കഴിഞ്ഞ 50 വര്‍ഷമായി പുതുപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷമാണ് കടന്നുപോയത്. കുറച്ചു ദിവസങ്ങളായി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള വര്‍ണനകളാണ്. യഥാര്‍ത്ഥത്തില്‍ ഈ സ്തുതികള്‍ക്കപ്പുറം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വഴികള്‍ എന്നും വിവാദങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു.
2005-ല്‍ ഐസി രൂപീകരണ സമയത്ത് കെ.കരുണാകരനെ വേദിയിലിരുത്തി കെ.മുരളീധരന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറച്ചു നാളായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. അന്ന് ഉമ്മന്‍ചാണ്ടി മദ്യമാഫിയയുടെ ഏജെന്റാണെന്ന് പറഞ്ഞ മുരളീധരന്‍ അടങ്ങുന്നവര്‍ തന്നെ ഇന്ന് ഉമ്മന്‍ചാണ്ടിക്ക് സ്തുതി പാടുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തുമ്പോഴും മുഖ്യധാരാ മാധ്യമങ്ങളില്‍ ഒസി സ്തുതികളും കുഞ്ഞൂഞ്ഞ് ഗീതങ്ങളും നിറയുമ്പോഴും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പു കളികളില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് കൂടി ഓര്‍ക്കേണ്ടതുണ്ട്.
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.കെ ആന്റണിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് എ ഗ്രൂപ്പിനെ നയിക്കുകയും കരുണാകര വിരുദ്ധ നീക്കങ്ങള്‍ നടത്തുകയും ചെയ്തത് സൗമ്യനായ കുഞ്ഞൂഞ്ഞെന്ന് മാധ്യമങ്ങള്‍ പറയുന്ന ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു.
ചാരക്കേസില്‍ കെ.കരുണാകരനെക്കൊണ്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിക്കുകയും പിന്നീട് ഉയര്‍ന്നു വരാനാകാത്ത വിധം അദ്ദേഹത്തെ തറപറ്റിക്കുകയും ചെയ്തതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളായിരുന്നു എന്നാണ് പരക്കെയുള്ള വര്‍ത്തമാനം. കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജിവച്ചതും ഈ തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ഇത് കോണ്‍ഗ്രസ് എ-ഐ ഗ്രൂപ്പുകള്‍ക്കിടയിലെ വിള്ളലുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
എ.കെ ആന്റണിയുടെ നിഴലായി നിന്നുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ ശക്തനാക്കുകയായിരുന്നു. തന്നെ വളര്‍ത്തിയെടുത്ത ആന്റണിക്ക് പകരക്കാരനായി തന്നെയായിരുന്നു ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതും. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും നേടാനാകാതെ കോണ്‍ഗ്രസ് പരാജയപ്പെട്ടതും, പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. ഇത് ആന്റണിയുടെ വിശ്വസ്തനായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി പദവിയിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു.
കോണ്‍ഗ്രസിനുള്ളില്‍ തനിക്കെതിരെ പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ ഘടക കക്ഷികളെ ഒപ്പം നിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ ഉമ്മന്‍ചാണ്ടിക്കുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. പാര്‍ട്ടി എന്നതിലുപരി വ്യക്തി എന്ന നിലയില്‍ വലതു മുന്നണിയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള സ്വാധീനം പല ഘട്ടങ്ങളിലും അദ്ദേഹത്തെ തുണച്ചിട്ടുണ്ട്. ബാര്‍കോഴയിലും സോളാര്‍ കേസിലുമെല്ലാം പാര്‍ട്ടിക്കകത്തെ വിമര്‍ശനങ്ങളെ ഒരു പരിധി വരെ ഉമ്മന്‍ചാണ്ടി മറികടന്നത് ഈ മുന്നണി ബന്ധം ഉപയോഗിച്ചാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 2011-16 ഭരണകാലം വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കാലം കൂടി ആയിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായി മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം വരെ ഉയര്‍ന്ന കാലം. എന്നാല്‍ ഇത്തരം വിവാദങ്ങളെ തന്ത്രപരമായി അതിജീവിക്കാനും അനുകൂല സാഹചര്യം വരുമ്പോള്‍ പ്രയോജനപ്പെടുത്താനും കഴിവുള്ള വ്യക്തിയാണ് ഉമ്മന്‍ചാണ്ടി.
