Web Desk
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രഖ്യാപിച്ച വിവിധ അവാർഡുകൾക്ക് കേരളത്തിലെ ഒൻപത് തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹരായി. പൊതു വിഭാഗത്തിലെ മികച്ച പ്രകടത്തിനായി നൽകുന്ന ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരത്തിനാണ് ആറു തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹരായത്. ജില്ലാപഞ്ചായത്തുകളുടെ വിഭാഗത്തിൽ തൃശൂരും ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും കൊല്ലം ജില്ലയിലെ മുഖത്തലയുമാണ് അർഹരായത്. ഗ്രാമപഞ്ചായത്തുകളിൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി മലപ്പുറം ജില്ലയിലെ മറാഞ്ചേരി എന്നിവയാണ് അവാർഡ് നേടിയത്. സേവന മേഖലയിലും പൊതു ആസ്തികളുടെ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ദീൻദയാൽ ഉപാധ്യായ സശാക്തീകരൺ അവാർഡ് നൽകുന്നത്.
സാമൂഹിക സാമ്പത്തിക മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കാണ് നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാം സഭ പുരസ്കാർ നൽകുന്നത്. മലപ്പുറം ജില്ലയിലെ മറാഞ്ചേരി പഞ്ചായത്താണ് ഈ അവാർഡ് കരസ്ഥമാക്കിയത്. ദീൻദയാൽ സശാക്തീകരൺ പുരസ്കാരവും ഈ പഞ്ചായത്ത് നേടി. ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാർഡിന് കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തും ഗ്രാമപഞ്ചായത്ത് ഡവലപ്പ്മെന്‍റ് പ്ലാൻ അവാർഡിന് കണ്ണൂർ ജില്ലയിലെ തന്നെ പായം ഗ്രാമപഞ്ചായത്തും അർഹരായി. അവാർഡിന് അർഹരായ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി എ സി മൊയ്തീൻ അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഈ പുരസ്ക്കാര ലബ്ധി ആവേശം നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു.