Kerala

ഇരിപ്പു ദീനം

ജെ.സി തോമസ്
jcthomas@gmail.com

വീട്ടമ്മ പതനി കാച്ചിക്കുറുക്കി കരുപ്പട്ടി ഉരുവാക്കുന്ന തന്ത്രപ്പാടിലായിരുന്നു. കരിമ്പനയുടെ മധുരക്കള്ളു (അക്കാനി) ആറ്റി കുറുക്കിയ ദ്രാവകത്തിന് പതനി എന്ന് പേര്. (തെക്കന്‍ തിരുവിതാങ്കോടിന്റെ സ്വന്തം പദാവലി ആണിതൊക്കെ). അപ്പോഴാണ് ബന്ധുവിന്റെ വരവ്. അയാളുടെ നീണ്ട വാസം ഒഴിവാക്കാന്‍ വീട്ടമ്മ പറഞ്ഞു.

‘ആറട്ടെ പതനി ആറുമാസം’

ഇത്തരം പല തന്ത്രങ്ങളും കണ്ടിട്ടുള്ള ബന്ധു മൊഴിഞ്ഞു.

‘ഊന്നട്ടെ ചന്തി ആറു മാസം’

എന്തായാലും മധുരം മധുരാമൃതം രുചിക്കും വരെ ആസനം ഉറപ്പിക്കാനുള്ള ഉറച്ച തീരുമാനം. പക്ഷെ ഈ ഇരുപ്പു ദീനം അത്ര നന്നല്ല. കിടപ്പു ദീനത്തെക്കാളും നടപ്പു ദീനത്തെക്കാളും ഭീകരമാണ് താനും. ദിനസരി പത്തുമണിക്കൂര്‍ ഇരുന്ന 64 -നും 95 -നുമിടയില്‍ പ്രായമുള്ള 1500 സ്ത്രീകളെ നിരീക്ഷിച്ചപ്പോള്‍, അവരുടെ കോശങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു 8 വയസ്സ് കൂടി.(അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപിഡമോളജി) ക്രോമോസോമുകളുടെ തേയ്മാനം നിയന്ത്രിക്കുന്ന ഡിഎന്‍എയുടെ ഭാഗമായ ടെലോമെര്‍ തന്തുക്കളുടെ നീള ക്കുറവ്, വയസ്സായ സ്ത്രീകളുടെ കോശങ്ങളില്‍ പ്രകടമാണ്. ടെലോമെര്‍, കോശങ്ങള്‍ വയസ്സാകുമ്പോള്‍ ഉരഞ്ഞു കുറുകുന്നു. ഈ കുറുകല്‍ ഹൃദയരോഗം, പ്രമേഹം, അര്‍ബുദം എന്നിവയ്ക്ക് വളം വെയ്ക്കുന്നു.

ജീവിത ശൈലിയിലെ മാറ്റം , പുകവലി, അമിത ഭാരം എന്നിവ ടെലോമെറിനെ ചുരുക്കുന്നു. മിതമായ വ്യായാമം എല്ലാ പ്രായത്തിലും അഭികാമ്യം ആണ്. ഇരിപ്പിന്റെ ദോഷ വശങ്ങള്‍ നില്‍ക്കുന്നതിനെയോ, നടക്കുന്നതിനെയോ അപേക്ഷിച്ച്, ഇരിക്കുമ്പോള്‍ കുറഞ്ഞ ഊര്‍ജം ചെലവിടുന്നു.ഒപ്പം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഭാരം, അരയ്ക്കു ചുറ്റും കൊഴുപ്പു, കൊളസ്ട്രോള്‍ എന്നിവ ബോണസ് ആയി കിട്ടുന്നു.

കസേരയിലോ, ഡ്രൈവ് ചെയ്യുമ്പോഴോ, ടി വി ക്കു മുന്നിലോ നീണ്ട നേരം ഇരിക്കുന്നത് നന്നല്ല. നീണ്ട വിമാനയാത്ര പോലും ദോഷം ചെയ്യും. വ്യായാമം അശേഷം ഇല്ലാതെ എട്ടു മണിക്കൂറിലേറെ കുത്തിയിരിക്കുന്നവര്‍ക്കു അമിത ഭാരം, പുകവലി എന്നിവര്‍ക്കുണ്ടാകുന്ന ദോഷ ഫലങ്ങള്‍ നിശ്ചയം. നീണ്ട വിമാനയാത്രയില്‍ മുന്നിലെ സ്‌ക്രീനില്‍ നീണ്ട നേരം ഇരിക്കുന്നതിന്റെ ഭവിഷത്തുകള്‍ തെളിയും.

ഇരുപ്പുദീനത്തിന് ചില ഒറ്റമൂലികള്‍

അരമണിക്കൂറിരുന്നാല്‍ അല്പം നടപ്പ്.

ഫോണ്‍ ചെയ്യുന്നതും ടി വി കാണുന്നതും നിന്നുകൊണ്ടാവാം.

നിന്ന് കൊണ്ട് ജോലി ചെയ്യാം, പ്രത്യകിച്ചും കമ്പ്യൂട്ടര്‍ ജോലി.ഒരു ട്രെഡ് മില്ലിന്റെ മുകളിലാണ് നില്‍പ്പ് എങ്കില്‍ ഉഗ്രന്‍, മുന്നില്‍ കമ്പ്യൂട്ടറും കീ ബോര്‍ഡും.

