India

ഓഹരി വിപണി സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്റര്‍ അല്ല

കെ.അരവിന്ദ്‌

ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ്‌ ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്‌. ഓഹരി വിപണി കഴിഞ്ഞ ആറ്‌ മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന്‌ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്‌ ധനപ്രവാഹമാണ്‌. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തിച്ച ധനം ഓഹരി വിപണിക്ക്‌ ഉത്തേജനം പകരുകയായിരുന്നു. മറ്റ്‌ ബാഹ്യഘടകങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ്‌ വിപണി ഇത്തരമൊരു തേരോട്ടം നടത്തിയത്‌.

ഇന്ത്യയിലെ ഓഹരി വിപണി കഴിഞ്ഞ ആറ്‌ മാസത്തിനിടെ ശക്തമായ മുന്നേറ്റമാണ്‌ കാഴ്‌ച വെച്ചത്‌. എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന്റെ എട്ട്‌ ശതമാനം താഴെ മാത്രമാണ്‌ വിപണി ഇപ്പോള്‍. മാര്‍ച്ചിലെ താഴ്‌ന്ന നിലയില്‍ നിന്നും 50 ശതമാനത്തിലേറെയാണ്‌ വിപണി ഉയര്‍ന്നത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍തോതിലാണ്‌ നിക്ഷേപം നടത്തിയത്‌.

2021 അവസാനിക്കുന്നതിന്‌ മുമ്പായി ജി-4 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ 12 ലക്ഷം കോടി ഡോളറിന്റെ ഉത്തേജനം കൂടി നടത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. അച്ചടിച്ചിറക്കുന്ന ഈ പണം ആഗോള ധനകാര്യ വിപണിക്ക്‌ ഉത്തേജനം പകരുകയാണ്‌ ചെയ്യുന്നത്‌.

ഓഹരി വിപണിയിലെ ഈ പ്രവണത തുടരാനാണ്‌ സാധ്യത. വിപണി മുന്നോട്ട്‌ പോകാനുള്ള സാധ്യതയെ നയിക്കുന്ന പ്രധാന ഘടകം ലിക്വിഡിറ്റി തന്നെയാണ്‌. ഇതിന്‌ പുറമെ വിപണിയെ മുന്നോട്ടു നയിക്കുന്ന വിവിധ ഘടകങ്ങളും നിലനില്‍ക്കുന്നു.

കോവിഡിനുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ തകൃതിയില്‍ നടക്കുന്നത്‌ വിപണിക്ക്‌ കുതിപ്പിനുള്ള ഔഷധമാണ്‌ നല്‍കിയിരിക്കുന്നത്‌. ഒരു ഭാഗത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരുമ്പോഴും വാക്‌സിന്‍ പരീക്ഷണം വിജയകരമായി പരീക്ഷണ ഘട്ടങ്ങള്‍ പിന്നിടുന്നത്‌ ഓഹരി വിപണിക്ക്‌ വീര്യം പകരുന്നു. ഇന്ത്യയും വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്‌. ഇതിന്‌ പുറമെ വാക്‌സിന്‍ വികസിപ്പിക്കുന്ന വിദേശ കമ്പനികളുമായും ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. കാലതാമസം കൂടാതെ വാക്‌സിന്‍ ലഭ്യമാക്കാനാണ്‌ ഇത്‌.

പ്രതീക്ഷിച്ചതു പോലെ മികച്ച മണ്‍സൂണാണ്‌ ഇത്തവണ ലഭിച്ചത്‌. ഇത്‌ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കരകയറ്റം നടത്തുമെന്ന പ്രതീക്ഷക്ക്‌ ഉണര്‍വ്‌ പകരുന്നു. സമ്പദ്‌വ്യവസ്ഥക്ക്‌ ഏറ്റവും വലിയ പിന്തുണ നല്‍കാന്‍ ഈ സാഹചര്യത്തില്‍ കഴിയുന്നത്‌ ഗ്രാമീണ മേഖലയ്‌ക്ക്‌ ആയിരിക്കും. മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ കൃഷി നന്നാകും. അത്‌ ജിഡിപിക്ക്‌ പിന്തുണ നല്‍കും.

കമ്പനികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസഫലങ്ങള്‍ പുറത്തുവിട്ടത്‌ വിപണിക്ക്‌ കരുത്ത്‌ പകര്‍ന്നു. കോവിഡ്‌ കമ്പനികളുടെ വരുമാനത്തില്‍ സൃഷ്‌ടിക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന ആശങ്കയാണ്‌ നേരത്തെ ഓഹരി വിലകളെ കനത്ത തിരുത്തലിലേക്ക്‌ നയിച്ചത്‌. എന്നാല്‍ വിപണി കരുതിയതു പോലെ മോശമായിരുന്നില്ല പൊതുവെ ത്രൈമാസഫലങ്ങള്‍. ചെലവിനുള്ള വരുമാനം കണ്ടെത്തിയാല്‍ തന്നെ വലിയ കാര്യമാണെന്ന മട്ടില്‍ ത്രൈമാസഫലങ്ങളെ സമീപിച്ച വിപണിയെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്‌ പല കമ്പനികളുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌. കോര്‍പ്പറേറ്റുകള്‍ ദീര്‍ഘകാല വീക്ഷണത്തോടെ ചെലവുകള്‍ വെട്ടിക്കുറയ്‌ക്കുകയും സാമ്പത്തിക അച്ചടക്കം പാലിക്കുകയും ചെയ്‌തത്‌ ഇതിന്‌ പ്രധാന കാരണമാണ്‌.

