Kerala

ഓണം പിറന്ന നാട്-സുധീര്‍ നാഥ് എഴുതുന്നു

സുധീര്‍നാഥ്

(മഹാബലിയുടെ നാടായ ത്യക്കാക്കരയില്‍ ജനിച്ചു വളര്‍ന്ന ലേഖകന്‍, അവിടെ പ്രചരിച്ചിരുന്ന ഐതീഹവും ചരിത്രപരവുമായ കഥകള്‍ പങ്കുവെയ്ക്കുന്നു )

2020 ആഗസ്റ്റ് 17. ചിങ്ങം ഒന്ന്. കേരളത്തിന്റെ ഉത്സവമെന്ന് കേള്‍ക്കുമ്പോള്‍ ഓണവും ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തൃക്കാക്കരപ്പനും പൂക്കളവും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും സദ്യയും ഏതൊരു കേരളീയന്റെയും മനസ്സില്‍ ഓടിയെത്തുക സ്വാഭാവികമാണ്. ഞാന്‍ കളിച്ചുവളര്‍ന്ന എന്റെ ഗ്രാമമായ തൃക്കാക്കരയും അവിടുത്തെ പ്രശസ്തമായ മഹാക്ഷേത്രവും ഇക്കുറി വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ. മഹാബലി ചക്രവര്‍ത്തിയുടെ ആസ്ഥാനമായിരുന്ന തൃക്കാക്കര സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഉജ്ജ്വല പ്രതീകമായിരുന്നു. നമ്മെ ഒരു ഏകീകൃത സമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഓണവും ഓണാഘോഷവും ഒരു സുപ്രധാനപങ്കാണ് വഹിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ, രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലം തൃക്കാക്കരയുടെ പ്രശസ്തി വലുതായിരുന്നു. തൃക്കാക്കര ചരിത്രത്തിന്റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് തൃക്കാക്കര.

മഹാബലിയുടെ നല്ലകാലത്തിന്റെ ഓര്‍മ്മയ്ക്ക്

മഹാബലിയുടെ രാഷ്ട്രം ക്ഷേമരാഷ്ട്രമായിരുന്നു. ജനങ്ങളെല്ലാം സന്തോഷത്തോടും സാഹോദര്യത്തോടും കഴിഞ്ഞ മഹാബലി ചക്രവര്‍ത്തിയുടെ ആ നല്ല നാടിനെക്കുറിച്ച് നമുക്കെന്നും അഭിമാനമാണല്ലോ. സ്വര്‍ഗ്ഗലോകത്തുപോലും കാണാന്‍ കഴിയാത്ത സമൃദ്ധിയും ഐശ്വര്യവും ആമോദത്തോടെയുള്ള ജനങ്ങളുടെ ജീവിതവും ദേവന്മാര്‍ക്കുപോലും അസൂയ ഉളവാക്കുന്നതായിരുന്നു. മഹാബലിയുടെ സദ്ഭരണത്തെക്കുറിച്ച് ദേവന്മാര്‍ അറിഞ്ഞു. അദ്ദേഹത്തെ അനുഗ്രഹിച്ച് ഉചിതമായ സ്ഥാനം കൊടുക്കണമെന്ന് ദേവന്മാര്‍ ആഗ്രഹിച്ചു. അതനുസരിച്ച് മഹാവിഷ്ണു വാമനനായി അവതരിച്ച് ചക്രവര്‍ത്തിക്ക് മോക്ഷം കൊടുത്ത് യാത്രയാക്കുകയാണ് ഉണ്ടായത്. എന്നാല്‍ മറ്റൊരു കഥ, മഹാബലിയുടെ ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെക്കൊണ്ട് വാമനാവതാരം എടുപ്പിച്ച് മഹാബലിയെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ്. എന്തായാലും, മഹാബലിയുടെ നല്ലകാലത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ഇത്തരം നിരവധി കഥകള്‍ മഹാബലിയേയും, തൃക്കാക്കരയെയും ചുറ്റിപ്പറ്റിയുണ്ട്.

