Features

1952ലെ റിപ്പബ്ലിക് പരേഡ്

സുധീര്‍ നാഥ്

കാരണവരായി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കാര്‍ട്ടൂണിസ്റ്റ് കുട്ടി കാരണവത്തിയായി… 1952-ല്‍ രാജ്പഥിലൂടെ റിപബ്ലിക് ദിനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നീങ്ങിയ ഫ്ളോട്ടിലെ കാരണവരേയും കാരണവത്തിയേയും കണ്ടവരാരും ആ രംഗം മറക്കില്ല. ദില്ലിയിലെ ഒട്ടുമിക്ക മലയാളികളും കൊടും തണുപ്പത്ത് രാജ്പഥിതിന്റെ ഇരുവശത്തും തടിച്ചുകൂടിയിരുന്നു.

1950ല്‍ ഇന്ത്യ റിപബ്ലിക്കായി. 1951ല്‍ ആദ്യത്തെ റിപബ്ലിക്ക് ദിന ആഘോഷം വളരെ ലളിതമായാണ് നടത്തിയത്. എട്ട് കുതിരകളെ കെട്ടിയ വണ്ടിയില്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പട്ടാളത്തിന്റെ  അകമ്പടിയോടെ കൊണാട്ട് സര്‍ക്കിള്‍ വഴി ഇര്‍വിന്‍ സ്റ്റേഡിയത്തില്‍ (ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം) ഘോഷയാത്രയായി എത്തി. ഒന്നാം റിപബ്ലിക് ആഘോഷം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു.

ജനങ്ങളുടെ ആവേശം കണ്ടതുകൊണ്ടാകണം രണ്ടാമത്തെ റിപബ്ലിക് പരേഡ് വിപുലമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനമായി. പ്രതിരോധ മന്ത്രാലയത്തെയാണ് പരേഡിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവും വന്നു. പല സംസ്ഥാനങ്ങളും സ്വയം മുന്നോട്ട് വന്നു. കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണ് സമീപിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുള്ള സുഹൃദ് ബന്ധമാണ് ഇതിനു പിന്നിലെന്നത് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ…

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തനിക്കു ലഭിച്ച അവസരം പാഴാക്കിയില്ല. ദില്ലിയില്‍ കഴിയുന്ന അവസരത്തില്‍ തികച്ചും ഒരു കേരളീയനായി തന്നെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. കേരളത്തിലെ ഒരു തറവാട്ടില്‍ പോകുന്ന പ്രതീതിയാണ് ശങ്കറിന്റെ വീട്ടില്‍ പോയാലെന്ന് എത്രയോ പ്രശസ്തര്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ശങ്കറിന്റെ പ്രിയ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു അന്ന് കേരള ക്ലബിന്റെ സെക്രട്ടറി. കേരള ക്ലബ്ബിലിരുന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടിയും മറ്റും ഒരു രൂപരേഖ ഉണ്ടാക്കി.

രണ്ട് ഫ്ളോട്ടുകളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്. കേരള മാതൃകയിലുള്ള ഒരു വീടായിരിക്കണം ഒന്നാം ഫ്ളോട്ട്. കഥകളിയായിരിക്കണം രണ്ടാമത്തെ ഫ്ളോട്ട്. കുട്ടിയുടെയും സംഘത്തിന്റെയും ആശയത്തിന് ശങ്കറിന്റെ പച്ചക്കൊടിയും ലഭിച്ചു. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നേരിട്ട് നേതൃത്വം നല്‍കി പ്ലൈവുഡില്‍ കേരള മാതൃകയിലുള്ള ഒരുഗ്രന്‍ വീട് തയ്യാറാക്കി. തെങ്ങിന്റെയും മറ്റും കട്ടൗട്ടുകള്‍ ശങ്കര്‍ തന്നെയാണ് തയ്യാറാക്കിയത്. പെയ്ന്‍റിംഗിന്റെ കാര്യത്തില്‍ ശങ്കറിനെ സഹായിക്കുക എന്നതായിരുന്നു മറ്റുള്ളവരുടെ പണി. മണിക്കൂറുകളോളം ശങ്കര്‍ പെയിന്‍റിംഗിനായി ചിലവഴിച്ചു. തികച്ചും ഒറിജിനലിനോട് കിടപിടിക്കുന്ന പെയ്ന്‍റിങ്ങ് എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.

ദില്ലിയിലെ മലയാളി പെണ്‍കുട്ടികളെ സംഘടിപ്പിച്ച് കൈകൊട്ടിക്കളിയും ഇതിനിടയില്‍ ഒരുക്കി. ഓണാഘോഷം ചിത്രീകരിക്കുക എന്നതാണ് കുട്ടിയും കൂട്ടരും ലക്ഷ്യമിട്ടത്. നിലവിളക്കും നിറപറയും എല്ലാം ഒരുക്കി. കാരണവരുടെ വേഷം ചെയ്യാന്‍ ശങ്കറിനെ എല്ലാവരും നിര്‍ദ്ദേശിച്ചു. പക്ഷെ കാരണവത്തിയായി ഒരാളെ കിട്ടിയില്ല. കാരണത്തിയാവാന്‍ പ്രായമായവര്‍ തയ്യാറായില്ല. ചെറുപ്പക്കാരികളാരെങ്കിലും കാരണവത്തിയാകാന്‍ തയ്യാറാകും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. കേരള ക്ലബ് സെക്രട്ടറി കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്നെ ഒടുവില്‍ ഗുരു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരം കാരണവത്തിയാകാന്‍ തയ്യാറായി.

