Kerala

ശബരിമല ചർച്ച വീണ്ടും: തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിൽ ധൃതി പാടില്ല

ഈറോഡ് രാജൻ

ശബരിമല തീർത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും വെർച്യുൽ ക്യു വിൽ രജിസ്റ്റർ ചെയ്യുന്ന ഭക്തജനങ്ങളെ കർശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്നും ദേവസ്വം മന്ത്രിയും , ദേവസ്വം ബോർഡ് പ്രസിഡന്റും പ്രസ്താവനയിലൂടെ അയ്യപ്പ ഭക്തജനങ്ങളെ അറിയിച്ചിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ഇത് ഏറ്റവും നല്ല, അനുയോജ്യമായ ഒരു തീരുമാനമായി തോന്നാമെങ്കിലും പ്രായോഗിക തലത്തിൽ ഏറെ ബുദ്ധിമുട്ടും ചേരിതിരിവും ഉണ്ടാക്കുന്ന ഒരു തീരുമാനമായാണ് മനസ്സിലാക്കാൻ കഴിയുന്നത്. വിമാനങ്ങളിലും കാറിലും വരുന്ന സമ്പന്നരായ ഭക്തരെ ഉദ്ദേശിച്ചുള്ള ഒരു തീരുമാനമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഭണ്ഡാരങ്ങൾ നിറയണമെന്ന വിചാരത്തോടെ തിരക്കിട്ടു പുറപ്പെടുവിച്ച ഈ പ്രസ്താവന അയ്യപ്പ ഭക്തന്മാർക്ക് ഗുണകരമായി ഭവിക്കുമോ അതല്ല ദോഷങ്ങളുണ്ടാക്കുമോ എന്നൊന്നും മന്ത്രിയും ദേവസ്വം പ്രസിഡന്റും ചിന്തിച്ചിരിക്കില്ല എന്നാണ് തോന്നുന്നത്. സർക്കാരിന്റെ ഉത്തരവനുസരിച്ചു തീർത്ഥാടനത്തിനെത്താൻ സമ്പന്നന്മാർക്കു മാത്രമേ കഴിയൂ ! ഇത് ശബരിമലക്ക് യോജിക്കാത്ത നടപടിയാകും!

ആദ്യമായി ശബരിമല തീർത്ഥാടനത്തിന്റെ സ്വഭാവം തന്നെ കണക്കിലെടുക്കാം. അത് മറ്റ ക്ഷേത്ര ദർശനങ്ങളെപ്പോലെ വിചാരിച്ച മാത്രയിൽ പോകാൻ സാധിക്കുന്നതല്ല. ശബരിമലക്ക് ഒരു മണ്ഡലകാലം വ്രതമനുഷ്ഠിച്ചാണ് ഭക്തർ ഇരുമുടിയുമായി വരുന്നത്. തീർത്ഥാടനത്തിന്റെ മറ്റൊരു പ്രത്യേകത കൂട്ടത്തോടെ വരിക എന്നുള്ളതാണ്. ആ കൂട്ടത്തിൽ ധനികനും ദരിദ്രനും പല ജാതിയിലുള്ള പല തൊഴിലും ചെയ്യുന്ന അയ്യപ്പഭക്തന്മാർ ഉണ്ടാകും. അവരെല്ലാവരും ഒരുമിച്ചു ശബരിമലക്ക് വരുന്നതായി നമുക്ക് കാണാൻ കഴിയും. ഏവരും ഇരുമുടിയിൽ നെയ്‌ത്തേങ്ങയുമായാണ് വരുന്നത്. അവർക്കേവർക്കും ഒരുമിച്ചു പതിനെട്ടാം പടി കയറേണ്ടതുണ്ട്. സർക്കാരിന്റെ തീരുമാനമനുസരിച്ചു ദരിദ്രനായ സ്വാമി, അദ്ദേഹം ഒരുപക്ഷെ ഗുരുസ്വാമിയായിരുന്നാൽ കൂടി കോവിഡ് പരിശോധനക്കായി മാത്രം സുമാർ 4000 മുതൽ 5000 രൂപ ചെലവാക്കേണ്ടി വരും. സാധാരണ തീർത്ഥയാത്ര വന്നു ദർശനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുന്ന ചെലവ് ഇത്രയും വരില്ല. അപ്പോൾ ആ ഗുരുസ്വാമിയെ ഏതെങ്കിലും ധനികനായ ഭക്തൻ സ്വന്തം ചെലവിൽ കൊണ്ട് പോകേണ്ടി വരും. ആത്മാഭിമാനമുള്ള ഒരു സ്വാമിയും ശബരിമല യാത്ര മറ്റൊരുത്തരുടെ ഓസാരത്തിൽ നടത്തുന്നത് ആഗ്രഹിക്കില്ല. ഒരുപക്ഷെ ശിഷ്യന്റെ സമ്മർദ്ദത്തിന് വഴങ്ങി ഗുരുസ്വാമി ആ ക്ഷണം സ്വീകരിച്ചു യാത്ര പുറപ്പെടുകയാണെങ്കിലും ആ സംഘത്തിൽ പെട്ട മറ്റുള്ള ദരിദ്രരായ അയ്യപ്പ ഭക്തന്മാർക്കുള്ള കോവിഡ് പരിശോധനാ ചെലവ് ആര് വഹിക്കും? ഇതെല്ലാം ശ്രദ്ധിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദമല്ലെന്നു പറഞ്ഞു ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും മറ്റു ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും പ്രശ്നത്തിൽ നിന്ന് തലയൂരാം. പക്ഷെ പരിപാവനമായ തീർത്ഥ യാത്രയുടെ അന്തഃസത്ത അവിടെ തകരുന്നതിനു അവർ പരോക്ഷമായി കാരണഭൂതരായി ഭവിക്കയാണ്.

