Web Desk
പ്രിയതമന്‍ മരിച്ചതാറിയാതെ തന്‍റെ കുഞ്ഞിന് ജന്മം നല്‍കുമ്പോഴും അവളറിഞ്ഞിരുന്നില്ല പ്രിയപ്പെട്ടവന്‍റെ മരണം. കൊവിഡ് കാലത്ത് പ്രവാസികൾക്കിടയിലും മലയാളികൾക്കിടയിലും ദുഃഖം പടർത്തിയ നിതിന്‍റെ മരണവാർത്ത ഒടുവിൽ ഭാര്യ ആതിരയെ അറിയിക്കുകയായിരുന്നു. കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന ആതിരയെ ഡോക്ടർമാരുടെ സംഘം എത്തിയാണ് നിധിൻ മരണമടഞ്ഞ വിവരം അറിയിച്ചത്. വാവിട്ട് കരഞ്ഞ ആതിര അവസാനമായി നിധിനെ ഒന്ന് കാണണമെന്നാണ് ഡോക്ടർമാരോട് ആവശ്യപ്പെട്ടത്. വീൽചെയറിൽ ഇരുത്തി മോർച്ചറിക്ക് സമീപം എത്തിച്ച് നിധിന്‍റെ മൃതദേഹം ആതിരയെ കാണിക്കുകയും ചെയ്തു.
ഇന്ന് രാവിലെ പത്തരയോടെയാണ് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് നിധിന്‍റെ മൃതദേഹം വഹിച്ചുളള ആംബുലന്‍സ് എത്തിയത്. ഡോക്ടര്‍മാര്‍ ആതിരയോട് മരണവിവരം അറിയിച്ച ശേഷം പതിനൊന്ന് മണിയോടെ ആംബുലന്‍സിന്‍റെ സമീപത്തേക്ക് വീല്‍ചെയറില്‍ ആതിരയെ എത്തിക്കുകയായിരുന്നു. സങ്കടത്തിലാണ്ട ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ആതിരയെ ആശ്വസിപ്പിക്കാനായില്ല. ആതിര നിതിനെ അവസാനമായി കാണുന്നത് കണ്ട് ചുറ്റുമുളളവരുടെയും കണ്ണ് നിറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ആതിരയെ ഹോസ്പിറ്റലിലേക്കും നിധിന്‍റെ മൃതദേഹം വീട്ടിലേക്കും കൊണ്ടുപോയി.
ഗള്‍ഫില്‍ മരണമടഞ്ഞ നിധിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ആംബുലന്‍സിലാണ് കോഴിക്കോട്ടേക്ക് മൃതദേഹം എത്തിച്ചത്. പ്രസവശേഷം ആശുപത്രിയിലുളള ആതിരയെ കാണിക്കാനായി മൃതദേഹം ഇങ്ങോട്ട് എത്തിക്കുകയായിരുന്നു. പേരാമ്പ്രയിലെ വീട്ടിൽ ഉച്ചയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കേരളത്തില്‍ എത്തിച്ചത്. തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിതിന്‍ ലോക പ്രവാസി മലയാളി സമൂഹത്തെയും കേരളക്കരയെയും ദു:ഖത്തിലാഴ്ത്തി ദുബായില്‍ മരണമടഞ്ഞത്.
കൊവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത് നിധിന്‍റെ ഭാര്യ ആതിര അടക്കമുളളവരായിരുന്നു. സുപ്രീംകോടതി ഇവരുടെ ആവശ്യത്തിന് അനുകൂലമായി നിലപാട് എടുത്തതോടെ ഗള്‍ഫില്‍ അടക്കം കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍ക്ക് നാട്ടിലേക്കുളള യാത്രാമാര്‍ഗം തുറന്നുകിട്ടി. ഇതോടെയാണ് ആതിര മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറയുന്നത്.
പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യവിമാനത്തില്‍ തന്നെ ഭാര്യ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനും പറ്റി. ഗര്‍ഭിണികള്‍ക്കുളള നിയമപോരാട്ടം നടത്തിയ ആതിരയ്ക്കും നിധിനുമായി ഷാഫി പറമ്പില്‍ എംഎല്‍എ വിമാന ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റ് എടുത്ത് പോകാനുളള സാമ്പത്തിക സ്ഥിതി ഉണ്ടെന്ന് അറിയിച്ച് പകരം രണ്ടുപേര്‍ക്ക് ഇവര്‍ വിമാനടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. ഇങ്ങനെ നിധിനും ആതിരയും സോഷ്യല്‍മീഡിയയിലും സജീവ ചര്‍ച്ചയാവുകയായിരുന്നു. ദുബായിലെ രക്തദാന സന്നദ്ധസേനയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നിധിന്‍ നടത്തിയിരുന്നു.
കേവലം ഒരു പ്രവാസിയല്ല, പകരം തന്‍റെ പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ എങ്ങനെ സാമൂഹത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് കാട്ടിതരിക കൂടിയായിരുന്നു ഈ ചെറുപ്പക്കാരന്‍. ആതിരക്ക് തന്‍റെ പ്രിയപ്പെട്ടവനും ആതിരയുടെ ഒരു ദിവസം പ്രായമായ കുഞ്ഞിന് അച്ഛനെയും ഇനി തിരിച്ച് കിട്ടില്ല എങ്കിലും അച്ഛന്‍ സമൂഹത്തിനോട് കാണിച്ച കരുതല്‍ സമൂഹം ഈ കുഞ്ഞിന് തിരികെ നല്‍കാതിരിക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.