ഈ അനുകൂല ഘടകങ്ങള്‍ നിലനില്‍ക്കുമ്പോഴും വിപണിയിലെ തുടര്‍ന്നുള്ള മുന്നേറ്റം ഒരു പരിധിക്കപ്പുറം പോകാതെ തടയിടാന്‍ സാധ്യതയുള്ള ഘടകങ്ങളും നിലനില്‍ക്കുന്നു. നവംബറില്‍ നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പാണ്‌ ഇനി വിപണിയുടെ ഗതിയെ നിര്‍ണയിക്കുന്ന ഒരു പ്രധാന സംഭവം. ഡൊണാള്‍ഡ്‌ ട്രംപിന്‌ 40 ശതമാനം സാധ്യത മാത്രമേ നിലവില്‍ സര്‍വേ ഫലങ്ങള്‍ കല്‍പ്പിക്കുന്നുള്ളൂ. എന്നാല്‍ തിരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ ആ പ്രവണത മാറുമെന്നാണ്‌ വിപണിയുടെ പ്രതീക്ഷ. അതുകൊണ്ടാണ്‌ നിലവില്‍ ട്രംപിന്റെ എതിരാളിയായ സ്ഥാനാര്‍ത്ഥിക്ക്‌ സര്‍വേ ഫലങ്ങളില്‍ കിട്ടിയ മേല്‍ക്കൈയെ വിപണി അവഗണിക്കുന്നത്‌. തിരഞ്ഞെടുപ്പിന്‌ മുമ്പായി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ട്രംപ്‌ നടത്താന്‍ സാധ്യതയുണ്ട്‌. അതേ സമയം നിലവിലുള്ള സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചനയില്‍ മാറ്റമില്ലെങ്കില്‍ വിപണി താഴേക്ക്‌ പോകുമെന്ന്‌ ഉറപ്പാണ്‌. ട്രംപ്‌ വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ വിപണി ഇടിവ്‌ നേരിടും.

വ്യാപാരയുദ്ധം മൂലം ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഉണ്ടാകാവുന്ന ദോഷഫലങ്ങളാണ്‌ വിപണിയെ പ്രതികൂലമായി ബാധിക്കാവുന്ന മറ്റൊരു ഘടകം. കോവിഡ്‌ ലോകമെമ്പാടും വ്യാപിച്ചതിനെ തുടര്‍ന്ന്‌ ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ചൈന വിരോധം യുഎസ്‌ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ വ്യാപാര നയം പുന:പരിശോധിക്കുന്നതിനാണ്‌ കാരണമായിരിക്കുന്നത്‌. ട്രംപ്‌ ചൈനയ്‌ക്കെതിരായ നിലപാട്‌ കടുപ്പിച്ചാല്‍ വ്യാപാരയുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

ആഭ്യന്തര തലത്തില്‍ സമ്പദ്‌വ്യവസ്ഥ തളര്‍ച്ച നേരിടുമെന്ന വസ്‌തുത നിലനില്‍ക്കുന്നു. കോവിഡ്‌ മൂലം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി വര്‍ധിക്കാനുള്ള സാധ്യതയുണ്ട്‌. രഘുറാം രാജനെ പോലുള്ള സാമ്പത്തിക വിദഗ്‌ധര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. നിലവില്‍ തന്നെ ഉയര്‍ന്ന കിട്ടാക്കടവുമായി വലയുന്ന ബാങ്കുകളെ ഈ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെങ്കില്‍ ഓഹരി വിപണിയിലെ പ്രകടനത്തില്‍ അത്‌ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്‌.

പ്രതികൂലവും അനുകൂലവുമായ ഈ വിവിധ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ ഓഹരി വിപണി മുന്നേറാനുള്ള സാധ്യത തന്നെയാണ്‌ കൂടുതല്‍. അതേ സമയം കഴിഞ്ഞ മാസങ്ങളില്‍ കണ്ടതു പോലുള്ള കുതിപ്പ്‌ വിപണിയില്‍ പ്രതീക്ഷിക്കാനാകില്ല. അടുത്ത ആറ്‌ മാസത്തേക്ക്‌ വിപണി ഒരു നിശ്ചിത പരിധിക്കുള്ളില്‍ വ്യാപാരം ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഓഹരി വിപണി സമ്പദ്‌വ്യവസ്ഥയുടെ ബാരോമീറ്റര്‍ ആണ്‌ എന്ന സങ്കല്‍പ്പം കടലാസില്‍ മാത്രമാണെന്ന്‌ തെളിയിക്കുന്നതാണ്‌ വിപണിയിലെ സമീപകാലത്തെ മുന്നേറ്റം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കനത്ത തളര്‍ച്ച നേരിട്ടിട്ടും അത്‌ വിപണി ഗൗനിച്ചതേയില്ല. യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുമായി ബന്ധമില്ലാത്ത രീതിയിലാണ്‌ വിപണി നീങ്ങുന്നത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.