ഹൈദരാബാദിൽ നിന്ന് വരുന്ന ഒരു ഭക്തൻ കോവിഡ് പരിശോധനയും ഹൈദരാബാദ് മുതൽ പമ്പയിലേക്കും തിരിച്ചു നാട്ടിലേക്കും 2400 കിലോമീറ്റർ സഞ്ചരിക്കുന്ന കാർ വാടക വകയിലുള്ള തന്റെ ഓഹരിയും ഇരുമുടി ചെലവും ഇതര വഴിച്ചെലവും കൂടി സുമാർ 15000 രൂപയോളം ചെലവ് വഹിക്കേണ്ട പരിതസ്ഥിതി വരുമ്പോൾ സ്വാഭാവികമായും ശബരിമല യാത്ര ഉപേക്ഷിക്കും. അപ്പോൾ നാം നേരത്തെ പറഞ്ഞത് പോലെ സമ്പന്നർക്ക് മാത്രമായിരിക്കും ദർശനത്തിനു സൗഭാഗ്യം സിദ്ധിക്കുക.

രാജ്യത്തു കോവിഡ് മഹാമാരി തന്റെ സംഹാര താണ്ഡവം ഇനിയും അവസാനിപ്പിച്ചിട്ടില്ല. പ്രതിരോധ ശേഷിയുള്ള മരുന്നും ഇതുവരെ ലഭ്യമല്ല. വരാനിരിക്കുന്ന നാളുകളിൽ രോഗം അതി തീവ്രതയോടെ പകരുമോ അതല്ല കുറയുമോ എന്നൊന്നും ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ല. ഈ ഒരവസ്ഥയിൽ രണ്ടു ദിവസം മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 30 മുതൽ ഘട്ടം ഘട്ടമായി തുറക്കണമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ ഇന്ന് സീറോ അക്കാഡമിക് വർഷത്തെ പറ്റിയാണ് ചിന്തിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഈ സമയത്തു സീറോ തീർത്ഥയാത്ര സീസണായി ഈ വരുന്ന മണ്ഡല മകരവിളക്ക് കാലത്തെയും പ്രഖ്യാപിക്കുന്നതായിരിക്കും ശബരിമലയിൽ നടക്കുന്ന പൂജകൾക്കും, അതുപോലെ ഈ വർഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു ശബരിമല തീർത്ഥാടനം തന്നെ മാറ്റിവെച്ചു, വ്രത നിഷ്ഠകളോടെ അതാതു പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളിൽ മാത്രമായി ദർശനം ഒതുക്കി നിർത്തുന്ന അയ്യപ്പ ഭക്തന്മാർക്കും ഏറെ ഗുണം ചെയ്യുക.

