Kerala

രണ്ടു പെണ്‍കുട്ടികള്‍ മുതല്‍ മൂത്തോന്‍ വരെ-മലയാള സിനിമയും സ്വവര്‍ഗ്ഗ പ്രണയവും

 ശശിനാസ് നീലകണ്ഠന്‍

മലയാള സിനിമയില്‍ വളരെ വിരളമായി കൈകാര്യം ചെയ്ത് പോരുന്ന വിഷയങ്ങളില്‍ ഒന്നാണ് സ്വവര്‍ഗ്ഗ ലൈംഗികതയും പ്രണയവും. ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ പ്രണയിക്കുന്നതിനോടും ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നതിനോടും കാലങ്ങളായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നമ്മുടെ സമൂഹത്തിന് ഇടത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളോടും വിമുഖത തോന്നാനുള്ള സാധ്യത കണക്കിലെടുത്താവും നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ സ്വവര്‍ഗ്ഗപ്രണയത്തെ തങ്ങളുടെ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത്.

ഒരേ ലിംഗത്തില്‍പ്പെട്ട മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ നമ്മുടെ സമൂഹം അതിനെ പിശാചിന്റെ ബാധയായും, ആ വ്യക്തിയുടെ മാനസിക വൈകല്യവുമായാണ് പൊതുവെ കണക്കാക്കുന്നത്. തികച്ചും ജൈവികവും ഒരു വ്യക്തിയുടെ സ്വകാര്യത കൂടിയുമായ ഈ ഒരു തീരുമാനത്തെ, അവന്റെ അല്ലെങ്കില്‍ അവളുടെ സമൂഹം കടന്നുകയറി ആക്രമിക്കുമ്പോള്‍, സിനിമ പോലൊരു സജീവ മാധ്യമത്തിന് ഒരു പരിധിവരെ അത്തരം വിഷയങ്ങളില്‍ പുരോഗമനപരമായി സമൂഹത്തെ സ്വാധീനിക്കാന്‍ തീര്‍ച്ചയായും കഴിയും.ഈ ഒരു ബോധ്യത്തോടികൂടി സിനിമയെ സമീപിച്ച സംവിധായകരാണ് സ്വവര്‍ഗ്ഗ പ്രണയത്തെ തങ്ങളുടെ സിനിമയുടെ ഭാഗമാക്കാന്‍ ശ്രമിച്ചത്.സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാണ് എന്നു അനുശാസിക്കുന്ന ഇന്ത്യന്‍ ശിക്ഷനിയമത്തിലെ 377ആം അനുച്ചേദം 2018 സെപ്റ്റംബര്‍ 6ന് സുപ്രീംകോടതി റദ്ദ് ചെയ്തതോടെ സമൂഹത്തിന്റെ പല മേഖലകളിലായി ഈ ഒരു വിഷയം കൂടുതല്‍ സജീവമാകുന്നതായ് കാണാം.

1978ല്‍ മോഹന്‍ സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍ ആണ് സ്വവര്‍ഗ്ഗ പ്രണയം കൈകാര്യം ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം. ഇതേ പേരിലുള്ള വി ടി നന്ദകുമാര്‍ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയത്.കോകിലയും
ഗിരിജയും ഒരേ സ്‌കൂളില്‍ പഠിക്കുന്നവിദ്യാര്‍ത്ഥിനികള്‍ ആണ്. കോകിലക്ക് ഗിരിജയോട് ഇഷ്ട്ടം തോന്നുകയും അവള്‍ ഗിരിജയെ സ്വാധീനിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇരുവരും തമ്മില്‍ അടുപ്പമുള്ള സമയത്തുതന്നെ ഗിരിജക്ക് മറ്റൊരു പുരുഷകഥാപാത്രത്തോട് പ്രണയം തോന്നുന്നുണ്ട്. ഈ ഒരു പ്രണയം ഇരുവരുടെയും ജീവിതം വ്യത്യസ്ത ദിശകളില്‍ ആവാന്‍ കാരണമാകുന്നു.കോകിലയുടെയും ഗിരിജയുടെയും ബന്ധം ഈ ഒരു രീതിയില്‍ ഇല്ലാതാവുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്. മറ്റൊരു പുരുഷനോടൊത്തുള്ള ജീവിതത്തിന് ഇരുവരും നിര്‍ബന്ധിതരാവുമ്പോള്‍ അതൊരു സ്വാഭാവികതയോടുകൂടിയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.

