ഇന്ന് സ്ത്രീകള്‍ക്ക് ധൈര്യമായി കൊട്ടകയില്‍ പോയി സിനിമ കാണാം.ഒരു കാലത്ത് അതിന് കഴിയുമായിരുന്നില്ല. ആ അവസ്ഥയ്ക്ക് മാറ്റം വരുത്തിയ നെന്മാറ സ്വാമി എന്ന് പഴയ സിനിമാക്കാര്‍ വിളിച്ചിരുന്ന നെന്മാറ ലക്ഷ്മണയ്യരെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ സിനിമ കാണാനുള്ള അവകാശം പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു. അക്കാര്യത്തില്‍ ഭേദചിന്തകളെല്ലാം വെടിഞ്ഞ് പുരഷന്‍മാര്‍ ഒറ്റക്കെട്ടായി നിന്നു. സ്ത്രീകള്‍ ആണുങ്ങളോടൊപ്പമല്ലാതെ ഒറ്റയ്‌ക്കോ കൂട്ടായോ സിനിമ കാണാന്‍ വന്നാല്‍ അടിച്ചോടിക്കുമായിരുന്നു. അത്രയും ശക്തമായപുരുഷ കേന്ദ്രീകൃതമായിരുന്നു സിനിമ കാണല്‍ എന്ന പ്രക്രിയ.
1901 ല്‍ പാലക്കാട് നെന്മാറയിലാണ് ലക്ഷ്മണയ്യര്‍ ജനിച്ചത്.മെട്രിക്കുലേഷന്‍ ജയിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അദ്ദേഹത്തിന്റെ തുടര്‍പഠനം മുടക്കി തൊഴിലന്വേഷകനാക്കി. അക്കാലത്തെ തൊഴില്‍ തേടുന്നവരുടെ ആശ്രയ നഗരങ്ങളായിരുന്നു ബോംബേയും കല്‍ക്കത്തയും മദിരാശിയുമൊക്കെ.ലക്ഷ്മണയ്യര്‍ തൊഴിലന്വേഷിക്കാന്‍ തെരഞ്ഞെടുത്തത് മദിരാശി നഗരത്തെ ആയിരുന്നു. മെട്രിക്കുലേഷന്‍ എന്നത് അന്ന് ഗുമസ്തപ്പണിക്ക് മതിയായ യോഗ്യതയാണ്. വലിയ അലച്ചിലൊന്നുമില്ലാതെ നിര്‍മാണക്കമ്പനിയായ പാഥേയില്‍ അത്തരമൊരു തൊഴില്‍ തരപ്പെട്ടു.അവിടെ വെച്ച് സിനിമയുടെ സകല വശങ്ങളും ഹൃദിസ്ഥമാക്കി.പാഥേപോലേ തന്നെ സായിപ്പിന്റെ കീഴിലുള്ള വാര്‍ണര്‍ ബ്രദേഴ്സിലും ഫോക്‌സിലും കൊളംബിയ ഫിലിംസിലുമൊക്കെ പിന്നെ ജോലി ചെയ്തു.ദീര്‍ഘനാളത്തെ അനുഭവ പരിചയം അദ്ദേഹത്തിന്റെ മനസിനെ സിനിമയില്‍ ആഴത്തിലുറപ്പിച്ചു.കൂടാതെ ഇന്ത്യയെമ്പാടും ജോലിയുടെ ഭാഗമായി സഞ്ചരിക്കുക കൂടി ചെയ്തപ്പോള്‍ പ്രദര്‍ശന മേഖലയിലേക്ക് കാലൂന്നാന്‍ ധൈര്യമായി.
നാട്ടിലെത്തിയ അദ്ദേഹം ഒരു ടൂറിങ്ങ് ടാക്കീസ് തുടങ്ങി പാലക്കാടന്‍ മണ്ണില്‍സിനിമയ്ക്ക് വേരോട്ടമുണ്ടാക്കി. ഓരോ കൊയ്ത്ത് കാലം കഴിയുമ്പോഴും ബോംബെയില്‍പ്പോയി ഹിന്ദി, ഇംഗ്ലീഷ് സിനിമകള്‍ വാങ്ങിക്കൊണ്ടു വന്ന് സഞ്ചരിക്കുന്ന കൊട്ടകകളില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. നിരവധി പ്രൊജക്ടറുകളും അദ്ദേഹം വാങ്ങി.ഫിലിമും പ്രൊജക്ടറും മറ്റുള്ള ടൂറിങ്ങ് ടാക്കീസുകള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന പതിവുമുണ്ടായിരുന്നു സ്വാമിക്ക്.അപ്പോള്‍ തന്റെ ഒരു ശിങ്കിടിയെക്കൂടി അയയ്ക്കും. സ്വന്തം കത്തില്‍ അയാളെ പരിചയപ്പെടുത്തിയിരുന്നത് എന്റെ Representitive എന്നായിരുന്നു. പിന്നീട് ഫിലിം റെപ്രസെന്റിറ്റീവ് എന്ന പ്രയോഗം മലയാള സിനിമയിലുണ്ടായതിന് കാരണം സ്വാമിയുടെ ഈ എഴുത്തുകളാണ്. കൊച്ചിയും ആലപ്പുഴയും സ്വാമിയുടെ ഇഷ്ട യിടങ്ങളായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും കഴിഞ്ഞാല്‍ അദ്ദേഹം പണം വാരിയിരുന്നത് റാന്നിയില്‍ നിന്നാണെന്ന് മകന്‍ ബാലകൃഷ്ണന്‍ പറയുന്നു.എങ്കിലും സ്വന്തം നാട് കഴിഞ്ഞാല്‍ അദ്ദേഹത്തിനിഷ്ടം ആലപ്പുഴ ആണ്. കാരണം എല്ലായിടങ്ങളേക്കാളും ലാഭം ഇവിടെതന്നെ.
