Kerala

കുഞ്ഞുഞ്ഞ്-കുഞ്ഞാപ്പ: അച്ചുതണ്ടും ചെന്നിത്തലയും

കെ.പി സേതുനാഥ്

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവുമാണ് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇന്നലെ മുതല്‍ നിറഞ്ഞുനില്‍ക്കുന്നത്. സിപിഐഎമ്മും ബിജെപിയും പരോക്ഷമായെങ്കിലും ഈ രണ്ടു സംഭവങ്ങളുടെയും രാഷ്ട്രീയപ്രസക്തിയെ ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്ക് ഇതിനകം തുടക്കമിട്ടു കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി അടുത്ത കേരള മുഖ്യമന്ത്രി എന്ന വ്യാഖ്യാനമാണ് സംഘപരിവാറിന്റെ സൈദ്ധാന്തികനായ ഹരി. എസ്. കര്‍ത്ത നടത്തിയിട്ടുള്ളത്. സിപിഎമ്മിലെ പിണറായി വിഭാഗത്തിന്റെ രഹസ്യ പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടാവുമെന്നും തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ കര്‍ത്ത ചുണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സും, ലീഗും തമ്മില്‍ സീറ്റുകളുടെ കാര്യത്തില്‍ നേരിയ അന്തരം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇപ്പോഴത്തെ ദുര്‍ബലാവസ്ഥയില്‍ ലീഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ലെന്നുമാണ്, സി.എച്ച്. മുഹമ്മദ് കോയക്ക് ശേഷം ആദ്യമായി കേരളത്തില്‍ ഒരു ലീഗ് നേതാവ് മുഖ്യമന്ത്രിയാവും എന്ന തന്റെ വാദത്തിന്റെ അടിസ്ഥാനമായി കര്‍ത്ത മുന്നോട്ടുവയ്ക്കുന്ന ന്യായം. ഇപ്പോഴത്തെ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 21-ഉം ലീഗിന് 18-ഉം അംഗങ്ങളാണുള്ളത്. വെറം മൂന്നു പേരുടെ ഭൂരിപക്ഷം മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത് എന്ന യുക്തി ഇതിനായി അദ്ദേഹം ഉയര്‍ത്തുന്നു. എന്നാല്‍ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38-സീറ്റുകളുമായി യുഡിഎഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ്സിന് ലീഗിനേക്കാള്‍ 18 എംഎല്‍എ-മാര്‍ കൂടുതലുണ്ടായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വ്വം അദ്ദേഹം മറന്നതായിരിക്കും. മുഖ്യമന്ത്രി സ്ഥാനം നല്‍കി കുഞ്ഞാലികുട്ടിയെ കേരളത്തിലേക്കു വരവേല്‍ക്കാനുള്ള സംഘപരിവാര്‍ സൈദ്ധാന്തികന്റെ പ്രചോദനമെന്താവും?

ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനും മുമ്പ് സിപിഎം-ന്റെ ജിഹ്വയായ ദേശാഭിമാനിയില്‍ കുഞ്ഞാലി കുട്ടിയുടെ മടങ്ങിവരവിനെ പറ്റിയുളള വിലയിരുത്തലും പരിശോധിക്കേണ്ടതുണ്ട്. കുഞ്ഞാലി സാഹിബിന്റെ വരവോടെ ഉമ്മന്‍ ചാണ്ടി-കുഞ്ഞാലി കുട്ടി അച്ചുതണ്ട് യുഡിഎഫില്‍ രൂപപെട്ടുവെന്നും അത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ദുര്‍ബലമാക്കിയെന്നുമാണ് ദേശാഭിമാനിയുടെ രാഷ്ട്രീയ ലേഖകനായ ശ്രീകണ്ഠന്റെ വിലയിരുത്തല്‍. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം ഇതോടെ ഒരു വഴിക്കായെന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍ 2011-ലേതു പോലെ കുഞ്ഞൂഞ്ഞ്-കുഞ്ഞാലി ഐക്യം യുഡിഎഫില്‍ ശക്തമാവും എന്നാണ് ദേശാഭിമാനിയുടെ പക്ഷം. മരണമടഞ്ഞതിനാല്‍ കുഞ്ഞുമാണി ഇല്ല. മാത്രമല്ല അദ്ദേഹത്തിന്റെ പുത്രന്‍ ജോസ്.കെ.മാണി യുഡിഎഫില്‍ നിന്നും പുറത്തായതുമാണ് ഈ വിലയിരുത്തല്‍ തിരക്കഥകളിലെ ഇതുവരെയുള്ള ഏക ട്വിസ്റ്റ്. കര്‍ത്തയുടെ പോസ്റ്റും, ദേശാഭിമാനിയുടെ വാര്‍ത്തയും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു സുപ്രധാന തീം എന്തായിരിക്കുമെന്ന ദിശാസൂചിക അവ രണ്ടും പ്രദാനം ചെയ്യുന്നു. ന്യുനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന്റെ ബലത്തില്‍ മുസ്ലീം ലീഗ് കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെ ഒരു പോലെ നിയന്ത്രിക്കുന്നവെന്ന സംഘപരിവാര്‍ വ്യാഖ്യാനം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കര്‍ത്ത കുഞ്ഞാലി കുട്ടി മുഖ്യമന്ത്രിയാവും എന്ന കണ്ടെത്തല്‍ നടത്തുന്നത്. കോണ്‍ഗ്രസ്സിന്റെ ഹിന്ദു വോട്ടുകളില്‍ പരമാവധി ചോര്‍ച്ച ഉറപ്പുവരുത്തി കേരളത്തില്‍ ഹിന്ദു-മുസ്ലീം ധ്രുവീകരണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് കര്‍ത്തയുടെ ലക്ഷ്യം. യുഡിഎഫിലും, എല്‍ഡിഎഫിലും കുഞ്ഞാലി കൂട്ടി ഒരു പോലെ സ്വീകാര്യനാണെന്ന വിലയിരുത്തല്‍ ഇതിന്റെ ഭാഗമാണ്.