കള്ളന്‍ പവിത്രന്‍,നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ ജനപ്രിയ സിനിമകള്‍ സംവിധാനം ചെയ്ത് മലയാള സിനിമയില്‍ വളരെ സജീവമായി നില്‍ക്കുന്ന സമയത്താണ് പത്മരാജന്‍ ‘ദേശാടന കിളികള്‍ കരയാറില്ല’ എന്ന ചലച്ചിത്രം ഒരുക്കുന്നത്. പത്മരാജന്റെ മുന്‍പുള്ള പല സിനിമകളിലും സ്വവര്‍ഗ്ഗാനുരാഗം പ്രധാന കഥാപരിസരത്തെ ബാധിക്കാത്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ടുണ്ടെങ്കിലും, ഈ വിഷയത്തെ ആസ്പദമാക്കി ഒരു മുഴുനീള ചലച്ചിത്രം അദ്ദേഹം ഒരുക്കുന്നത് 1986ല്‍ ദേശടനകിളികള്‍ കരയാറില്ല എന്ന ഈ ചിത്രത്തിലൂടെയാണ്.ബോര്‍ഡിംഗ് സ്‌കൂളില്‍ ഒരുമിച്ചു പഠിക്കുന്ന നിമ്മിയും സാലിയും തമ്മിലുള്ളത് ഒരു സൗഹൃദത്തെക്കാള്‍ അപ്പുറമുള്ള ബന്ധമാണെന്ന് കാണിക്കാന്‍ പല രീതിയില്‍ ആണ് പത്മരാജന്‍ ശ്രമിച്ചിട്ടുള്ളത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍, ഇരുവരുടെയും ശരീരഭാഷ എന്നിവയാണ് അതില്‍ പ്രകടമായിട്ടുള്ളത്.മുടി ക്രോപ് ചെയ്ത് ധൈര്യശാലിയും തന്റെടിയുമായി സാലിയെയും, സാലിയെ അളവറ്റു വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയായി നിമ്മിയെയും അവതരിപ്പിച്ചിരിക്കുന്നു.സാലിയുടെയും നിമ്മിയുടെയും ആത്മഹത്യയോടെ ചിത്രം അവസാനിക്കുമ്പോള്‍ വിഷയത്തെ യാഥാര്‍ത്ഥ്യപരമായി സമീപിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നതെന്ന് പറയാം.സിനിമയില്‍ പലപ്പോഴായി സാലി ‘ദൂരെ വളരെ സുരക്ഷിതമായൊരിടത്തെക്ക് നമുക്ക് പോകാം’ എന്ന് നിമ്മിയോട് പറയുന്നുണ്ട്. മരണാനന്തരലോകമാണ് സാലി ഉദ്ദേശിക്കുന്നതെന്ന് ഇരുവരുടെയും ആത്മഹത്യയിലൂടെയാണ് നമുക്ക് മനസിലാവുന്നത്. വൈകാരികമായാണ് ഇരുവരുടെയും സ്‌നേഹബന്ധം ചിത്രത്തിലൂടനീളം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സാലിക്ക് നിമ്മിയോടുള്ള കരുതലും സ്‌നേഹവും,
നിമ്മി മറ്റൊരു പുരുഷനുമായി അടുപ്പത്തിലാകുമ്പോള്‍ സാലിക്കുണ്ടാകുന്ന മനോവിഷമവും എല്ലാം ചില സൂചകങ്ങളയി നിലനിര്‍ത്തുകയാണ് പത്മരാജന്‍ സിനിമയില്‍ ചെയ്തിരിക്കുന്നത്.

