ശില്‍പ ഇന്ദു
വംശീയ വിവേചനത്തെ തുടര്‍ന്ന് പഠിക്കാനുളള തങ്ങളുടെ ആഗ്രഹത്തെ തല്ലികെടുത്തുന്ന ഭരണ കൂടത്തിനെതിരെ സമരത്തിനിറങ്ങിയിരിക്കുകയാണ് വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍. ‘വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശമാണ്’, ‘ആദിവാസിക്ക് വിദ്യാഭ്യാസം വേണം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളും സംഘടനകളും തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. നമ്മുടെ സാക്ഷരത കേരളത്തിലാണ് വിദ്യാഭ്യാസത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഇറങ്ങുന്നതെന്ന് ഓര്‍ക്കുക.
എസ് എസ് എല്‍സി പാസ്സായ വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതയും അര്‍ഹതയും ഉണ്ടായിട്ടും അനേകം വിദ്യാര്‍ത്ഥികള്‍ക്കാണ് അവരുടെ ഉപരി പഠനത്തിനായുളള മോഹങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ വേണ്ടത്ര ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ നല്‍കാത്തതിനാലാണ് വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്സോടെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരുന്നത്. ഇങ്ങനെ അനേകം വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസ്സോടെ പഠനം നിര്‍ത്തി കൂലിപ്പണിക്കാരായി മാറുന്നത്. ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളെ വാര്‍ത്തെടുക്കേണ്ട സമൂഹവും സര്‍ക്കാരുമാണ് അവരെ കൂലിപ്പണിക്കാരായും തൊഴില്‍ രഹിതരായും മാറ്റുന്നത്.
ഈ വര്‍ഷം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 7,220 കുട്ടികളാണ് ഉപരി പഠനത്തിനായി യോഗ്യത നേടിയത്. വയനാട്ടില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയെഴുതിയ 2400 പേരില്‍ 2009 കുട്ടികള്‍ പ്ലസ്സ് വണ്ണിലേക്ക് യോഗ്യത നേടി. ഇതില്‍ ജില്ലയില്‍ അവര്‍ക്ക് ലഭ്യമായ സീറ്റുകളുടെ എണ്ണം 794മാത്രമാണ്. ബാക്കി വരുന്ന ആയിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളും ആദിശക്തി സമ്മര്‍ സ്‌കൂളും ആദിവാസി ഗോത്ര മഹാസഭയും മറ്റു ദളിത് സംഘടനകളും ചേര്‍ന്ന് പ്രക്ഷോഭമാരംഭിച്ചിരിക്കുന്നത്.
സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഹ്യൂമാനിറ്റീസ് വിഷയങ്ങളാണ് പൊതുവെ തെരഞ്ഞെടുക്കുന്നത്. ഇതില്‍ ഹ്യൂമാനിറ്റീസ് വിഷയത്തിന് അനുവദിക്കുന്ന സീറ്റുകളുടെ എണ്ണവും കുറവാണ്. അതിനാല്‍ തന്നെ ജില്ലയില്‍ നിന്നുളള ആയിരത്തിലധികം വരുന്ന ആദിവാസി കുട്ടികള്‍ ഹ്യുമാനിറ്റീസ് സീറ്റുകള്‍ക്കായി മത്സരിക്കേണ്ട അവസ്ഥയാണുളളത്. അതിനാല്‍ തന്നെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി അധിക ബാച്ച് അനുവദിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം 16,000 സീറ്റുകള്‍ ഒന്നാം അലോട്ടമെന്റിന് ശേഷം പൊതുവിഭാഗത്തില്‍ സീറ്റു കുറവുള്ള മേഖലകളിലേക്ക് മാറ്റുകയുണ്ടായി. പട്ടികവര്‍ഗ്ഗ സീറ്റുകള്‍ ഒരിക്കല്‍ പോലും സീറ്റുകുറവുള്ള പട്ടികജാതിക്കാര്‍ക്കു വേണ്ടി മാറ്റിയിട്ടില്ല. ഇതര ജില്ലകളില്‍ അധികമായി വരുന്ന പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ നിന്നും വയനാട് ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് ആവശ്യമുള്ള സീറ്റുകള്‍ കൈമാറി അധിക സ്‌പെഷ്യല്‍ ബാച്ചുകള്‍ തുടങ്ങിയാല്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കാന്‍ കഴിയും. സര്‍ക്കാര്‍ കണക്കനുസരിച്ച് 90% ത്തിലധികം ആദിവാസികുട്ടികള്‍ 10-ാം ക്ലാസ്സ് കഴിയുന്നതോടെ പഠനം ഉപേക്ഷിക്കുന്നു. ആദിവാസികളുടെ സാമൂഹിക – സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രമല്ല, വ്യക്തമായ വംശീയവും ജാതീയവുമായ വിവേചനവും അവരുടെ വിദ്യാഭ്യാസ അവകാശം റദ്ദാക്കപ്പെടുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ പറയുന്നത്.
