Web Desk
അയൽപക്കത്തു പ്രവാസിയെത്തുമ്പോൾ നെറ്റി ചുളിക്കുന്നവർ കേൾക്കണം ഈ പോലീസുകാരന്‍റെ വാക്കുകൾ.
പ്രവാസ ജീവിതത്തിന്‍റെ ദൈന്യതയുടെ നേർചിത്രം ചുരുങ്ങിയ വാക്കുകളിൽ വയോധികയ്ക്ക് പറഞ്ഞു കൊടുക്കുന്ന 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാലക്കാട് തൃത്താല ജനമൈത്രി പോലീസ് ഓഫീസർ ഷമീർ അലിയുടെ ഹൃദ്യമായ വാക്കുകളിൽ ഒരു മകന്‍റെ കരുതലും കൂടി കലർന്നപ്പോൾ ആ അമ്മ കണ്ണു തുടയ്ക്കുന്നതും വിഡിയോയിൽ കാണാം.
ആരൊക്കെയോ പറഞ്ഞ് പരത്തിയ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കേട്ടു ഗൾഫിൽ നിന്നും തിരിച്ചെത്തിയ അയൽവാസി ഹോം ക്വാറന്‍റൈനിൽ കഴിയുന്നതിന് എതിർപ്പുപ്രകടിപ്പിച്ച വയോധികയ്ക്കാണ് ജന മൈത്രി പോലീസ് സംഘം നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത്. നിരവധിപേർ വീഡിയോയ്ക്ക് താഴെ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനം രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/MEDIA24ONLIVE/videos/270787490923301/
” ഒന്നു ആലോചിച്ചു നോക്കിയേകണ്ണീരോടെ നാടണയുന്ന പ്രവാസികളെ നമ്മൾ അല്ലേ, ചേർത്തു നിർത്തണ്ടേ” തുടങ്ങി നാളെ ഈ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പോലീസ് എത്തുന്നതിനു മുന്നേ അവരാണ് ഓടിയെത്തേണ്ടവരെന്നും ഓർമ്മിപ്പിക്കുന്നുണ്ട് . രോഗിയുടെ സ്രവത്തിൽ നിന്നും ആ വ്യക്തി ഉപയോഗിച്ച വസ്തുക്കളിൽ നിന്നും മാത്രമേ രോഗപ്പകർച്ചയുണ്ടാകൂ, തുടങ്ങിയ ആരോഗ്യ കാര്യങ്ങളും സ്വതസിദ്ധമായ ശൈലിയിൽ പോലീസുകാരൻ വിശദീകരിക്കുന്നു.
ഒപ്പം മറ്റു ബുദ്ധിമുട്ടുകൾ ചോദിച്ചറിയുകയും ഒന്നും പേടിക്കണ്ട, എന്തിനും ഞങ്ങളുണ്ട്,എന്ന് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. രോഗിയെ തോളിലെടുത്തു ആംബുലൻസിലേക്ക് ഓടുന്ന ഇദ്ദേഹത്തിന്‍റെ മറ്റൊരു വിഡിയോയും മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. രണ്ടര വർഷമായി തൃത്താല പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ ആണ് ഷമീർ അലി. ഭാര്യ ഫസീല രണ്ടു പെൺകുട്ടികളും ഒരു മോനും അടങ്ങുന്നതാണ് കുടുംബം.
ഇന്നോളം നേരിട്ടിട്ടില്ലാത്ത ഒരു ദുരന്ത മുഖത്തു നിന്നു തിരിച്ചെത്തുന്നവരെ കൂടുതൽ കരുതലോടെ സ്വീകരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.