Kerala

കേരളം ട്രാന്‍സ് സൗഹൃദ സംസ്ഥാനമെന്ന മിഥ്യ

ലിംഗനീതിയേയും സാമൂഹ്യനീതിയേയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരാണല്ലോ മലയാളികള്‍. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ നിരന്തരമായി പുറത്തുവരാറുണ്ട്. പോയവാരത്തിലും അത്തരമൊരു സംഭവം കേരളത്തിന്റെ മെട്രോനഗരമായ എറണാകുളത്തുനിന്ന് പുറത്തുവന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജനയ്ക്ക് നേരെ പലവട്ടം നടന്ന അക്രമമാണ് ഉദ്ദേശിക്കുന്നത്.
സാമൂഹ്യവിരുദ്ധര്‍ പലവട്ടം അക്രമിച്ചതിനേക്കാള്‍ അപലപിക്കപ്പെടേണ്ട സംഭവമാണ് പോലീസില്‍ നിന്നുണ്ടായത് എന്നതാണ് എടുത്തു പറയേണ്ടത്. ആശുപത്രിയില്‍ ചികിത്സതേടിയിട്ടും അതിന്റെ ഇന്റിമേഷന്‍ സ്റ്റേഷനില്‍ നല്‍കിയിട്ടും ആക്രമിക്കപ്പെടുന്നതിന്റെ വോയ്സ് റെക്കോര്‍ഡ് ഉണ്ടായിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ആണും പെണ്ണും കെട്ടവര്‍ ബിരിയാണി കച്ചവടം നടത്തേണ്ടതില്ല എന്നു പറഞ്ഞാണ് സാമൂഹ്യവിരുദ്ധര്‍ അവരെ അക്രമിച്ചതെങ്കില്‍ എന്തിനാണ് നിങ്ങള്‍ വേഷം മാറി നടക്കുന്നതെന്ന് ആക്ഷേപിക്കുകയായിരുന്നു പോലീസ് ചെയ്തത്. സംഭവം വാര്‍ത്തയാകുകയും പല സംഘടനകളും പ്രതിഷേധവുമായി ഇറങ്ങുകയും ചെയ്തപ്പോള്‍ മന്ത്രി കെ കെ ഷൈലജ നേരിട്ട് ഇടപെടുകയായിരുന്നു. അപ്പോഴാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.

ലൈംഗികാഭിരുചിയുടെ കാര്യത്തില്‍ വ്യത്യസ്തരായി എന്ന കാരണത്താല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിലാകട്ടെ അതേറ്റവും കൂടുതലുമാണ്. അവര്‍ മര്‍ദ്ദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ ആത്മഹത്യയിലഭയം തേടുന്നതോ കൊലചെയ്യപ്പെടുന്നതോ പോലും മനുഷ്യാവകാശ പ്രശ്നമായി നാം കാണുന്നതേയില്ല. അവരതഹര്‍ക്കുന്നു എന്നതാണ് മലയാളികളുടെ പൊതുവികാരം. അതിനിടയിലാണ് ഏതാനും വര്‍ഷം മുമ്പ് ഏതാനും സാമൂഹ്യപ്രവര്‍ത്തകരും ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളും ഈ വിഷയം സജീവമായി ഉയര്‍ത്താനാരംഭിച്ചത്. കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നീതി നിഷേധങ്ങള്‍ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുക, അവരവരുടെ ലൈംഗിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്വിയര്‍ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വര്‍ണ്ണാഭമായ ക്വിയര്‍ പ്രൈഡ് പരേഡ് എന്ന പരിപാടിയും ആരംഭിച്ചു. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ്ഗരതി കുറ്റവിമുക്തമാക്കിക്കൊണ്ട് നടത്തിയ സുപ്രധാനമായ വിധിയെ തുടര്‍ന്നാണ് ക്വിയര്‍ പ്രൈഡ് പരേഡ് ആരംഭിച്ചത്. കുടുംബത്തേയും സമൂഹത്തേയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവെച്ചു ജീവിച്ചിരുന്ന പലരും തങ്ങളുടെ ലിംഗസ്വത്വം വെളിപ്പെടുത്തി പുറത്തു വന്നത് അപ്പോഴായിരുന്നു. കേരളത്തില്‍ ജീവിക്കാന്‍ ഭയന്ന് ബാംഗ്ലൂരിലും ചെന്നൈയിലും മറ്റും ജീവിച്ചിരുന്നവരും തിരിച്ചുവരാന്‍ തുടങ്ങി. എന്നാല്‍ അടിസ്ഥാനതലത്തില്‍ മലയാളികള്‍ മാറാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് പൊതുവില്‍ തങ്ങളുടെ വീട്ടിലോ നാട്ടിലോ ജീവിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിടങ്ങളിലുമെല്ലാം തുടരുന്നു. കേരളത്തില തന്നെ പട്ടണങ്ങളില്‍ ഒറ്റക്കും കൂട്ടായും അവര്‍ ജീവിക്കാന്‍ തുടങ്ങി. മിക്കവര്‍ക്കും റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ പോലുമില്ല. പലരും ഓരോ തൊഴിലുകളില്‍ പോകാന്‍ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. തൊഴില്‍ ലഭിച്ചാല്‍ ത്‌ന്നെ അദികകാലം തുടരാന്‍ കഴിയുന്ന സാഹചര്യം എവിടേയും ഉണ്ടായിരുന്നില്ല. അങ്ങെനെ ഒരുവിഭാഗമെങ്കിലും ലൈംഗികതൊഴിലിലേര്‍പ്പെടുകയായിരുന്നു.

