പ്രചാരത്തില്‍ മാത്രമല്ല വാര്‍ത്തകളുടെ തെരഞ്ഞെടുപ്പിലും, വിന്യാസത്തിലും മലയാളത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദിനപത്രം മലയാള മനോരമയാണെന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നവരാണ് മനോരമ കുടുംബം. കുടുംബം എന്ന നിര്‍വചനത്തില്‍ മനോരമയുടെ ഉടമസ്ഥര്‍ മാത്രമല്ല ഉള്‍പ്പെടുക. പത്രപ്രവര്‍ത്തകരും, അല്ലാത്തവരുമായ ജീവനക്കാരും, വായനക്കാരും അടങ്ങുന്ന വലിയ സമൂഹമാണ് മനോരമ കുടുംബം. ബിസിനസ്സെന്ന നിലയില്‍ പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട വാണിജ്യവും, രാഷ്ട്രീയവുമായ പക്ഷപാതിത്വങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട മറ്റു മേഖലകളില്‍ ബോധപൂര്‍വ്വമായ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തില്‍ സാധാരണഗതിയില്‍ മനോരമ ഏര്‍പ്പെടാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകളായി മനോരമയുടെ ഓണ്‍ലൈന്‍ പേജില്‍ (2020 സെപ്തംബര്‍ 28 തിങ്കളാഴ്ച ഉച്ചക്കുശേഷം) പ്രധാന വാര്‍ത്തയായി പ്രത്യക്ഷപ്പെട്ട തലക്കെട്ടും ഉള്ളടക്കവും ഈയൊരു ധാരണ തിരുത്തുന്നു. ‘വിജയ് പി നായര്‍ക്കെതിരെ ആക്രമണം തിരക്കഥയെന്ന്; ശ്യാം ആന്റണിയുടെ റോളെന്ത്?’ കൊച്ചിയില്‍ നിന്നുള്ള മനോരമ ലേഖകന്റെ വകയായ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇതാണ്.
‘യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം നടത്തിയയാളെ സ്ത്രീകള്‍ കൈകാര്യം ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നു ആരോപണം. സര്‍ക്കാരിനും, ബിനീഷ് കോടിയേരിക്കും ഉള്‍പ്പടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകിയതോടെ സമൂഹമാധ്യമങ്ങളിലും, മറ്റ് മാധ്യമങ്ങളിലും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്’- ഇത്രയുമാണ് റിപ്പോര്‍ട്ടിന്റെ തുടക്കം. ബിനീഷ് കൊടിയേരിയുടെ സുഹൃത്തും ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിയുമായ ശ്യാം ആന്റണി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനെ ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെന്നു പറയുന്ന ആരോപണങ്ങളാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. അര്‍ഹിക്കുന്ന അവജ്ഞയോടെ ഈ റിപോര്‍ടിനെ വേണമെങ്കില്‍ ഒറ്റനോട്ടത്തില്‍ അവഗണിക്കാം. പക്ഷെ അങ്ങനെ അവഗണിക്കാവുന്നതല്ല ഈ റിപ്പോര്‍ട്ട്. സ്ത്രീകളുടെ അന്തസ്സിനും, ആത്മാഭിമാനത്തിനും ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു വിജയ് പി നായരെന്ന സാമൂഹ്യവിരുദ്ധനെതിരെ മൂന്നു സ്ത്രീകള്‍ കൈക്കൊണ്ട നടപടി. സ്ത്രീകളുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ വഴിത്തിരിവായ ഈ നടപടി കേരളത്തിന്റെ പൊതുബോധത്തില്‍ രൂഢമൂലമായ പുരുഷാധിപത്യം പൂര്‍ണ്ണമായും മറനീക്കി പുറത്തുവരുന്നതിനും വഴിയൊരുക്കി.
പെണ്ണുങ്ങള്‍ നേരിട്ടു തല്ലിയതില്‍ സഹിക്കാനാവുന്നതിലധികം ഭയന്നുപോയ ആണധികാര ബോധം നിയമം കൈയിലെടുക്കുന്നതിലെ വിലാപങ്ങളും, പെണ്ണുങ്ങള്‍ തെറി പറയുന്നതിലെ അന്തസ്സില്ലായ്മയും ഒക്കെയായി ഒരു ദിവസം മുഴവന്‍ ചിണുങ്ങിയതിനുശേഷം അതിന്റെ സ്വതസിദ്ധമായ ആക്രമണത്തിന്റെ ഭാഷ സ്വീകരിച്ചതിനുള്ള ലക്ഷണയുക്തമായ തെളിവാണ് ഈ റിപ്പോര്‍ട്ട്. സ്വന്തം നിലയില്‍ നാലടി കൊടുക്കാനും, തെറിപറയാനും കഴിവില്ലാത്തവരാണ് പെണ്ണുങ്ങള്‍ എന്നു സ്ഥാപിക്കുന്നതിലും കൂടുതല്‍ അക്രമപരമായി എന്താണുള്ളത്. അതാണ് ഈ റിപ്പോര്‍ട്ട് ചെയ്യുന്ന ധര്‍മം. സമൂഹമാധ്യമം എന്ന സംവര്‍ഗ്ഗമല്ലാതെ വസ്തുതകളുടെ ഒരു പിന്‍ബലവും റിപോര്‍ടിന്റെ ഉള്ളടക്കത്തില്‍ കാണാനാവില്ല. സമൂഹമാധ്യമം എന്നു പറയുന്നത് സ്വയംഭൂവായ ഒന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ എല്ലാ നിറക്കൂട്ടുകളും പകര്‍ന്നാടുന്ന ദേശമാണത്.