തൃക്കാക്കരയും പരിസര സ്ഥലങ്ങളും

ഇത്രയധികം ചരിത്രപ്രാധാന്യവും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന തൃക്കാക്കര എറണാകുളം ജില്ലയിലാണ്. എറണാകുളത്തുനിന്നും പത്തുകിലോമീറ്റര്‍ വടക്കുമാറിയാണ് തൃക്കാക്കര. കേരളത്തിലെ ഒരേയൊരു വാമനക്ഷേത്രം തൃക്കാക്കരയിലാണുള്ളത്. ക്ഷേത്രത്തില്‍ വാമനപ്രതിഷ്ഠ നടത്തിയത് കപില മഹര്‍ഷിയാണെന്നും പരശുരാമനാണെന്നും ഭിന്ന അഭിപ്രായവുമുണ്ട്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് ആറാമത്തെ അവതാരമായ പരശുരാമന്‍ ക്ഷേത്രം പണിതു എന്ന് ചിലര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന് ചേര്‍ന്നുള്ള കപില തീത്ഥകുളം കപിലമഹര്‍ഷിയെ അനുകൂലിക്കുന്ന ചരിത്രകാരന്‍മാര്‍ ചൂണ്ടി കാട്ടുന്നു. അക്കാലത്ത് ക്ഷേത്രത്തിലേക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിച്ചിരുന്ന സ്ഥലം പൂക്കാട്ടുപടിയായും സദ്യയ്ക്കുവേണ്ട നെല്ലുകുത്തിയ ഉമി ഇട്ടിരുന്ന ഉമിച്ചിറ ക്രമേണ ഉണിച്ചിറയായും രാജാക്കന്മാരുടെയും മറ്റും ആനകളെ തളച്ചിരുന്ന കളഭശ്ശേരി പിന്നീട് കളമശ്ശേരി എന്ന സ്ഥലനാമമായും ഇന്നും സ്ഥിതിചെയ്യുന്നത് ഐതിഹ്യത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

28 ദിവസത്തെ ഉത്സവം

ഓണം നാളില്‍ തൃക്കാക്കരയില്‍ 28 ദിവസത്തെ ആര്‍ഭാടമായ ഉത്സവം നടത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൊല്ലവര്‍ഷാരംഭത്തില്‍ കേരളം ഭരിച്ചിരുന്നത് നാട്ടുരാജാക്കന്‍മാരായിരുന്നു. മഹോദയപുരം തലസ്ഥാനമായ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ചേരചക്രവര്‍ത്തിക്കായിരുന്നു നാട്ടുരാജാക്കന്‍മാരുടെ മേല്‍ക്കോയ്മ. ഈ സാമ്രാജ്യത്തിന്റെ മദ്ധ്യഭാഗത്തായി അറബികടലിനും, പെരിയാറിനും തീരത്തായിരുന്നു കാല്‍ക്കരൈ നാട് എന്ന നാട്ടുരാജ്യം. അതിന്റെ തലസ്ഥാനം തൃക്കാക്കര ക്ഷേത്രം ഉള്‍പ്പെട്ട പ്രദേശമായിരുന്നു. കര്‍ക്കിടത്തിലെ തിരുവോണനാള്‍ മുതല്‍ ചിങ്ങം നാളിലെ തിരുവാണനാള്‍ വരെ ചേരസാമ്രാജ്യത്തിലെ നാടുവാഴികളുടെ വാര്‍ഷിക കൂട്ടായ്മ തൃക്കാക്കര ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി ഉത്സവമായിട്ടായിരുന്നു ആഘോഷിച്ചിരുന്നത്. കേരളത്തിലെ അന്‍പത്താറ് നാട്വാഴികളും ത്യക്കാക്കരയിലെ അവരവരുടെ കോവിലകങ്ങളില്‍ പ്രജകളോടൊത്ത് എത്തി താമസിച്ച് ഒത്തൊരുമയോടെയാണ് ഉത്സവത്തില്‍ പങ്കെടുത്തിരുന്നത്. കാലക്രമേണ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാവുകയും ഉത്സവാഘോഷം ക്ഷയിക്കുകയുമാണുണ്ടായത്. രാജാക്കന്മാര്‍ തമ്മിലുണ്ടായ ശത്രുതയില്‍ തൃക്കാക്കര ക്ഷേത്രവും നിരവധി ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ നാശത്തിലേക്ക് തള്ളപ്പെട്ടു.