അധിക ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളുമാണ് അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുളളത.് എന്നാല്‍ അതിനൊന്നും കൃത്യമായ പരിഹാരമോ ശക്തമായ നടപടികളോ ഒന്നും തന്നെ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇങ്ങനെ നിരന്തരമായി സമരങ്ങള്‍ നടന്നതിന്റെ ഭാഗമായി 2014 മുതല്‍ അധികാരികള്‍ മുന്നോട്ട് വെച്ച ഒരു പ്രതിവിധിയായിരുന്നു സ്‌പോട്ട് അഡമിഷന്‍ എന്നത്.
എന്നാല്‍ ഈ സ്‌പോട്ട് അഡ്മിഷന്‍ പ്രക്രിയ അശാസ്ത്രീയമായ നടപടിയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്തെന്നാല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുളള മുഴുവന്‍ അലോട്ട്‌മെന്റുകള്‍ക്കും ശേഷം അവശേഷിക്കുന്ന സീറ്റുകള്‍ തികയ്ക്കുന്ന പ്രക്രിയയാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. പ്ലസ്സ് വണ്‍ ക്ലാസ്സ് തുടങ്ങി ഒന്നോ രണ്ടോ മാസത്തിന് ശേഷമായിരിക്കും സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നത്. അസമയത്ത് പൊതുവെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളില്‍ സീറ്റുകളൊന്നും അവേശിഷിക്കില്ല. അതിനാല്‍ തന്നെ കുട്ടികള്‍ അവര്‍ക്ക് താല്‍പര്യമില്ലാത്ത സയന്‍സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരും. സയന്‍സ് പോലുളള പ്രയാസമേറിയ വിഷയങ്ങള്‍ നിര്‍ബന്ധിതമായി തിരഞ്ഞെടുക്കേണ്ടി വരുന്നതിനാല്‍ അത്തരം വിഷയങ്ങളുമായി പൊരുത്തപ്പെടാന്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാതെ വരുന്നു. പഠന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കുട്ടികളായതിനാല്‍ സയന്‍സ് പോലുളള വിഷയങ്ങളുമായി പൊരുത്തപ്പെടാന്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. ഇതോടെ ഭൂരിഭാഗം കുട്ടികളും പഠനം പാതി വഴിക്ക് നിര്‍ത്തുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങളായി ആദിവാസി കുട്ടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അവസ്ഥ ഇതാണ്. ഉത്തതവിദ്യാഭ്യാസത്തിലേക്ക് കടക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലെ വാതിലുകള്‍ അധികാരികള്‍ തന്നെ കൊട്ടിയടയ്ക്കുകയാണ് – ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേരി ലിഡിയ പറയുന്നു.
ഇങ്ങനെ ഓരോ വര്‍ഷവും നൂറിലധികം ആദിവാസി കുട്ടികളാണ് വിദ്യാഭ്യാസത്തില്‍ നിന്നും നിര്‍ബന്ധിതമായി കൊഴിഞ്ഞു പോകുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകളും അധ്യാപക സംഘടനകളും ചേര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്കും പ്രിന്‍സിപ്പള്‍ സെക്രട്ടറിമാര്‍ക്കും നിരവധി പരാതികളും നിവേദനങ്ങളും അയച്ചിട്ടും ഇതുവരെ അതിനൊരു പരിഹാരവും കണ്ടിട്ടില്ല. സ്‌പോട്ട് അഡ്മിഷനിലൂടെ ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന വാദം.
സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാത്ത കുട്ടികള്‍ക്ക് മുന്നിലുളള മറ്റൊരു മാര്‍ഗം പാരലല്‍ കേളേജ് വിദ്യാഭ്യാസമാണ. അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ പാരലല്‍ കോളേജുകളിലേക്ക് കൊണ്ടുപോകാന്‍ ജില്ലാ ആദിവാസി വകുപ്പ് പ്രൊമോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നു. ഫീസ് മടക്കി നല്‍കും എന്ന വ്യവസ്ഥയിലാണ് പാരലല്‍ കോളേജുകള്‍ പ്രത്യേക ബാച്ചുകളില്‍ ക്ലാസ്സ് നടത്തുന്നത്. ജില്ലയില്‍ നിരവധി പാരലല്‍ കോളേജുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പലരും പാരലല്‍ കോളേജ് വിദ്യാഭ്യാസവും നിര്‍ത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ ദയനീയമായ അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടികള്‍ക്കു നേരെയാണ് ബന്ധപ്പെട്ട അധികാരികള്‍ കണ്ണടയ്ക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ ആക്കിയപ്പോള്‍ എല്ലാവര്‍ക്കും പഠന സൗകര്യം ഒരുക്കിയെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. എന്നാല്‍ ആദിവാസി മേഖലകളിലെ വിദ്യാര്‍്ത്ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ് എന്നുളളതാണ് വസ്തുത. ഓണ്‍ലൈന്‍ പഠനത്തിനായി രാഷ്ട്രീയ പാര്‍ട്ടികാരും സര്‍ക്കാരും ടിവി ഏര്‍പ്പാടാക്കി എന്നതു കൊണ്ട് ആദിവാസി കുട്ടികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ പഠനം സാധ്യമായി എന്നു പറയാന്‍ കഴിയില്ല എന്നാണ് മേരി ലിഡിയ പറയുന്നത്. രണ്ടോ മൂന്നോ മണിക്കൂര്‍ ടിവിയിലൂടെ ലഭ്യമാകുന്ന ക്ലാസ്സുകള്‍ ട്രൈബല്‍ ഭാഷ സംസാരിക്കുന്ന കുട്ടികള്‍ക്ക് മനസ്സിലാകില്ല. അവര്‍ക്ക് അവരുടേതായ ഭാഷയിലുളള പ്രാദേശിക ക്ലാസ്സുകള്‍ നല്‍കിയാല്‍ മാത്രമേ കോവിഡ് കാലത്ത് പഠനം ലഭ്യമാവുകയുളളു. ഇതിനായി ലോക്കല്‍ ലേര്‍ണിങ്ങ് സെന്റര്‍ ആരംഭിക്കണമെന്നാണ് പ്രതിഷേധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികള്‍ മാത്രമല്ല ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി ഉന്നത പഠനം നേടാനാഗ്രഹിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളും വലിയ രീതിയിലുളള അവഗണനകള്‍ നേരിടുന്നുണ്ട്. ബിരുദ പഠനങ്ങള്‍ക്കും മറ്റും ചേരാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനോ ഫീസ് അടയ്ക്കാനോ ഉളള സൗകര്യങ്ങള്‍ വയനാട്ടിലെ ആദിവാസി മേഖലകളില്ല. ഇക്കാരണങ്ങളൊന്നും യൂണിവേഴ്‌സിറ്റിഖലൊന്നും പരിഗണിക്കാറുപോലുമില്ല.