2004ല്‍ ലിജി ജെ പുല്‍പള്ളി സംവിധാനം ചെയ്ത സിനിമയാണ് സഞ്ചാരം.ഡെലില, കിരണ്‍ എന്നീ രണ്ട് ബാല്യകാലസുഹൃത്തുക്കളുടെ പ്രണയമാണ് ചിത്രത്തിന്റെ കാതല്‍.പത്മരാജന്‍ കുറച്ചുകൂടി ജനകീയമായി സ്വവര്‍ഗ്ഗപ്രണയം കൈകാര്യം ചെയ്തപ്പോള്‍ ലിജി ഒരു സമാന്തര സിനിമയുടെ ഭാഷയിലാണ് സഞ്ചാരം ഒരുക്കിയിരിക്കുന്നത്.ഇരുവരും അവരുടെ പ്രണയത്തെ അനുഭവിക്കുന്ന രംഗങ്ങളും തമ്മില്‍ പിരിയുന്ന രംഗങ്ങളും വളരെ സുതാര്യമായാണ് സംവിധായിക അവതരിപ്പിച്ചിട്ടുള്ളത്.ദേശാടനകിളികളില്‍ നിന്നും സഞ്ചാരം പ്രധാനമായും വ്യത്യസ്തപ്പെട്ടിരിക്കുന്നത് അതിന്റെ കഥാന്ത്യത്തിലാണ്.സാലിയും നിമ്മിയും ആത്മഹത്യ ചെയ്യുമ്പോള്‍, ഡെലിലയുടെ വിവാഹദിവസം ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന കിരണ്‍ ആ ഒരു തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണ് ചെയ്യുന്നത്. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് നമ്മുടെ രാജ്യത്ത് വളരേ കൂടുതലാണ്. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മര്‍ദ്ദം അതിജീവിക്കാനാവാതെ മരണം തെഞ്ഞടുക്കുന്ന ഇത്തരം ആളുകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പാകത്തിലാണ് സംവിധായിക സഞ്ചാര ത്തിന്റെ ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മലയാളസിനിമയില്‍ പ്രകടമായും അല്ലാതെയും സ്വവര്‍ഗ്ഗ ലൈംഗികത ചര്‍ച്ചയായിട്ടുണ്ട്. ശ്യാമപ്രസാദിന്റെ ഋതു (2009)പ്രിയനന്ദന്‍ സംവിധാനം ചെയ്ത സൂഫി പറഞ്ഞ കഥ(2010)റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസ്(2013)എം ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍(2014) തുടങ്ങി ഈ ഒരു ശാഖ ഇന്ന് എത്തി നില്‍ക്കുന്നത് ഗീതു മോഹന്‍ദാസിന്റെ മൂത്തോനിലാണ്(2019).