തൃക്കാക്കരയില്‍ നിന്ന് വീട്ടുമുറ്റത്തേയ്ക്ക്

തൃക്കാക്കര ക്ഷേത്രത്തില്‍ നാട്ടുരാജാക്കന്‍മാര്‍ 28 ദിവസത്തെ ഉത്സവത്തില്‍ അവസാന പത്ത് ദിവസമാണ് ഓണം കെങ്കേമമായി കൊണ്ടാടിയിരുന്നത്. അതായത് നമ്മള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നതു പോലെ ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്തു ദിവസം. അറുപത്തി നാല് ഗ്രാമ തലവന്‍മാരുടെ വക ഓരോ ഗജവീരന്‍മാരും, പെരുമാളിന്റെ വക ഒരു ഗജവീരനും ചേര്‍ത്ത് അറുപത്തഞ്ച് ഗജവീരന്‍മാര്‍ ത്യക്കാക്കര ക്ഷേത്ര ആറാട്ടിന് എഴുന്നള്ളിയിരുന്നു. ഉത്സവ ദിവസങ്ങളില്‍ എല്ലാ രാജാക്കന്‍മാരും ചേര്‍ന്ന് പ്രജകള്‍ക്ക് ക്ഷേത്രത്തില്‍ സദ്യയും ഒരുക്കിയിരുന്നു. അവസാന മൂന്ന് ദിവസങ്ങളില്‍ അതി വിപുലമായ ഓണസദ്യയാണ് ഉണ്ടായിരുന്നത്. ഓരോ വര്‍ഷവും തൃക്കാക്കാരയില്‍ എത്തുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും അതുമൂലം പലപ്പോഴും സൗഹ്യദ അന്തരീക്ഷം നശിച്ച് വഴക്കും മറ്റും തുടങ്ങി. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനാണ് പ്രജകള്‍ക്ക് സ്വന്തം വീടിന്റെ മുറ്റത്ത് തന്നെ അത്തം മുതല്‍ പത്ത് ദിവസം പൂക്കളം ഒരുക്കി തൃക്കാക്കരയപ്പനെ വെച്ച് ഓണം ആഘോഷിക്കുവാന്‍ പെരുമാള്‍ അനുമതി കൊടുത്തത്.

സാധു ബ്രാഹ്മണ ബാലന്റെ ശാപം

മറ്റൊരു കഥ തൃക്കാക്കരയില്‍ പറഞ്ഞുകേള്‍ക്കുന്നത് ഇപ്രകാരമാണ്. ഓണക്കാലത്ത് എല്ലാ കുടുബത്തില്‍ നിന്നും ഒരാളെങ്കിലും തൃക്കാക്കരയില്‍ പോകണമെന്നായിരുന്നു. രോഗം മൂലം ഒരു കൊല്ലം ത്യക്കാക്കരയില്‍ പോകാന്‍ പറ്റാതിരുന്ന ഒരു ബ്രാഹ്മണന്‍ തൃക്കാക്കരയപ്പനു സ്വര്‍ണ്ണംകൊണ്ടുള്ള ഒരു കദളിക്കുല നടയ്ക്ക് വച്ച് തൊട്ടടുത്ത ദാനോദക പൊയ്കയില്‍ കുളിക്കാന്‍ പോയി. തിരിച്ച് വന്നപ്പോള്‍ കദളിക്കുല മണ്ഡപത്തില്‍ നിന്നും കാണാതായി. അതേസമയം മറ്റൊരു ബ്രാഹ്മണ ബാലന്‍ ക്ഷേത്ര മണ്ഡപത്തില്‍ ജപിച്ചു കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. കദളിക്കുല മോഷ്ടിച്ചത് ബ്രാഹ്മണ ബാലനാണെന്ന് ക്ഷേത്രജോലിക്കാര്‍ വിശ്വസിക്കുകയും ആ വിവരം ക്ഷേത്രഭാരവാഹികളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സാധു ബ്രാഹ്മണ ബാലനെ എല്ലാവരും ചേര്‍ന്ന് കളിയാക്കുകയും മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. സത്യസന്ധനും മഹാഭക്തനുമായ ബ്രാഹ്മണ ബാലന്‍ അപമാനഭാരത്താല്‍, തന്നെ രക്ഷിക്കുവാന്‍ കഴിയാത്ത തൃക്കാക്കരയപ്പന്റെ (വാമനമൂര്‍ത്തിയുടെ) ശക്തിയും ചൈതന്യവും നശിച്ചുപോകട്ടെ എന്നു ശപിക്കുകയും ക്ഷേത്രത്തിലെ അല്‍മരത്തില്‍ തൂങ്ങിമരിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. ശാപമോക്ഷം തരേണമേ എന്ന് ആ സമയത്ത് ഒരു അശിരീരി കേട്ടു. ഉടനെ ബ്രാഹ്മണന്‍ ‘ഇല്ലിവാതിലും, കൊള്ളി വിളക്കും, പഴുക്ക പ്ലാവിലയില്‍ നിവേദ്യവുമായി അനേകവര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ശാപമോക്ഷം കിട്ടും’ എന്നു ആശ്വാസവചനം മൊഴിഞ്ഞു. ഇന്നും ബ്രാഹ്മണരക്ഷസ്സായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ആ ബ്രാഹ്മണനെയാണ്. ആ ശാപം ക്ഷേത്രത്തിനും പ്രതിഷ്ഠക്കും ഏല്‍ക്കുകയും വര്‍ഷങ്ങക്കുശേഷം ശാപമോക്ഷം കിട്ടിക്കൊണ്ടിരിക്കുകയും ആണ് എന്നാണ് തൃക്കാക്കര ദേശക്കാരുടെ വിശ്വാസം.