ജില്ലയിലെ ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ആദിശശക്തി സമ്മര്‍ സ്‌കൂള്‍ സര്‍ക്കാരിനും ബന്ധപ്പെട്ട അധികാരികള്‍ക്കും സമര്‍പ്പിച്ച നിവേദനത്തില്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
1) പട്ടികവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ള സ്‌കൂളുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമുള്ള പ്രത്യേക ബാച്ചുകള്‍ (ഉദാഹരണത്തിന്, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, മനന്തവാടി, കല്‍പെറ്റ തുടങ്ങിയ ടൗണ്‍ഷിപ്പുകളില്‍ ബസ് സര്‍വീസ് വഴി യാത്ര സാധ്യമാണ്, കൂടാതെ ഗോത്രവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ള മറ്റ് പല പഞ്ചായത്തുകളും പരിഗണിക്കണം). ഈ പ്രക്രിയയിലൂടെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. നിലവിലെ ബാച്ചുകളില്‍ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ മാത്രം അവശേഷിക്കുന്ന ധാരാളം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കില്ല. കേരള സര്‍ക്കാര്‍ ഇതിനകം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി എംആര്‍എസ്, ആശ്രമ സ്‌കൂളുകള്‍ തുടങ്ങിയ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. നിലവില്‍ അധികൃതര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ സ്വകാര്യ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായി ക്ലാസുകള്‍ / ബാച്ചുകള്‍ ഉള്ള പാരല്ലല്‍ കോളേജുകളിലേക്ക് അയയ്ക്കുന്നു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ പ്രത്യേക എസ്സി / എസ്ടി ബാച്ചുകളും കോഴ്സും നടത്തുന്ന സംഭവങ്ങളുണ്ട്. ഐടിഐ / ഐടിസി പോലുള്ള നിരവധി സാങ്കേതിക സ്ഥാപനങ്ങളും എസ്സി / എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബാച്ചുകള്‍ നടത്തുന്നു. അതിനാല്‍, ഈ വിദ്യാര്‍ത്ഥികളെ പൊതു ധാരയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഏത് വാദവും തള്ളിക്കളയേണ്ടതുണ്ട്. മറ്റ് ജില്ലകളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്ന അധിക സീറ്റുകള്‍ ഉപയോഗിച്ച് പ്രത്യേക ബാച്ചുകള്‍ നടപ്പിലാക്കാന്‍ കഴിയും. പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് തിരിച്ചു വിടാന്‍ പാടില്ല.
2) മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പട്ടികവര്‍ഗ്ഗത്തിനായി ആണ്. നിലവില്‍ ഒരു ക്ലാസിന്റെ ശരാശരി ശക്തി 30-35 ആണ്. ഈ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് (ഹ്യൂമാനിറ്റീസ്- ന് 50 വരെ) പുറമേ മുകളില്‍ നിര്‍ദ്ദേശിച്ചത് പോലെ അധിക ബാച്ചുകള്‍ നിലവിലുള്ള എംആര്‍എസ് സ്‌കൂളുകളിലെ ഡേ സ്‌കോളര്‍ സിനായ് അവതരിപ്പിക്കാം. അധിക ഡേ സ്‌കോളര്‍ ബാച്ചുകള്‍ ഒരു തരത്തിലും സ്‌കൂളിന്റെ പാര്‍പ്പിട സ്വഭാവത്തെ തകര്‍ക്കുന്നില്ല. അധികം ഉപയോഗപ്രദം ആക്കാത്ത എല്ലാ സ്‌കൂളുകളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളുണ്ട്.
3) മറ്റ് ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും പൂരിപ്പിച്ചിട്ടില്ലാത്ത റിസര്‍വ് ചെയ്ത സീറ്റുകള്‍ ഉണ്ട്. ഹോസ്റ്റല്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ഷെഡ്യൂള്‍ഡ് ട്രൈബ് വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും ബിരുദ / പിജി വിദ്യാഭ്യാസത്തിനും പോകാന്‍ തയ്യാറാണ്. വയനാട്ടിലെ കുറച്ച് വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഹൈയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കായി എറണാകുളത്ത് പഠിക്കുന്നുണ്ട്. കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ ചിലപ്പോള്‍ ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളാണ് ഫില്ല് ചെയ്യുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ ചേരാന്‍ കഴിയുമെങ്കില്‍, അട്ടപ്പാടി പോലുള്ള വിദൂര / വനമേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആദിവാസി വകുപ്പിന്റെ പിന്തുണ നല്‍കിയാല്‍ മറ്റ് ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ ചേരാന്‍ തയ്യാറാകും എന്നതില്‍ സംശയമില്ല.
4) വയനാട്ടിലും മറ്റ് ജില്ലകളിലും ഹോസ്റ്റല്‍ സൗകര്യങ്ങളുടെ അഭാവം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. ആവശ്യമായ ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം ഉടന്‍ നല്‍കേണ്ടതുണ്ട്.