Web Desk
യു.എ.ഇ.യില്‍ മൂന്ന് മാസത്തെ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന വിധം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം.
ഉഷ്ണകാലത്ത് തൊഴിലാളികളുടെ സംരക്ഷണാര്‍ത്ഥം നടപ്പാക്കുന്ന നിയമം യു.എ.ഇ മാനവവിഭവ ശേഷി-സ്വദേശിവല്‍ക്കരണ മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ ഹംലിയാണ് പ്രഖ്യാപിച്ചത്. തൊഴിലുടമകൾ നിയമം പാലിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കും. നിയമം ലംഘിക്കുന്നവർ ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ഒടുക്കേണ്ടി വരും . പരമാവധി 50,000 ദിര്‍ഹം വരെ ഇങ്ങനെ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ അത്യാവശ്യ ജോലികള്‍ക്ക് ഇളവ് ലഭിക്കും. സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം. കൊവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണിത്. ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദേശം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ അത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം.
ഉച്ച വിശ്രമ ഇടവേളയില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതെ വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലസൗകര്യം എല്ലാ തൊഴിലുടമകളും സജ്ജമാക്കണം. തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂറിലധികും ജോലി ചെയ്യേണ്ടി വന്നാല്‍ പിന്നീടുള്ള ഓരോ മണിക്കൂറും നിയമപ്രകാരം അധിക ജോലിയായി കണക്കാക്കും. നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 80060 എന്ന നമ്പറിൽ ബന്ധപ്പെടാം.