കെ. പി. സേതുനാഥ്
‘കിഫ്ബി ഈ വീടിന്റെ ഐശ്വര്യം’ എന്ന ഫലകം ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഔദ്യോഗിക വസതിയില്‍ പ്രതിഷ്ഠാപനം നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല. എന്നാല്‍ കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നേരിടുന്ന കാലിയായ ഖജനാവെന്ന നിത്യദുഖത്തില്‍ നിന്നും തല്‍ക്കാലം പുറത്തു കടക്കുന്നതിനുള്ള ഒറ്റമൂലി കിഫ്ബിയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമൊന്നുമില്ല. കഴിഞ്ഞ നാലര വര്‍ഷത്തിലധികമായി ഡോ. ഐസ്‌ക് നിരന്തരം സംസാരിക്കുന്ന ഏകവിഷയം കിഫ്ബി മാത്രമാണ്. എന്താണ് കിഫ്ബിയുടെ രൂപീകരണത്തിനുള്ള കാരണം. സംസ്ഥാനത്തെ സാമൂഹ്യ ജീവിതത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഉള്ളവ കാലോചിതമായ പരിഷ്‌ക്കരിക്കുന്നതിനും ആവശ്യമായ പണം നിക്ഷേപിക്കുന്നതിനുളള വരുമാനം കണ്ടെത്തുന്നതിനുള്ള ഒരു ഉപാധിയാണ് കിഫ്ബി. കേരളത്തിന്റെ തനതായ വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളം, പെന്‍ഷന്‍, വായ്പ തിരിച്ചടവ് എന്നീ മുന്നു ഗണങ്ങളിലാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈ ബാധ്യതകള്‍ നിറവേറ്റിക്കഴിഞ്ഞാല്‍ മേല്‍പ്പറഞ്ഞ അടിസ്ഥാന മേഖലകളില്‍ മൂലധന നിക്ഷേപം നടത്തുന്നതിനായി സര്‍ക്കാരിന്റെ പക്കല്‍ മറ്റു വരുമാന ശ്രോതസ്സുകള്‍ ഒന്നുമില്ല. പൊളിഞ്ഞു വീഴാറായ ക്ലാസ്സു മുറികള്‍ മുതല്‍ പൊട്ടിപ്പൊളിഞ്ഞ പൊതുനിരത്തുകള്‍ വരെ മെച്ചപ്പെടുത്തണമെങ്കില്‍ വായ്പയെടുക്കാതെ നിവര്‍ത്തിയില്ല എന്നാണ് സ്ഥിതി. 1980-കളില്‍ രൂപമെടുത്ത യുഡിഎഫ്-എല്‍ഡിഎഫ് രാഷ്ട്രീയ മുന്നണികളുടെ കാലം മുതല്‍ ഇതാണ് സ്ഥിതി. ഇരുമുന്നണികളെയും പിന്തുണക്കുന്ന വിഭാഗങ്ങളിലെ പ്രമാണി വര്‍ഗങ്ങളുടെ താല്‍പര്യ സംരക്ഷണമെന്ന മുഖ്യലക്ഷ്യം നിറവേറ്റി കഴിയുമ്പോള്‍ വരുമാനത്തിന്റെ പുതിയ ശ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ ശ്രമങ്ങള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നു കരുതാനുമാവില്ല. ഈയൊരു വിഷമവൃത്തത്തെ കടക്കുന്നതിനുള്ള എളുപ്പ മാര്‍ഗമായിരുന്നു കിഫ്ബി. വിപണിയില്‍ നിന്നും കടം വാങ്ങി ചെലവു നടത്തുകയെന്ന ലളിതമായ കാര്യം മാത്രമാണ് കിഫ്ബിയുടെ മുന്നിലുള്ള അജന്‍ഡ. കടം ലഭിക്കാനുള്ള യോഗ്യത വലിയ നേട്ടവും ആഘോഷമാക്കി മാറ്റിയ പൊള്ളത്തരം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കിഫ്ബി നിലവിലുള്ള വിപണി കേന്ദ്രിത ധനസമാഹരണ സമ്പ്രദായങ്ങളുമായി പൂര്‍ണ്ണമായും താദാത്മ്യപ്പെടുന്ന ഒരു പദ്ധതിയാണ്. കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ മേഖലകളില്‍ മൗലികമായ പരിവര്‍ത്തനം മുന്നോട്ടു വയ്ക്കുന്നവര്‍ കിഫ്ബി-ക്ക് എതിരായി ഉന്നയിക്കുന്ന വിമര്‍ശനങ്ങളും സിഎജി എന്തോ മഹാകാര്യം കണ്ടെത്തിയെന്ന മട്ടിലുള്ള പ്രചാരണങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കന്നതും ഉചിതമാണെന്നു തോന്നുന്നില്ല. അവ രണ്ടും വ്യത്യസ്തങ്ങളായ പരിപ്രേക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കേരളം നേരിടുന്ന നിയോകൊളോണിയല്‍ ചൂഷണ ബന്ധങ്ങളെ കൂടതല്‍ ശക്തിപ്പെടുത്തുന്ന കെട്ടുപാടുകളെയാണ് കിഫ്ബി പോലുള്ള സമ്പ്രദായം സഹായിക്കുകയെന്ന നിലപാടുകള്‍ മുതല്‍ നവലിബറല്‍ നയങ്ങളുടെ പരിപ്രേക്ഷ്യം അതുപോലെ പിന്തുടരുന്ന സംവിധാനമാണെന്നു വരെയുള്ള മൗലികമായ വിമര്‍ശനങ്ങള്‍ ഗൗരവമായ സംവാദം ആവശ്യപ്പെടുന്നവയാണ്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സംവാദം കേരളത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ സാമൂഹ്യശാസ്ത്ര ഫക്കല്‍റ്റി-യുടെ മുന്‍ ഡീന്‍ ആയിരുന്ന ഡോ. കെ.ടി. രാം മോഹന്‍ 2019-ല്‍ എഴുതിയ ലേഖനമാണ് ഒരപവാദം. രാം മോഹന്റെ ലേഖനത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ സിഎജി കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് അതു സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചനകള്‍.