ഇത്രയും പറഞ്ഞത് കൊണ്ട് പരിതഃസ്ഥിതി അനുയോജ്യമായി വന്നാലും തീർത്ഥാടനത്തിന് അനുമതി നൽകരുത് എന്ന് ശഠിക്കുകയാണെന്നു ധരിക്കരുത്. സർക്കാരും ദേവസ്വം ബോർഡും തീർത്ഥാടനത്തിന് വേണ്ടുന്ന മുന്നൊരുക്കങ്ങൾ ചെയ്യണം. പക്ഷെ അയ്യപ്പ ഭക്തന്മാർക്ക് പ്രവേശനം വേണമോ എന്ന കാര്യത്തിലുള്ള തീരുമാനം പിന്നീട് അറിയിക്കുന്നതല്ലേ വിവേകം ?

ഈ വർഷത്തെ തീർത്ഥാടനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടർ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നു യോഗത്തിൽ ദേവസ്വം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ മുന്നോട്ടു വെച്ച നിർദ്ദേശം സ്വാഗതാർഹമാണ്. അത് വേണം , പക്ഷെ കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്നിരിക്കുന്ന പലതരപ്പെട്ട വെല്ലുവിളികളെ ഒരിക്കലും തൃണവൽഗണിക്കരുത്.

ശബരിമലക്ക് തീർത്ഥാടനത്തിന് വന്നു തിരിച്ചു നാട്ടിലെത്തിയ ഒരു ഭക്തന് ഒരു പക്ഷെ കോവിഡ് പോസിറ്റീവായി എന്നിരിക്കട്ടെ , ഇപ്പോൾ നിലവിലെ സമ്പ്രദായം അനുസരിച്ചു ആരെല്ലാം ക്വാറന്റൈനിൽ പ്രവേശിക്കണം ? നമുക്കതെങ്ങിനെ കണ്ടുപിടിക്കാനാകും? അദ്ദേഹം ചെന്ന് കണ്ടു നമസ്കരിച്ചു പ്രസാദം വാങ്ങിയ പുറപ്പെടാ ശാന്തിയായ മേൽശാന്തിയും ക്വാറന്റൈനിൽ പ്രവേശിക്കണം എന്നിരിക്കെ, സന്നിധാനത്തു നടത്തേണ്ട പൂജകൾ മുടങ്ങി നട അടച്ചിടേണ്ട ഗതികേടിലേക്കു കാര്യം നീങ്ങില്ലേ ? ഇത് ഒരു ഭക്തനും ആഗ്രഹിക്കുന്ന കാര്യമല്ല. ശബരിമല ദർശനം ഇന്നല്ലെങ്കിൽ നാളെ നടത്താം എന്ന് ഭക്തന്മാർ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ദേവന്റെ പൂജ മുടങ്ങി പോയി എന്നൊരു വാർത്ത വരുന്നത് ശ്രേയസ്‌ക്കരമല്ല. അത് മനോവ്യാധികൾക്കു കാരണഭൂതമാകും.

ആവശ്യാനുസരണം ട്രെയിൻ ഗതാഗതമോ മറ്റുള്ള അന്തർദേശീയ ബസ് സർവീസുകളോ ഇല്ലാത്ത അവസ്ഥയിൽ സ്വന്തം വാഹനങ്ങളെ മാത്രം ആശ്രയിച്ചു വരുന്ന ഭക്ത സംഘങ്ങൾക്ക് മാത്രമേ പമ്പയിലെത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ദീർഘദൂരം വാഹനത്തിൽ വരുന്ന അവർക്കു കുളിക്കാനുള്ള സൗകര്യം പമ്പയിൽ ഒരുക്കാൻ കഴിയുമോ ? പിതൃതർപ്പണം ചെയ്ത ശേഷം മല കയറണമെന്നു ശഠിക്കുന്നവരുണ്ട്. അവർക്കു വേണ്ടി പിതൃതർപ്പണം നടത്താനുള്ള വ്യവസ്ഥ ചെയ്യാൻ കഴിയുമോ ? ഒരുമിച്ചു കുളിച്ചു ഒരുമിച്ചു ബലിയിട്ടു ഒരുമിച്ചു മലകയറി ഒരുമിച്ചു വിശ്രമിച്ചു ഒരുമിച്ചു ദർശനം നടത്തുമ്പോൾ നിലവിലുള്ള സാമൂഹിക അകലം പാലിക്കുന്നതും വിഷമകരമായ ഒന്നായിരിക്കും. അതുപോലെ തന്നെ വൃശ്ചികം ഒന്നിന് ദർശനം ചെയ്യുവാനാഗ്രഹിക്കുന്ന ഭക്തൻ ഏതാണ്ട് കന്നിമാസം പാതിയോടെ തന്റെ വ്രതം തുടങ്ങും.അതായതു ഒക്ടോബർ ആദ്യവാരത്തിൽ തന്നെ വ്രതം തുടങ്ങിയാലേ വൃശ്ചികമാസാദ്യം പതിനെട്ടാംപടി ചവിട്ടി ദർശനം ചെയ്യാൻ കഴിയുകയുള്ളൂ. സെപ്റ്റംബർ 30 വരെ രാജ്യത്തു ട്രെയിൻ ഗതാഗതം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ പ്രഭാവം അധികമുള്ളതെന്നാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞത്. ആ പറഞ്ഞ പത്തു സംസ്ഥാനങ്ങളിൽ ആന്ധ്ര തെലങ്കാന തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ മുൻപന്തിയിൽ ഉള്ളവയാണ്. ശബരിമലയിലേക്ക് പ്രവഹിക്കുന്ന ഭക്തന്മാരിൽ സിംഹഭാഗവും ഈ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരാണ്. തമിഴ്‌നാട്ടിൽ ഇപ്പോൾ ജില്ലയിൽ നിന്ന് വേറൊരു ജില്ലയിലേക്ക് പ്രവേശിക്കണമെങ്കിൽ കൂടി സർക്കാറിനോടപേക്ഷിച്ചു പാസ് വാങ്ങണമെന്ന നിബന്ധനയുണ്ട്. ഈ വക പല വിഷയങ്ങളെ പറ്റിയും വളരെ ഗൗരവപൂർണമായി പലവട്ടം ആലോചിച്ചതിന് ശേഷം ഉചിതമായ – ഭക്തന്മാർക്കും ശബരിമലക്കും ഉചിതമായ – ഒരു തീരുമാനം കൈക്കൊള്ളുന്നതല്ലേ നല്ലതു.