മലയാള സിനിമയില്‍ ആദ്യമായി ഒരു പ്രമുഖ നടന്‍ സ്വവര്‍ഗാനുരാഗിയായി വേഷമിടുന്നത് മുംബൈ പോലീസില്‍ പൃഥ്വിരാജാണ്. മാസ്സ് നായക സങ്കല്‍പ്പങ്ങളുടെ പ്രതീകമായി ആ സമയത്ത് കണക്കാക്കി പോന്ന പ്രിഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ എടുത്തു പറയേണ്ട ഒരേടാണ് മുംബൈ പോലീസിലെ ആന്റണി മോസസ് എന്ന കഥാപാത്രം. ആന്റണിയുടെ ലൈംഗിക സ്വത്വം പുറത്തറിയാന്‍ ഇടയാവുന്നതാണ് ചിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവ്. ഇത്തരം വ്യക്തികളോട് നമ്മുടെ സമൂഹം എങ്ങനെയാണ് പെരുമാറുന്നത് എന്ന കാര്യവും ആ ഒരു സീനില്‍ സംവിധായകന്‍ സൂചിപ്പിക്കുന്നുണ്ട്.താനൊരു സ്വവര്‍ഗ്ഗനുരാഗിയാണെന്ന വിഷയം പുറത്തറിഞ്ഞാലുള്ള പ്രത്യാഘാതം ഓര്‍ത്തിട്ടാണ്, ആന്റണി തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നിട്ടുകൂടി ആര്യന്‍ ജോണ്‍ എന്ന കഥാപാത്രത്തെ വധിക്കാന്‍ തീരുമാനിക്കുന്നത്.ആന്റണിയെ പോലുള്ളവര്‍ അത്രമാത്രം നമ്മുടെ സമൂഹത്തെ ഈ ഒരു കാര്യത്തില്‍ ഭയക്കുന്നുണ്ട്.

2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്ണര്‍ സ്വവര്‍ഗ്ഗനുരാഗ പങ്കാളികളുടെ ദത്തെടുക്കല്‍ അവകാശത്തെകുറിച്ച്കൂടി ചര്‍ച്ചചെയ്യുന്നൊരു സിനിമയാണ്. റിച്ചാര്‍ഡും കിരണും കോളേജില്‍ ഒന്നിച്ചു പഠിച്ചവരാണ്. സാന്ദര്‍ഭികമായി ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.പിന്നീട് ഒരു കുട്ടിയെ ദത്തെടുത്തു വളര്‍ത്താന്‍ തീരുമാനിക്കുന്ന ഇവര്‍ പക്ഷേ ഇന്ത്യന്‍ നിയമപ്രകാരം പുരുഷന്മാര്‍ക്കും പുരുഷ ദമ്പതികള്‍ക്കും അങ്ങനൊരു സാധ്യത നിലനില്കുന്നില്ല എന്നു മനസിലാക്കുന്നു. അതുകൊണ്ട് തന്നെ കൂട്ടത്തില്‍ ഒരാള്‍ വിവാഹിതനാവാന്‍ തയ്യാറാവുന്നു. പവിത്ര എന്ന പെണ്‍കുട്ടിയുടെ റിച്ചാര്‍ഡ് വിവാഹം ചെയ്യുകയും എന്നാല്‍ തന്റെ വൈവാഹിക ജീവിതം റിച്ചാര്‍ഡിന് അസുഖകരമായി തീരുകയും ചെയ്യുന്നു.റിച്ചാര്‍ഡിന്റെ ജീവിതത്തിലേക്ക് കിരണ്‍ വീണ്ടും കടന്നു വരുന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധം പവിത്ര തിരിച്ചറിയുന്നു.ഇങ്ങനെ സംങ്കീര്‍ണ്ണമായാണ് മൈ ലൈഫ് പാര്‍ട്ണറിന്റെ കഥ പുരോഗമിക്കുന്നത്.

ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ മൂത്തോനിലൂടെ സ്വവര്‍ഗ്ഗ പ്രണയം മലയാള സിനിമയില്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.രണ്ടു ‘പുരുഷന്മാര്‍’ തമ്മിലുള്ള പ്രണയത്തെ ‘മനോഹരമായി’ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പ്രേക്ഷകസമൂഹം മൂത്തോനിലൂടെ സൃഷ്ടിക്കപെടുകയുണ്ടായി എന്ന് ഒരു പരിധി വരെ നമുക്ക് പറയാന്‍ സാധിക്കും.വിഷയത്തെ സംവിധായിക ഗീതു മോഹന്‍ദാസ് കൈകാര്യം ചെയ്ത രീതിയും അഭിനേതാക്കളുടെ പ്രകടനവുമാണ് മൂത്തോനെ മികവുറ്റതാക്കുന്നത്.

