Web Desk
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന്‍റെ ദിനങ്ങളാണ് കടന്നു പോകുന്നത്. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നൽകിയാണ് സർക്കാർ ഓരോ ചുവടുകളും വെച്ചത്. മാറ്റം വേഗത്തിൽ പ്രകടമായി. പാഠപുസ്തകങ്ങൾ വേഗത്തിൽ സ്കൂളുകളിൽ എത്തിക്കാനായിരുന്നു ശ്രമം. സ്കൂൾ അടക്കും മുമ്പെ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ കുട്ടികൾക്ക് എത്തി തുടങ്ങി. സൗജന്യ യൂണിഫോം കൈത്തറി ആക്കിയെന്ന് മാത്രമല്ല, അവയും സ്കൂൾ തുറക്കും മുമ്പെ കുട്ടികളുടെ കൈയിൽ എത്തി. സ്കൂളുകൾ അടച്ചുപൂട്ടലല്ല, അടച്ചു പൂട്ടുന്നവ ഏറ്റെടുക്കലാണ് നയമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു.
അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള ബൃഹദ് പദ്ധതി സ്കൂളുകളുടെ മുഖഛായ മാറ്റി. ഹൈസ്കൂൾ – ഹയർ സെക്കൻററി വിഭാഗത്തിലെ 45,000 ക്ലാസ് മുറികളാണ് കൈറ്റിന്‍റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ടിലൂടെ ഹൈടെക് ആയത്. 9941 സര്‍ക്കാര്‍ എയ്ഡെഡ് പ്രൈമറി – അപ്പർ പ്രൈമറിവിദ്യാലയങ്ങളില്‍ 292 കോടി രൂപയുടെ ഹൈടെക് ലാബുകൾ സ്ഥാപിച്ച് ഹൈടെക് പഠനം സാധ്യമാക്കി.14000 സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും 4752 സ്‌കൂളുകളിൽ ഐടി അടിസ്ഥാന വീതവും, 444 സ്‌കൂളുകൾവികസനവും ഉറപ്പുവരുത്തി.141 സ്‌കൂളുകൾക്ക് 5 കോടി രൂപ വീതവും, 395 സ്‌കൂളുകൾക്ക് 3 കോടി രൂപക്ക് 1 കോടി രൂപ വീതവും അനുവദിച്ചു. 52 വിദ്യാലയങ്ങൾക്ക് നബാർഡ് സ്‌കീമിൽ 104 കോടി രൂപയും അനുവദിച്ചു. വിദ്യാലയങ്ങൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ രണ്ടായിരം കോടിയുടെ പദ്ധതിയും പൂർത്തിയാവുകയാണ്.
കേരളം വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റം ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നത് സന്തോഷകരമാണ്. കഴിഞ്ഞ വർഷം വരെയുള്ള കണക്കനുസരിച്ച് 5 ലക്ഷത്തിലധികം കുട്ടികളാണ് ഈ സർക്കാരിൻ്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ പുതുതായി എത്തിയത്. മുൻ ഭരണകാലത്ത് 5 വർഷം 5 ലക്ഷത്തോളം കുട്ടികൾ കുറഞ്ഞ സ്ഥാനത്താണ് ഈ മുന്നേറ്റം. കാൽ നൂറ്റാണ്ടിനു ശേഷം നമ്മുടെ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചു. ഈ കോവിഡ് കാലത്ത് നാം ഓൺലൈൻ പഠനവും നടപ്പാക്കുകയാണ്.