കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനു നടത്തിയ പരിപാടിയില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വ്യവസായ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഏഴു നിയമങ്ങളും 10 ചട്ടങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇത് ഉള്‍പ്പെടെ നിക്ഷേപകര്‍ക്ക് അനുകൂലമായ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു. വ്യവസായം തുടങ്ങുന്നവര്‍ നേരിട്ട പ്രധാന തടസങ്ങളായ നോക്കുകൂലിക്കും ചുവപ്പുനാട കുരുക്കിനും പരിഹാരം കണ്ടു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് കേരളം. ഭേദചിന്തകള്‍ ഇല്ലാത്ത സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം കണക്കിലെടുത്ത് ലോകത്തെ പല പ്രശസ്ത സ്ഥാപനങ്ങളും കേരളത്തിലേക്കു വന്നുകഴിഞ്ഞു. മറ്റു ചിലര്‍ വരാന്‍ തയാറെടുക്കുകയാണ്. നമ്മുടെ നാടിന് അനുയോജ്യമായ വ്യവസായങ്ങളേ പറ്റു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്ളവ പറ്റില്ല. ഐടിയുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പ് രംഗത്ത് രാജ്യത്ത് തന്നെ കേരളമാണ് മുന്നിട്ടു നില്‍ക്കുന്നത്.
അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. വിവിധ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും സര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രയാസം നേരിട്ടെങ്കിലും അവ പാതിവഴിയില്‍ ഉപേക്ഷിച്ചില്ല. നാലര വര്‍ഷമായി സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടിന്റെ പുനര്‍നിര്‍മാണം പഴയതിനെ പുതുക്കിപ്പണിയുക എന്നതിന് പകരം നവകേരളം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2016 ന് മുന്‍പുള്ള അവസ്ഥയില്‍ ജനങ്ങള്‍ നിരാശരായിരുന്നു. ദശകങ്ങളായി നടപ്പാകില്ലെന്ന് കരുതിയ വിവിധ പദ്ധതികള്‍ സാധ്യമായി. കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ള നാടാണ് നമ്മുടേത്. നാടിന്റെ അന്തരീക്ഷത്തില്‍ വലിയ മാറ്റം സംഭവിച്ചു. സാമ്പത്തിക ശേഷിയില്ലെങ്കിലും പലകാര്യങ്ങളിലുള്ള നേട്ടം മറ്റ് നാടുകളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കിയിരിക്കുന്നു.
സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം സര്‍ക്കാര്‍ ലഭ്യമാക്കി. ജനങ്ങളില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും അതിസമ്പന്നര്‍ക്കും ഒരുപോലെ വികസനം സാധ്യമാക്കി. ഒരു വിഭാഗത്തിന് മാത്രമായി വികസനം ചുരുങ്ങാന്‍ പാടില്ല. വികസന സ്പര്‍ശം എല്ലായിടത്തും എത്തണം. വികസനത്തിന്റെ ഭാഗമായാണ് നാല് മിഷനുകള്‍ക്ക് രൂപം നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ വരട്ടാര്‍ വീണ്ടെടുപ്പ് മഹാകാര്യമാണ്. ഇത്തരത്തിലുള്ള വികസനം നാടിന്റെ വളര്‍ച്ചയാണ്. നദികളിലെ ജലം കുളിക്കാനും കുടിക്കാനും സാധ്യമാകണം. ഹരിത കേരളം മിഷനിലൂടെ മാലിന്യ നിര്‍മാര്‍ജനം, വിഷരഹിത പച്ചക്കറി ഉല്‍പാദനം എന്നിവ സാധ്യമായി.
മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇപ്പോള്‍ നമ്മുടെ നാട്ടിലുണ്ട്. നിലവാരമുള്ള സ്‌കൂളുകള്‍ ആവശ്യമായിരുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാലയങ്ങളുടെ ഗുണം നാടിനാണ് ലഭിക്കുക. മറ്റ് രാജ്യങ്ങളിലെ വിദ്യാഭ്യാസവുമായി കിടപിടിക്കാന്‍ പറ്റുന്നവയാണ് നമ്മുടേത്. പണം ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും മികച്ച വിദ്യാഭ്യാസം സാധ്യമാക്കി. അതിനാല്‍ മാറ്റം പ്രകടമാണ്. മുന്‍പ് ഉണ്ടായിരുന്നപോലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകുന്നതു സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല. അഞ്ചരലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി.