ഇല്ലിവാതിലും, കൊള്ളി വിളക്കും, പഴുക്ക പ്ലാവിലയും

108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നാണ് തൃക്കാക്കരയില്‍. 28 ദിവസത്തെ ഓണം ആഘോഷിച്ച് പ്രതാപത്തിലായിരുന്ന തൃക്കാക്കര കാടു പിടിച്ച് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. തൃക്കാക്കര ക്ഷേത്രം ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പലപ്പോഴും കാടിനുള്ളിലെ ഈ ക്ഷേത്രം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ ഉണ്ടായി. ഇത് മാറ്റി എടുക്കണമെന്ന് ആഗ്രഹിച്ച മഹാരാജാവ് എ.ഡി 1902 ല്‍ തിരുവതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് തലവനായ ടി ഗോപിനാഥ റാവുവിനെ സ്ഥലം സന്ദര്‍ശിച്ച് ഒരു പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചു. 1910 ല്‍ ഇടപ്പള്ളിയില്‍ തീവണ്ടി ഇറങ്ങി കാട്ടിലൂടെ നടന്ന് തൃക്കാക്കരയില്‍ എത്തിയ അദ്ദേഹം ദിവസ വേതനത്തില്‍ ഒരു പൂജാരിയെ നിയമിച്ചു. ജനവാസം കുറഞ്ഞ പ്രദശമായതുകൊണ്ട് പൂജയ്ക്കുള്ള എല്ലാം പൂജാരി തന്നെ സംഘടിപ്പിക്കണമായിരുന്നു. എണ്ണയുടെ പരിമിതി വെളിച്ചത്തിന് വിറകുകൊള്ളിയും, ക്യഷിയില്ലാത്ത കാടുപിടിച്ച പ്രദേശമായതിനാല്‍ അയിനി (ആഞ്ഞിലി) പ്ലാവിലയാണ് നിവേദ്യത്തിന് എടുത്തത്. ചിതല്‍ ശല്യം മൂലം നശിച്ച ക്ഷേത്ര വാതില്‍ ഇല്ലി മരം കൊണ്ട് നിര്‍മ്മിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ഐതീഹത്തിലെ ഇല്ലിവാതിലും, കൊള്ളി വിളക്കും, പഴുക്ക പ്ലാവിലയയിലെ നിവേദ്യവുമായി അധപതിക്കട്ടെ എന്ന ശാപം ഫലിച്ചു.

