English हिंदी

Blog

WhatsApp Image 2020-06-20 at 12.52.49 PM

Web Desk

ഇന്ത്യ-ചൈന തര്‍ക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യുദ്ധങ്ങള്‍ വിരളമായിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഇതാദ്യമായല്ല അതിര്‍ത്തി തര്‍ക്കം. എന്നാല്‍ ദോക്ദല ആക്രമണത്തിന് ശേഷം ആദ്യമായാണ് സംഘര്‍ഷം രക്തച്ചൊരിച്ചിലോളം മൂര്‍ച്ഛിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇപ്പോള്‍ അതിരുകള്‍ ഭേദിച്ച് ചൈന വീണ്ടും ഇന്ത്യയെ ആക്രമിച്ചിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്.

എന്തും നേരിടാന്‍ സൈന്യം തയ്യാറായിരിക്കണമെന്ന് ചൈനീസ് ആര്‍മിയോട് പ്രസിഡന്റ് ഷീ ജിങ്ങ് പിങ് കഴിഞ്ഞ മാസം പറഞ്ഞത് ഈ ഏറ്റുമുട്ടല്‍ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. അതേസമയം ആക്രമണത്തില്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ നാല്‍പതോളം ചൈനീസ് സൈനികര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎല്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചൈന ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. ചെെനയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്താണ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സെെനികര്‍ വീരമൃത്യു വരിച്ചത്. ഏറ്റവും കൂടുതല്‍ തവണ ചെെനാ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ഹിന്ദി -ചീനി ഭായ് ഭായ്

സ്വതന്ത്ര ഇന്ത്യയ്ക്ക് ചൈനയുമായി നല്ല സൗഹൃദ ബന്ധമായിരുന്നു. 1949 ല്‍ സ്ഥാപിതമായ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. അന്നത്തെ ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്ന മുദ്രാവാക്യമായിരുന്നു ഹിന്ദി-ചീനി ഭായ് ഭായ് എന്നത്. 1950 കള്‍ പഞ്ചശീല തത്വങ്ങളുടെയും നാളുകളായിരുന്നു. 1950കളുടെ അവസാനത്തോടെ ഇരുരാജ്യങ്ങള്‍ക്കിടയിലുളള സൗഹൃദ ബന്ധത്തിന് ഉലച്ചിലുകളുണ്ടായി. 1959 ല്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതാണ് ചൈനയെ ചൊടിപ്പിച്ചത്. ഇതോടെ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന ഉഭയകക്ഷി ബന്ധം വഷളാകാന്‍ തുടങ്ങി. തുടര്‍ന്ന് അതേ വര്‍ഷം തന്നെ ഇന്ത്യയും ചൈനയും തമ്മില്‍ ഔദ്യോഗികമായി അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടില്ലെന്ന വാദവുമായി ചൈനയെത്തി. ഇതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിയെ ചൊല്ലി സ്വരചേര്‍ച്ചയില്ലാതായി. അതിര്‍ത്തി പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങിയെങ്കിലും ഇരു രാജ്യങ്ങളും തന്ത്രപരമായ സൗഹൃദം നിലര്‍ത്തിയിരുന്നു.

ഇന്ത്യാ -ചൈന ബന്ധത്തിലെ ഉലച്ചിലുകള്‍

നല്ല അയല്‍ക്കാരായിരുന്ന ഇരു രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ക്ക് തുടക്കമായി. 1959 കളുടെ അവസാനത്തില്‍ വടക്കു കിഴക്ക് ലഡാക്ക് അതിര്‍ത്തിയില്‍ അന്നത്തെ ഡപ്യൂട്ടി സെന്‍ട്രല്‍ ഇന്‌റലിജന്‌സ് ഓഫീസര്‍ കരംസിങ്ങിന്റെ നേതൃത്വത്തിലുളള 20 അംഗ പൊലീസ് സേനയെ ചൈനീസ് സേന ആക്രമിച്ചു. ചൈനീസ് ആക്രമണത്തെ കരംസിങ്ങും സൈന്യവും ചെറുത്ത് നിന്നെങ്കിലും 17 പൊലീസുകാര്‍ക്ക് വീരമൃത്യു ഉണ്ടായി. ഇതോടെ അതിര്‍ത്തിയില്‍ ഇന്ത്യ പൊലീസിനു പകരം പട്ടാളത്തെ നിയോഗിച്ചത്.

Also read:  ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍

1962 ലെ അപ്രതീക്ഷിത ആക്രമണം…

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 1962 ഒക്ടോബര്‍ 20ന് ഇന്ത്യയ്ക്ക് നേരെ ചൈന അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്. നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കമണാ കാരണമായി. പടിഞ്ഞാറന്‍ കശ്മീരില്‍ ലഡാക്കിലെ അക്‌സായ് ചിന്നിലും അരുണാചല്‍ പ്രദേശിലും ഒരേസമയത്ത് ചൈന കടന്നുകയറി. പലയിടങ്ങളിലും ചൈനീസ് സൈന്യത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം പോലുമുണ്ടായിരുന്നില്ല. ഒരു മാസത്തോളം നീണ്ടു നിന്ന ആക്രമണങ്ങള്‍ക്കൊടുവില്‍ നവംബര്‍ 21 ന് ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയെങ്കിലും അക്‌സായ് ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്ററോളം ഇന്നും ചൈനയുടെ കൈപ്പിടിയിലാണ്. ഇന്നത്തെ പോലെ ചൈനയെ നേരിടാന്‍ അന്ന് ഇന്ത്യയുടെ സൈന്യ ശക്തമായിരുന്നില്ല.

1965 ല്‍ സിക്കിമില്‍ വെടിവെയ്പ്പ്…

65 ല്‍ വീണ്ടും ഇരു രാഷ്ട്രങ്ങള്‍ക്കിയിലും പ്രശ്‌നങ്ങള്‍ സംഭവിച്ചു. 1975 ല്‍ സിക്കിം ഇന്ത്യയോട് ചേര്‍ന്നത് ചെെനയ്ക്ക് അംഗീകരിക്കാനായില്ല. എന്തെന്നാല്‍ ചെെനയുടെ ഭൂപടങ്ങളില്‍ സിക്കിമിനെ കുറേക്കാലം സ്വതന്ത്രമായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ സിക്കമിന്‍റെ അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെയ്പ് ഉണ്ടായി. സിക്കിം തങ്ങളുടെ കൈവശമാക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തുണ്ടായിരുന്നു.

1967 ല്‍ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

1967 മേയില്‍ സിക്കിം അതിര്‍ത്തിയിലെ നാഥുലായില്‍ ചൈന വീണ്ടും പ്രകോപനം നടത്തി. അന്നും അതിര്‍ത്തിയിലെ വിഷയങ്ങളായിരുന്നു പ്രശ്‌നം. അരുണാചല്‍ പ്രദേശും സിക്കിമും തങ്ങളുടെ അധീനതയിലാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയില്‍ ഇന്ത്യ നേരത്തെ സാധീനം ഉറപ്പിച്ചിരുന്നു. അതേസമയം നാഥു ലാ ചുരത്തിനെതിരെയുളള പ്രദേശത്ത് ചൈന സൈനിക ആവശ്യങ്ങള്‍ക്കായുളള ബങ്കര്‍ നിര്‍മ്മിച്ചു തുടങ്ങി. ഇന്ത്യന്‍ നിരീക്ഷണ പോസ്റ്റിന് സമീപമുളള നിര്‍മ്മാണം ഇന്ത്യന്‍ നിയന്തിത ഭൂമിയിലേക്ക് കടന്നതായി ഇന്ത്യ ആരോപിച്ചു. നിരീക്ഷണ പോസ്റ്റിന് സമീപം സൈനികരെ എത്തിച്ച് ചൈന അക്രമണം നടത്തി. സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളിലെ രൂക്ഷമായ ഏറ്റുമുട്ടലില്‍ ചൈനീസ് സൈന്യത്തിലെ 340 സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യയ്ക്ക് 88 സൈനികരെയും നഷ്ടമായി. 1962 ലെ യുദ്ധത്തിനു ശേഷം അതിശക്തമായാണ് ഇന്ത്യന്‍ സൈന്യം ചൈനയെ തിരിച്ചടിച്ചത്. ആത്മവിശ്വാസത്തോടെയുളള ചെറുത്ത് നില്‍പ്പായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റേത്.

