക്സിസ് ബാങ്ക് ചെയര്‍മാന്‍ പി.ജെ.നായകിന്റെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്ക് സമിതി സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കുകയാണ് പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗമെന്ന് നിര്‍ദേശിച്ചിരുന്നു.

പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടത്തിന്റെ അമിതഭാരവും നഷ്ടങ്ങള്‍ സൃഷ്ടിച്ച വിള്ളലുകളും മൂലം മുങ്ങാനുള്ള പ്രവണത കാണിക്കുന്ന കപ്പലുകളുടെ സ്ഥിതിയിലാണ്. അവ മുങ്ങുന്നത് തടയാന്‍ സര്‍ക്കാരിന്റെ നിയന്ത്രണാധികാരം നഷ്ടപ്പെടുത്താത്ത വിധം ഗണ്യമായ ഓഹരി പങ്കാളിത്തം നിലനിര്‍ത്തികൊണ്ടുതന്നെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടി സ്വീകരിക്കാവുന്നതാണ്. മാനേജ്മെന്റിലേക്ക് പ്രൊഫഷണലിസം കൈമുതലായവരെ സ്വകാര്യ മേഖലയില്‍ നിന്നും കൊണ്ടു വരുന്നത് കെടുകാര്യസ്ഥത എന്ന വ്യാധിക്കുള്ള മരുന്ന് കൂടിയാകും.

പക്ഷേ ഓഹരി വില്‍പ്പനക്ക് സര്‍ക്കാര്‍ തയാറായാല്‍ തന്നെ നിലവിലുള്ള സാഹചര്യത്തില്‍ അതിലൂടെ എത്രത്തോളം തുക സമാഹരിക്കാനാകുമെന്ന ചോദ്യം നിലനില്‍ക്കുന്നു. ഓഹരി വിപണിയിലെ ഇടിവ് ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്ന് പൊതുമേഖലാ ബാങ്കിങ് ആണ്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില നിലവില്‍ പുസ്തകമൂല്യത്തേക്കാള്‍ വളരെ താഴെയാണ്. പുസ്തക മൂല്യത്തിന്റെ 0.3 മടങ്ങ് മുതല്‍ 0.8 മടങ്ങ് വരെ മാത്രമാണ് ഇവയുടെ ഓഹരി വില. അതേ സമയം സ്വകാര്യ ബാങ്കുകളുടെ ഓഹരികളുടെ മൂല്യം ഇപ്പോഴും ഉയര്‍ന്ന നിലവാരത്തിലാണ്. ഉദാഹരണത്തിന് കോട്ടക്ക് മഹീന്ദ്ര ബാങ്ക് പുസ്തക മൂല്യത്തിന്റെ 4.7 മടങ്ങിലാണ് വ്യാപാരം ചെയ്യുന്നത്.

വിപണിയിലെ ഇടിവ് മൂലം മൂല്യശോഷണം സംഭവിച്ച പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളുടെ വില്‍പ്പനയിലൂടെ ആവശ്യമായ മൂലധനം സമാഹരിക്കുക ബുദ്ധിമുട്ടാണ്. നിലവില്‍ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ വിപണിമൂല്യം പോലും കേവലം 1.71 ലക്ഷം കോടി രൂപ മാത്രമാണ്. കഴിഞ്ഞ 7-10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് മിക്ക പൊതുമേഖല ബാങ്കുകളുടെയും ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്.

‘ബാഡ് ബാങ്ക്’ എന്ന സ്ഥാപനം രൂപീകരിച്ച് ബാങ്കുകളുടെ കിട്ടാക്കട ഭാരം മുഴുവന്‍ അതിലക്ക് പുനര്‍വിന്യസിക്കുകയാണ് മറ്റൊരു മാര്‍ഗം. ബാങ്കുകളുടെ കിട്ടാക്കടം മുഴുവന്‍ അവയില്‍ നിന്ന് ഒഴിപ്പിക്കാനായി രൂപീകരിക്കുന്ന സ്ഥാപനത്തെയാണ് ബാഡ് ബാങ്ക് എന്ന് പറയുന്നത്. കിട്ടാക്കടത്തിന്റെ ഭാരം കൈകാര്യം ചെയ്യുന്നത് പിന്നങ്ങോട്ട് ബാഡ് ബാങ്ക് നോക്കിക്കോളും. ആസ്തി പുനര്‍വിന്യാസം മാത്രമാകും ബാഡ് ബാങ്കിന്റെ ജോലി. പാപ്പര്‍ നിയമ പ്രകാരം നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് കീഴിലുള്ള നടപടികളിലൂടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഏറെ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ആസ്തി പുനര്‍വിന്യാസ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത്.

ബാഡ് ബാങ്ക് പോലൊരു സ്ഥാപനത്തിലേക്ക് കിട്ടാക്കടം മുഴുവന്‍ മാറ്റിയാല്‍ ബാങ്കുകള്‍ക്ക് പഴയ കാന്‍വാസ് മാറ്റി പുതിയതില്‍ ചിത്രം വരയ്ക്കുന്നതു പോലെ സുഗമമായി വായ്പാ ബിസിനസ് നടത്താം. വായ്പാ ബിസിനസില്‍ നിന്നുണ്ടാകുന്ന ലാഭം കൊണ്ട് പഴയ നഷ്ടം നികത്താനുമാകും. ബാങ്കുകളുടെ കിട്ടാക്കടം ഇല്ലാതാകുന്നില്ലെങ്കിലും സാങ്കേതികമായി ബാലന്‍സ്ഷീറ്റില്‍ നിന്നും കിട്ടാക്കടം നീക്കം ചെയ്യുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം കിട്ടുന്നതിനുപകരിക്കും.

ധനകാര്യ സ്ഥാപനങ്ങളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുന്നതിനായി ബാഡ് ബാങ്ക് രൂപീകരിക്കുന്ന രീതി സ്വീഡന്‍, ഫി ന്‍ലാന്റ്, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. ഏഷ്യയില്‍ ദക്ഷിണ കൊറിയയും ചൈനയും ഈ രീതി അവലംബിച്ചിട്ടുണ്ട്.

പക്ഷേ, ബാഡ് ബാങ്ക് എന്ന പുതിയ സംവിധാനമുണ്ടാക്കാനുള്ള മൂലധനത്തിനായും സര്‍ക്കാര്‍ ഖജനാവിനെ തന്നെ ആശ്രയിക്കേണ്ടി വരുമോയെന്നതാണ് പ്രശ്നം. ബാഡ് ബാങ്കിനുള്ള മൂലധനത്തിനായി ബോണ്ടുകള്‍ പുറപ്പെടുവിക്കുകയാണ് ഒരു മാര്‍ഗം. കൈമാറുന്ന ആസ്തികളുടെ മൂല്യനിര്‍ണയമാകും മറ്റൊരു പ്രധാന കടമ്പ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.