കേരളത്തിന് പുറത്തും ഓണാഘോഷം

കേരളത്തില്‍ എന്ന പോലെ പല പ്രദേശങ്ങളിലും ഓണത്തിന് സമാനമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട് മാദേവന്‍ തിരുപ്പതി (ആന്ധ്രാ പ്രദേശ്) തൃക്കാക്കരപ്പന് തുല്യനാണ്. കേരളത്തിലെ തിരുപ്പതിയാണ് തൃക്കാക്കര എന്നാണ് അറിയുന്നത് തന്നെ. തിരുപ്പതി ക്ഷേത്രത്തിലും ചിങ്ങമാസത്തിലെ ഓണോത്സവം നടത്തി വരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ഓണം ആഘോഷിച്ചിരുന്നതായി രേഖകളുണ്ട്. ഗുജറാത്തില്‍ ദീപാവലി ആഘോഷിക്കുന്നത് മഹാബലി തമ്പുരാന്റെ ഓര്‍മ്മയ്ക്കായിട്ടാണ്. നമ്മളെ പോലെ മഹാബലി തമ്പുരാന്റെ നല്ല നാളുകളുടെ ഓര്‍മ്മയ്ക്കായിട്ടാണ് ആശ്വിന മാസത്തിലെ മൂന്ന് ദിവസം അവിടെ ദീപാവലി ആഘോഷിക്കുന്നത്. മഹാബലി അസ്സീറിയയിലെ രാജാവോ രാജാക്കന്‍മാരോ ആണെന്നാണ് മറ്റൊരു വിശ്വാസം. അവിടേയും സമാനമായ രീതിയില്‍ ഓണം ആഘോഷിക്കപ്പെടുന്നു. അവിടെ പോയ് പോയ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക് വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന രാജാവിനെ സ്വീകരിക്കാനാണ് അവരും ആഘേഷമാക്കുന്നത് ഹൈന്ദവപൂരാണത്തില്‍ കാണുന്ന മഹാബലി തമ്പുരാന്‍ കേരളീയനാകാന്‍ സാധ്യത കുറവാണ്. അദ്ദേഹത്തിന്റെ മകന്‍ ബാണന്‍ രാജ്യം വാണിരുന്നത് ഇന്നത്തെ അസാമിലാണ്. തിരുനല്‍വേലിയിലെ മണപ്പട എന്നദേശത്ത് 1300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീബലി എന്ന രാജാവ് ഭരിച്ചിരുന്നതായും, കമ്പം കൂടല്ലുര്‍ ദേശത്ത് മാവേലി രാജവംശം പത്താം നൂറ്റാണ്ടില്‍ ഭരിച്ചിരുന്നതായും അവരുടെ ദേശം കോട്ടയം കാഞ്ഞിരപ്പള്ളി വരെ ഉണ്ടായിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

തീര്‍ത്ഥങ്കരനും മഹാബലി ചരിതവും

കേരളത്തിലേയ്ക്ക് ജൈനന്‍മാര്‍ വന്ന കാലത്ത് ത്യക്കാക്കരയായിരുന്ന പ്രധാന കേന്ദ്രം. അവിടെ ഭരിച്ചിരുന്നത് നീതിമാനും, പ്രജകളുടെ പ്രിയപ്പെട്ടവനുമായ ഒരു തീര്‍ത്ഥങ്കരനായിരുന്നു. വൈഷ്ണവ ആധിപത്യം ലഭിക്കുന്നതിനായി അവര്‍ ഭരണ തലവനായ തീര്‍ത്ഥങ്കരനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ത്യക്കാക്കരയുടെ അധികാരം കൈക്കലാക്കുകയായിരുന്നു. നീതിമാനായ ഭരണാധികാരിയെ നീക്കം ചെയ്തു എന്ന പഴി ജനങ്ങളില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ വൈഷ്ണവര്‍ തീര്‍ത്ഥങ്കരനെ മഹാബലിയായി ചിത്രീകരിക്കയും യുദ്ധത്തെ വാമനാവതാരമായി ആരോപിക്കുകയുമാണുണ്ടായതെന്ന ഒരു ചരിത്ര പക്ഷവുമുണ്ട്. പുരാണത്തിലെ മഹാബലി കടവയറനല്ല. എന്നാല്‍ പ്രശസ്തരായ തീര്‍ത്ഥങ്കരന്‍മാരെല്ലാം കുടവയറന്‍മാരാണ്. തീര്‍ത്ഥങ്കരനായിരുന്നു മഹാബലിയെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നത് മഹാബലിയുടെ കുടവയര്‍ ചൂണ്ടികാട്ടിയാണെത്ര…!