മറ്റു ക്ഷേത്രങ്ങളെ കുറിച്ച് ചിന്തിച്ചു സംസാരിക്കുന്ന തരത്തിൽ കേരളത്തെ മാത്രം കേന്ദ്രീകൃതമാക്കി ശബരിമലയെപ്പറ്റി അഭിപ്രായങ്ങൾ പറയുന്നത് അഭികാമ്യമല്ല. കാരണം ദക്ഷിണേന്ത്യയിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിലുമുള്ള അയ്യപ്പഭക്തന്മാർ ഇവിടേയ്ക്ക് ഒഴുകി വരുന്നുണ്ടു. അവരുടെ നിലവിലുള്ള സാഹചര്യം കൂടെ നാം കണക്കിലെടുക്കണം. ക്ഷേത്ര ഭണ്ഡാരങ്ങളെ സമ്പുഷ്‌ടമാക്കുന്നതിലും അവരെല്ലാവരുമാണ് മുൻപന്തിയിൽ.

ഭക്തജന പങ്കാളിത്തത്തോടെ തന്നെ മണ്ഡല മകരവിളക്ക് കാലം ആഘോഷിക്കണമെന്ന താത്പര്യം മുൻനിർത്തുകയാണെങ്കിൽ ഈ വർഷത്തെ തീർത്ഥാടനകാലം കേരളത്തിന് മാത്രമായി നൽകാവുന്നതാണ്. ഓരോ ജില്ലക്കും നാലു ദിവസം നല്കാൻ കഴിയും.അതുകൂടെ തുടർച്ചയായി നൽകാതെ ഓരോ റൗണ്ടിലും ഓരോ ദിവസമായി നാല് റൗണ്ട് അതായതു 14 x 4=56 ദിവസം.മണ്ഡല പൂജ വരെ ഉള്ള 40 ദിവസങ്ങളും ജനവരിയിൽ ഉള്ള ദിവസങ്ങളും കൂട്ടിയാൽ 56 ദിവസത്തെ തീർത്ഥാടനം കുറഞ്ഞ ഭക്തജന സാന്നിധ്യത്തോടെ പൂർത്തീകരിക്കാവുന്നതാണ്.

