കെ.പി. സേതുനാഥ്
ഡിജിറ്റല്‍ സാങ്കേതികവിദ്യ വിമോചനാത്മകമായ മാധ്യമ പ്രവര്‍ത്തനത്തിന് എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന കാര്യത്തില്‍ പുതിയൊരു പന്ഥാവിന് വഴിയൊരുക്കിയ വിക്കിലീക്ക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജയെ പ്രശസ്ത ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്‍ വഞ്ചിച്ചുവെന്ന ആക്ഷേപം ശക്തമാകുന്നു. അമേരിക്കയില്‍ കുറ്റവിചാരണ നേരിടുന്നതിന് അസാന്‍ജയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ നടക്കുന്ന കേസ്സിന്റെ വിചാരണവേളയിലാണ് ലിബറല്‍ പുരോഗമന മാധ്യമമെന്നു ഖ്യാതി നേടിയ ഗാര്‍ഡിയന്‍ അസാന്‍ജയോടു നടത്തിയ വഞ്ചനയുടെ വിശദവിവരങ്ങള്‍ പുറത്തുവരുന്നത്.
വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗാര്‍ഡിയനിലെ പത്രപ്രവര്‍ത്തകര്‍ മാത്രമല്ല ഗാര്‍ഡിയന്‍ എന്ന സ്ഥാപനം തന്നെ ഇക്കാര്യത്തില്‍ നടത്തിയ നെറികേടിനെപ്പറ്റി പലപ്പോഴായി ഇതിനകം വാര്‍ത്തകള്‍ പുറത്ത വന്നിരുന്നു. എഴുത്തുകാരും പത്രപ്രവര്‍ത്തകരുമായ ജോണ്‍ പില്‍ജര്‍, ജോനാഥന്‍ കുക്ക് തുടങ്ങിയവര്‍ ഗാര്‍ഡിയനെ പോലെ പുരോഗമനത്തിന്റെ മേലങ്കിയണിഞ്ഞ മാധ്യമസ്ഥാപനങ്ങള്‍ അസാന്‍ജയോടു കാട്ടിയ നീതികേടിന്റെ ചരിത്രം കഴിഞ്ഞ ഒരു ദശകമായി വിശദമായി രേഖപ്പെടുത്തുന്നു. അതിന്റെ തുടര്‍ച്ചയാണ് ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലിയില്‍ നടക്കുന്ന വിചാരണയുമയി ബന്ധപ്പെട്ട് കുക്ക് തയ്യാറാക്കിയ രണ്ടു ലേഖനങ്ങള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ ഉതകുന്ന രഹസ്യങ്ങള്‍ പുറത്തുവിട്ടതു വഴി അമേരിക്കയുടെ ദേശീയ സുരക്ഷതിത്വത്തിനു വരുത്തിയ അപകടത്തിന്റെ പേരില്‍ അസാന്‍ജെ അമേരിക്കയില്‍ കുറ്റവിചാരണ ചെയ്യപ്പെടണം എന്നാണ് അമേരിക്കയുടെ ആവശ്യം. അസാന്‍ജെയുടെ നടപടി നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കുന്ന കുറ്റകൃത്യം ആയിരുന്നു എന്നാണ് അമേരിക്കയുടെ വാദം. രാജ്യദ്രോഹപരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട അസാന്‍ജയെ കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. തങ്ങളുടെ വാദത്തിനുള്ള ഏറ്റവും വലിയ തെളിവുകളായി അമേരിക്ക മുന്നോട്ടു വയ്ക്കുന്നത് ഗാര്‍ഡിയന്റെ വാര്‍ത്തകളും, വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ ഗാര്‍ഡിയനു വേണ്ടി കൈകാര്യം ചെയ്ത രണ്ടു പത്രപ്രവര്‍ത്തകര്‍ ചേര്‍ന്നു തയ്യാറാക്കിയ അസാന്‍ജെയുടെ ജീവചരിത്രത്തില്‍ നിന്നുള്ള വിവരങ്ങളുമാണ് അമേരിക്ക പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന തെളിവുകള്‍. അസാന്‍ജെ നടത്തിയത് മാധ്യമ പ്രവര്‍ത്തനമല്ല ചാരവൃത്തി ആണെന്ന അമേരിക്കന്‍ വാദത്തിനെ നീതീകരിക്കുന്നതിനു വേണ്ട തെളിവുകളുടെ ദുര്‍ബലാവസ്ഥ കണക്കിലെടുത്താണ് അമേരിക്ക പുസ്തകത്തില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കുന്നതെന്ന് കുക്ക് വിലയിരുത്തുന്നു. വ്യക്തിഗതമായ സത്യസന്ധത, തൊഴില്‍പരമായ വിശ്വാസ്യത, ആശയപരവും, ധാര്‍മികവുമായ പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങളുടെ ഏതു മാനദണ്ഠങ്ങള്‍ അനുസരിച്ചായാലും ഗാര്‍ഡിയനും, അതിലെ രണ്ടു പത്രപ്രവര്‍ത്തകരും അസാന്‍ജെയോടു സ്വീകരിച്ച നയം തികഞ്ഞ നെറികേടിന്റേതായിരുന്നു.