അതേസമയം അവരില്‍ തന്നെ ആത്മാഭിമാനമുള്ള ഒരുവിഭാഗം പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. അങ്ങനെയാണ് മുന്‍സര്‍ക്കാരിന്റെ കാലത്ത് ട്രാന്‍സ്‌ജെന്റര്‍ നയം പ്രഖ്യാപിച്ചത്. സുപ്രിംകോടതി നിര്‍ദ്ദേശവും അതിനു കാരണമായി. രാജ്യത്ത് അതാദ്യം പ്രഖ്യാപിച്ചത് കേരളത്തിലായിരുന്നു. വളരെയേറെ പുരോഗമനഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രഖ്യാപിക്കപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ നയത്തില്‍ തന്നെ ഇരട്ടത്താപ്പ് പ്രകടമാണെന്ന് ക്യുവര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായി നയം ജെന്ററിനെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ലൈംഗികതയെ ഒഴിവാക്കുന്നു. അതുവഴി അത് ലൈംഗിക സ്വയംനിര്‍ണ്ണയാവകാശമെന്ന യുഎന്‍ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണ്. മാത്രമല്ല, നയം പ്രഖ്യാപിച്ചെങ്കിലും അതിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. പോലീസുകാര്‍ പോലും ഇക്കാര്യത്തില്‍ അജ്ഞരാണ്. തനിക്കിതൊന്നും അറിയാമായിരുന്നില്ല എന്ന് ഇപ്പോഴത്തെ സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് കണ്ടു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെ സംബന്ധിച്ച് കുറെയേറെ ഗുണകരമായ വശങ്ങള്‍ നയത്തിലുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തിയവരെ മാത്രമെ അത് പരിഗണിക്കുന്നുള്ളു. അതും ട്രാന്‍സ് വിമന്‍ എന്നു പറയുന്ന പുരുഷന്‍ സ്ത്രീയായി മാറിയവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. മറിച്ചുള്ളവരെ ഈ നയം അവഗണിക്കുന്നു. ട്രാന്‍സ് മെന്‍ ഒരു ശതമാനമേ വരൂ എന്നാണ് കാരണമായി പറയുന്നത്. ആ കണക്കു തന്നെ ശരിയല്ല. അവര്‍ക്കിപ്പോഴും പുറത്തുവരാനാകുന്നില്ല എന്നതാണ് സത്യം. അതുവരേയും സ്ത്രീയായി ‘അടങ്ങിയൊതുങ്ങി’ കഴിഞ്ഞവര്‍ ഒരു സുപ്രഭാതത്തില്‍ പുരുഷനായി പുറത്തിറങ്ങി നടക്കുന്നത് മലയാളിസമൂഹത്തിനു സഹിക്കാന്‍ കഴിയുമോ..? സമൂഹത്തിന്റെ ഈ നിലപാടുതന്നെയാണ് നയത്തിലും പ്രകടമായിരിക്കുന്നത്. ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങളുടെ പഠനം ഉറപ്പുവരുത്തുക, അതിനായി അധ്യാപകരേയും മറ്റു ബന്ധപ്പെട്ടവരേയും സജ്ജരാക്കുക, ഇവരുടെ ഒന്നിച്ചുതാമസിക്കാനുള്ള അവകാശത്തേയും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തേയും അംഗീ കരിക്കുക, പൊതുസ്ഥലങ്ങളില്‍ പ്രത്യക ടോയ്ലറ്റുകള്‍ സ്ഥാപിക്കുക, എല്ലാ അപേക്ഷാഫോമുകളിലും ഇവരുടെ കോളം ഉറപ്പുവരുത്തുക, ഐഡി കാര്‍ഡുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തുക, ഇവരുടെ അവ കാശങ്ങള്‍ ഉറപ്പുവരുത്താനായി കമ്മീഷന്‍ രൂപവല്‍ക്കരിക്കുക തുടങ്ങി പല നിര്‍ദ്ദേശങ്ങളും നയത്തിലുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നില്ല. മാത്രമല്ല, ഇവരര്‍ഹിക്കുന്നത് സഹതാപമല്ല, അവകാശമാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു.