കുറച്ചുകാലമായി അസുഖത്തെ തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അറിഞ്ഞോ അറിയാതെയോ വാര്‍ത്താ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മികച്ച വരവേല്‍പ്പാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി പ്രമുഖ പത്രങ്ങളിലും ചാനലുകളിലും ഉമ്മന്‍ചാണ്ടിയുടെ സൗമ്യതയും, ചീകാത്ത മുടിയും, ഒന്നിനോടും ‘നോ’ പറയാത്ത മനോഭാവവും ഒക്കെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മുഖ്യമന്ത്രിക്കസേരയും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചരണം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് തന്നെയാണെന്ന് വിമര്‍ശകരും പറയുന്നു.
നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് എതിര്‍ പാര്‍ട്ടികളെക്കാളേറെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ചിലര്‍ക്കാണ്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ ആര് മുഖ്യമന്ത്രിയാകണം എന്നു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ പാര്‍ട്ടിയില്‍ സജീവമാണ്. നിലവില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ആയിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന തരത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. നാല് വര്‍ഷമായി മുഖ്യമന്ത്രി കസേര മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് രമേശ് ചെന്നിത്തല കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഈ നാല് വര്‍ഷങ്ങള്‍ കേരള രാഷട്രീയത്തില്‍ സജീവമല്ലാത്ത ഉമ്മന്‍ചാണ്ടി, വെറും രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ കേരളത്തില്‍ ചര്‍ച്ചാ വിഷയമാകുമ്പോള്‍ അത് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിനേറ്റ കനത്ത തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
സോളാര്‍ വിവാദങ്ങളുടെയും മറ്റും ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തെന്നപോലെ പിണറായി സര്‍ക്കാരിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഉമ്മന്‍ചാണ്ടി വേണ്ടെന്നു വച്ചത് ഇതുപോലൊരു തിരിച്ചു വരവ് മുന്‍കൂട്ടി കണ്ടിട്ടാവണം. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കായി നടക്കുന്ന ഈ രാഷ്ട്രീയ പ്രതിച്ഛായ നിര്‍മ്മാണവും ഇതിന്റെ ചുവടുപിടിച്ചാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മുസ്ലീംലീഗുമായി ഉമ്മന്‍ചാണ്ടിക്കുള്ള അടുത്ത ബന്ധവും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവും ഉമ്മന്‍ചാണ്ടിയെ ശക്തനാക്കും എന്നുമാത്രമല്ല ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും അത് വലിയ വെല്ലുവിളി കൂടി ആയിരിക്കും.
സംഘടനാപരമായും രാഷ്ട്രീയപരമായും കോണ്‍ഗ്രസ് നേരിടുന്ന പല തിരിച്ചടികളിലും തകര്‍ച്ചകളിലും ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെങ്കില്‍ പോലും അദ്ദേഹത്തിന് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള സ്വീകാര്യതയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല എന്നതാണ് വാസ്തവം.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി കൃത്യമായ പ്രതികരണം ഉമ്മന്‍ചാണ്ടി നടത്തിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് ചൂട് അടുത്തുവരുമ്പോള്‍ കൃത്യ സമയത്ത് തന്നെ വീണുകിട്ടിയ ഈ സുവര്‍ണ ജൂബിലി ആഘോഷം പല സൂചനകളും നല്‍കുന്നതാണ്.
മുഖ്യമന്ത്രി കസേരയ്ക്കുള്ള മത്സരത്തില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടാകുമെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ നിയമസഭാംഗത്വത്തിന്റെ ഈ സുവര്‍ണ ജൂബിലി ആഘോഷം. എത്ര താഴ്ച്ചയില്‍ നിന്നും പൊങ്ങി വരാനുള്ള ഉമ്മന്‍ചാണ്ടിയുടെ സവിശേഷമായ കഴിവ് രമേശ് ചെന്നിത്തലയ്ക്ക് ഇല്ലാതെ പോകുന്നതാണ് ചെന്നിത്തലയുടെ നിരാശയ്ക്ക് കാരണം എന്നു പറയാം.
ഒരുകാലത്ത് തന്നെ വേട്ടയാടിയ വിവാദങ്ങളുടേയും പ്രശ്‌നങ്ങളുടേയും പാപക്കറ മാധ്യമ സ്തുതികളിലൂടെ കഴുകിക്കളയാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം വിജയിച്ചാല്‍ കോണ്‍ഗ്രസിലെ അധികാര തര്‍ക്കം പഴയപടി തന്നെ തുടരും എന്നതില്‍ സംശയമില്ല. അപ്പോഴും ഇതെല്ലാം കാണുന്ന ജനം ബാലറ്റിലൂടെ തങ്ങളുടെ യഥാര്‍ത്ഥ നേതാവിനെ തെരഞ്ഞെടുക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.