മറ്റു ക്ഷേത്രങ്ങളിൽ ഇപ്പോൾ ചിങ്ങം ഒന്ന് മുതൽ അനുവദിച്ചിരിക്കുന്ന തരത്തിൽ കാര്യക്ഷമതയോടെ പമ്പയിലെ കുളിയും ബലി കർമ്മങ്ങളും നിരോധിച്ചു കൊണ്ട് നിലക്കലിൽ ഭക്തന്മാർ എത്തിച്ചേരേണ്ട സമയം കൊടുത്തു കൊണ്ട് അത് സുഗമമായ രീതിയിൽ പ്രാവർത്തികമാക്കാൻ കഴിയും. അന്യ സംസ്ഥാനങ്ങളിലുള്ള അയ്യപ്പ ഭക്തന്മാർക്ക് ഇത് മനോവ്യഥ ഉണ്ടാക്കുന്നതായിരിക്കും എന്നുള്ളതിൽ സംശയം വേണ്ടാ. എങ്കിലും അവരോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു ധരിപ്പിക്കാൻ കഴിയും. ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ അനുമതിയും ഈ വിഷയത്തിൽ വാങ്ങിയാൽ, തീർത്ഥാടന കാലത്തു സന്നിധാനത്തും പരിസരത്തും ഭക്തജന സാന്നിധ്യം നിർബ്ബന്ധമായും വേണമെന്നുള്ള പക്ഷത്തിൽ ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഞാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശബരിമല അയ്യപ്പ സേവാ സമാജം എന്ന സംഘടന ഉൾപ്പെടെ എല്ലാ അയ്യപ്പ സംഘടനകളും ഹിന്ദു സംഘടനകളും ഭക്തജനങ്ങൾക്ക് ക്ഷേത്ര പ്രവേശനവും ദർശനവും ലഭ്യമാകണം എന്ന നിലപാടിലൂന്നി നിൽക്കുന്നവരാണ്. അതിനു വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാണ്. പക്ഷെ ദർശനത്തിനു വരുന്ന ഭക്തന്റെയും അവനിൽ കൂടി സമൂഹത്തിലുള്ള പലരുടെയും ആരോഗ്യവും ജീവനും പണയപ്പെടുത്തിക്കൊണ്ടുള്ള അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അതുപോലെ തന്നെ ശബരിമല ക്ഷേത്രത്തിലെ പൂജയും ആചാരാനുഷ്ടാനങ്ങളും നിർവിഘ്‌നം തുടരണമെന്നുള്ളതും നമുക്ക് നിർബ്ബന്ധമാണ്.

ശബരിമല ദർശനത്തിനു അനുവാദം എന്ന വാർത്ത ധൃതി പിടിച്ചു നൽകുമ്പോൾ അയ്യപ്പഭക്തന്മാർ തീർത്ഥാടനത്തിനൊരുങ്ങും. പിന്നീട് വീണ്ടും ദർശനം നീട്ടിവെച്ചിരിക്കുന്നു എന്ന പ്രസ്താവനകൾ അവരെ അലോസരപ്പെടുത്തും എന്നുള്ളത് കൂടി ബന്ധപ്പെട്ട അധികാരികൾ ഓർക്കണം.

ഇന്നത്തെ സാഹചര്യത്തിൽ അയ്യപ്പഭക്തന്മാരെ വെർച്ച്വൽ ക്യൂ എന്നല്ല മറ്റെന്തു സംവിധാനത്തിലൂടെയും സന്നിധാനത്തേക്ക് ദർശനത്തിനായി അനുവദിച്ചാൽ അത് ഗുണങ്ങളെക്കാളേറെ ദോഷമായി ഭവിക്കാനുള്ള സാധ്യതകളാണ് ഏറെയുള്ളത്. ശബരിമലയും അവിടുത്തെ ദർശനവും ജീവിത സായൂജ്യമായി കണക്കാക്കുന്ന അയ്യപ്പ ഭക്തന്മാർ സംസ്ഥാനത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിനുണ്ട്. അവരുടെ വികാരങ്ങളിൽ വ്രണമുണ്ടാക്കുന്ന തീരുമാനങ്ങൾ ദേവസ്വം ബോർഡിൽ നിന്നും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഒരിക്കലും വന്നു കൂടാ. സർക്കാരും ദേവസ്വം ബോർഡും തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളിൽ വ്യാപൃതരാകട്ടെ ! ലോകമെമ്പാടുമുള്ള എല്ലാ അയ്യപ്പ ഭക്തജനങ്ങൾക്കും സന്നിധാനത്തു ദർശനാനുമതി കൊടുക്കുന്ന കാര്യത്തിൽ ഒക്ടോബർ ആദ്യവാരത്തിൽ ചിന്തിക്കുന്നതായിരിക്കും ഉചിതം.

ഈറോഡ് രാജൻ
Mobile 8086200107
ശബരിമല അയ്യപ്പ സേവാ സമാജം
ദേശീയ ജനറൽ സെക്രട്ടറി

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.