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയ, വാണിജ്യ, ബ്ലാക് മെയ്‌ലിംഗ് താല്‍പര്യങ്ങളെ തിരിച്ചറിയുക എന്നത് ഇപ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ കാര്യം മനോരമ ലേഖകന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നു വിശ്വസിക്കാനാവില്ല. അത്രയും വിവരദോഷിയായ ലേഖകന്‍ നിര്‍ഭാഗ്യവശാല്‍ മനോരമയില്‍ കയറിക്കൂടിയെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാലും അവര്‍ പടച്ചുവിടുന്ന വിവരദോഷം ഒരു മാറ്റവുമില്ലാതെ എങ്ങനെ വാര്‍ത്തയാവുമെന്ന ചോദ്യം ബാക്കിയാവുന്നു. സബ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ തുടങ്ങിയ ഫില്‍റ്ററുകള്‍ കടന്ന ശേഷമാണ് വാര്‍ത്ത പേജിലെത്തുക. വാര്‍ത്തയിലെ നെല്ലും പതിരും തിരിച്ചറിയുന്നതിനുള്ള ഈ ഫില്‍റ്ററുകളുടെ പ്രാഥമിക പരിഗണനയില്‍ തന്നെ ചവറ്റുകുട്ടയിലെത്താന്‍ സര്‍വഥാ യോഗ്യമായ ഒരു വിവരം മണിക്കൂറുകള്‍ മനോരമയുടെ ഒന്നാം പേജില്‍ ടോപ് വാര്‍ത്തയായി വിലസിയെങ്കില്‍ വിജയ് നായരുടെ നിലവാരത്തിലുള്ളവരുടെ വംശം അത്ര പെട്ടെന്നു അവസാനിക്കുമെന്ന വ്യാമോഹം ആരും പുലര്‍ത്തേണ്ടതില്ല.
കേരളത്തിലെ ആക്രമണോത്സുകമായ വലതുപക്ഷവല്‍ക്കരണത്തിന്റെ പ്രധാന ചേരുവകളിലൊന്നായി സ്ത്രീവിരുദ്ധത എങ്ങനെ രൂപപ്പെടുന്നുവെന്നു പ്രൊഫ. ജെ. ദേവികയെപ്പോലുള്ള സാമൂഹികശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്ന പ്രവണതയുടെ വിവിധഭാവങ്ങളിലുള്ള ആവിഷ്‌ക്കാരമാണ് വിജയ് നായരും മനോരമ വാര്‍ത്തയും. 19-20 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നടന്ന –ജാതി വിരുദ്ധ കലാപങ്ങള്‍ മുതല്‍ കര്‍ഷക-തൊഴിലാളി മുന്നേറ്റങ്ങള്‍ — വരെയുള്ള വിവിധങ്ങളായ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉടലെടുത്ത നീതിബോധത്തെ (അതിന്റെ എല്ലാ പരിമിതികളോടും) പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്ന ദൗത്യമാണ് കേരളത്തിലെ വലതുപക്ഷവല്‍ക്കരണത്തില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത്. വിമോചന സമരം മുതല്‍ ശബരിമല സമരം വരെയുളള അതിന്റെ ചരിത്രത്തില്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. രാഷ്ട്രീയ ഹൈന്ദവികതയും സവര്‍ണ്ണ-സമ്പന്ന താല്‍പര്യങ്ങളും ഒന്നുചേരുന്ന ജാതി-വര്‍ഗ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ തഴച്ചുവളരുന്ന പുതിയ വലതുപക്ഷത്തിന്റെ ആവിഷ്‌ക്കാരങ്ങളുടെ വേദിയായി മാധ്യമങ്ങള്‍ സ്വയം പരിവര്‍ത്തനപ്പെടുന്നതിന്റെ ചരിത്രം ഗൗരവമായ പഠനം ആവശ്യപ്പെടുന്നു.
.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.