കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ച നിതിന്‍ ചന്ദ്രന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഗര്‍ഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാനായി നിതിന്‍ നിയമപോരാട്ടം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നിതിന്‍(29) താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.
എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം ഭാര്യ ആതിരക്ക് ഒരുനോക്ക് കാണാന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ വൈകാരികനിമിഷങ്ങളാണ് അരങ്ങേറിയത്. ചൊവ്വാഴ്ച ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതറിയാതെ കണ്ണാടിക്കൂട്ടിനുള്ളില്‍ നിത്യനിദ്രയിലായിരുന്ന നിധിന് ആതിര അന്തിമോപചാരമര്‍പ്പിച്ചത് കണ്ണീര്‍കാഴ്ചയായി.
രാവിലെ പതിനൊന്നിനാണ് ആതിര ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. ആതിരയും മറ്റ് കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി പേരാണ് പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാന്‍ അവിടെ കാത്തുനിന്നത്. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രമാണ് മൃതദേഹം കാണിച്ചത്. 2.30 ഓടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.പിതൃസഹോദര പുത്രന്‍ ചിതയ്ക്ക് തീക്കൊളുത്തി.
തിങ്കളാഴ്ചയാണ് നിതിന്‍ മരിച്ചത്. കൊറോണ മൂലം ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കുന്നതിനായി യൂവാക്കളുടെ കൂട്ടായ്മയിലൂടെ നിതിനും ഭാര്യ ആതിരയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ആതിര. തുടര്‍ന്ന് അനുകൂല വിധി നേടുകയും ആദ്യ വിമാനത്തില്‍ തന്നെ അവര്‍ കേരളത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
ആതിരയ്ക്കൊപ്പം നിതിനും കൂടി നാട്ടിലേക്ക് തിരിച്ചു വരാന്‍ അവസരം ലഭിച്ചെങ്കിലും അത്യാവശ്യക്കാരനായ മറ്റൊരാള്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. പകരം പ്രസവ സമയത്ത് നാട്ടിലേക്ക് എത്തുമെന്ന് പ്രിയതമയ്ക്ക് നിതിന്‍ ഉറപ്പും നല്‍കിയിരുന്നു. ഈ സമയം അപ്രതീക്ഷിതമായാണ് മരണം നിതിനെ തേടിയെത്തിയത്. ഭര്‍ത്താവ് മരിച്ചതറിയാതെ ചൊവ്വാഴ്ച ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.