മൂത്തോനില്‍ രണ്ട് യാത്രകളാണ് ഉള്ളത്. ലക്ഷ്യദ്വീപില്‍ ജനിച്ചുവളര്‍ന്ന യുവാവായ അക്ബറിന്റെയും, അക്ബറിന്റെ സഹോദരി മുല്ലയുടെയും യാത്രകള്‍. അക്ബറിന്റെ യാത്രയിലാണ് പ്രേക്ഷകര്‍ അമീറിനെ കണ്ടുമുട്ടുന്നത്. അക്ബറിനും അമീറിനും ഇടയില്‍ ഉടലെടുക്കുന്ന പ്രണയം സത്യസന്ധമായി അവതരിപ്പിക്കാന്‍ മൂത്തോനായിട്ടുണ്ട്.ഇരുവരുടെയും ആദ്യ കോമ്പിനേഷന്‍ സീനില്‍ തന്നെ ഈ രണ്ടു കഥാപാത്രങ്ങങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രേക്ഷകനു സാധിക്കും. തൊട്ടടുത്തു വരുന്ന സീനുകളില്‍ അമീറും അക്ബറും തമ്മിലുള്ള ഈ ഒരു ബന്ധം ദൃഡമാക്കുവുന്നതായാണ് നമ്മള്‍ കാണുന്നത്.ഇരുവരുടെയും പരസ്പരമുള്ള ചില നോട്ടങ്ങള്‍, ചിരികള്‍, സംഭാഷണങ്ങള്‍, എന്നിവയെല്ലാം ഇരുവരുടെയും പ്രണയം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് അടയാളപെടുത്തുന്നു. ചിത്രത്തില്‍ എടുത്തു പറയേണ്ട ഒരു രംഗമാണ് അക്ബര്‍ കണ്ണാടിയില്‍ തന്റെ രൂപം സ്വയം കണ്ട് ആസ്വദിക്കുന്നത്.തന്റെ സ്വത്വം തിരിച്ചറിഞ്ഞതിലുള്ള ആത്മാനിര്‍വൃതി കൊണ്ടോ, അമീറിനോടുള്ള പ്രണയം കൊണ്ടോ അക്ബറിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി ഈ ഒരു ഷോട്ടില്‍ നമുക്ക് കാണാം.അന്നു രാത്രി ഇരുവരും അമീറിന്റെ വീട്ടില്‍ ഒത്തു ചേരുന്നു.മുന്‍പ് ചര്‍ച്ച ചെയ്ത പല സിനിമകളിലും കണ്ട പോലെ തന്നെ ഇരുവരുടെയും ബന്ധം പുറത്തറിയുന്നതോടെ ഇവര്‍ പിരിയാന്‍ ഇടയാവുന്നു.മറ്റൊരു യുവതിയെ വിവാഹം ചെയ്യേണ്ടി വരുന്ന അമീറിന് അത് അംഗീകരിക്കാന്‍ ആവുന്നില്ല. ചിത്രത്തിലെ മറ്റൊരു പ്രാധാനപ്പെട്ട രംഗമാണ് തന്റെ വിവാഹ രാത്രിയില്‍ അമീര്‍ അക്ബറിനോട് നമുക്ക് മുംബൈയില്‍ പോയി ഒരുമിച്ച് ജീവിക്കാം എന്ന് പറയുന്ന സന്ദര്‍ഭം.ചിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗങ്ങളില്‍ ഒന്നാണിത്.തങ്ങളുടെ സ്‌നേഹത്തെ ഒരു കാരണവശാലും വീട്ടുക്കാര്‍ അംഗീകരിക്കില്ലെന്ന് ഉറപ്പുള്ള അക്ബര്‍, അമീറിനെ നിരസിക്കുന്നു.മാനസികമായി തളര്‍ന്ന അമീര്‍ തിരിച്ചു തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുന്നു.മരണത്തിനു മുന്‍പ് ഊമയായ അമീര്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം അവന്റെ പ്രിയപ്പെട്ട അകബറിന്റെ പേര് ഒരു തവണ യെങ്കിലും ഒന്നുരിവിടാനായെങ്കില്‍ എന്നാണ്. ഒരു ദുരന്ത പ്രണയകഥ ബാക്കിവെക്കുന്ന വിങ്ങലും നീറ്റലും അമീറിന്റെ മരണത്തോടെ മൂത്തോനിലും പ്രേക്ഷകര്‍ അനുഭവിക്കുന്നു.രണ്ടു പുരിഷന്മാര്‍ തമ്മിലുള്ള പ്രണയത്തോട് കാലങ്ങളായി നമ്മുടെ സമൂഹത്തിനുള്ള എതിര്‍പ്പ് എന്തുകൊണ്ടോ മൂത്തോനില്‍ വ്യത്യസ്തപെട്ടിരിക്കുന്നു. ചിത്രത്തിലെ അമീറിന്റെയും അക്ബറിന്റെയും പ്രണയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