കുട്ടി മീശ വടിച്ച് മേക്കപ്പിട്ട് കാരണവത്തിയായപ്പോള്‍ അന്തംവിട്ടത് ദില്ലി മലയാളികളാണ്. കാരണവത്തികള്‍ അയ്യടാന്നായി… കുട്ടിയുടെ മേക്കപ്പ്മാന്‍ മറ്റാരുമായിരുന്നില്ല ശങ്കര്‍ തന്നെ. ഫ്ളോട്ടിലെ കുട്ടികളുടെ കൂട്ടത്തില്‍ ഞങ്ങളും ഉണ്ടായിരുന്നു എന്ന് ശങ്കറിന്റെ മകള്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.

അങ്ങനെ റിപബ്ലിക് ദിനത്തില്‍ കേരളവീടും കഥകളിയും നീങ്ങി. പെണ്‍കുട്ടികള്‍ കൈകൊട്ടി കളിയും ആണ്‍കുട്ടികള്‍ കോല്‍ കളിയുമായി കേരളത്തിന്റെ ഫ്ളോട്ടിന് മിഴിവേകി. കാരണവരായി ശങ്കര്‍ ഒരു വാക്കിങ്ങ് സ്റ്റിക്കുമായി എല്ലാം നോക്കി നിന്നു. കാരണവത്തിയായി കാര്‍ട്ടൂണിസ്റ്റ് കുട്ടി പെണ്‍കുട്ടികള്‍ക്ക് താളം പിടിച്ചു കൊടുത്തു. കഥകളി വേഷവും ഫ്ളോട്ടിന്റെ ഭാഗമായി. മാങ്കുളം വിഷ്ണു നമ്പൂരിയായിരുന്നു അന്ന് കഥകളി വേഷം കെട്ടിയത്. അദ്ദേഹം യഥാര്‍ത്ഥ കഥകളി കലാകാരനായിരുന്നു. രാത്രിയില്‍ എണ്ണത്തിരി വെളിച്ചത്തില്‍ നിന്നും കഥകളി പകല്‍വെട്ടത്ത് ആദ്യമായി അവതരിക്കപ്പെട്ടു.

പരേഡ് ഇക്കുറി രാഷ്ട്രപതി ഭവനില്‍ നിന്ന് റെഡ്ഫോര്‍ട്ട് വരെയാണ് പോകേണ്ടിയിരുന്നത്.
കാരണവരായി വേഷമിട്ട കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. സെലൃൂട്ട് സ്റ്റാന്‍റിന് ശേഷം കൂട്ടത്തില്‍ യഥാര്‍ത്ഥ കാരണവരായ ശങ്കര്‍ജിയോട് ഫ്ളോട്ടില്‍ നിന്ന് ഇറങ്ങുവാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചു. അദ്ദേഹം ജന്‍പഥ് ക്രോസിങ്ങില്‍ വെച്ച് ഫ്ളോട്ടില്‍ നിന്നിറങ്ങി. മറ്റുള്ളവര്‍ കാരണവരില്ലാതെ റെഡ് ഫോര്‍ട്ടിലേക്ക് നീങ്ങി. കൊണാട്ട് പ്ലേസ് ചുറ്റിയായിരുന്നു പരേഡിന്റെ റൂട്ട്.

ഫ്ളോട്ടിനായി തയ്യാറാക്കിയ വീട് ഒരര്‍ത്ഥത്തില്‍ വീടുതന്നെയായിരുന്നു. ചായയും മറ്റും വീടിനകത്ത് ഒരുക്കിയിരുന്നു. ഘോഷയായാത്രയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണം ആ വീട്ടില്‍ നിന്നാണന്ന് കൊടുത്തത്. റെഡ് ഫോര്‍ട്ട് എത്തുന്നതിനു മുന്‍പ് തന്നെ കാര്‍ട്ടൂണിസ്റ്റ് കുട്ടിയും സംഘവും മേക്കപ്പ് പകുതിയും ഉപേക്ഷിച്ചിരുന്നു. യാത്രക്കിടയില്‍ പരേഡ് കാണാന്‍ കൂടിയ ജനക്കൂട്ടത്തിനിടയില്‍ നിന്ന് കാരണവത്തിയായി വേഷമിട്ട കുട്ടിക്ക് പലരും ബീഡി വാഗ്ദാനം ചെയ്തത് ചിരിക്ക് വക നല്‍കിയത്രെ!!

കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു. വന്‍ ഹിറ്റായി… മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു… കേരളത്തിന്‍റെ ഫ്ളോട്ടിനെക്കുറിച്ച് മാത്രമായിരുന്നില്ല വാര്‍ത്ത. കഥകളി അപമാനിക്കപ്പെട്ടു എന്ന മഹാകവി വള്ളത്തോളിന്റെ പ്രസ്താവനയും പിന്നീട് പത്രങ്ങളില്‍ വന്നു. ശങ്കറിനെയും കൂട്ടരേയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് വള്ളത്തോള്‍ പ്രസ്താവന ഇറക്കിയത് പകല്‍ വെട്ടത്തില്‍ കഥകളി അവതരിപ്പിച്ചതുകൊണ്ടാണ്. വള്ളത്തോളിന്റെ പ്രസ്താവന മലയാള പത്രങ്ങളില്‍ മാത്രമല്ല ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. എന്തായാലും കേരളത്തിന്റെ ഫ്ളോട്ട് ഏറെ സംസാര വിഷയമായി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.