Web Desk
മുംബൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കരാറുകള്‍ മഹാരാഷ്ട്ര മരവിപ്പിച്ചു. രാജ്യവ്യാപകമായി ചൈന വിരുദ്ധ വികാരം അലടിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനം. മൂന്ന് ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ കരാറുകളാണ് ഉദ്ദവ് സര്‍ക്കാര്‍ മരവിപ്പിച്ചത്.
മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപ സംഗമത്തിന്‍റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പൂനെ തലേഗാവില്‍ ഓട്ടോമൊബൈല്‍ പ്ലാന്‍റ് നിര്‍മാണത്തിനുള്ള 3,770 കോടി രൂപയുടെ കരാറാണ് ഇതില്‍ വലുത്.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് മഹാരാഷ്ട്ര വ്യവസായ വകുപ്പ് മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.