Web Desk
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല. പിന്മാറിയത് അംബാസിഡര്‍മാരെ അറിയിക്കാം എന്നായിരുന്നു കത്ത്. കത്തില്‍ ഔപചാരിക മര്യാദ വാചകങ്ങള്‍ മാത്രമാണുള്ളത്. മണ്ടത്തരം പറ്റിയത് തിരുത്തിയതില്‍ സന്തോഷം എന്നാണ് പറഞ്ഞത്. അപ്രയോഗിക നിലപാട് മാറ്റിയതിലെ സന്തോഷമാണ് അറിയിച്ചത്. മലയാളികളെ പരിഹസിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു.
യുദ്ധത്തിനിടയില്‍ അല്‍പ്പത്തരം കാണിക്കുന്നത് മലയാളികളെയാകെ അപഹാസ്യരാക്കും. കത്തിലെ വാക്കുകളുടെ അര്‍ത്ഥം മലയാളികള്‍ക്ക് അറിയാം. കോംപ്ലിമെന്റും കണ്‍ഗ്രാചുലേഷന്‍സും തമ്മിലുള്ള വ്യത്യാസം പിആറുകാര്‍ക്കറിയില്ല. വെബിനാറില്‍ പങ്കെടുത്തതിന് പോലും ഫ്‌ളക്‌സ് വെക്കുന്നത് നല്ലതല്ല. അതിനും പി ആര്‍ വര്‍ക്ക് നടത്തുന്നു. പിആര്‍ വര്‍ക്കിനുള്ള പണം കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം. പിആറിലൂടെ കോവിഡിനെ പ്രതിരോധിക്കാനാകില്ല.തെലങ്കാനയെയും ഒഡീഷയെയും അഭിനന്ദിച്ച് കേന്ദ്രം കത്ത് നല്‍കിയിരുന്നു. അവരാരും ഇങ്ങനെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
താന്‍ ആറ് കാര്യങ്ങള്‍ ഉന്നയിച്ചു. അതിനൊന്നും കേരളം മറുപടി പറഞ്ഞില്ല. കോവിഡ് നെഗറ്റീവ് ആയവരെ കൊണ്ടുവരണമെന്ന ആദ്യകത്ത് പൂഴ്ത്തി. തനിക്ക് വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആണെന്നും വി മുരളീധരന്‍ പറഞ്ഞു.
ടെസ്റ്റ് കുറവായതുകൊണ്ടാണ് കേരളത്തില്‍ രോഗികളുടെ കണക്ക് വര്‍ധിക്കുന്നത്. കോവിഡ് ടെസ്റ്റ് കൂട്ടണം എന്നാവശ്യപ്പെട്ടപ്പോള്‍ കേരളം അത് തള്ളി.ചിലരെപ്പോലെ എല്ലാം അറിയാമെന്ന് പറയുന്നില്ല. കുറച്ചൊക്കെ അറിയാം. പരിശോധനയില്‍ കേരളം നില്‍ക്കുന്നത് ഏറെ പിന്നില്‍, ഇരുപത്തെട്ടാം സ്ഥാനത്താണ് ഇപ്പോഴെന്നും മുരളീധരന്‍ ആരോപിച്ചു.