Web Desk
ഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ ചികിത്സാ സംവിധാനവുമായി ഡല്‍ഹി സര്‍ക്കാര്‍. ക്വാറന്‍റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഒരു ഫോണ്‍ കോളില്‍ ഓക്സിജന്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിന്‍റെ ഭാഗമായി ക്വാറന്‍റൈനില്‍ കഴിയുന്ന മുഴുവന്‍ രോഗികള്‍ക്കും പള്‍സ് ഓക്സിമീറ്റര്‍ വീടുകളില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ കൊവിഡ് പരിശോധന ദിനംപ്രതി 5000 ത്തില്‍ നിന്നും 18,000 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശ്വസന തടസ്സങ്ങള്‍, കുറഞ്ഞ ഓക്സിജന്‍റെ അളവുകല്‍ എന്നിവയാണ് കോവിഡ് രോഗികള്‍ നേരിടുന്ന പ്രാധാന പ്രശ്നങ്ങള്‍. ഇവയെ പ്രതിരോധിക്കാനായാണ് പള്‍സ് ഓക്സി മീറ്റര്‍ വീടുകളില്‍ ലഭ്യമാക്കുന്നത്. ഒരാളുടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് അളക്കുന്ന ഉപകരമാണ് പള്‍സ് ഓക്സിമീറ്റര്‍. ഓക്സിമീറ്റര്‍ നല്‍കുകയാണെങ്കില്‍ ശ്വാസതടസ്സം നേരിടുമ്പോള്‍ തന്നെ രോഗികള്‍ക്ക് അധികൃതരെ വിളിച്ച് ഓക്സിജന്‍ ആവശ്യപ്പെടാം. ഉടൻ തന്നെ ഓക്സിജൻ സിലണ്ടറുമായി ഒരു മെഡിക്കല്‍ സംഘം രോഗിയുടെ വിട്ടിലെത്തുകയും സ്ഥിതി മോശമാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹി ഇപ്പോള്‍ രണ്ടാം സ്ഥാനത്താണുളളത്. 59,746 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 3000ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.