Also read:  ഇത്തിഹാദ് എയര്‍ലെെൻസ് സര്‍വ്വീസ് പുനരാരംഭിക്കുന്നു

1975 ലെ അരുണാചല്‍പ്രദേശ് ആക്രമണം

1975 ഒക്ടോബറില്‍ അരുണാചലിലെ തുലുങ് ലായില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റമായിരുന്നു. പട്രോളിംഗ് സംഘത്തിനു നേരെ ചൈനീസ് സേന വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഈ സംഭവത്തിനു ശേഷം അതിര്‍ത്തിയില്‍ വെടിവെയ്പ്പുകള്‍ ഉണ്ടായിട്ടില്ല. തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അതിര്‍ത്തിയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

1986- 87 ലെ കൈയ്യേറ്റം

അരുണാചലില്‍ ചൈനീസ് സൈന്യം കൈയ്യേറ്റം നടത്തി.
1962ല്‍ അരുണാചലില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും അതിര്‍ത്തി ഭാഗങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നു.

2013 ല്‍ കൂടാരവുമായി ഇന്ത്യന്‍ പ്രദേശത്തേക്ക്..

2013 ല്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചെെന കൂടാരം സ്ഥാപിച്ചു. സെെനിക പ്രാധാനമേറിയ മേഖവയായ ലഡാക്കില്‍ ചെെനയ്ക്ക സേനാവിഭാഗവും ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രദേശത്ത് ഏറെ ഗൂരം ഉള്ളിലെത്തിയായിരുന്നു കൂടാരം സ്ഥാപിച്ചത്. കൂടാതെ 2014 ല്‍ ലഡാക്ക് സെക്ടറിലെ ചുമാര്‍, ദെംചോക്എന്നീ മേഖലകളിലേക്ക് രണ്ടു തവണ ചെെനീസ് സേന കടന്നു കയറ്റത്തിന് ശ്രമിച്ചു.

2017 ല്‍ ദോക് ദലയെച്ചൊല്ലി…

2017 ജൂണില്‍ ദോക് ദലയെച്ചൊല്ലി സംഘര്‍ഷം ഉണ്ടാകുന്നു. ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തിയിലെ മുക്കവലയിലുള്ള 100 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ദോക്‌ല. ഭൂട്ടാന്‍റെ ഭാഗത്തേക്ക് ചെെന റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ചെെന ഭൂട്ടാന്‍റെ ഭാഗത്ത് റോഡ് നിര്‍മ്മിച്ചാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള ഇന്ത്യയുടെ റോഡ്, റെയില്‍വേ മാര്‍ഗങ്ങള്‍ ചെെനയ്ക്ക് വിഛേദിക്കാനാകും. ഈ നീക്കമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ചെെനയുടെ ഈ ശ്രമത്തെ ഇന്ത്യ പ്രതിരോധിച്ചു. നീണ്ടു നിന്ന പ്രതിരോധത്തിനൊടുവില്‍ ഓഗസ്റ്റ് 28 ന് സമാധാനപരമായി പിന്മാറാന്‍ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു.

2020 ല്‍ വീണ്ടും പ്രകോപനമായി ചെെന….

