തുളസി പ്രസാദ്
തുലാം പത്തെന്നു പറഞ്ഞാല്‍ മലബാറുകാര്‍ക്ക് തെയ്യക്കാലമാണ്. ഉത്തര കേരളത്തിന്റെ നാനാഭാഗത്തുമുള്ള കാവുകളും ക്ഷേത്രങ്ങളും ഉണരുന്ന കാലം. പെരും ചെണ്ടയുടെ താളത്തിനൊത്ത് ചിലമ്പിട്ട കാലുകളാല്‍ രക്ത വര്‍ണാലംകൃതമായ തെയ്യങ്ങള്‍ ഭക്തന്റെ കണ്ണീരൊപ്പാന്‍ എത്തുന്ന കാലം. തെയ്യം ഉത്തര മലബാറിലെ ജനങ്ങള്‍ക്ക് കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്‍പ്പം മാത്രമല്ല, വിശ്വാസം എന്നതിലുപരി സാമൂഹ്യ സമത്വത്തിലൂന്നിയ ഒത്തുചേരല്‍ കൂടിയാണ്. തെയ്യക്കോലങ്ങളും തോറ്റംപാട്ടും മലബാറുകാരുടെ രക്തത്തില്‍ അലിഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
ഓരോ തെയ്യത്തിന്റെയും തുടക്കത്തിനു പിന്നില്‍ അതത് കാലവും ദേശവുമനുസരിച്ച് വ്യത്യസ്ത ഐതിഹ്യങ്ങള്‍ ഉണ്ട്. ഏതാണ്ട് അഞ്ചൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഓരോ ദേവതകളുടെയും മുഖത്തെഴുത്ത് പോലെ സങ്കീര്‍ണ്ണമായ നിരവധി അര്‍ത്ഥതലങ്ങള്‍ ഒരു അനുഷ്ഠാന കല എന്നതിലുപരി തെയ്യത്തിനുണ്ട്. ജന്മിത്തം നിലനിന്നിരുന്ന കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗത്തിന്റെ പ്രതിഷേധാഗ്നിയില്‍ നിന്ന് ഉണ്ടായതാണ് തെയ്യം കലാരൂപം.
അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യു വരിച്ചവര്‍ തുടങ്ങി പലതും തെയ്യക്കോലങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയ സമുദായക്കാരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്.
ജാതിവെറി കൊണ്ട് ഒരുകാലത്ത് മാറ്റിനിര്‍ത്തപ്പെട്ട മലയനും പുലയനും വണ്ണാനും തെയ്യക്കോലങ്ങളായി മാറുമ്പോള്‍ ജാതിയുടെ ആഢ്യത്വം വിട്ടുമാറാത്ത ആളുകള്‍ പോലും തൊഴുകൈയ്യോടെ മനമുരുകി പ്രാത്ഥിക്കുന്നു. ഒരുപക്ഷേ അത് അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പുമാവാം.
തെയ്യത്തില്‍ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിള തെയ്യങ്ങള്‍ മലബാറിന്റെ സാമൂഹിക നിഷ്പക്ഷതയ്ക്ക് ഉത്തമ ഉദാഹരണം കൂടിയാണ്. ‘നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര’ (എല്ലാവരുടേയും രക്തത്തിന്റെ നിറം ഒന്നു തന്നെ) എന്നു ചോദിക്കുന്ന പൊട്ടന്‍ തെയ്യം പറയുന്നതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല.
കൃത്യമായ നൊയമ്പും വൃതവും അനുഷ്ടിച്ചാണ് തെയ്യം കലാകാരന്മാര്‍ തെയ്യക്കോലം കെട്ടുന്നത്. കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രം, നീലേശ്വരത്തെ തെരു അഞ്ചൂറ്റമ്പലം വീരര്‍ കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് ഉത്തര മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയോടെ(ജൂണ്‍ മാസം) വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പുറത്ത് കാവില്‍ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കുകയും ചെയ്യും.
തെയ്യക്കാലം ആഘോഷങ്ങളുടെയും ആരാധനയുടേയും നാളുകള്‍ മാത്രമല്ല, മലബാറുകാരുടെ ഒത്തുചേരല്‍ കൂടിയാണ്. നാനാദേശത്തു കഴിയുന്നവര്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് കുടുംബാംഗങ്ങളുമായി ഒത്തുചേരുന്ന നാളുകള്‍ കൂടിയാണ് ഇത്. എന്നാല്‍ മലബാറുകാരുടെ തെയ്യക്കാലത്തിനുമേല്‍ കോവിഡ് കരിനിഴല്‍ വീഴ്ത്തിയതിനാല്‍ ഇത്തവണ ആഘോഷങ്ങളും തെയ്യം കെട്ടലും എങ്ങനെയായിരിക്കും എന്നത് കണ്ടുതന്നെ അറിയണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.