മുസ്ലീം വോട്ടുകളുടെ ഏകീകരണത്തെ പറ്റിയുള്ള ഉത്ക്കണ്ഠകള്‍ ദേശാഭിമാനിയുടെ വിലയിരുത്തലും പരോക്ഷമായി പങ്കു വെയ്ക്കുന്നു. മറ്റ് മുസ്ലീം സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞാലി കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിയതെന്ന വാദമാണ് ദേശാഭിമാനി റിപോര്‍ട്ടിലെ പ്രധാന ഊന്നല്‍. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ പേരെടുത്തു പറയുന്ന റിപോര്‍ട് പറയാതെ പറയുന്നത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന്റെ സാധ്യതകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും യുഡിഎഫ് നേടിയതിനുള്ള ഒരു പ്രധാനകാരണം നൂനപക്ഷ വോട്ടുകളുടെ അസാധാരണമായ കേന്ദ്രീകരണം ആണെന്ന വിലയിരുത്തല്‍ സിപിഎം നേരത്തെ തന്നെ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന ധാരണയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷം ഒന്നടങ്കായി യുഡിഎഫിനു വോട്ടു ചെയ്യാനിടയായ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നു മാത്രമല്ല കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിലെ അനിശ്ചിതത്വും, പ്രതിസന്ധിയും പഴയതുപോലെ പൂര്‍ണ്ണമായും കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ അര്‍പ്പിക്കുവാന്‍ മുസ്ലീം ന്യുനപക്ഷത്തിനെ പ്രേരിപ്പിക്കുമെന്നു കരുതാനാവില്ല. ഈയൊരു സാഹചര്യത്തില്‍ മുസ്ലീം ന്യുനപക്ഷ വോട്ടുകളില്‍ സംഭവിക്കുന്ന ചെറിയ ഇടിവുപോലും കോണ്‍ഗ്രസ്സിനും, ലീഗിനും ആത്മഹത്യപരമായിരിക്കും. കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം യുഡിഎഫില്‍ നിന്നും പുറത്തായത് മധ്യകേരളത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ലാത്ത സാഹചര്യത്തില്‍ മുസ്സീം ന്യൂനപക്ഷ വോട്ടിന്റെ പ്രസക്തി വളരെ കൂടുതലാണ്.

യുഡിഎഫിന്റെ മുസ്ലീം വോട്ടുകളില്‍ ശോഷണമൊന്നും സംഭവിക്കാതിരിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലി കുട്ടിയുടെ മടങ്ങി വരവ് എന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലീം സമുദായത്തിലെ വിവിധ അധികാര ബ്ലോക്കുകളുമായി വേണ്ട നിലയിലുള്ള ഡീലുകള്‍ ഉറപ്പിക്കുന്നതിന് ലീഗ് നേതൃത്വത്തില്‍ മറ്റൊരാളില്ല. നിയമ സഭ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ മടങ്ങിവരവിന് തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം കുഞ്ഞൂഞ്ഞ്-കുഞ്ഞാപ്പ അച്ചുതണ്ട് തികച്ചും അഭികാമ്യമാവും. ഈ പുതിയ സംഭവവികാസങ്ങളോടെ സംസ്ഥാന കോണ്‍ഗ്രസ്സിലെ ശാക്തിക ചേരികള്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുമെന്നു കാര്യത്തില്‍ സംശയമില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.