2020 മാര്‍ച്ച് 23 ഓടെയാണ് അതിര്‍ത്തി പ്രശ്നങ്ങള്‍ വീണ്ടും വഷളാകാന്‍ തുടങ്ങിയത്. ഇന്ത്യന്‍ സമുദ്ര മേഖലയ്ക്ക് സമീപം വരെ ചെെനീസ് യുദ്ധക്കപ്പല്‍ പരീശീലനം നടത്തി. ഇതേതുടര്‍ന്ന് ഇന്ത്യന്‍ നാവിക സേന അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മെയ് 12 ന് ലഡാക്ക് നിയന്ത്രണ രേഖയില്‍ ചെെനീസ് ഹെലിക്കോപ്റ്ററുകള്‍ എത്തി. ചെെനയ്ക്ക മറുപടിയായി ഇന്ത്യ അതിര്‍ത്തിയിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ചു. പാംഗോങ് തടാകത്തിനു മുന്നില്‍ ഇരു രാജ്യങ്ങളിലെയും സെെനികര്‍ തമ്മില്‍ കയ്യേറ്റം രൂക്ഷമാകാന്‍ തുടങ്ങി. മെയ് അഞ്ച്,ആറ് ദിവസങ്ങളിലെ പര്സ്പര കയ്യേറ്റത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മേയ് 23 ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ സന്ദര്‍ശനം നടത്തി. കരസേനാ മേധാവിമാര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. തുടര്‍ന്ന് മോയ് 26 ന് ചെെന കൂടുതല്‍ സെെനികരെ അതിര്‍ത്തിയിലേക്ക് എത്തിച്ചു.

Also read:  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ; ജി.സുകുമാരന്‍ നായര്‍ക്കെതിരെ സിപിഎം

ഉന്നതതല യോഗത്തിനു ശേഷം ജൂണ്‍ നാലിന് ഇന്ത്യാ ചെെന സേനകള്‍ ചെറിയ തോതില്‍ അയഞ്ഞു. ജൂണ്‍ ആറിന് ഇരുരാജ്യങ്ങളിലെയും കരസേനാ മേധാവികള്‍ തമ്മില്‍ നടത്തിയ ധാരണയായി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിക്കാനിരിക്കെയാണ് എട്ടിന് വീണ്ടും കടന്നു കയറ്റം നടത്തിയത്. ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് ചെെന കടന്നുകയറി. ജൂണ്‍ ഒമ്പതിന് ഇരു സെെന്യങ്ങളും പിന്നോട്ടു നീങ്ങി . അപ്പോഴും പാഗോംങില്‍ കയ്യേറ്റം തുടരുകയായിരുന്നു. പിന്നീട് ജൂണ്‍ 13ന് അതിര്‍ത്തിയില്‍ സ്ഥിതിനിയന്ത്രണമാണെന്നും അധികം വെെകാതെയുളള പിന്മാറ്റത്തിന് ഇരു സെെന്യങ്ങളും തയ്യാറായ്യെന്നും നരവാനെ അറിയിച്ചു.

എന്നാല്‍ ജൂണ്‍ 16 ന് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സെെനികര്‍ വീരമൃത്യു വരിച്ച വിവരമാണ് പുറംലോകം അറിഞ്ഞത്. രാജ്യത്തെ ഏറെ ദുഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു അത്. ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചതാണ് ചെെനയുടെ എതിര്‍പ്പിന് കാരണമായത്. 1967 ലെ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് അതിര്‍ത്തിയില്‍ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകുന്നത്. ആക്രമത്തിന് ശേഷം ശേഷം 17 ന് ഇരുരാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിതത്വത്തിലായി. അതിര്‍ത്തിയിലെ തര്‍ക്ക മേഖലയില്‍ നിന്നും ചെെനീസ് സെെന്യത്തെ പിന്‍വലിക്കണമെന്നും ടെന്‍റുകള്‍ മാറ്റണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം യുദ്ധത്തിനു ശേഷം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 19ന് ചെെന തടഞ്ഞുവെച്ച 10 ഇന്ത്യന്‍ സെെനികരെ വിട്ടയച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുസേനയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.