Web Desk
മാതൃവാത്സല്യത്തിന്‍റെ സന്ദേശവുമായി ഒരു സംഗീത ആല്‍ബം ലോക സംഗീതദിനമായ നാളെ പുറത്തിറങ്ങുന്നു. ജ്വാലാമുഖി എന്ന മ്യൂസിക് വീഡിയോ നടന്‍ മമ്മൂട്ടി നാളെ തന്‍റെ ഫെയ്സ്ബുക് പേജിലൂടെയാണ് പുറത്തിറക്കുന്നത്. ഒരുപാട് പ്രത്യേകതകളുള്ള ഒരു താരാട്ട് വീഡിയോ എഴ് അമ്മമാര്‍ ചേര്‍ന്നാണ് ലോകം മുഴുനവനുമുള്ള പിഞ്ചോമനകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കോവിഡ് കാലമായതിനാല്‍ പരസ്പരം ആരും നേരില്‍ കാണാതെ പലയിടങ്ങളില്‍ നിന്ന് ചിത്രീകരിച്ചു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. സീതാലക്ഷ്മി, അനുശ്രീ എസ് നായര്‍, പൂര്‍ണിമ, സുസ്മിത തുടങ്ങിയവര്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ നൃത്താവിഷ്‌കാരമാണ് ജ്വാലാമുഖി. സ്മിത നമ്പ്യാര്‍ വരികള്‍ എഴുതി സംവിധാനം ചെയ്ത ജ്വാലാമുഖിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജ്ന വിനീഷ് ആണ്. സജ്ന തന്നെയാണ് ഇത് ആലപിച്ചിരിക്കുന്നതും.
ഒരമ്മയ്ക്ക് തന്‍റെ കുഞ്ഞിനോടുള്ള അളവറ്റ വാത്സല്യവും കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ അമ്മ അനുഭവിക്കുന്ന അനുഭൂതിയും പ്രതീക്ഷകളുമാണ് ജ്വാലാമുഖി പറയാന്‍ ശ്രമിക്കുന്നത്.തന്‍റെ മകള്‍ ഭാവിയില്‍ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്ന് ആഗ്രഹിക്കുന്ന അമ്മ അവളുടെ വളര്‍ച്ച ഭാവനയിലൂടെ കാണുന്നതാണ് വരികള്‍.
7 അമ്മമാരും ജ്വാലാമുഖിയില്‍ മുഖം കാണിക്കുന്നു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പരിമിതമായ സൗകര്യങ്ങളില്‍ പൂര്‍ത്തിയാക്കിയ സംഗീത ആല്‍ബം എഡിറ്റ് ചെയ്തിരിക്കുന്നത് സൗമ്യ സാഗര്‍ ആണ്. ഓം പ്രൊഡക്ഷന്‍സാണ് വീഡിയോ പുറത്തിറക്കുന്നത്.