Web Desk
ഈ വായനാദിനത്തില്‍ കേശവന്‍നായരും സാറാമ്മയുമായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ്. കേശവന്‍ നായര്‍ സാറാമ്മയോട് തന്‍റെ പ്രണയം പറയാന്‍ ശ്രമിക്കുന്നതും അവരുടെ വിവാഹശേഷമുള്ള ജീവിത്തെക്കുറിച്ചും ജനിക്കാന്‍ പോകുന്ന കുട്ടികളെക്കുറിച്ചുമുള്ള ഇരുവരുടേയും സങ്കല്‍പ്പങ്ങളും ശബ്ദരേഖയായി അവതരിപ്പിച്ചിരിക്കുകയാണ് വായനാദിനത്തില്‍ വായനക്കാര്‍ക്ക് സമ്മാനമായി ആറ് മിനിറ്റ് വീഡിയോയിലൂടെ മാതൃഭൂമി ബുക്‌സ്.
ജീവിതം യവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാക്കിയ എഴുത്തുകളാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റേത്. കാല്പനികമായൊരു പ്രണയ ലേഖനത്തോടെയാണ് ബഷീറിന്‍റെ പ്രേമലേഖനം എന്ന നോവല്‍ ആരംഭിക്കുന്നതും. ഭിന്നമതക്കാരായ കേശവന്‍നായരുടേയും സാറാമ്മയുടേയും പ്രണയം ഓരോ വായനക്കാരനെയും ഒരിക്കലെങ്കിലും പ്രണയിക്കാന്‍ തോന്നിപ്പിക്കുന്നതുമാണ്.
https://www.facebook.com/mathrubhumibooks/videos/596895611231594/
പ്രണയത്തെയും പ്രണയിതാക്കളെക്കുറിച്ചും നിരവധിപേര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ പ്രണയത്തെ ഇത്രയും സത്യസന്ധമായി അവതരിപ്പിക്കാനുള്ള കഴിവ് ബഷീറിനെ പോലെ ആര്‍ക്കും കിട്ടിക്കാണില്ല. പച്ചയായ ജീവിതത്തെ കാട്ടിത്തരുന്ന ബഷീറിന്‍റെ എഴുത്തുകൾ ഓരോ വായനക്കാരന്റെയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ് .വായനക്കാരന്‍ ഓരോ കഥകളിലും തിരയുന്നതും അവനവനെ തന്നെയാണ്. ഇതാദ്യമായിട്ടാണ് മോഹൻലാലും മഞ്ജു വാര്യരും ഒരു നോവലിന് വേണ്ടി ശബ്ദ സാന്നിധ്യം കൊണ്ട് ഒന്നിക്കുന്നത് . സാഹിത്യലോകത്തെ സുൽത്താനായിരുന്ന ബഷീറിന്‍റെ ഇരുപത്തി ആറാം ചരമദിനമാണ് അടുത്ത മാസം. ലോക വായനാദിനത്തിലെ മാതൃഭൂമിയുടെ ഈ സംരഭം , ബഷീറിനുള്ള ശ്രദ്ധാഞ്ജലി കൂടിയാവുകയാണ്.
”പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍…… എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ
“കേശവന്‍ നായര്‍”