ട്രാന്‍സ്‌ജെന്റര്‍ നയത്തിലില്ലാത്ത ഫല ആവശ്യങ്ങളും കേരളത്തിലെ ക്യുര്‍ സമൂഹം മുന്നോട്ടുവെക്കുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം പോലെ, സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ പോലെ കര്‍ശനമായ നിയമങ്ങളിലൂടെ ഇവര്‍ക്കെതിരായ കടന്നാക്രമണങ്ങളും തടയണം. അതുപോലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അവകാശമായി അംഗീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണം, ബലാല്‍ സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇവരെയും ഉള്‍പ്പെടുത്തണം, സീരിയലുകളിലും സിനിമകളിലും ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കണം, ഇന്നത്തെ അവസ്ഥയില്‍ ജനപ്രതിനിധികളായി ഇവര്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവായതിനാല്‍ ജനപ്രതിനിധിസഭകളില്‍ ഇവരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യണം, ലെസ്ബിയന്‍ ഗേ ബൈ സെക്ഷ്വല്‍ ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങളിലും മറ്റ് വ്യത്യസ്ത ലിംഗ ലൈംഗിക സ്വത്വങ്ങളില്‍ ജീവിക്കുന്നവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കൂന്നതി നാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ കമ്മ്യൂണിറ്റിയുമായി ചര്‍ച്ച ചെയ്തു നടപ്പാക്കണം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരവരുടെ ലിംഗ സ്വത്വത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ അനുവദിക്കണം, ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും കേരളീയ സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധവും ആണ്‍ കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകളും ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകളുമൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ചാത്തലമാകുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ലൈംഗികത, ലിംഗഭേദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം, ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ടി ടി സി, ബി എഡ് കോഴ്സുകളുടെ സിലബസ്സില്‍ അവ ഉള്‍പ്പെടുത്തണം, ഇവര്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഗവണ്‍മെന്റ് തലത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം, ഗവണ്‍മെന്റ് ജോലികളുമായി ബന്ധപ്പെട്ടും ഉപരി പഠനവുമായി ബന്ധപ്പെട്ടുമുള്ള ഫോമുകളിലും പരീക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍ പ്പെടുന്നവര്‍ക്ക് പ്രത്യേക സംവരണം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഈ രംഗത്തുള്ളവര്‍ ഉന്നയിക്കുന്നു. അതിനുള്ള സമരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ ട്രാന്‍സ്‌ജെന്റര്‍ നയം പ്രഖ്യാപിച്ചശേഷവും നിരവധി ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുകയും ജീവിക്കാനാവാതെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. പോലീസ് അതിക്രമങ്ങള്‍ കുറയുകയല്ല, കൂടുകയാണ്. എറമാകുളത്തും കോഴിക്കോടും തൃശൂരും മലപ്പുറത്തും തിരുവനന്തപുരത്തുമൊക്കെ ഇവര്‍ക്കെതിരെ പോലീസിന്റെ നായാട്ടുതന്നെ നടന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴായിരുന്നു സര്‍ക്കാര്‍ ഏതാനും ട്രാന്‍സ്‌ജെന്ററുകള്‍ക്ക് മെട്രോ റെയിലില്‍ ജോലി കൊടുക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ കൊടുത്തത് മെട്രോയിലെ കാന്റീനും ശുചീകരണവും മറ്റും കരാറെടുത്ത കുടുംബശ്രീയിലെ താല്‍ക്കാലിക ജീവനക്കാരായിട്ടായിരുന്നു. തുച്ഛം വേതനം. താമസസൗകര്യമില്ല. ലോഡ്ജുകളില്‍ താമസിക്കാന്‍ പോലും പോലീസനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ മിക്കവാറും പേര്‍ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.

കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയവരില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവരാണ് ട്രാന്‍സ്‌ജെന്റര്‍ സമൂഹം. എല്ലാവരും പരമാവധി സ്വന്തം വീടുകളിലിരിക്കാനാണല്ലോ കൊവിഡ് വിദഗ്ധര്‍ പറയുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഏറ്റവും പ്രധാന പ്രശ്നം സ്വന്തം വീടുകളിലേക്കുപോലും പ്രവേശനമില്ലാത്തതാണ്. ലോഡ്ജുകള്‍ പൂട്ടിയപ്പോള്‍ ആ സാധ്യതയും ഇല്ലാതായി. റേഷന്‍കാര്‍ചില്ലാത്തതിനാല്‍ മിക്കവര്‍ക്കും സര്‍ക്കാരിന്റെ കിറ്റ് പോലും ലഭിച്ചില്ല. മിക്കവരും അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി. ഇത്തരമൊരു സാഹചര്യത്തിലാണ് സജന ബിരിയാണി കച്ചവടം തുടങ്ങിയത്. എന്നാലതുപോലും അനുവദിക്കാത്ത അവസ്ഥയിലാണ് പ്രബുദ്ധകേരളം എന്നതാണ് വൈരുദ്ധ്യം. പിന്നെങ്ങിനെയാണ് നമ്മുടേത് ട്രാന്‍സ് സൗഹൃദ സംസ്ഥാനമാകുന്നത്?

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.