തൃക്കാക്കര തിരുവിതാംകൂര്‍ രാജഭരണത്തില്‍

തൃക്കാക്കര തിരുവിതാംകൂര്‍ രാജഭരണത്തില്‍…കാല്‍ക്കരെ (തൃക്കാക്കര) നാടുവാഴിയുടെ കുടുംബത്തില്‍ പുരുഷ പ്രജകളില്ലാതെ വന്നപ്പോള്‍ തൃക്കാക്കര ക്ഷേത്ര മേല്‍ശാന്തി തല്‍സ്ഥാനത്ത് അവരോധിക്കപ്പെടുകയായിരുന്നു. മേല്‍ശാന്തി ഇടപ്പള്ളി (ഇരിങ്ങല്ലൂര്‍) സ്വരൂപം ഉണ്ടാക്കി രാജാവായി ഭരണം ആരംഭിച്ചു. പെരുമ്പടപ്പ് (കൊച്ചി രാജ്യം) സ്വരൂപത്തിലെ തമ്പുരാട്ടിയെ വിവാഹം ചെയ്ത ഇടപ്പള്ളി രാജാവ് തന്റെ അധീനതയിലുണ്ടായ കൊച്ചിയും പുതുവയ്പും പെരുമ്പടപ്പ് സ്വരൂപത്തിന് ദാനമായി നല്‍കി. ഇത് ചില അനന്തരവകാശികള്‍ക്ക് രസിച്ചില്ല. അവര്‍ കൊച്ചിരാജ്യത്തിന്റെ ശത്രുക്കളായിരുന്ന സാമൂതിരിയുടെ സഹായത്താല്‍ മാപ്പിള (മുസ്ലീം) ഭടന്‍മാരെ കൂട്ടി ഇടപ്പള്ളി രാജാവിനെ ആക്രമിച്ചു. എഡി 1503ല്‍ പോര്‍ട്ടുഗീസ് കപ്പിത്താന്‍ അല്‍ബുക്കറും 1504ല്‍ പച്ചിക്കോയുടെ നേത്യത്വത്തിലും ഇടപ്പള്ളി രാജ്യം ആക്രമിച്ചെങ്കിലും പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. ത്യക്കാക്കരയപ്പന്റെ സമ്പത്തും സഹായവുമാണ് ഇടപ്പള്ളിരാജാവിന്റെ വിജയരഹസ്യം എന്ന് കരുതിയ കൊച്ചി രാജാവ് എഡി 1536 ല്‍ പോര്‍ട്ടുഗീസ് പടയാളിയായ മാര്‍ട്ടിന്‍ ഡിസൂസയ്ക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത് ഇടപ്പള്ളി രാജ്യം ആക്രമിപ്പിച്ചു. ഐശ്വര്യപൂര്‍ണ്ണവും അതിസമ്പന്നവുമായ തൃക്കാക്കര ക്ഷേത്രം അവര്‍ കൊള്ളയടിച്ച് നാമാവശേഷമാക്കി. 1790ല്‍ ടിപ്പുവിന്റെ ആക്രമണം ജനങ്ങളെ കൂടുതലായി പാലായനത്തിന് പ്രേരിപ്പിച്ചു. എഡി 1820 ല്‍ ബ്രിട്ടീഷുകാര്‍ ഇടപ്പള്ളി രാജ്യം കൊച്ചി രാജാവിന്റെ സംരക്ഷണയിലാക്കി. തങ്ങളുടെ നാശത്തിന് കാരണക്കാരായ കൊച്ചി രാജാക്കന്‍മാരുടെ കീഴില്‍ കഴിയുവാന്‍ ഇടപ്പള്ളിത്തമ്പുരാന്‍ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം എഡി 1825 ല്‍ തൃക്കാക്കര ക്ഷേത്രം ഉള്‍പ്പെട്ട ഇടപ്പള്ളി രാജ്യത്തെ തിരുവിതാംകൂര്‍ രാജഭരണത്തിന് കീഴിലാക്കി.

ഇന്നത്തെ തൃക്കാക്കര

കൊല്ലവര്‍ഷം 1085-ാമാണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്റെ കാലത്താണ് ഇന്നത്തെ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ രൂപം കൈവന്നത്. ഇപ്പോള്‍ കേരളത്തിലെ ശ്രദ്ധേയമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കാക്കര. ഇവിടെ ചിങ്ങമാസത്തില്‍ അത്തത്തിന് ഉത്സവത്തിന് കൊടികേറുന്നതോടെ കേരളമെങ്ങും ഓണാഘോഷത്തിന് തുടക്കമാകുകയായി. നാങ്ങൈും ത്യക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് സസ്ഥാപിച്ച് പൂക്കളിട്ട്, പുത്തന്‍ ഉടുപ്പിട്ട്, സദ്യ ഒരുക്കി ഓണം ആഘോഷിക്കുന്നു. ആ പഴയ പാട്ട് എല്ലാവരും പാടുകയായി.

‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ…….’

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.