അപ്പോഴൊക്കെ ആണുങ്ങളില്ലാതെ സ്ത്രീകള്‍ ഒറ്റക്കോ കൂട്ടമായോ വന്നാല്‍ തുണി ക്കൂടാരത്തിനു പുറത്ത് വെച്ച് തന്നെ ആട്ടിയോടിക്കുമായിരുന്നു. 1940 ആയപ്പോഴേക്കും നാടെങ്ങും സ്ഥിരം തിയറ്ററുകളായി. സഞ്ചരിക്കുന്ന പ്രദര്‍ശനശാല അപ്പോഴേക്കും വിട്ട സ്വാമി നെന്മാറയില്‍ ഒരു കൊട്ടക വാടകക്കെടുത്ത് പ്രദര്‍ശനമാരംഭിച്ചു.സൗദാംബിക എന്ന ആകൊട്ടക ഇന്നില്ല. ഒരു ചെട്ടിയാര്‍ കുടുംബത്തിന്റേതായിരുന്ന കൊട്ടക സ്വാമി കാലത്തിനൊത്ത് പുതുക്കി. എന്നിട്ടും സ്ത്രീ പ്രവേശനമില്ല. ഒരു ദിവസം നെന്മാറക്കാരിയായ ഒരു യുവതി രണ്ടും കല്‍പ്പിച്ച് സിനിമ കാണാന്‍ വന്നു.പതിവുപോലേ ജാതി മത ചിന്തകള്‍ വെടിഞ്ഞ് പുരുഷന്‍മാര്‍ കൂക്കുവിളി തുടങ്ങി. എല്ലാം മുന്‍കൂട്ടി കണ്ടിരുന്ന അവള്‍ അതൊന്നും വകവെയ്ക്കാതെ കൊട്ടകയ്ക്കകത്ത് കയറിയിരുന്നു.കൂവും അസഭ്യവര്‍ഷവും കൊട്ടകയ്ക്കകത്തായി. സ്വാമിയാകട്ടെ ലഹളക്കാരെ ശാന്തരാക്കാന്‍ ആവുന്നത് ശ്രമിച്ചു.പക്ഷേ പരാജയപ്പെട്ടു. സിനിമ തുടങ്ങിയാല്‍ ബഹളം ശമിച്ചേക്കുമെന്ന പ്രതീക്ഷയില്‍ സ്വാമി പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. പ്രതീക്ഷിച്ചയത്രയില്ലെങ്കിലും പ്രതിഷേധ ശബ്ദത്തിന് ഇടിവുണ്ടായി. ഇടവേളയായി, പലരും പ്രാഥമികാവശ്യത്തിന് പുറത്തു പോയി. ഒപ്പം അവളും. സിനിമ വീണ്ടും തുടങ്ങി. അവള്‍ തിരിച്ചു വന്നില്ല. അടുത്ത പ്രഭാതത്തില്‍ കൊട്ടകയില്‍ നിന്ന് വലിയ അകലത്തിലല്ലാത്ത ഒരു കുറ്റിക്കാട്ടില്‍ ചോരയില്‍ കുതിര്‍ന്ന ആ യുവതിയുടെ മൃതദേഹം കണ്ടു.
സ്വാമിയെ വല്ലാതെ തകര്‍ത്തു ഈ സംഭവം. എന്ത് വില കൊടുത്തും സ്ത്രീകള്‍ക്ക് സിനിമ ആണ്‍തുണയില്ലാതെ വന്ന് കാണാനുള്ള അവസ്ഥ സംജാതമാക്കാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. മലബാറിലെ സ്ഥിരം പ്രദര്‍ശനശാലയുടമകളെ ഇതിനായി അദ്ദേഹം നിര്‍ബന്ധിച്ചു. പുരുഷ പ്രതികരണം ഭയന്ന് അവര്‍ക്കെല്ലാം ആദ്യം അമാന്തമായിരുന്നെങ്കിലും മിക്കവരേയും തന്റെ വഴിക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചു.സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഉണ്ടാക്കിച്ചെടുക്കുന്നതില്‍ വരെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടു.പ്രദര്‍ശനശാലകളുടെ വരുമാനത്തെ വര്‍ധിപ്പിച്ച ഈ പരിഷ്‌കാരങ്ങളില്‍ ശേഷിച്ചവരും അധികം താമസിയാതെ ആകൃഷ്ടരായി. എന്നാല്‍ പില്‍ക്കാലം ഒന്നുമറന്നു.സ്ത്രീകള്‍ക്ക് കൊട്ടകകളില്‍ കയറാന്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ആ നെന്മാറക്കാരിയെ. ആരായിരുന്നു അവള്‍?. കാലം നല്‍കുന്ന ഉത്തരത്തിനായി കാത്തിരിക്കാം.
കടപ്പാട്: സാജു ചേലങ്ങാട്
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.