രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. മുംബൈ പോലുള്ള നഗരങ്ങളില്‍ പെട്രോള്‍ വില നേരത്തെ തന്നെ 90 രൂപക്ക് മുകളിലാണ്. പ്രീമിയം പെട്രോളിന്റെ വില ചിലയിടങ്ങളില്‍ 100 രൂപ കടന്നു. സാധാരണക്കാരന്റെ കീശ അനുദിനം ചോരുന്ന സ്ഥിതിയാണ് ഇന്ധന വിലയിലെ കുതിപ്പ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് ഇന്ധന വില റെക്കോഡ് നിലവാരത്തിലെത്തിയത് 2018 ഒക്ടോബര്‍ നാലിനാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ഒന്നര രൂപ കുറച്ചു. ഇതിന് പുറമെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എണ്ണ വിപണന കമ്പനികള്‍ സ്വന്തം നിലയില്‍ ലിറ്ററിന് ഒരു രൂപ വില കുറയ്ക്കുകയും ചെയ്തു. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയുമായി ബന്ധപ്പെടുത്തി ഓരോ ദിവസവും വില വ്യത്യാസപ്പെടുത്തുന്ന രീതി കൊണ്ടുവന്നത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി എണ്ണ വിപണന കമ്പനികളെ കൊണ്ട് വില കുറപ്പിച്ചത് 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു. അത്തരമൊരു നടപടി ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. കാരണം അടുത്തെങ്ങും ഒരു തിരഞ്ഞെടുപ്പ് നടക്കാനില്ല. അതുകൊണ്ടുതന്നെ വില കുറിച്ച് ജനങ്ങളെ പ്രീതിപ്പെടുത്തേണ്ട ആവശ്യം സര്‍ക്കാരിനില്ല. പിഴിയാവുന്ന സമയത്ത് പരമാവധി അത് ചെയ്യുക എന്ന ജനവിരുദ്ധ നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് കരുതേണ്ടത്.
സര്‍ക്കാര്‍ എക്സൈസ് തീരുവ ഒന്നര രൂപ കുറച്ചാല്‍ 10,500 കോടി രൂപയുടെ കുറവാണ് വരുമാനത്തിലുണ്ടാകുക. കോവിഡ് കാലത്ത് വരുമാന ചോര്‍ച്ച നേരിടുന്ന സര്‍ക്കാര്‍ ഈയൊരു കുറവ് സഹിക്കാന്‍ തയാറല്ല. 2019ല്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതു വഴി 1.4 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണ് ഖജനാവിനുണ്ടായത്. ഇന്ധന നികുതി വഴി സാധാരണക്കാരനെ പിഴിയുന്നതില്‍ അല്‍പ്പമൊന്ന് ശമനം വരുത്തിയാല്‍ സര്‍ക്കാരിന് ഉണ്ടാകുന്നത് അതിന്റെ പത്തിലൊന്ന് വരുമാന നഷ്ടം മാത്രമാണ്. പക്ഷേ അതിന് പോലും സര്‍ക്കാര്‍ ഒരുക്കമല്ല. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ ജനവിരുദ്ധമായി പെരുമാറുന്നതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് ഇത്.
ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വില കുതിച്ചുയരുമ്പോള്‍ ഇന്ധന വില ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന ന്യായീകരണം സര്‍ക്കാരിനുണ്ടാകാം. പക്ഷേ ക്രൂഡ് ഓയില്‍ വില വര്‍ധന നമ്മുടെ രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ട് സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിച്ചത്, അവലംബിക്കാവുന്ന മറ്റ് മാര്‍ഗങ്ങളുടെ സാധ്യത സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ ബാക്കിയാവുന്നു. ജനങ്ങളുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇന്ധന വില വര്‍ധന ഒഴിവാക്കാന്‍ സാധിക്കും വിധം ഖജനാവിനെ ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ ബാധ്യത സര്‍ക്കാര്‍ നിറവേറ്റിയോ?
സര്‍ക്കാരിന് ചെയ്യാവുന്ന ഒരു കാര്യം അമിത ചെലവുകളിലൂടെ ഖജനാവിന് ഉണ്ടാകുന്ന ചോര്‍ച്ച അടക്കുകയാണ്. അമിതവും അനാവശ്യവുമായ ചെലവുകള്‍ക്ക് കുപ്രസിദ്ധമാണ് നമ്മുടെ ഭരണ സംവിധാനം. പൊതുഖജനാവില്‍ നിന്നുള്ള വകയിരുത്തല്‍ കാര്യക്ഷമമായാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി കുറക്കുന്നതിനാണ് സര്‍ക്കാര്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചില നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ കോവിഡ് വന്നതോടെ ഈ നടപടികള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി. ഭാവി മുന്നില്‍ കണ്ട് നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് ഊര്‍ജിതമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കൂടി ആവശ്യമാണ്. പക്ഷേ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കാണിക്കുന്ന ആവേശം ഇത്തരം ജനോപകരപ്രദമായ നയംമാറ്റങ്ങളില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.