ലിഫ്റ്റും എലിവേറ്ററും എസ്‌കലേറ്ററും കഴിയുന്നതും ഒഴിവാക്കുക.

മീറ്റിംഗ്, കോണ്‍ഫറന്‍സ് എന്നിവയില്‍ നില്ക്കാന്‍ ശ്രമിക്കുക.

ഇനിയെങ്കിലും സന്ദര്‍ശകരോട് ‘വാങ്കോ, ഉക്കാരുങ്കോ’ ലോഹ്യം ഒഴിവാക്കാം.

മിതമായ വ്യായാമം

ഈയിടെ ഒരു മത്സരം നടന്നു. വിമാനത്തില്‍ സീറ്റുകള്‍ എങ്ങനെ കൂട്ടാം എന്നായിരുന്നു വിഷയം. വിജയിയുടെ രൂപകല്‍പന നില്‍ക്കുന്ന സീറ്റുകള്‍ ആയിരുന്നു. കൈപിടിയോട് കൂടിയ ലംബമായി ഉറപ്പിച്ച ദണ്ഡുകള്‍. സീറ്റ് കൂട്ടുന്നതോടൊപ്പം ഇരിപ്പു ഒഴിവാക്കാം. യൂറോപ്യന്‍ /ആംഗ്ലോ ഇന്ത്യന്‍ ക്ലോസെറ്റുകളെക്കാള്‍ നന്ന് ഇന്ത്യന്‍ ക്ലോസേറ്റ് ആണെന്ന് പറഞ്ഞാല്‍ പഴഞ്ചന്‍ ആയി പോകുമോ എന്നോ ഒരു ശങ്ക. യൂറോപ്യന്‍ ക്ലോസെറ്റില്‍ അധിക നേരം ഇരിക്കുന്നത് ഒരുതരം ഹരമായിട്ടുണ്ട്.

കൂട്ടിന് കയ്യില്‍ മൊബൈലോ ടാബ്ലെറ്റോ പത്രമോ ഉണ്ടെങ്കില്‍ നേരം പോകുന്നത് അറിയുകയേയില്ല. ഇതിനൊരുപരിഹാരക്രിയ ബ്രിട്ടനിലെ ഒരു കമ്പനി കണ്ടെത്തി. മുന്നോട്ടു 13 ഡിഗ്രിയില്‍ ചരിഞ്ഞ ക്ലോസെറ്റ് ഇരിപ്പിടം. നീണ്ട നേരം ഇരിക്കുമ്പോള്‍ അവസാനത്തെ കശേരു( വാല്‍ എല്ലു, coccyx) വില്‍ സമ്മര്‍ദ്ദം ഏറുന്നു. ഇത് ഉണ്ടാക്കുന്ന വേദന ചിലപ്പോള്‍ അസഹനീയമാവാം.

അപ്പോള്‍ ഗുണപാഠമിതാണ് , ഇരുത്തം വന്നവര്‍ ഇരിപ്പു ഒഴിവാക്കുന്നു. ഇലയുടെ അരികെ പലകയുമിട്ടു വലിയൊരു ഗണനാഥനെയുമിരുത്തി’ വേണോ എന്ന് ആലോചിക്കാം.

ഇരുപ്പുദീനം മാരകമായേക്കാം

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പുതിയ സര്‍വ്വേ അനുസരിച്ചു, കൂടുതല്‍ നേരം ഇരിക്കുന്നവര്‍ പതിനാലു വ്യത്യസ്ത രോഗങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത കൂടുതല്‍ ആണത്രേ( അര്‍ബുദം , ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം , പ്രമേഹം ,വൃക്ക രോഗങ്ങള്‍, ആസ്തമ ,ന്യൂമോണിയ,
കരള്‍ രോഗങ്ങള്‍, അള്‍സര്‍ ,പാര്‍കിന്‍സണ്‍ ,അള്‍ഷെമേഴ്‌സ് , ഞരമ്പ് രോഗങ്ങള്‍…)

നാടകത്തിലെ ഇരുന്നു കൊണ്ട് പ്രവേശിക്കുന്ന രാജാവിനെ നമുക്ക് ഇനിയെങ്കിലും ഒഴിവാക്കാം. നമ്മുടെ ചിന്തകള്‍ക്ക് അല്പം ഇരുത്തം വരുത്താം. കുരുത്തക്കേട് കാട്ടുന്ന കുട്ടികളെ ബെഞ്ചിന് മുകളില്‍ കൈറ്റി നിറുത്തിയിരുന്ന അദ്ധ്യാപകന് ഇരുപ്പു ദീനത്തെക്കുറിച്ചു
അറിയാമായിരുന്നിരിക്കണം.

ഈയിടെ ഉരുത്തിരിഞ്ഞ ഒരു സൂത്രവാക്യം ‘ഇരിപ്പു ഒരു പുതിയ പുകവലിയാണ്’ (sitting is the new smoking)

വിഷാദ രോഗികള്‍ കൂടുതല്‍ സമയം ഇരിക്കാന്‍ താല്പര്യപ്പെടും. ഇത് അല്‍ഷെമിര്‍, പാര്‍കിന്‍സന്‍ എന്നീ രോഗങ്ങള്‍ക്ക് വഴി തെളിച്ചേക്കും.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.