കോവിഡിനെ നമുക്ക് ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞു. നമ്മുടെ ആരോഗ്യരംഗം കോവിഡിനോടു പൊരുതാന്‍ സജ്ജമായിരുന്നു. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ന്നു. വീടെന്ന പലരുടെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ലൈഫ് മിഷനിലൂടെ സാധിച്ചു. രണ്ടര ലക്ഷം വീടുകള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ചു.
ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നാട് ഇനിയും വികസിക്കാനുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം. നാടിന്റെ അഭിപ്രായമാണ് പ്രധാനം. ആ അഭിപ്രായങ്ങള്‍ തീരുമാനങ്ങളെ സ്വാധീനിക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലയിലെ വിവിധ തലങ്ങളിലെ 100 വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയത്.
ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, എംഎല്‍എമാരായ മുല്ലക്കര രത്‌നാകരന്‍, മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.സി.ഇ. ഡബ്ല്യൂ ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ. കെ. അനന്തഗോപന്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, എല്‍ഡിഎഫ് കണ്‍വീനര്‍ അലക്സ് കണ്ണമല തുടങ്ങിയവര്‍ പങ്കെടുത്തു.
കിഫ്ബി പദ്ധതികളെ ജനം സ്വീകരിച്ചു
കിഫ്ബി പദ്ധതികളെ ജനം സ്വീകരിച്ചെന്നും തെറ്റായ പ്രചാരണം വല്ലാതെ അഴിച്ചുവിടുന്നതിലൂടെ നാടിനെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിയുടെ മുന്നേറ്റത്തിനു സമഗ്രമായ തുടര്‍വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ തലങ്ങളിലെ 100 വിദഗ്ധരുമായി ആശയവിനിമയം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയേക്കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാം. സ്‌കൂളുകള്‍, ആശുപത്രികള്‍, പശ്ചാത്തല സൗകര്യ വികസനത്തിന്റെ വര്‍ധന എന്നിവയെല്ലാം സാധ്യമായതു കിഫ്ബിയുടെ സഹായത്തോടെയാണ്. അന്‍പതിനായിരം കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ബജറ്റിനു പുറത്തുനിന്ന് ചെയ്യുക എന്നത് വലിയ നേട്ടമാണ്. ആദ്യഘട്ടങ്ങളില്‍ ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പറഞ്ഞ് പലരും തഴഞ്ഞു. എന്നാല്‍, ഇപ്പോള്‍ അന്‍പതിനായിരം കോടി രൂപയും പിന്നിട്ട് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സംവരണം നല്‍കണമെന്നാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ ആനുകൂല്യം തീരുമാനിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ച്ച സൃഷ്ടിച്ചതുപോലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും വളര്‍ച്ച കൊണ്ടുവരും. കളിക്കളങ്ങളുടെ കുറവ് സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഇതിനു പരിഹാരം കാണും.
പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. പ്രവാസി ക്ഷേമത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും. തോട്ടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന നടപടി കാലതാമസമില്ലാതെ തന്നെ തുടങ്ങും. ഭിന്നശേഷി സ്പെഷല്‍ സ്‌കൂളുകളോട് സര്‍ക്കാരിന് എന്നും അനുകൂല മനോഭാവമാണ്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും. മാധ്യമ ചരിത്ര മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ ഉള്‍ക്കൊള്ളേണ്ട നിര്‍ദേശങ്ങള്‍ എല്ലാംതന്നെ പരിശോധിക്കുകയും ആവശ്യമായവ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശയ സംവാദം നടത്തിയവരും നടത്താന്‍ സാധിക്കാത്തവരും അവരുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം എഴുതി മുഖ്യമന്ത്രിക്ക് കൈമാറി.
ടി.കെ.എ. നായര്‍, ഡോ.കെ.എം. ചെറിയാന്‍, ഡോ.റെയ്സല്‍ റോസ്, സംവിധായകരായ ബ്ലെസി, ഡോ. ബിജു, സാഹിത്യകാരന്‍ ബെന്യാമിന്‍, ഒ.എം. രാജു, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, ഫാ. എബ്രഹാം മുളമ്മൂട്ടില്‍, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍, ജോസ് കുര്യന്‍, പി.ജെ. ഫിലിപ്പ്, ഡോ. സൂസന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, പന്തളം മഹാദേവ ക്ഷേത്രം പ്രതിനിധി കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.എ. മാത്യു, ഷാജഹാന്‍, ബില്‍ഡര്‍ ബിജു സി. തോമസ്, എക്സ്പോര്‍ട്ടര്‍ ഷാജി മാത്യു തുടങ്ങിയവരാണ് നിര്‍ദേശങ്ങള്‍ നേരിട്ട് അവതരിപ്പിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.