മാധ്യമപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം രചിച്ച വിക്കിലീക്ക്‌സിന്റെ ഉത്ഭവം 2010-ലാണ്. അമേരിക്കന്‍ പ്രതിരോധവകുപ്പില്‍ നിന്നുള്ള വിസില്‍ ബ്ലോവര്‍ ആയ ചെല്‍സിയ മാനിംഗില്‍ നിന്നുള്ള ആദ്യസെറ്റ് രേഖകള്‍ അസാന്‍ജെയുടെ കൈകളില്‍ എത്തുന്നത്. അഫ്ഗാനിസ്ഥാനിലും, ഇറാഖിലും അമേരിക്ക നടത്തിയ പാതകങ്ങളെപ്പറ്റിയുള്ള ആയിരക്കണക്കിനു രഹസ്യ സന്ദേശങ്ങളുടെയും, വിവരണങ്ങളുടെയും രേഖകളായിരുന്നു അവ. വിക്കിലീക്‌സ് പോലുളള ചെറിയ സംരഭത്തിനു കൈകാര്യം ചെയ്യുവാന്‍ പറ്റുന്നതിലും അപ്പുറമുള്ള വിവരങ്ങളുടെ നിധിശേഖരം പരമാവധി ഉപയോഗപ്പെടുത്തണ്ടതിന്റെ ആവശ്യമുണ്ടായിരുന്നു. ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഡെഷ് സ്പീഗല്‍ തുടങ്ങിയ മുഖ്യധാര മാധ്യമങ്ങളും, അസാന്‍ജെയും തമ്മിലുള്ള ധാരണയുടെ തുടക്കം ഇതായിരുന്നു. തന്റെ പക്കലുള്ള രേഖകളില്‍ നിന്നും ഏറ്റവും സുപ്രധാനമായ വിവരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സഹായവും, ഈ പത്രങ്ങളുടെ വലിയ വായനക്കാരില്‍ എത്തിപ്പെടുന്നതിനുള്ള വഴിയും എന്ന നിലയിലാണ് അസാന്‍ജെ ഈ കൂട്ടുകെട്ടിന് തയ്യാറാവുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്നുള്ള മത്സരം നേരിടുന്നതിന് ഈ സഹകരണം വഴിയൊരുക്കുമെന്ന കണക്കുകൂട്ടലായിരുന്നു പത്രങ്ങള്‍ പുലര്‍ത്തിയത്. ഡേവിഡ് ലെയ്ഗ്, ലൂക്ക് ഹാര്‍ഡിംഗ് എന്ന രണ്ടു പത്രപ്രവര്‍ത്തകരായിരുന്നു ഗാര്‍ഡിയനില്‍ നിന്നും അസാന്‍ജെയുമായുള്ള കൂട്ടുകെട്ടിന്റെ കണ്ണികള്‍. അതില്‍ ലെയ്ഗ് പത്രത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍സിന്റെ എഡിറ്ററായിരുന്നു. ഗാര്‍ഡിയന്റെ പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് ഹാര്‍ഡിംഗ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ വിക്കിലീക്‌സിന്റെ രേഖകളുടെ പ്രസിദ്ധീകരണം മൂന്നു പത്രങ്ങളും ആഘോഷിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് അധികം മുന്നോട്ടു പോയില്ല.
ഗാര്‍ഡിയന്റെ പ്രതിനിധികളും അസാന്‍ജെയുമായുള്ള ഭിന്നതയുടെ തുടക്കം പുസ്തകത്തെ ചൊല്ലി ആയിരുന്നു. അസാന്‍ജെയുടെ ജീവചരിത്രം പുസ്തകമാക്കുന്നതിനുള്ള അവകാശം തങ്ങള്‍ക്കു നല്‍കണമെന്നു ലെയ്ഗും, ഹാര്‍ഡിംഗും ആവശ്യപ്പെട്ടുവെങ്കിലും അസാന്‍ജെ അതിനു വിസ്സമ്മതിച്ചു. അതില്‍ തുടങ്ങിയ ഭിന്നത അസാന്‍ജെയുടെ മുഴുവന്‍ പരിശ്രമങ്ങളെയും തള്ളിപ്പറയുന്ന നിലപാടിലേക്കു ഗാര്‍ഡിയനെ എത്തിക്കുകയായിരുന്നു. വിക്കിലീക്ക്‌സ്: ഇന്‍സൈഡ് ജൂലിയന്‍ അസാന്‍ജെസ് വാര്‍ ഓണ്‍ സീക്രസി എന്ന പേരില്‍ ലെയ്ഗും, ഹാര്‍ഡിംഗും ചേര്‍ന്നെഴുതിയ പുസ്തകം അതിന്റെ തുടക്കമായിരുന്നു. ഈ പുസ്തകത്തിലെ വിവരങ്ങളാണ് അസാന്‍ജെക്ക് എതിരായി ഇപ്പോള്‍ അമേരിക്ക പ്രധാനമായും തെളിവായി
