Web Desk
നടന്‍ മോഹന്‍ലാലിന്‍റെ കൈവശമുള്ള നാല് ആനക്കൊമ്പുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കി സംസ്ഥാന വനംവകുപ്പ്. വന്യജീവി സംരക്ഷണ നിയമം കാറ്റില്‍പറത്തി കൊണ്ടാണ് നടനെ സംരക്ഷിച്ചുകൊണ്ടുള്ള വനംവകുപ്പിന്‍റെ നടപടി. ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയ (സിഡബ്ല്യുഡബ്ല്യു) സുരേന്ദ്രകുമാര്‍ തയ്യാറാക്കിയ വസ്തുതാ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. വനം,വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച രേഖ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാന വനംവകുപ്പ് വിഭാഗത്തിലെ എല്ലാ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥര്‍ക്കും ഇത് ലഭ്യമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
രേഖകള്‍ പ്രകാരം, 2015 ഡിസംബര്‍ 16 ന് സര്‍ക്കാര്‍ മോഹന്‍ലാലിന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി കാണുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ഗസറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടില്ല.
2011ല്‍ മോഹന്‍ലാലിന്‍റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനകൊമ്പുകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 1972ലെ വനസംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി നേരത്തെ എന്‍ഒസി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുന്നത്.