കിഫ്ബി വഴി നടക്കുന്ന ധനസമാഹരണം കേരളത്തെ വികസനത്തിന്റെ പുതിയ വിഹായസ്സുകളിലേക്കു നയിക്കുമോ അതോ കടക്കെണിയില്‍ ആഴ്ത്തുമോ എന്നതാണ് മുഖ്യമായ വിഷയം. കേരളത്തില്‍ വിറ്റഴിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും, മോട്ടോര്‍ വാഹനങ്ങളുടെയും നികുതിയില്‍ നിന്നുള്ള ഒരു നിശ്ചിത ശതമാനം കിഫ്ബിയുടെ കടം വീട്ടുന്നതിനുള്ള ഫണ്ടിലേക്കു സമാഹരിക്കുന്നതിലൂടെ കിഫ്ബി -യുടെ വായ്പ ബാധ്യതകള്‍ യഥാസമയം നിറവേറ്റുന്നതിനു കഴിയുമെന്നാണ് ഡോ. ഐസക് ആവര്‍ത്തിച്ചു പറയുന്നത്. അതിന്റെ വരും വരായ്കകളാണ് കേരളത്തിലെ പൊതു സമൂഹം യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. അതിനു പകരം ഭരണഘടനയുടെ 293-ാം അനുച്ഛേദത്തിന്റെ തലനാരിഴകീറല്‍ ഒരു പ്രയോജനവും സൃഷ്ടിക്കില്ല. ഭരണഘടനയുടെ 293-ാം അനുച്ഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യക്കകത്തു നിന്നും മാത്രമെ വായ്പയെടുക്കാന്‍ അനുവാദമുള്ളെന്നും, അതുകൊണ്ടു ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്ത മസാല ബോണ്ട് വഴി കിഫ്ബി വായ്പയെടുത്തത് ഭരണഘടന ലംഘനം ആണെന്നാണ് സിഎജി-യുടെ വാദം. കിഫ്ബി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കോര്‍പറേറ്റു സ്ഥാപനമാണെന്നും 293-പ്രകാരമുള്ള പരിമിതി അതിന് ബാധകമല്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. മറ്റൊരു ഭരണഘടന സ്ഥാപനമായ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ടുമായി കേരളം വിപണിയില്‍ എത്തിയതെന്ന വസ്തുത സര്‍ക്കാര്‍ വാദം കഴമ്പുള്ളതാണെന്നു വ്യക്തമാക്കുന്നു. എന്നു മാത്രമല്ല മസാല ബോണ്ടു വഴി സമാഹരിക്കുന്ന തുക വിന്യസിക്കുന്നതിന്റെ കണക്കുകള്‍ ആറു മാസത്തിലൊരിക്കല്‍ റിസര്‍വ് ബാങ്കിനു നല്‍കേണ്ടതുണ്ട്. കണക്കെടുപ്പിന്റെ വലിയ കണക്കപ്പിള്ളയായ സിഎജി ഈ വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്നു കരുതാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു പറ്റം അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാര്‍ മൊത്തമായും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന ധാരണ വ്യാപകമായി സൃഷ്ടിക്കുന്നതിന് ഏതാനും മാസങ്ങളായി നിരന്തരം ശ്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പായി സിഎജി-യുടെ വിലയിരുത്തല്‍ തോന്നിയാല്‍ അതില്‍ അതിശയിക്കാനാവില്ല. കിഫ്ബി മുന്നോട്ടു വയ്ക്കുന്ന വികസന പദ്ധതികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ഉള്ളടക്കത്തെ സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നതിനു പകരം കിഫ്ബിയുടെ ധനസമാഹരണം ഭരണഘടന വിരുദ്ധമാണെന്ന സാങ്കേതിക യുക്തികള്‍ മുന്നോട്ടു വയ്ക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമ്മര്‍ദ്ദങ്ങള്‍ മാത്രമാണ്. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തി സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരത്തിലേക്കുള്ള കടന്നു കയറുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായി കിഫബി വിവാദത്തെ വിലയിരുത്തിയാല്‍ ഇപ്പോഴത്തെ നിലയില്‍ തെറ്റു പറയാനാവില്ല. എന്നാല്‍ സിഎജി റിപോര്‍ട് കരടാണോ അന്തിമമാണോയെന്ന കാര്യത്തില്‍ ഒട്ടും അവധാനതയില്ലാതെ പ്രതികരിച്ച ഡോ. ഐസ്‌കിന്റെ പ്രവര്‍ത്തി ഗുണത്തെക്കാള്‍ ദോഷമാണ് വരുത്തിയതെന്ന കാര്യത്തിലും തര്‍ക്കമില്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.