ഉപയോഗിക്കുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണവുമായി സഹകരിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന തന്റെ നിര്‍ദ്ദേശത്തെ അസാന്‍ജെ തള്ളിക്കളഞ്ഞുവെന്നാണ് ലെയ്ഗ് പുസ്തകത്തില്‍ പറയുന്നു. ഒരു അത്താഴവിരുന്നിനിടയില്‍ നടന്ന സംഭാഷണമെന്ന നിലയിലാണ് ഈ വിവരണം. ‘ചാരവൃത്തി നടത്തുന്നവര്‍ മരണം അര്‍ഹിക്കുന്നു’ എന്നു അസാന്‍ജെ അഭിപ്രായപ്പെട്ടുവെന്നാണ് ലെയ്ഗ് അവകാശപ്പെടുന്നത്. എന്നാല്‍ അത്താഴവിരുന്നില്‍ പങ്കെടുത്ത മറ്റു ചിലരും അസാന്‍ജെയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മറ്റുള്ളവരും ഈ അവകാശവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. വിക്കിലീക്‌സുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വസ്തുത രേഖകള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുവേണ്ടി അസാന്‍ജെ രൂപം കൊടുത്ത സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡ് പരസ്യമാക്കിയതാണ്. ഗാര്‍ഡിയനും, ലെയ്ഗും നടത്തിയ ഗുരുതരമായ കൃത്യവിലോപമായരുന്നു അത്. അതില്‍ നിന്നും രക്ഷനേടുന്നതിനാണ് അസാന്‍ജയെ ഉത്തരവാദിത്തമില്ലാത്ത തന്‍കാര്യം നോക്കിയായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ള വ്യഗ്രതയെന്നു കുക്ക് നിരീക്ഷിക്കുന്നു.
പാസ്‌വേര്‍ഡ് പുറത്തായെന്നു അറിഞ്ഞ ഉടനെ അതമൂലം ആപത്തു സംഭവിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനും, അത്തരം വ്യക്തിവിവരങ്ങള്‍ രേഖകളില്‍ നിന്നും ഒഴിവാക്കുന്നതിനും അസാന്‍ജെ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നു അമേരിക്ക ആവര്‍ത്തിച്ച് അവകാശപ്പെടുന്നുവെങ്കിലും വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങളുടെ പേരില്‍ ഒരാള്‍ക്കുംഒരു പോറലുപോലും ഏറ്റിട്ടില്ലെന്നു ചെല്‍സിയ മാനിംഗുമായി ബന്ധപ്പെട്ട കേസ്സില്‍ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്.
സ്വന്തം ജനങ്ങളിലും, ലോകസമൂഹത്തില്‍ നിന്നും അമേരിക്ക മറച്ചുപിടിച്ച വിവരങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ഉത്തരവാദിത്തപ്പെട്ട പത്രപ്രവര്‍ത്തനമാണ് അസാന്‍ജെ നടത്തിയതെന്ന സത്യം മറച്ചുപിടിക്കാനാണ് അമേരിക്കയും, ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നത്. പത്രപ്രവര്‍ത്തനമല്ല ചാരവൃത്തിയാണ് അസാന്‍ജെ നടത്തിയതെന്ന പ്രചാരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം അതാണ്. 1917-ലെ ചാരവൃത്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ് അസാന്‍ജെ നടത്തിയതെന്നാണ് അദ്ദേഹത്തെ കൈമാറ്റം ചെയ്യണമെന്ന ആവശ്യത്തിനായി അമേരിക്ക ഉന്നയിക്കുന്ന ന്യായം. അമേരിക്കയുടെ ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ മാധ്യമപ്രവര്‍ത്തന സ്വാതന്ത്യത്തിനുള്ള കനത്ത തിരിച്ചടിയാവും അതെന്നാണ് പില്‍ജറിനെ പോലുള്ളവര്‍ പറയുന്നത്. ഇത്രയും ഗൗരവമായ ഒരു ഭീഷണി ഉയര്‍ന്നിട്ടും ലിബറല്‍-പുരോഗമന മാധ്യമങ്ങള്‍ എന്നു മേനി നടിക്കുന്ന പത്രങ്ങളും, സ്ഥാപനങ്ങളും അസാന്‍ജെയുടെ വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പോലും തമസ്‌ക്കരിക്കുന്നത് ഭരണകൂടങ്ങളുമായി അവര്‍ പുലര്‍ത്തുന്ന വിധേയത്വ ബന്ധത്തിന്റെ വ്യക്തമായ തെളിവായി മാധ്യമ നിരീക്ഷകര്‍ കണക്കാക്കുന്നു.
ജൂലിയന്‍ അസാന്‍ജെ:
ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ തടവുകാരനായ അസാന്‍ജെയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യവുമായി ബന്ധപ്പെട്ട കേസ്സിന്റെ വിചാരണ ഇപ്പോള്‍ നടക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.