Web Desk
കൊച്ചി: കേരളത്തിൽ ഉൾപ്പെടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പുതിയ 18 സോണൽ ഓഫിസുകളും 125 റീജണൽ ഓഫിസുകളും പുതുതായി തുറന്നു. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും ലയിച്ചതോടെ പ്രവർത്തനം ശക്തമാക്കാനും സാന്നിദ്ധ്യം വിപുലമാക്കാനുമാണ് നടപടി.ലയനത്തോടെ ഇന്ത്യയിലുടനീളം 9500 ലേറെ ശാഖകളും 13,500 ലേറെ എ.ടി.എമ്മുകളും യൂണിയൻ ബാങ്കിനുണ്ട്. ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കെന്ന പദവി നേടിയ യൂണിയൻ ബാങ്ക് നാലാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയുമാണ്.
സെൻട്രൽ ഓഫിസ് മുംബയ് നരിമാൻ പോയിന്‍റിൽ തുടരും. 18 സോണൽ ഓഫിസും 125 റീജനൽ ഓഫിസും സെൻട്രൽ ഓഫിസിനു കീഴിലുണ്ടാകും.ലയനത്തിലൂടെ സുപ്രധാന നാഴികക്കല്ലാണ് ബാങ്ക് നേടിയതെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രാജ്കിരൺ റായ് പറഞ്ഞു. കേരളത്തിൽ കൊല്ലം, എറണാകുളം റൂറൽ എന്നിവയാണ് റീജണൽ ഓഫീസുകൾ. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കും. കൂടുതൽ ബാങ്കിംഗ് ഉൽപന്നങ്ങളും മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.