അക്ബറായി വേഷമിട്ട നിവിന്‍പോളിയുടെയും അമീറായി വേഷമിട്ട റോഷന്‍ മാത്യൂവിന്റെയും ഇതുവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് മൂത്തോനിലേത്. ചിത്രത്തിന്റെ 47 ആം മിനുട്ടിലാണ് അമീറും അക്ബറും അവതരിപ്പിക്കപെടുന്നത്.അമീറിന്റെ മരണത്തോടെ തന്റെ അസ്ഥിത്വം നഷ്ടമായ അക്ബര്‍ മുംബൈയില്‍ എത്തി തികച്ചും മറ്റൊരാളായാണ് ജീവിക്കുന്നത്. ദ്വീപിലെ അക്ബര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.എന്നാല്‍ അമീറിന്റെ മരണത്തോടെ ആ മനുഷ്യന്‍ അത്രമേല്‍ തകര്‍ന്നുപോവുന്നു.മുംബൈയില്‍ എത്തിയ അക്ബര്‍ ലഹരിക്കടിമയവുന്നു, പണത്തിനുവേണ്ടി എന്തും ചെയ്യുന്നൊരു ഗുണ്ടയായി മാറുന്നു.അമീറിന്റെയും അക്ബറിന്റെയും പ്രണയം എത്രത്തോളം ഇരുവരെയും സ്വാധിനിച്ചിട്ടുണ്ടെന്ന് മനസിലാക്കാന്‍ ഇതൊക്കെത്തന്നെ ധാരാളമാണ്. പ്രണയം കുത്തിനിറച്ച സംഭാഷണങ്ങളോ, പ്രണയഗാനത്തിന്റെ അകമ്പടിയോ ഒന്നും ഇല്ലാതെയാണ് മൂത്തോന്‍ എന്ന സിനിമയിലും കാഴ്ചകാരന്റെ മനസിലും ശക്തമായി അകബറും അമീറും അവരുടെ പ്രണയവും നിലനില്‍ക്കുന്നത്. നായികാ – നായകന്‍ പ്രണയകഥകള്‍ കൊണ്ട് സമ്പുഷ്ടമായ മലയാള സിനിമയില്‍ അതേ സ്വീകാര്യതയോടുകൂടി തന്നെയോ,അതിനു മുകളിലായോ അക്ബറിന്റെയും അമീറിന്റെയുണ് പ്രണയം ചര്‍ച്ചചെയ്യപെടുന്നുണ്ടെങ്കില്‍ അത് തന്നെയാണ് വര്‍ത്തമാന മലയാള സിനിമയെക്കുറിച്ചും സിനിമാസ്വാദന സമൂഹത്തെക്കുറിച്ചും നമുക്കുള്ള പ്രതീക്ഷകള്‍.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.